പറയുക പ്രണയസഞ്ചാരീ, നിനക്കു
ഞാൻ
പെരുവഴിയമ്പലം
മാത്രമായിരുന്നെന്നോ..
തിരികെ,
നീയെന്നിലേക്കെത്തുമെന്നെന്തിനോ
വെറുതെ ഭ്രമിപ്പിച്ച കനവോ
അനുരാഗം…
വഴി നീ മറന്നുവോയെന്നു
ചോദിക്കുവാൻ
കഴിയാതെൻ വാക്കുകൾ
നാവടക്കുന്നു ..
നിൻ ,ചുവടടികളിൽ ഞെട്ടറ്റ
ദൂരങ്ങൾ
പിൻതുടർന്നെത്താൻ
വിയർത്തൊലിക്കുന്നു ഞാൻ..
ഞാൻ നിനക്കാരെ,ന്ന
ചോദ്യമാത്മാവിലെ
നീലക്കയത്തിൽ
നിരാലംബമായപ്പോൾ ,
ഹൃദയത്തിലേകാന്ത
ജീവപര്യന്തത്തിനെൻ
പ്രണയത്തെയന്നേ തളച്ചതാണല്ലോ ,
ഞാൻ…
ഇരുൾ മുഖപടം ചൂടി മിഴിയടയ്ക്കുന്നു
തിരികരിഞ്ഞണയുന്ന
പ്രണയച്ചിരാതുകൾ.
ചിതലരിച്ചതിദ്രുതമൃതി പുണരുന്നു ,
ഞാൻ
നിനവിനാൽ കടഞ്ഞെന്നിൽ കാത്ത
നിൻ ദാരു ശിൽപം…
നിലവിളിപ്പെരുമഴപ്പാച്ചിലിലെൻ്റെ മൺ_
ചുവരുകൾ കുതിരുന്നതറിയുന്നു
ഞാൻ; പക്ഷേ,
നനയാതെ, ഹൃദയത്തിൽ
പൂമുഖത്തപ്പോഴും
ഒരു തിരി റാന്തലുണർന്നിരിക്കും..
അടയാത്ത
ജനലുക,ളെൻ്റെയുൾക്കണ്ണുകൾ
അകലങ്ങളിൽ നിൻ്റെ നിഴൽ
തിരയും…
ഉയരങ്ങളിൽ നിൻ്റെ ചില്ലകൾ
പൂക്കുമ്പോൾ,
പ്രണയ നിരാസത്തിനതി
താപനത്താൽ
കരൾ പാതിവെന്ത ചുവന്ന പൂവായി
ഞാൻ
ഒരുപാടു താഴെ വിരിഞ്ഞു
നിന്നേക്കാം ……..
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