പൂമുഖം LITERATUREലേഖനം നിരീക്ഷണം; ഭീതി; മരിക്കുന്ന ജനാധിപത്യം

നിരീക്ഷണം; ഭീതി; മരിക്കുന്ന ജനാധിപത്യം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഭാഗം 2

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി)

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഇന്നു ലോകമെങ്ങും അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിൽ അത് വ്യാപകമായി കഴിഞ്ഞു എന്നുമാത്രമല്ല, സ്വകാര്യസ്ഥാപനങ്ങൾ ഓൺലൈനിൽ വെറും പത്തു യുവാൻ (ചൈനീസ് കറൻസി) വിലയ്ക്ക് ഈ ഡേറ്റ ആർക്കുവേണമെങ്കിലും വിൽക്കാൻ തയാറായിരിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഡേറ്റാ സമാഹാരവുമായി ആളുകളുടെ മുഖം താരതമ്യപ്പെടുത്തി അവരെ തിരിച്ചറിയുന്ന ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ആശങ്കകൾ മനുഷ്യാവകാശപ്രവത്തകർ മുതൽ പൊലീസ് സേന വരെ, ജീവിതത്തിന്റെ വിവധതുറകളിൽ പെട്ടവർ പ്രകടിപ്പിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിൽ അവകാശങ്ങളെയും ജനാധിപത്യത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ സംസ്കാരത്തെ ഈ സാങ്കേതികവിദ്യ എങ്ങിനെ ബാധിക്കുന്നുവെന്ന് നമ്മൾ ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടുണ്ടാകാവുന്ന ചില പ്രധാനപ്രശ്നങ്ങളിലേക്ക് കടക്കാം.

നിങ്ങളുടെ ഓരോ നീക്കവും പിന്തുടരുന്ന സർക്കാരിന് നിങ്ങൾക്ക് എതിരായി എന്തെങ്കിലും തെളിവ് വേണമെന്നുണ്ടെങ്കിൽ, ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിനു പറ്റുന്ന എന്തെങ്കിലും ഒരു ക്ലിപ്പ് കണ്ടെടുക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.നമ്മുടെ ദൈനംദിന ജീവിതം ഭരണകൂടത്തിനു വിവേചനരഹിതമായി ഉപയോഗിക്കാനുള്ള അവസരമാണു ഇവിടെ ലഭിക്കുന്നത്.പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശമാണു ലംഘിക്കപ്പെടുന്നത്.ഈ അവകാശം നിഷേധിക്കുന്നതിലൂടെ, പൗരന് സ്വന്തം ചിത്രങ്ങൾ എങ്ങിനെ ഉപയോഗിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശവും അതിന്മേലുള്ള നിയന്ത്രണവും നഷ്ടപ്പെടുകയാണു ചെയ്യുന്നത്. ഭരണകൂടത്തിന്റെ കണ്ണുകൾ വീഴാതെ പൊതുവിടങ്ങളിൽ നമുക്ക് പെരുമാറാൻ ആകില്ല എന്ന നിലപോലും വരുന്നു.

വ്യക്തമായൊരു നിയമമോ നിയന്ത്രണമോ ഉള്ളൊരു ചട്ടക്കൂടില്ലാതെ, നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ, നമ്മളുടെ ചിത്രങ്ങൾ കൈക്കലാക്കി നമ്മൾ അംഗീകരിക്കാത്ത വിധത്തിൽ അവയെ ദുരുപയോഗം ചെയ്യാനുള്ള വഴിയാണ് ഈ സാങ്കേതികവിദ്യ തുറന്നിടുന്നത് എന്ന വസ്തുത നമ്മളെ കാര്യമായി അസ്വസ്ഥപ്പെടുത്തേണ്ടതുതന്നെയാണ് . ഐക്യരാഷ്ട്രസഭ മുതൽ ലണ്ടൻ പോലീസിംഗ് നീതിശാസ്ത്ര (എത്തിക്ക്സ്) പാനൽ വരെയുള്ള സംഘടനകളിൽ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ തത്വം അനുശാസിക്കുന്നത്, നിരീക്ഷണം നമ്മുടെ സ്വാതന്ത്ര്യത്തിലേക്കും മൗലികാവകാശത്തിലേക്കും കൈ കടത്താതെ നിലനിന്നുകൊണ്ട് ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു മാത്രമായി അതിന്റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നാണ്. പക്ഷെ അതല്ല സംഭവിക്കുന്നത് എങ്കിൽ ഭരണകൂടത്തിനു പൗരന്മാരോട് ഉള്ള അവിശ്വാസം ആയി അതു നാം മനസ്സിലാക്കേണ്ടി വരും.

