പൂമുഖം LITERATUREകഥ ജലാശയങ്ങൾ പറയാതെ പറഞ്ഞത്…

ജലാശയങ്ങൾ പറയാതെ പറഞ്ഞത്…

വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെ മാരിയമ്മ ഫീൽഡ് ഔട്ട്‌ ആയേനെ എന്നും.

ആ ഇടയ്ക്കാണ് മാറ്റമായി ഞാൻ അവിടേക്കെത്തിയത്. താൽക്കാലിക നിയമനമായത് കൊണ്ടുതന്നെ മൂന്ന് മാസത്തിൽ അധികം ഒരു സ്ഥലത്ത് ഉണ്ടാകാറില്ല. പാടവും കുളവും നിറഞ്ഞു നിന്നിരുന്ന നാട് വിട്ടു, വരണ്ടു ഉണങ്ങി ചാര നിറത്തിലുള്ള ഒരു പാലക്കാടൻ ഉൾനാടൻ പ്രദേശത്തെത്തിയപ്പോൾ സത്യത്തിൽ ഇവിടുന്നു എപ്പോൾ ഓടാം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

പൈപ്പിൽ വരുന്ന റേഷൻ പോലുള്ള തീർത്ഥജലം കാത്ത് നിൽക്കുന്നവർക്കിടയിൽ എന്റെ ഊഴത്തിനായി കണ്ണ് നീട്ടുമ്പോൾ , പാറയിൽ നിന്നും കിനിയുന്ന തണുത്ത വെള്ളമുള്ളൊരു കിണർ ഉള്ളിൽ തുടി കൊട്ടി. അടുക്കളയിൽ നിന്നും കോരാം വെള്ളം. ചെണ്ട പോലൊരു തുടിയുണ്ട്. അതിനുള്ളിൽ ഒരു പൊതിച്ച തേങ്ങ വലിപ്പത്തിൽ രണ്ടു മര ഗോളങ്ങളും. കോരുമ്പോൾ ശബ്ദം ഉണ്ടാകും. ഉണ്ടാകണമത്രെ. അതെന്തിനാണെന്ന് അറിയില്ല. കിണറ്റിലെ വെള്ളം ഇളക്കി മാത്രമേ കോരാൻ പാടൂ. കോരിയ വെള്ളം ഒരിക്കൽ കിണറ്റിലേക്ക് തന്നെ ഒഴിച്ചു. അത് തിരിച്ചു ഒഴിക്കരുത് എന്ന് അമ്മമ്മ പറഞ്ഞു തന്നു.

എല്ലാവരും ഉറങ്ങുന്ന നേരത്ത് കിണറിന്റെ കരയിൽ വന്ന് ഉള്ളിലേക്ക് നോക്കി നിൽക്കുമായിരുന്നു. അപ്പോൾ നീല വെള്ളത്തിനു മുകളിൽ സൊറ പറയാനെത്തുന്ന കണ്ണൻ മീനുകളേയും പരലുകളേയും കാണാൻ പറ്റും. സൂര്യന്റെ തെളിച്ചത്തിൽ അവയുടെ മുതുകിലെ നൂറുകണക്കിന് ചെതുമ്പലുകൾ വെട്ടി തിളങ്ങും. പരലുകളുടെ വെള്ളിയുടയാടകളെ നോക്കി അസൂയപ്പെട്ട് മുകളിൽ പാറുന്ന മാനത്തുകണ്ണികൾ നീങ്ങി പോകും. ശാന്തമ്മായിയുടെ മോതിരം കിണറ്റിൽ പോയ അന്നാണ് ആദ്യമായി മുത്തശ്ശൻ കിണർ തേവിച്ചത്. പാലാഴിമഥനസമയത്ത് ഓരോന്ന് പൊങ്ങി വന്ന പോലെ, അന്ന് കിണറ്റിൽ നിന്നും ഓരോന്ന് പൊന്തി വന്നു. അലുമിനിയം പാത്രങ്ങൾ, സ്പൂണുകൾ, ഗ്ലാസുകൾ…!! ഒരു ചെറിയ പാത്രക്കട തന്നെ. എന്റെ അനിയന്റെ മൃഗയാവിനോദത്തിന് പാത്രീഭൂതരായവരായിരുന്നു അവരൊക്കെയും. ഓർമ്മകളൊക്കെ ഒരു ടാപ് തുറന്നു വിട്ട പോലെ ഒഴുകി ഒഴുകി പുഴയാവുന്നതിനു മുൻപ് “കുട്ടി തണ്ണി പിടിക്കേണ്ട ട്ടോ, നാനേ പിടിച്ച് താറേൻ ” എന്ന ശബ്ദം ടാപ് ക്ലോസ് ചെയ്തു.

