“അമ്മേ, നമ്മുടെ പല്ലമ്മ ഉറങ്ങിക്കാണുമോ? അവരുടെ അടുത്തേക്ക് ഇപ്പോൾ തന്നെ പോയാലോ? ഈ വേദന മറ്റുള്ള വേദന പോലെയല്ല, എന്താ ചെയ്യേണ്ടത് എന്നറിയില്ല. വേദന കൊണ്ടു ഇരിക്കാനോ കിടക്കാനോ പറ്റുന്നില്ല. എനിക്കിനി സഹിക്കാൻ വയ്യ, അമ്മേ.”
ഞാൻ വലത്തേ കവിൾ കൈ കൊണ്ട് അമർത്തി പിടിച്ച് അടുക്കളയിൽ നിന്നും കുളിമുറിയിലേക്ക് പോകുന്ന വാതിൽ തുറന്നു. കുളിമുറിയിൽ നിന്നും കിണറ്റിലേക്കുള്ള ചെറിയ പഴകിയ വാതിൽ തുറന്നാൽ പല്ലമ്മയുടെ വീട് കാണാം. പിന്നെ സാളയിലുള്ള ജനവാതിൽ തുറന്നു നോക്കിയാലും പല്ലമ്മയുടെ അടുക്കളയും അതിനടുത്തുള്ള അവരുടെ പഴയ വലിയ ഓടിട്ട, ഇപ്പോൾ ഉപയോഗശൂന്യമായ കോഴിക്കൂടും കാണാം.
അതു പറഞ്ഞു ഞാൻ കുളിമുറിയുടെ ലൈറ്റിട്ടു. എന്നിട്ട് കിണറ്റിലേക്കുള്ള ചെറിയ, ദ്രവിച്ച പഴയ മരത്തിന്റെ വാതിൽ തുറന്നു.പണ്ട് എപ്പോഴും പല്ലമ്മയുടെ ആ വലിയ കോഴിക്കൂട്ടിൽ പത്തുപതിനഞ്ചു വെള്ളയും കറുത്തതും പിന്നെ തവിട്ടു നിറത്തിലുള്ളതുമായ കോഴികളും, രണ്ടോ മൂന്നോ പൂവനും കാണുമെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ അവരുടെ ഇറയത്തു വെളിച്ചം കണ്ടപ്പോൾ എനിക്ക് സമാധാനമായി.
“ഇപ്പോഴോ മോളെ? ഈ അസമയത്തോ? പല്ലമ്മ കിടന്നു കാണത്തില്ലേ? പല്ലമ്മ നേരത്തെ ഭക്ഷണം കഴിച്ച് കിടക്കുന്ന സ്വഭാവമുള്ള ആളാണ്. അതിനു പുറമെ അവർ ഒറ്റയ്ക്കും അല്ലേ. പിന്നെ ഇപ്പോൾ രാത്രിയുമായില്ലേ? ഇതു ടൌൺ ഒന്നുമല്ലല്ലോ മോളെ, ഇതു ഇപ്പോഴും ഒരു ചെറിയ ഗ്രാമമല്ലേ?”
അമ്മ അപ്പോൾ നിരന്തരമായി വിറകുകളുടെ പുക കൊണ്ട് ഇളം കറുപ്പായ അടുക്കളയുടെ പഴയ കുമ്മായം പൂശിയ ചുമരിൽ പണ്ടെങ്ങോ തറച്ചു വെച്ച, അമ്മയുടെ തലയുടെയത്ര പൊക്കമുള്ള മരത്തിന്റെ തട്ടിൽ നിന്നും ചുവന്ന മൂടിയുള്ള അളു എടുത്ത് അരയിൽ കൂട്ടിപിടിച്ചു തന്റെ മുഷിഞ്ഞ വെള്ള മുണ്ടിന്റെ കോന്തല എടുത്ത് മൂടി തുറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“ഇല്ല, ഞാൻ നോക്കിയിരുന്നു അമ്മേ. ഇപ്പോൾ അവിടെ പുറത്ത്, ഇറയത്ത് വെളിച്ചം കാണുന്നുണ്ട്. പല്ലമ്മ ഉറങ്ങിക്കാണില്ല. മൊബൈലോ ടിവിയോ നോക്കിയിരിക്കുകയായിരിക്കും. അമ്മേ, ചേട്ടൻ ഗൾഫിൽ നിന്നും കൊണ്ടു വന്ന ചുവന്ന നീളമുള്ള വലിയ സാന്യോവിന്റെ ടോർച്ചു തെളിയിച്ചു നമ്മുക്ക് അങ്ങോട്ടു പോകാം. പുറത്ത് ചെറിയ തണുത്ത കാറ്റുണ്ട്. അമാവാസിയായതു കൊണ്ടാണ് എന്നു തോന്നുന്നു പുറത്ത് വളപ്പിൽ ഒന്നും വെളിച്ചമില്ല. നമുക്ക് ഇപ്പോൾ തന്നെ പല്ലമ്മയുടെ അടുത്തേക്ക് പോയാലോ, അമ്മേ?”
