വൈകുന്നേരങ്ങളിൽ
സ്വതന്ത്രയാകുന്ന പെൺകുട്ടി
നക്ഷത്രമൈതാനത്ത് നിത്യവും
നൃത്തം ചെയ്യുന്നു
നിഴലുകൾ നീന്തുന്ന
കുളത്തിലേക്കെത്തി നോക്കുന്നു
മയങ്ങുന്ന പകലിനും
തെളിയുന്ന ഇരുട്ടിനുമിടയിൽ
നിശ്ചലവസന്തം പോലുറയുന്നു
പകിട്ടേറെയുള്ളൊരന്തിച്ചോപ്പിൽ
തണൽമഴ നനയുന്ന
പൂച്ചയുറക്കങ്ങൾ
ഒരു വാക്കിനെ തിരഞ്ഞെത്തിയ
വിഷാദങ്ങളുടെ കവിത
പകർന്നെടുപ്പിന്റെ വിക്ഷോഭത്തിൽ
കിതയ്ക്കുന്ന ചുംബനങ്ങൾ
പ്രേരണകളുടെ ഗ്രാമവഴികളിൽ
മേഘനീർ തോർച്ചകൾ
വൈകുന്നേരങ്ങളിൽ
സ്വതന്ത്രയാകുന്ന പെൺകുട്ടി,
വരപോലൊരു നദിയ്ക്കരികിൽ
സമുദ്രം സൃഷ്ടിക്കുന്നു
ആഴങ്ങളിലെ കൊട്ടാരങ്ങളിൽ
നാഗരഹസ്യം പൂഴ്ത്തിവെയ്ക്കുന്നു
മുറിവേറ്റവനെ പ്രണയിക്കുന്നു
നഗരത്തെ വെട്ടിച്ചുരുക്കി
കാടുകൾ തീർക്കുന്നു
അതിലോലമായ ഇടനേരങ്ങളിൽ
നെല്ലിക്കകൾ പെറുക്കുന്നു
ഇലഞ്ഞിപ്പൂക്കൾ മണക്കുന്നു
മിന്നാമിന്നികളെ പിന്തുടരുന്നു
ജനാലകൾ തടുത്ത് വെയ്ക്കുന്ന
ചങ്ങാതിക്കാറ്റുകൾ
ശിശിരം കവർന്നൊരു കാമുകനെപ്പോലെ
നിലാവിളക്കുകളെ കല്ലെറിയുന്നു
ഇലകൾ പൂവുകളുമായിച്ചേർന്ന്
ആകാശത്തിലേക്ക് വഴിയൊരുക്കുന്നു
മഴപോലൊരു പെൺകുട്ടി
രതിമേഘങ്ങളിലൊളിയ്ക്കുന്നു
ഭൂമിയിൽ നിന്നും
വസന്തം അപ്രത്യക്ഷമാകുന്നു
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്