എന്റെ വിസമ്മതങ്ങളെ വീശിയടിക്കുന്ന പാലക്കാടൻ കാറ്റിനോപ്പം പറത്തി ബക്കറ്റുമായി അവൾ മുന്നിൽ നടന്നു. ചെരുപ്പില്ലാതെ ഈ ചുട്ടുപൊള്ളുന്ന റോഡിൽ അവൾ എങ്ങനെ ഇങ്ങനെ നടക്കുന്നു എന്ന് ഏന്തി വലിച്ചു അവൾക്കൊപ്പം എത്താൻ പാട്പെടുന്നതിനിടയ്ക്കു ഞാൻ അന്തിച്ചു.

“കുട്ടിക്ക് ഇവിടത്തെ ചൂട് അരിയില്ലല്ലോ… അതാണ് നാൻ കൊണ്ടന്നു തരാ പറഞ്ഞേ “… മാരിയമ്മയുടെ ‘തമിഴാളം’ കേൾക്കാൻ നല്ല രസമുണ്ട് . ഒരു നല്ലമ്മ പാട്ടിന്റെ ഈണം പോലെ.
അങ്ങനെ മാരിയമ്മ ഒരു കൂട്ടായി.

വീടുകൾ ഓരോന്നും മുള്ളു വേലികൾ കൊണ്ടാണ് അതിരിട്ടിരിക്കുന്നത്. കോഴിചൂട്ടയും കനകാമ്പരങ്ങളും ചുവന്ന റോസാപ്പൂ ചെടിയും മിക്കവാറും എല്ലാ വീട്ടിലെയും ഉമ്മറം അലങ്കരിക്കുന്നുണ്ട്. വേലിക്കപ്പുറം ആകാശം തൊടാൻ കൈയ്യെത്തി നിൽക്കുന്ന കരിമ്പന തലപ്പുകൾ. അങ്ങ് ദൂരെ കുന്നിൻ മുകളിൽ ചുവന്ന വരകൾ അണിഞ്ഞ വെളുത്ത കുമ്മായം പൂശിയ അമ്പലം. ഏതോ വീട്ടിൽ ഉഴുന്നുപരിപ്പ് വറക്കുന്ന മണം.
“വളയോസൈ… കല കല കലവെന
കവിതൈകൾ പടിക്കിത്”…
ഓർമകൾക്ക് പച്ചവളകിലുക്കം!

പന്ത്രണ്ട് മണിക്ക് മുൻപ് എൽ.പി സ്‌കൂളിന്റെ കോലൻ വരാന്തയിൽ നിറയുന്ന ചൂടുള്ള ഉപ്പുമാവിന്റെ മണം. ലക്ഷ്മിയമ്മയുടെ വലിയ ചിരട്ടക്കരണ്ടിയിൽ കോരി രാമന്റെയും അനന്തുവിന്റെയും പാത്രങ്ങളിൽ നിറയുന്ന മഞ്ഞ ഉപ്പുമാവ്. അതിങ്ങനെ കൈ കൊണ്ട് പീച്ചി കുഴച്ചു കുഞ്ഞുരുള ആക്കി ഉരുട്ടി വായിലേക്ക് ഇളം ചൂടിൽ ഇടണം!
ജനലിനരുകിൽ നിന്ന് വിദ്യയും ചുരുണ്ട മുടിക്കാരി ചന്ദ്രവല്ലിയും ചിരിക്കുന്നുണ്ടോ?

ആ!