തങ്ങളെ ആരോ ശ്രദ്ധിച്ചുകൊണ്ടിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന തോന്നൽ പോലും ആളുകൾ ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്ന രീതിയിൽ മാറ്റം വരുത്തും. പൊതുപരിപാടികളിലോ. രാഷ്ട്രീയ പ്രതിഷേധങ്ങളിലോ,അല്ലെങ്കിൽ സാമ്പ്രദായികതയിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള മറ്റേതെങ്കിലും മാറ്റത്തിനുവേണ്ടിയുള്ള പ്രചാരണങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് ഇത് നമ്മെ വിലക്കിയേക്കും. ഒപ്പം ഒത്തുകൂടാനും അനുതപിക്കാനും, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും ഒക്കെയുള്ള നമ്മുടെ താല്പര്യത്തെയും ഇതു നിരുത്സാഹപെടുത്തും. തന്ത്രപ്രധാനമോ വിവാദപരമോ ആയ വിഷയങ്ങളെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കാനും ഈ നിരീക്ഷണം കാരണമാകുന്നുവെന്ന് 2016 ൽ കണ്ടെത്തിയ ഒരു പഠനത്തിന്റെ വിവരങ്ങൾ വാഷിങ്ങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. സർഗ്ഗാത്മകതയേയും ആശയങ്ങളുടെ സ്വതന്ത്രമായ പ്രകാശനത്തേയും കുറിച്ച് 2013 ൽ PEN അമേരിക്ക നടത്തിയ ഒരു സർവേയിൽ, ആറ് എഴുത്തുകാരിൽ ഒരാളെങ്കിലും നിരീക്ഷണത്തിന് വിധേയമാകുമെന്ന് അവർ കരുതുന്ന ഒരു വിഷയം എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുന്നുവെന്നു കണ്ടെത്തിയിരുന്നു.

നിരീക്ഷണത്തിനുള്ള സാധ്യത ഇതിനകം അംഗീകരിച്ച മാധ്യമപ്രവർത്തകരും പൊതുകാര്യപ്രവർത്തകരും മറ്റുള്ളവരും മുമ്പിലത്തെപ്പോലെത്തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നാലും, രാഷ്ട്രീയമായി നിഷ്ക്രിയരായ സാധാരണ ആളുകൾ നിരന്തരമായി നിരീക്ഷിക്കപ്പെടുന്നുവെന്ന ബോധത്തിന്റെ ഫലമായി സ്വയം സെൻസർ ചെയ്തു തുടങ്ങുന്നു.

ബൗദ്ധികമായ ജിജ്ഞാസയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലുമുള്ള വിനാശകരമായ ഈ പ്രത്യാഘാതങ്ങൾക്കപ്പുറം, വ്യക്തിഗത പ്രൊഫൈലുകൾ പ്രവചന വിശകലനത്തിന്റെ ആവശ്യത്തിനായി (അതായത് നിരീക്ഷണ ഡേറ്റാസമാഹാരമുണ്ടാക്കി പൗരന്മാർ മുൻപ് പെരുമാറിയിരുന്ന രീതി പഠിച്ച് സുരക്ഷാ-നിയമ നിർവ്വഹണ ഏജൻസികൾ അവരുടെ ഭാവി പെരുമാറ്റം പ്രവചിക്കാൻ ശ്രമിക്കുന്ന രീതി) ഉപയോഗിക്കപ്പെടുമെന്നതാണു വ്യാപകനിരീക്ഷണത്തിൻറെ വളരെ അപകടകരമായ മറ്റൊരു സാദ്ധ്യത. ലളിതമായിപ്പറഞ്ഞാൽ, ഈ ഡേറ്റാസമാഹരത്തിനെ അടിസ്ഥാനമാക്കി തെറ്റായ അനുമാനങ്ങളും പ്രവചനങ്ങളും നടത്താൻ എളുപ്പവും ഭരണകൂടങ്ങളതുപയോഗിക്കാനുള്ള സാദ്ധ്യത ശക്തമായി നിലനിൽക്കുന്നതുമാണ് . ക്രൈം പ്രെഡിക്റ്റിംഗ് സോഫ്റ്റ്വെയർ എന്ന് വിശേഷിപ്പിക്കുന്ന ഈ സാങ്കേതികത ഇത്തരം അനുമാനങ്ങളും പക്ഷപാതങ്ങളും കാണിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും അവ ദരിദ്ര, ന്യൂനപക്ഷ സമുദായങ്ങളെ യാതൊരു കരുണയുമില്ലാതെ ലക്ഷ്യം വെക്കുന്നതായിത്തന്നെ കണ്ടെത്തിയിട്ടുമുണ്ട്.