“ലൈറ്റ് ചിലപ്പോൾ അണയ്ക്കാൻ മറന്നതായിരിക്കും. ഇല്ലെങ്കിൽ ചിലപ്പോൾ കള്ളന്മാരെ പറ്റിക്കാൻ ഇട്ടതായിരിക്കാം. ശരിയാ അവർക്ക് മൊബൈൽ നോക്കിയിരിക്കുന്ന സ്വഭാവമുണ്ട്. നീ രാവിലെ എപ്പോഴും അവിടേക്ക് നോക്കിയിരിക്കുന്നത് ഞാൻ കാണാറുണ്ട്. എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്, നീ അങ്ങോട്ട് പോകാൻ എന്തെങ്കിലും ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുകയാണെന്ന്. നീ സമയം കിട്ടുമ്പോൾ എല്ലാം അങ്ങോട്ടു ഓടി പോകാറുണ്ടല്ലോ. മോളെ നിനക്ക് ഒരു മാസം കഴിഞ്ഞാൽ ഗൾഫിൽ പോകാനുള്ളതല്ലേ? അവരുമായിട്ട് അത്ര സമ്പർക്കം വേണ്ട. കുഴപ്പമൊന്നുമില്ല, എന്നാലും എപ്പോഴും ഓടിച്ചാടി അങ്ങോട്ടു പോകേണ്ട.”
അമ്മ അതു പറഞ്ഞു അടപ്പ് തുറന്നു അളുവിൽ കൈയിട്ടു എന്തോ എടുത്ത് പിന്നെ മണപ്പിച്ചു നോക്കി എന്നിട്ട് എന്നെ നോക്കി പറഞ്ഞു.
“നോക്കൂ മോളെ, ഞാൻ ഒന്ന് രണ്ടു ഗ്രാമ്പു പൊടിച്ച് നിന്റെ പല്ലിന്റെ മേലെ വച്ച് തരാം. അപ്പോൾ വേദനക്ക് കുറച്ച് സമാധാനം കിട്ടും. പിന്നെ നമ്മുക്ക് രാവിലെ വേദനയുണ്ടെങ്കിൽ നോക്കാം. ഇപ്പോൾ രാത്രി പതിനൊന്നു മണിയായിരിക്കുന്നു. തീർച്ചയായും ഇതു വെച്ചാൽ വേദന മാറും. ഫലം സുനിശ്ചിതം. തലമുറകളായി വേദനക്ക് വയ്ക്കുന്ന ഒറ്റമൂലിയല്ലേ!”
അതുപറഞ്ഞ് അമ്മ ഗ്രാമ്പൂ കുറച്ച് പൊടിക്കാൻ അടുക്കളയുടെ വലത്തേ മൂലയിലുള്ള വലിയ അമ്മിയുടെ അടുത്തേക്ക് നടന്നു.
“മോളെ, അവൻ നാളെ ഗൾഫിൽ നിന്നും വിളിക്കുമ്പോൾ എന്നോട് ചോദിക്കും, അമ്മ എന്റെ പെണ്ണിന് പല്ല് വേദന വന്ന് എന്തു ചെയ്തുവെന്ന്? പുതുമോടി കഴിയാതെയല്ലേ അവനു പെട്ടെന്നു പോകേണ്ടി വന്നത്. കല്യാണം കഴിഞ്ഞു വെറും പത്ത് ദിവസം കൊണ്ട് അവനു പോകേണ്ടി വന്നില്ലേ. നിന്നെ കണ്ടു അവനു കൊതി തീർന്നു കാണത്തില്ല. എനിക്ക് ടെൻഷനാണ്, അവൻ അടുത്ത് ഇല്ലാത്തതല്ലേ. പെട്ടന്ന് വിസ വന്നാൽ മതിയായിരുന്നു.”
ഞാൻ താലിയിലുള്ള ശ്രീകൃഷ്ണന്റെ ലോക്കറ്റിനെ ഒന്ന് കടിച്ചു കൊണ്ട്, അമ്മയെ നോക്കി കുറച്ചു നാണത്തോടെ ചിരിച്ചു.