“എന്തൊരാക്രാന്താടീ” എന്ന് അവര് കോറസ്സായി പറഞ്ഞിട്ടും കൂസലില്ലാതെ അവരുടെ ചോറ്റ്പാത്രത്തിൽ നിന്ന് അവർക്ക് കിട്ടുന്ന പങ്കിനെ കയ്യിട്ട് മാന്തി വാങ്ങിക്കഴിച്ചിരുന്ന ‘ഉപ്മാ സ്വാദ്’ പിന്നീടൊരിക്കലും എവിടെനിന്നും കിട്ടിയിട്ടില്ല. നന്ദിസൂചകമായി ഞാൻ തലയിൽ വെച്ച് പോകാറുള്ള കൈതപ്പൂവിൽ നിന്നും ഓരോ കഷ്ണം രണ്ടാൾക്കും കൊടുത്തിരുന്നു.

ചുരമിറങ്ങിയ കാറ്റ് ഉപ്മാവിന്റെ മണത്തെ കട്ട് എങ്ങോട്ടാ കൊണ്ടുപോയി. ചിലമ്പിന്റെ കനത്ത ശബ്ദം . മാരിയമ്മയാണ്. പ്ലാസ്റ്റിക് പെറുക്കാൻ പോകുന്ന പണിയാണ് അവൾക്ക്. കിലോമീറ്ററുകളോളം നടക്കും. അന്തിക്ക് വീടണയുമ്പോൾ പെറുക്കിയ പ്ലാസ്റ്റിക് ഒരു വലിയ മലയായി തലയിൽ കാണും. അഭിനവ ‘ഗോവർദ്ധനോധാരിണി’!


എവിടെ നിന്നോ ഉള്ള വരവാണ്. നെറ്റിയിലെ ചുവന്ന കുങ്കുമം വിയർപ്പിലും തെല്ലിട മാറിയിട്ടില്ല. ചന്ദനക്കുറിയും.

” ക്ഷീണിച്ചോ മാരിയമ്മേ?”

പതിവ് പോലെ അവർ നിറഞ്ഞു ചിരിച്ചു.

“സൂട് കുട്ടീ.. താങ്കാൻ വയ്യ. റോഡ് വീതി കൂട്ടുന്നു പറഞ്ച് മരമായ മരമൊക്ക വെട്ടി കളഞ്ചു. ഒരെണ്ണം വളർത്തി അത് പോലെ ആക്കാൻ പറ്റുമോ? ” സാരിത്തുമ്പെടുത്ത് മുഖവും കഴുത്തും തുടച്ച് മാരിയമ്മ ഇരുന്നു. ‘വെള്ളം തരട്ടെ’ എന്ന ചോദ്യത്തിന് ‘വേണ്ട’ എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി.

” എവിടെന്നും ഒന്നും കഴിക്ക മാട്ടേൻ കുട്ടീ ഞാൻ. അത് സീലമാണ്. ഞാനീ പെറുക്കി നടക്കുന്നതല്ലേ? കുളിച്ചിട്ടേ ഇനി വല്ലതും കഴിക്കു. എനിക്ക് പിടിക്കില്ല മോളെ. കുളിച്ചിട്ടേ പണിക്കിറങ്ങൂ. കുളിച്ചിട്ടെ വീട്ടിൽ കേറൂ “.

കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ മാരിയമ്മ ഒന്ന് നീങ്ങി ശരിക്കിരുന്നു. മൂന്ന് മക്കൾ. മൂത്തവൾ ttc കഴിഞ്ഞു മധുരയിൽ. കല്യാണം കഴിഞ്ഞു സുഖമായി ഇരിക്കുന്നു. മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞു. ജോലി ആയില്ല. ചെറുത് കമ്പ്യൂട്ടറിൽ പിജി ചെയ്യുന്നു.

“കുട്ടികൾ പഠിക്കണം മോളെ. ഈ കാലത്ത് നല്ല പടിപ്പ് വേണം. ഇല്ലാട്ടി കാര്യമില്ലൈ. ഞാൻ പെറുക്കി വിസാരിച്ചിട്ട് മക്കൾ അങ്ങനെ പറ്റൂല. അതാ നാൻ അവരെ പഠിപ്പിച്ചത്. “

ചുറ്റും കുട ചൂടിയിരുന്ന ചൂട്കാറ്റ് മാരിയമ്മയെ പേടിച്ചു ഇറങ്ങിപ്പോയി. പച്ചയിൽ ചുവന്ന വരകളുള്ള പുടവ കാറ്റിനോട് കിന്നരിച്ച് നടന്നു നീങ്ങി. ഉള്ളിലെവിടെയോ മുഴങ്ങുന്ന തുടികൾക്കിടയിൽ മാരിയമ്മയും തണുത്ത ജലമുറയുന്ന കനിവിന്റെ പാറയായി.