മറ്റൊരപകടം,ഇത് പലപ്പോഴും കൃത്യമല്ല എന്നതാണ് .മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ കൃത്യമായ തിരിച്ചറിയൽ ഉറപ്പ് പറയുന്നുണ്ടെങ്കിലും വംശീയപക്ഷപാതങ്ങളുള്ള ഡേറ്റാകേന്ദ്രങ്ങൾ പരിശീലിപ്പിച്ച കമ്പ്യൂട്ടർ സാങ്കേതികത, വർണ്ണവംശീയരിൽ പെട്ട ആളുകളെ, പ്രത്യേകിച്ച് അവരിലെ സ്ത്രീകളെ തെറ്റായി തിരിച്ചറിയുന്നതായി നിരവധി പഠനങ്ങൾ എടുത്തുകാണിച്ചിട്ടുണ്ട്. അത്തരം മുൻ വിധികളുള്ള അൽ‌ഗോരിതം നിയമവിരുദ്ധമായ അറസ്റ്റുകൾ‌ക്ക് കാരണമാകുമോ അല്ലെങ്കിൽ‌ പൊതു ഏജൻസികളും സ്വകാര്യ കമ്പനികളും, സ്ത്രീകളോടും ന്യൂനപക്ഷ-വംശീയ പശ്ചാത്തലത്തിലുള്ള ആളുകളോടും വിവേചനം കാണിക്കുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുമോ എന്നുമൊക്കെയുള്ള ആശങ്ക നിലനിൽക്കുന്നു.

ഇത് ഓട്ടോമേഷൻ പക്ഷപാതിത്വത്തിലേക്കും (അതിയാന്ത്രീകതയോടുള്ള അഭിനിവേശം)നയിച്ചേക്കാം. അതായത്, മുഖം തിരിച്ചറിയൽ സാങ്കേതികത ഉപയോഗിക്കുന്ന ആളുകൾ ആ സാങ്കേതികവിദ്യയ്ക്കൊരിക്കലും തെറ്റുപറ്റില്ലെന്ന തെറ്റായവിശ്വാസം പിന്തുടരുന്നുവെങ്കിൽ, അത് തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. യന്ത്രസൃഷ്ടമായ കണ്ടെത്തലുകൾ സർക്കാർവകുപ്പുകളും സ്വകാര്യ കോർപ്പറേഷനുകളും വ്യക്തികളോട് എങ്ങനെ പെരുമാറുന്നുവെന്നത് നിർണ്ണയിക്കരുത്. പകരം പ്രത്യേകപരിശീലനം ലഭിച്ച കമ്പ്യൂട്ടർ ജീവനക്കാർ, ശരിയായ രീതിയിൽ നിയന്ത്രണം പാലിച്ച് നിയമങ്ങളെ അടിസ്ഥാനമാക്കി വേണം തീരുമാനങ്ങൾ എടുക്കേണ്ടത്.

ഭരണകൂടം ഇതുപയോഗിക്കുന്നുവെങ്കിൽ അതിനർത്ഥം സർക്കാരിനു ജനങ്ങളറിയാത്ത രഹസ്യ ജാഗ്രതാപട്ടികകൾ ഉണ്ടെന്നതാണല്ലൊ. അതിനാൽ തെറ്റായി ഉപയോഗിക്കപ്പെടുമോ എന്നുറപ്പില്ലാത്ത നിങ്ങളുടെ മുഖചിത്രങ്ങൾ അടങ്ങിയ സർക്കാർ വിവരശേഖരം ഇതിനെതിരെയുള്ള ഒരു മുന്നറിയിപ്പു തന്നെയായി കണക്കാക്കാം

നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ സർക്കാരിനു സംശയമുള്ളവരുടെ ജാഗ്രതാപട്ടികകൾ നിർമ്മിക്കുന്നതിനായി സ്വകാര്യകമ്പനികളും നിയമ നിർവ്വഹണ ഏജൻസികളും നിങ്ങളുടെ ചിത്രങ്ങൾ പങ്കിടുന്നുണ്ടെന്നുള്ള സൂചനയും ശ്രദ്ധിക്കേണ്ടതാൺ.ഈ ജാഗ്രതാ പട്ടികകളുടെ സുരക്ഷയും ഹാക്കർമാരുയർത്തുന്ന വെല്ലുവിളിയോടുള്ള ബന്ധപ്പെട്ടവരുടെ നിസംഗതയും തീർത്തും ആശങ്കാജനകമാണു. ദുർബലരായ ചില ഗ്രൂപ്പുകളെ ലക്ഷ്യം വെക്കാൻ ഇതുപയോഗിക്കാമെന്നു മാത്രമല്ല, ഇത് ചില പ്രത്യേകരീതിയിൽ ഉപയോഗിക്കാനും കഴിയും. ഉദാഹരണത്തിന്, കുടിയേറ്റക്കാരെയും അഭയാർഥികളെയും തിരിച്ചറിയാനായി ഇതുപയോഗിക്കാം. കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്ന രീതികളുടെ പേരിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു വിവാദത്തിലായ യുഎസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് പോലുള്ള ഏജൻസികൾക്ക് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ വിൽക്കുന്നത് മനുഷ്യാവകാശങ്ങൾക്കായി പൊരുതുന്ന ആരെയും വിഷമിപ്പിക്കേണ്ടതാണു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ തെരുവുതോറും രേഖപ്പെടുത്തിപ്പോകുന്ന നമ്മുടെ വംശീയരൂപരേഖയുടെ ഡേറ്റാബേസ് എങ്ങിനെയൊക്കെ അപകടകരമാകാമെന്നത് ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതാണ് .

വ്യാപകനിരീക്ഷണം ഒരു ജനതയുടെ ബൗദ്ധിക സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നതിനൊപ്പം ആ സമൂഹത്തിന്റെ ഘടനയെത്തന്നെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുമ്പോൾ, രാജ്യസുരക്ഷയ്ക്ക് എന്ന പേരിൽ നടത്തുന്ന ഈ വ്യാപകനിരീക്ഷണം തീവ്രവാദി ആക്രമണങ്ങളെ ചെറുക്കില്ല എന്നും തെളിഞ്ഞിട്ടുണ്ട്.

ഇത്തരത്തിലുള്ള വ്യാപക നിരീക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പലരും പെട്ടെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും, ഈ നടപടിയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നു കരുതുന്ന മറ്റുചിലരുമുണ്ട്. സർക്കാർ നടത്തുന്ന വ്യാപകനിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾക്കുത്തരമായി ഇവർ പൊതുവായിപ്പറയുന്ന ഒരു വാദം, “മറയ്ക്കാൻ എന്തെങ്കിലും ഉള്ള ആളുകൾക്ക് മാത്രമല്ലേ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതുള്ളൂ ” എന്നതാണ്.

പക്ഷെ ആശയസ്വാതന്ത്ര്യം,വ്യക്തികളുടെ രാഷ്ട്രീയതാല്പര്യങ്ങൾക്കുള്ള സ്വാതന്ത്ര്യം, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് അവബോധമുള്ള എല്ലാവരും വളരെ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്നമാണിത്.ഒരു സ്വതന്ത്ര സമൂഹത്തിൻറെ പ്രവർത്തനത്തിന് ആവശ്യമായ ചർച്ചകൾക്ക് ഒരു ഈ ‘സ്വയം സെൻസർഷിപ്പ്’ അസ്വസ്ഥതയും അസ്വാതന്ത്ര്യവും ഉളവാക്കുന്നു . പുറമെ , ജനങ്ങളുടെ ആശയവിനിമയങ്ങളുടെയും പോക്കുവരവുകളുടെയും വിപുലമായ നിരീക്ഷണം കൊണ്ടുള്ള നേട്ടം ഒന്നുമാത്രം-വ്യ ക്തിയും ഭരണകൂടവും തമ്മിൽ വളർന്നുവരുന്ന പരസ്പര അവിശ്വാസം!

സാമുഹ്യവിനിമയങ്ങളിലും,സമൂഹത്തിനു വേണ്ടി പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിലുമൊക്കെ വ്യക്തികൾ മരവിച്ചുപോകുന്ന ഈ നിരീക്ഷണഭീതി ജനാധിപത്യത്തിന് വ്യക്തമായ ഭീഷണിയാണ്.

ഗ്ലെൻ ഗ്രീൻവാൾഡിന്റെ (അമേരിക്കൻ പത്രപ്രവർത്തകൻ) അഭിപ്രായത്തിൽ, ഗവൺമെന്റുകളും കോർപ്പറേഷനുകളും മറ്റ് അധികാര സ്ഥാപനങ്ങളും ഈ നിരീക്ഷണം ആഗ്രഹിക്കുന്നവരാണ് . കാരണം ഒരു സമൂഹം അധികാരസ്ഥാനങ്ങളിലുള്ളവരെ കൂട്ടായി ചോദ്യം ചെയ്യാൻ ഭയക്കുന്ന തരത്തിലുള്ള ‘അനുസരണശീല’ ത്തിലേക്കാണല്ലൊ ഇതു നയിക്കുക. ചോദ്യം ചെയ്യാനാരുമില്ലാത്ത, പരിധികളില്ലാ അധികാരമാണ് ഭരണത്തിലിരിക്കുന്ന എല്ലാവരുടേയും എല്ലാക്കാലത്തേയും പ്രീയപ്പെട്ട സ്വപ്നം എന്നത് നിത്യമായ സത്യവും!

ഏറെക്കുറെ പൊതുജനത്തിന്റെ അറിവോടെ തന്നെയുള്ള ഈ നിരീക്ഷണം,ഭരണകൂടം ജനങ്ങളെ നിയന്ത്രിക്കുന്ന ഒരു രീതിമാത്രമാണ് അവർ പോലുമറിയാതെ അവരുടെ ബോധതലത്തിലിടപെട്ട് നേടിയെടുക്കുന്ന നിയന്ത്രണമാണ് മറ്റൊന്ന് .

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസി നടത്തുന്ന പഠനത്തിനു നീതി ആയോഗ് അംഗീകാരം നൽകിയിരിക്കുന്നത്.ഒക്‌ടോബർ 18ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇന്ത്യയിലെ FRT യുമായി ബന്ധപ്പെട്ട ഒരു വലിയ ആശങ്ക, കൊക്കേഷ്യൻ പുരുഷന്മാരെ തിരിച്ചറിയുന്നതിനനുസരിച്ച് രൂപപ്പെട്ട സാങ്കേതികവിദ്യ വെളുത്ത സ്ത്രീകളെപ്പോലും മനസ്സിലാക്കാതിരിക്കാനുള്ള സാധ്യത നിലനിൽക്കുമ്പോൾ ഇൻഡ്യയിൽ കൃത്യമായ തിരിച്ചറിയൽ പരാജയപ്പെട്ടേക്കാമെന്നതാണ് . ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ തന്നെ പല സന്ദർഭങ്ങളിലും നമ്മുടെ രാജ്യത്ത്ഇതുപയോഗിച്ചുവരുന്നുവെന്നത് ഓർക്കേണ്ടതാണ് .

ഉപഭോക്താക്കൾക്കിടയിലും റെഗുലേറ്റർമാരിലും വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ മുഖം തിരിച്ചറിയൽ സംവിധാനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ മാറ്റത്തിന്റെ ഫലമായി ഒരു ബില്യണിലധികം ആളുകളുടെ വ്യക്തിഗത മുഖം തിരിച്ചറിയൽ ടെംപ്ലേറ്റുകൾ ഇല്ലാതാക്കുമെന്ന് മാതൃകമ്പനിയായ മെറ്റാ സോഷ്യൽ നെറ്റ്‌വർക്ക് പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളിൽ മൂന്നിലൊന്ന് പേരും അല്ലെങ്കിൽ 600 ദശലക്ഷത്തിലധികം അക്കൗണ്ടുകളും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഉപയോഗം തിരഞ്ഞെടുത്തവരായിരുന്നു എന്ന പശ്ചാതലത്തിലാണു ഈ തീരുമാനം

ഭീതി

ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ നില നിൽക്കുന്ന ഭീതിയെക്കുറിച്ച് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച വൽസൻ തമ്പു ‘ജനാധിപത്യം നിർവ്വഹിക്കുന്നതിലെ അനായാസത’ എന്ന ലേഖനത്തിൽ വിശദീകരിച്ചെഴുതിയിട്ടുണ്ട്.

പൊതുജനവികാരം തങ്ങൾക്കിണങ്ങുംവണ്ണം കൈകാര്യം ചെയ്യുന്നതിനും,തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരുടെ തീരുമാനത്തിനെ സ്വാദ്ധീനിക്കുന്നതിനുമായി,ഭയം എന്ന വികാരത്തിനെ തന്ത്രപരമായി ഉപയോഗിക്കുന്നതിൽ ധാരാളം സാധ്യതകൾ മറഞ്ഞുകിടക്കുന്നു.