പാലക്കാടൻ പൊരിവെയിലത്തും റോഡിന്റെ ഏത് കോണിലും കിടക്കുന്ന ഫിലിം റീലുകൾ കണ്ണിൽ പെടുമായിരുന്നു. റോട്ടിൽ ആരാധകരുടെ ആരവങ്ങളില്ലാതെ കിടന്നിരുന്ന ജയഭാരതിയും സീമയും അംബികയും രതീഷും വേണു നാഗവള്ളിയും. മഞ്ഞും മഴയും വെയിലും ചൂടും കൊള്ളാതെ എന്റെ തീപ്പെട്ടി ക്കൂടുകൾക്കുള്ളിലേക്ക് സുരക്ഷിതരായി അവർ എത്തി. പൈപ്പ് വെള്ളം കാത്തു കിടന്നിരുന്ന കുടങ്ങളെപോലെ വെയിലത്ത് വാടിത്തളർന്നു കിടന്നിരുന്ന അഭ്രപാളിയിലെ നക്ഷത്രങ്ങൾ, അങ്ങനെ മഞ്ഞയിൽ ചുവന്ന ഇണക്കുരുവികൾ ചിത്രമായ തീപ്പെട്ടിയുടെ സ്‌ക്രീനിനു പിന്നിലേക്ക് ആശ്വാസത്തോടെ ഒതുങ്ങി.

പകൽ പരിസരം മുഴുവൻ ചുട്ട്പൊള്ളിച്ചിരുന്ന കാലത്താണ് സ്കൂളിൽ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കുമാനങ്ങൾ തുടങ്ങിയത്. സർവത്ര ഡാൻസിനും ഞാനുണ്ടായിരുന്നു. ദേവകി ടീച്ചറുടെ കണക്ക് ക്ലാസിൽ തത്കാലം തല്ലു കൊള്ളേണ്ടല്ലോ എന്നൊരാശ്വാസവും അതിലുണ്ടായിരുന്നു. ഏകദേശം രണ്ട് പീരീഡ്‌ കഴിഞ്ഞാൽ റോഡിനോട് ചാരിയുള്ള മതിലിനപ്പുറത്തേക്ക് കണ്ണുകൾ നീളും. നീല നിറമുള്ള ഫോറിൻ കുട കാണുന്നുണ്ടോ? ഡാൻസ് ടീച്ചർ വരുന്നുണ്ടോ? ‘മൂന്നാമത്തെ പിരീഡ് കണക്കാണ്‌ ലോ ഈശ്വരാ’ എന്ന് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കും. ഇന്റർവെൽ കഴിഞ്ഞയുടൻ ഉള്ളിലെരിയുന്ന ചൂടിനെ ശമിപ്പിച്ചു ഡാൻസ് ടീച്ചർ എത്തും. തീപ്പെട്ടിക്കൊള്ളി കൊണ്ടു കുറി വരഞ്ഞു, കടുംനീല ട്രൗസറും ഇട്ട് അനന്തു മുന്നിൽ ഇരിക്കും. ഡാൻസ് കഴിഞ്ഞാൽ അവന്റെ ‘ശരിയാക്കലുകൾ ‘ആണ്. എന്നെ പൊക്കി പൊക്കി അവൻ കല്ലടിക്കോടൻ മലപ്പൊക്കത്തിൽ നിർത്തുമായിരുന്നു. അത്കൊണ്ട്തന്നെ കൈക്കൂലിയായി, തലയിലെ കൈതപ്പൂമ്പൊടി മാത്രമല്ല ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച, ആരും കാണാതെ മേശവലിപ്പിലെ തീപ്പെട്ടിപ്പെട്ടിയിൽ നിക്ഷേപിച്ച എന്റെ സ്വകാര്യ സ്വത്തായിരുന്ന വെള്ളി നക്ഷത്രങ്ങളേയും അവന് കൊടുത്തു. “ആരോടും പറയണ്ടാട്ടോ. നമ്മളോട് അസൂയ വരും, അവർക്കൊക്കെ” എന്ന കർശന നിർദ്ദേശവും. അവനത് കൃത്യമായി പാലിച്ചു.