ഈ സാദ്ധ്യതകൾ ജനാധിപത്യരാഷ്ട്രീയത്തിൽ അനന്തമാണു താനും! കാര്യസാദ്ധ്യത്തിനായിള്ള എളുപ്പമാർഗ്ഗങ്ങൾ ആധുനികജീവിതത്തിന്റെ മുഖമുദ്രകൂടിയാകുന്ന ഈ കാലത്ത്,നല്ല ഭരണം കാഴ്ച്ചവെച്ച് ജനങ്ങളെ കയ്യിലെടുക്കാൻ ബുദ്ധിമുട്ടുന്നതിനേക്കാൾ അനായാസമായി തിരഞ്ഞെടുപ്പ് ജയം നേടാൻ മറ്റൊരു തന്ത്രം സഹായിക്കുമെങ്കിൽ, അതു പയോഗിക്കുകയാണല്ലൊ ബുദ്ധി.

ഇതെങ്ങിനെയാണു പ്രവർത്തിക്കുന്നതെന്നു നോക്കാം.

ഗോത്രകാലജീവിതത്തിന്റെ ഒരു ശേഷിപ്പായി ഒരുതരം ഭീതി നമ്മുടെ ബോധതലത്തിനും താഴെയായി ഒളിഞ്ഞുകിടക്കുന്നുണ്ട്. അതു ഖനനം ചെയ്തെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് സാഹസീകമായി അതിനായി ഒരുമ്പെട്ടിറങ്ങുന്നവർക്കുവേണ്ടി,ഭൂഗർഭത്തിൽ നിക്ഷിപ്തമായ ‘കറുത്ത സ്വർണ്ണം’ പോലെ അതവിടെ കാത്തുകിടക്കുന്നുണ്ടാകും-നമ്മുടെ തലച്ചോറിൽ നിലനിൽക്കുന്ന ‘ഭീതി കേന്ദ്രങ്ങൾ’ !യാഥാസ്ഥിതിക മനോഭാവമുള്ളവർക്ക് ഈ ഭിതികേന്ദ്രങ്ങൾ താരതമ്യേന വലുതായിരിക്കുമെന്ന് ഗവേഷണപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആധുനീകരെക്കാൾ സുരക്ഷയെക്കുറിച്ച് അവർ കൂടുതൽ ആശങ്കാകുലരായിരിക്കും.

ഈ ഭീതികേന്ദ്രങ്ങളേ ഉദ്ദീപ്പിക്കാനായി അവർ പൊതുവേ രണ്ട് തന്ത്രങ്ങളാണു ഉപയോഗിക്കുക.

ആദ്യത്തേത് ബാഹ്യപരിസ്ഥിതിയെ – പ്രത്യേകിച്ച് പൊതുജനാഭിപ്രായത്തെ – കൗശലപൂർവ്വം കൈകാര്യം ചെയ്ത്, മുറിവേറ്റ ചരിത്രസ്മരണകളെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ രൂപത്തിൽ ഉത്തേജിപ്പിച്ചു നിർത്തുക എന്നതാണു.ഇതു വളരെ എളുപ്പമാണ്.ഉദാഹരണത്തിന്, പതിറ്റാണ്ടുകളായി സമാധാനത്തിലും സൗഹാർദത്തിലും ജീവിക്കുന്ന രണ്ട് സമുദായങ്ങൾക്കിടയിൽ പരസ്പര സംശയത്തിന്റെ വിത്തുകൾ ആദ്യം വിതക്കുന്നു. ഇതോടെ അവർക്കിടയിൽ നിലനിന്നിരുന്ന ഒരുമയിൽ വിള്ളലുകൾ വീഴുകയും പരസ്പരം ഒരു തരം അന്യതാബോധം സജീവമാക്കപ്പെടുകയും ചെയ്യുന്നു; ഈ അന്യവൽക്കരണം പരസ്പര സംശയത്തേയും ഭീതിയെ വളർത്തുന്നതിലേക്കാണെത്തിനിൽക്കുക.

( നാൽപ്പത്തിയേഴിലെ വിഭജനകാലവും,അതു നമ്മുടെ സമൂഹമനസ്സിനേല്പിച്ച മുറിവുകൾ അബോധത്തിലവശേഷിപ്പിച്ച വടുക്കളെ വീണ്ടുമുണർത്തുന്നവിധം ഇന്നതു വീണ്ടും ചർച്ചയാക്കുന്നതും ഒട്ടും യാദൃച്ഛികമല്ല എന്നർത്ഥം)

ഈ ഘട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് ജനാധിപത്യത്തിൽ വളരെ നിർണ്ണായകമാണു. മാദ്ധ്യമങ്ങൾ പ്രതികൂലാവസ്ഥയിൽ ഭയന്നോ, പ്രലോഭനങ്ങളിൽ മയങ്ങിയോ മാദ്ധ്യമധർമ്മം പണയപ്പെടുത്തിയാൽ ജനാധിപത്യത്തിനു തന്നെ അതു മാരകമായി മാറിയേക്കാം. തത്ത്വദീക്ഷയുള്ള പത്രപ്രവർത്തനം എക്കാലവും സത്യത്തിനു വിധേയമായിരിക്കും. ഇരുട്ടിനു വെളിച്ചം എന്നത് പോലെത്തന്നെയാണു ഭയത്തിനു സത്യവും. സത്യം ജനങ്ങളെ ശക്തരാക്കുമ്പോൾ അസത്യം അവരെ ദുർബലപ്പെടുത്തി ഒരുതരം സംഘടിതമായ ചിന്താ ഭ്രമത്തോളമെത്തുന്ന മിഥ്യാഭീതിയിലേക്ക് നയിക്കുന്നു.സുരക്ഷയെപ്പറ്റിയുള്ള എന്തെങ്കിലും ഒരാശങ്കയിൽ ജനം അകപ്പെടുന്നുവെങ്കിൽ,അതു പൊതുവായ ഒരാശയക്കുഴപ്പം അലങ്കോലമാക്കിയ സമൂഹത്തിന്റെ ലക്ഷണമാണ്; ധീരമായ ഒരു വ്യക്തിസത്തയിലേക്ക് നയിക്കേണ്ട സാമൂഹ്യആരോഗ്യത്തിനു അതുതകുന്നതുമല്ല.

രണ്ടാമത്തെ തന്ത്രം കുറെക്കൂടി സൂക്ഷ്മമാണ്; അത് മാനസികാന്തരീക്ഷത്തിനെയാണു ലക്ഷ്യമാക്കുന്നത് – വ്യക്തികളുടെ വികാരങ്ങളുടെയും മുൻവിധികളുടെയും പ്രതികരണങ്ങളുടെയും മണ്‌ഡലത്തിനെ. വ്യക്തവും അവ്യക്തവുമായ ഭീതികൾ ഉണർത്തി,തൽഫലമായി സൃഷ്ടിച്ചെടുക്കുന്ന’അന്യർ’ എന്ന ഒരു നിർമ്മിതിയുടെ പേരിൽ മുൻവിധി രൂപപ്പെടുന്നതിലേക്ക് അതു നയിക്കുന്നു.ഇതൊരിക്കൽ സംഭവിച്ചു കഴിഞ്ഞാൽപ്പിന്നെ, അത് ഉപബോധമനസ്സ് യാഥാർത്ഥ്യം വ്യാഖ്യാനിക്കുന്നതിൽ ഇടപെട്ടു കൊണ്ടേയിരിക്കുന്ന ഒരു നിയന്ത്രണകേന്ദ്രം തന്നെയായി മാറുന്നു.അനന്തരം എന്തിലും ഈ ഭിതി ആധിപത്യം സ്ഥാപിക്കുകയും എന്തും വികൃതമാക്കി കാണിക്കുകയും ചെയ്യുന്നു.തൽഫലമായി ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയെ ഉത്തേജിപ്പിക്കാനായി പൊതുവേ ദേശീയ വികാരത്തിനെയാണു ഉപയോഗിക്കാറു പതിവ്.ഓരോ രാജ്യത്തിന്റെയും സാമൂഹികപശ്ചാത്ത ലമനുസരിച്ച് ഈ അപരത്വം ആരോപിക്കപ്പെടുന്നത് ആരിലുമാകാം .വെളുത്തവർക്കെതിരെ കറുത്തവരോ, ഭൂരിപക്ഷമതത്തിനെതിരെ ന്യൂനപക്ഷമതമോ,തദ്ദേശീയർക്കതിരെ വരത്തരോ,ഒരു ഗോത്രത്തിനോ വംശത്തിനോ എതിരെ അതല്ലാത്തവരോ, അങ്ങിനെ ആരും.

മിക്ക വ്യക്തികൾക്കും തങ്ങളുടെ മനസ്സിനുള്ളിൽ നടക്കുന്ന ഈ മാനസിക പ്രതിഭാസങ്ങളെ കു റിച്ച് അറിയില്ല എന്നതാണ് ഇത് അപകടകരമാക്കുന്നത്. ആത്മനിഷ്ഠമായ ഉത്കണ്ഠകളെ അവർ വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളായി തെറ്റിദ്ധരിക്കുന്നു; പ്രത്യേകിച്ചും സുരക്ഷയ്‌ക്ക് ഭീഷണിയുള്ളതായി മാദ്ധ്യമങ്ങളും സർക്കാർസംവിധാനങ്ങളും ഉയർത്തിക്കാട്ടുകകൂടി ചെയ്യുമ്പോൾ.