കുംഭച്ചൂട് ഗ്രാമത്തിനെ വല്ലാതെ വരട്ടി തുടങ്ങിയിരുന്നു. വെള്ളം പൈപ്പിൽ നിന്ന് ലോറിയിലേക്ക് മാറ്റം മേടിച്ചു. ഒരു കുടം വെള്ളം നൂറു രൂപയായി. ദിനേനയുള്ള കാക്കക്കുളി പോലും സ്വപ്നങ്ങളിൽ മാത്രമായി.പക്ഷെ മാരിയമ്മയുടെ നടത്തങ്ങൾക്കൊപ്പം ഓടിയെത്താൻ കുംഭത്തിലെ സൂര്യന് സാധിച്ചില്ല. അവർ ആവലാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നടന്നു.

ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം അല്ലേ ഉള്ളൂ എന്നുള്ള സമാശ്വാസത്തിൽ ഞാനും മഴയും കുളവുമുള്ള ഭൂതകാലഓർമകുളിരുകളിലേക്ക് വീണുകിട്ടുന്ന ഒഴിവുകളിൽ മുങ്ങാം കുഴിയിട്ടു. ഒഴിവ് ദിനങ്ങളിലെ വിശ്രമ വേളകൾ പണ്ടേതോ സിനിമയിൽ കേട്ട പോലെ, മുറ്റത്തെ കയറ്റു കട്ടിലിൽ ആണ് ആനന്ദകരമാക്കാറ് പതിവ്. ബൊഗൈൻവില്ല പൂക്കൾ വീണു കിടക്കുന്ന ചരൽ മണ്ണ്. പടർന്നു പന്തലിച്ചൊരു ഗോമാവ്‌ . ചൂടൻകാറ്റ് മാവിന് മുകളിൽ എത്തുമ്പോൾ മാത്രമൊന്ന് ചിണുങ്ങും. സ്‌കൂൾ അടയ്ക്കുമ്പോൾ അച്ഛൻവീട്ടിലേക്ക് ഒരു പോക്കുണ്ട്. നിറയെ കശുമാങ്ങ, പനമ്പഴം, നൊങ്ക്, നാടൻ മാങ്ങ പലവിധം… അവധിക്കാലത്തേക്ക് മാത്രം തുന്നിക്കുന്ന കുപ്പായങ്ങളുണ്ട്. ഒഴിഞ്ഞ കുപ്പിയിൽ കശുമാങ്ങാനീര് നിറച്ചു നെല്ലിന്റെ പത്തായത്തിൽ വെച്ചിട്ട് കുറേ ദിവസം കഴിഞ്ഞു കുടിച്ചാൽ, സ്വർഗം കാണാം എന്ന് പറഞ്ഞു തന്ന കാരണവരു
ണ്ട് എനിക്ക്. മൂപ്പര് പറഞ്ഞത് പോലെ അനുസരിച്ചു. ഒരുച്ച നേരത്ത് കുപ്പിയിലെ നീരും കുടിച്ച് മുറ്റത്തെ വെട്ടുകല്ലിൽ കിടന്നപ്പോൾ ശരിക്കും കണ്ടു, മഹാഭാരതയുദ്ധം! ഭീമനും യുധിഷ്ഠിരനും ദ്രോണരും ദുര്യോധനനും കാലാൾപടകളും , ആനപ്പടയും ഏഴ്‌ അക്ഷൗഹിണി പടയും ഒക്കെ നിരന്നു നിൽക്കുന്ന കുരുക്ഷേത്ര ഭൂമിക!
തളർന്നു നിൽക്കുന്ന അർജുനൻറെ മുന്നിൽ വിശ്വരൂപം കാണിച്ചു കൊടുക്കുന്ന ഭഗവാനെവരെ കണ്ടു ആ കിടപ്പിൽ.