ഈ ഭീതി നമ്മെ എപ്പോഴും എന്തിൽനിന്നൊക്കെയോ ഓടിരക്ഷപ്പെടാനായിരിക്കും പ്രേരിപ്പിക്കുക. ഒരു സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന പുതിയ ആശയധാരകൾക്കോ പരീക്ഷണങ്ങൾക്കോ സാമ്പ്രദായികരീതികളിൽ നിന്നും കുതറിമാറുന്ന സാഹസീകതയ്ക്കോ ഒന്നും അനുവദിക്കാത്ത ആ മാനസീകാവസ്ഥ നയിക്കുന്നത് വികസനത്തിന്റെ തികച്ചും വിപരീതദശയിലുമായിരിക്കും!

ഒന്നുകിൽ ഭയം അല്ലെങ്കിൽ വികസനം. രണ്ടിനും ഒരിക്കലും ഒരുമിച്ച് പോകാൻ കഴിയില്ല. പിന്നോട്ട് വലിച്ചുകൊണ്ടേയിരിക്കുന്ന ഈ ഭീതി ഒരുതരം അരക്ഷിതാവസ്ഥ സൃഷിച്ചെടുക്കുന്ന തിലൂടെ പൊതുബോധത്തിൽ സ്ഥാപിതമാകുന്നു.തുടർന്ന് ‘സുരക്ഷ’ എന്ന വികാരത്തിനെ പെരുപ്പിച്ചെടുത്ത് കൂടുതലായി അരക്ഷിതാവസ്ഥയെ ഉണർത്തുകയും ഭയത്തിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ഭയം പൊതുമണ്ഡലത്തിനെ ബാധിച്ചുകഴിഞ്ഞാൽ, നിലവിലില്ലാത്ത അപകടങ്ങൾ വരെ ജനം ഭാവനയിൽ കണ്ടുതുടങ്ങും. ഈ ഭയത്തിന്റെ സ്വാധീനത്തിൽ എടുക്കുന്ന ഒരു തിരഞ്ഞെടുപ്പും സ്വതന്ത്രമോ ന്യായയുക്തമോ ആയിരിക്കിക്കുകയില്ല. അത്തരം തിരഞ്ഞെടുപ്പുകൾ വ്യക്തിപരം പോലുമായിരിക്കില്ല. ആരോ മുൻകൂട്ടി നിശ്ചയിച്ചവയെ സ്വന്തമെന്ന് തെറ്റിദ്ധരിച്ച് അവർ അംഗീകരിക്കുകയാണു ചെയ്യുന്നത്.അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നതു തന്നെ ഒരു മിഥ്യതന്നെയായി മാറുന്നു

ജനസാമാന്യത്തിന്റെ ഈ വൈകാരികതയുടെ പുകമറയ്ക്കുള്ളിലെ യാഥാർത്ഥ്യം, വ്യക്തിപൂജ കേന്ദ്രമാക്കി പക്ഷപാതപരമായി പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളുടെ സഹായവും പ്രോത്സാഹനവും കൂടിച്ചേർന്നു സംഭവങ്ങളെ പാകപ്പെടുത്തിയുണ്ടാക്കുന്ന ഒരു രസക്കൂട്ടാണു

ഈ രസകൂട്ടിൽ യുക്തിബോധം മങ്ങിപ്പോകുന്നതുകൊണ്ടാണു ജനം ആദ്യം സൂചിപ്പിച്ച ദുർദ്ദശയിലേക്കെത്തിക്കുന്നത്.

ഇത് ലോകമെങ്ങുമുള്ള, വരേണ്യവർഗ്ഗമെന്നു പറയാവുന്ന ഭരണകർത്തക്കൾക്ക് എന്നും ആവേശമുണർത്തുന്ന ഒരു ആഗ്രഹപുർത്തീകരണതന്ത്രമാണ് .

എന്തുകൊണ്ടെന്നാൽ, നല്ല ഭരണത്തിൽ നിന്നും ജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ ഇതുപകരിക്കുന്നു എന്നതു തന്നെ. ഇങ്ങിനെ ഭരിക്കുന്നവർക്ക് ജനാധിപത്യഭരണം ആയാസ രഹിതമാക്കുന്ന ഈ തുറന്ന രഹസ്യമാണു ഇന്ത്യയിൽ മാത്രമല്ല,മറ്റു രാജ്യങ്ങളിലെ ഭരണത്തിന്റെയും പുറകിലെ ശില്പിശാലയിൽ നാം കാണുക.

തുടരും

കവർ ഡിസൈൻ : ആദിത്യ

Comments
Print Friendly, PDF & Email

You may also like