ഓഫിസിൽ അടുത്ത കസേരയിൽ ഇരിക്കുന്ന പെരിങ്ങോട്ട്കുറിശ്ശിക്കാരി കലച്ചേച്ചിയുടെ ഫോൺവിളി കുളിരിന് തൽക്കാലം വിരാമമിട്ടു. അങ്ങേ തലയ്ക്കൽ ചേച്ചിയുടെ തേങ്ങൽ. അവർ ഒരുപാട് പഠിപ്പിച്ച മോൻ. അതുകൊണ്ട്തന്നെ പ്രതീക്ഷകൾ ഒരുപാടായിരുന്നു. ഗൾഫിലെ വെയിലിൽ തളർച്ച പറയാതെ ഒരച്ഛൻ. അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങൾക്ക് അവൻ ചിറക് വെപ്പിച്ചു. മിടുക്കനായി പഠിച്ചു. നല്ലൊരു ജോലിയും ആയി. ഇഷ്ടപ്പെട്ട പെണ്ണിന്റെ കൈപിടിച്ചു വീട്ടിലേക്ക് കേറും വരെ അവന്റെ ചിറകുകളിൽ അവർ ആകാശങ്ങൾ കണ്ടു. കലച്ചേച്ചി പതം പറഞ്ഞു കൊണ്ടിരുന്നു.

“എന്തിനാണ് ഞാനിവനെ ഇങ്ങനൊക്കെ വളർത്തി വലുതാക്കിയത്? എന്റെ വീട്ടിൽ ഇനി തല പൊക്കി നിൽക്കാൻ പറ്റ്വോ കുട്ടീ? ചന്ദ്രേട്ടന്റെ വീട്ടിൽ പറയണ്ട. നാത്തൂന്മാർക്ക് സന്തോഷാവും. അല്ലാണ്ടെന്താ? ഇവനിതൊക്ക ഒന്ന് ആലോചിച്ചൂടായിരുന്നോ? അതും കാക്കാശ് ഇല്ലാത്ത ഒരു വീട്ടിൽ നിന്ന്. കൊറേ പഠിപ്പുണ്ട് ച്ചിട്ട് കാര്യണ്ടോ മാളൂ? എന്തോ ‘ചെയ്‌വന’ തന്നെ.. ഒറപ്പാ. അവറ്റോള് ചെയ്യും”.

ചേച്ചി പതഞ്ഞു പതഞ്ഞൊരു ഉഷ്ണജല പ്രവാഹമായി ഒഴുകിക്കൊണ്ടിരുന്നു. വറ്റി തീരാറായപ്പോൾ പിന്നീടെപ്പോഴോ ഫോൺ വെച്ചു. വരാന്തക്ക് പുറത്തിട്ട കയറ്റ്കട്ടിലിലേക്ക് നിവരുമ്പോൾ, നിസ്സഹായയായ ഒരു പാവം പെൺകുട്ടിയുടെ ദൈന്യത മുറ്റിയ പരിചിതമുഖം ചുവരിലെ കണ്ണാടിയിൽ തെളിഞ്ഞു.

വേലിക്കപ്പുറത്തു മാരിയമ്മയുടെ ചിലമ്പൊലി.

“കുട്ട്യേയ്”. വലിയ ഭാണ്‌ഡമുണ്ട് തലയിൽ.

“ഇങ്ങനെ വെയിലത്ത് നടക്കണോ മാര്യമ്മേ? മക്കളൊക്കെ നല്ല നിലേൽ അല്ലേ? പറഞ്ഞാ അവര് അയച്ചു തരില്യേ?” കാല് ഞൊണ്ടുന്നത് കണ്ടാണ് ഞാൻ തിരക്കിയത്.

“കാലിൽ രണ്ട് കായുണ്ട് (ആണി രോഗം) മോളെ. നടക്കാൻ വയ്യ. ന്നാലും നാൻ പോകും. എണക്ക് വെറുതെ ഇരിക്കാൻ പറ്റില്ലമ്മാ. എണക്കിഷ്ടാ പണി എടുക്കാൻ. ആവോളം ചെയ്യും മോളെ. നാൻ സല്യം ആകൂല മക്കളിക്ക്. മക്കള്ക്ക് ഒപ്പം പോയാല് അവര് ക്ക് രണ്ടായിരമൊക്ക അല്ലേ മോളെ മാസം തരാൻ പറ്റൂ. നമുക്ക് ഒരു വഴിപാടൊക്കെ ചെയ്യാൻ നമ്മൾന്റെ കയ്യിലെ കാസുണ്ടെങ്കി എടുക്കാലോ. അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ”.

മാരിയമ്മ ഒരു വലിയ ഉറവയായി. ഉറവ പിന്നീടൊരു വലിയ ജലാശയമായി. അതിന്റെ കരയിൽ എന്നോ ഒരിക്കൽ ഉണ്ടാകാൻ പോകുന്ന സംസ്കാരത്തെ ഓർത്ത് ഞാൻ ഊറ്റം കൊണ്ടു.

“മകന്റെ കുട്ടിക്ക് ഉസ്കോളിൽ എന്തോ ഡാൻസ്. അത് പഠിക്കാൻ രണ്ടായിരം ഉർപ്യ വേണം മോളെ… കെട്ടിയ പെണ്ണും പാവം പുടിച്ച വീട്ടിലെ. അവന് സ്നേഗമായതാ മോളെ. എനക്ക് സ്നേഗമാ അമ്മാ, കെട്ടിച്ചു താന്ന് പറയുമ്പോ… നമ്മൾ പഠിപ്പിച്ചു പറഞ്ചിട്ട് നിക്കാന് പാടില്ല മോളെ. അവരുടെ സന്തോഷം തന്നെ നമ്മളുടെ സന്തോഷം. പഠിച്ച പോലെ പണി കിട്ടിയില്ല അവന്ക്ക്. അതാ ചങ്കടം എനക്ക്. പേത്തിക്ക് ഉള്ള പണം നാൻ അയക്കാ പറഞ്ചു കുട്ട്യേ.. പാവം മോഹല്ലേ.. നാൻ പെറുക്കിയിട്ടാ ന്നൊന്നും അറീയില്ലല്ലോ കൊളന്തക്ക്.”.

കുറച്ച് മുൻപ് ഫോണിൽ അലച്ച പതംപറച്ചിലുകളെ വെറുതെ ഓർത്തു. പ്രാക്ടിക്കൽ സെൻസും തിയറിറ്റിക്കൽ സെൻസും തമ്മിലൊരു മഥനം നടക്കുന്നുണ്ട്. പണ്ട് ശിവന്റെ പാദം തിരഞ്ഞു പോയ കൈതപ്പൂവിന്റെ അവസ്ഥയിൽ പി.എസ്.സി. എഴുതി, റാങ്ക്ലിസ്റ്റിൽ ഒന്നാമതെത്തി , സർക്കാർ ശമ്പളം പറ്റുന്ന കലയും മാളുവും. അപ്പുറത്ത് അർദ്ധനാരീശ്വരനായി മാരിയമ്മയും!

” ചായ കുടിച്ചോ മോളെ, നാൻ മിണ്ടിമിണ്ടി നിന്നാ നിന്റെ ക്ഷീണം കൂടും. ജോലി കളിഞ്ച് വന്നതല്ലേ. നാൻ പോണു.”…

യുദ്ധം തീർന്നിരിക്കുന്നു. സൂര്യൻ അസ്‌തമിച്ചാൽ പിന്നെ യുദ്ധം പാടില്ല എന്നാണ്‌.

” പോട്ടെ മോളെ”..

മറുപടിക്ക് കാത്തു നിൽക്കാതെ മാരിയമ്മ മല ചുമന്നു നടന്നു നീങ്ങി. ദൂരെ മൊട്ടമുത്തിക്കുന്നിന്റെ മുകളിൽ തെളിഞ്ഞ അസ്തമനസൂര്യൻ ഒരു ചെറിയ വട്ടമായി മാരിയമ്മയുടെ നെറ്റിയിലെ കുങ്കുമപൊട്ടിലേക്ക് അലിഞ്ഞു.
അവർ നടന്നു, മഴവില്ലിനെക്കാൾ ഭംഗിയിൽ…!

വര : പ്രസാദ് കാനത്തുങ്കൽ, വർഷ മേനോൻ

കവർ : നിയ മെതിലാജ്

Comments

You may also like