“അമ്മേ, ചേട്ടന്റെയും നമ്മുടെ വീട്ടുകാരുടെയും പിന്നെ ഈ നാട്ടിലെ പണ്ട് മുതലേ എല്ലാ കുട്ടികളുടെയും പല്ല് പറിക്കാറുള്ളത് നമ്മുടെ പല്ലമ്മയല്ലേ? അവർക്ക് എല്ലാ പല്ല് വേദനയ്ക്കുമുള്ള ചൊട്ടു മരുന്നും അറിയാമെന്നു ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതു വെച്ചു വേദന മാറുമോ? ഇല്ലെങ്കിൽ നമുക്ക് പല്ലമ്മയുടെ അടുത്തേക്ക് പോകാം, അതുമല്ലെങ്കിൽ അവരെ മൊബൈലിൽ വിളിക്കാം.”
ഞാൻ പതുക്കെ ചെറിയ മിനുസമുള്ള അമ്മിക്കുട്ടിയെടുത്തു അമ്മയ്ക്ക് കൊടുത്തു.
“ഒന്ന് അടങ്ങു മോളേ. ഇതിനു തൽക്കാലത്തേയ്ക്ക് ഫലമുറപ്പാണ്. അതെ മോളെ, പല്ലമ്മയാണ് പണ്ടത്തെ നമ്മുടെ നാട്ടിലെ കുട്ടികളുടെ ദന്ത ഡോക്ടർ. ഇപ്പോൾ ചിലർ അവരുടെ കുട്ടികളെ നമ്മുടെ ടൗണിലെ ദന്ത ഡോക്ടറുടെ അടുത്തേയ്ക്കല്ലേ കൊണ്ടു പോകുന്നത്? എന്നാലും ഇപ്പോഴും ചിലർ അവരുടെ കുട്ടികളെ പല്ലമ്മയുടെ അടുത്തു പല്ല് പറിക്കാൻ കൊണ്ടു വരാറുണ്ട്. പല്ല് വേദന മാറ്റുന്നതിൽ അവർക്ക് അസാമാന്യ കഴിവുണ്ട്.”
ഞാൻ വാട്സപ്പിൽ എനിക്ക് പല്ല് വേദനയാണെന്നു അയച്ച മെസ്സേജിന് ചേട്ടന്റെ ഉത്തരമുണ്ടോയെന്നു നോക്കി. ഇതിനു മുൻപ് ചേട്ടൻ അയച്ച ചുവന്ന ഹൃദയത്തിന്റെ ഇമോജി എന്നെ നോക്കി ചിരിച്ചു. ചേട്ടൻ ഞാൻ അയച്ച മെസ്സേജ് എന്താ കാണാൻ ഇത്ര താമസം? ഇപ്പോൾ ജോലി കഴിഞ്ഞു റൂമിൽ വന്നു കാണില്ലേ? ഗൾഫിൽ സമയം നമ്മളുടേതിനേക്കാൾ രണ്ടര മണിക്കൂർ മാത്രം പുറകിലാണന്നല്ലേ ചേട്ടൻ ഇന്നാള് പറഞ്ഞത്? ഇപ്പോൾ എട്ടര മണിയായി കാണത്തില്ലേ അവിടെ?
“ഈ പല്ലമ്മ പണ്ട് ആരായിരുന്നുവെന്ന് മോൾക്ക് അറിയാമോ? ആഴ്ചയിൽ ഒന്നോ രണ്ടോ പല്ലുപറി കേസുണ്ടാവും. പിന്നെ ഉറുക്കൊ ഏലസ്സോ കെട്ടിക്കാൻ ആരെങ്കിലും വരും. പല്ലമ്മയ്ക്ക് അത്യാവശ്യം ചില മന്ത്രവാദങ്ങൾ വശമുണ്ട് എന്നു പറഞ്ഞു കേൾക്കുന്നു. അവരെ ചുറ്റിപ്പറ്റി പല കഥകളും കേൾക്കുന്നുണ്ട്. പണ്ട് മുതലേ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവർക്ക് ഒരു മകളുണ്ടായിരുന്നു ഹേമവതി. അവൾ ഒരു തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയിട്ട് ഒരു മുപ്പതു വർഷമായി കാണും. പോകുമ്പോൾ ഹേമയ്ക്ക് ഒരു ഇരുപത്തിയഞ്ചു വയസ്സു കാണുമായിരിക്കും. ഇരുപതു വർഷം മുൻപേ ഹേമ ഒരു ആറു വയസ്സുള്ള മകളുമായി വന്നിരുന്നു. പല്ലമ്മ അവരെ സ്വീകരിക്കില്ലായെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അവർ സന്തോഷത്തോടെ മകളെയും കൊച്ചുമകളെയും കെട്ടിപ്പിടിച്ചു സ്വീകരിച്ചു. അല്ലെങ്കിൽ തന്നെ അവർക്ക് അവരല്ലാതെ ആരാണ് ഈ ലോകത്തുള്ളത്? ഹേമ ഭർത്താവിന്റെ കൂടെ പഴനിക്കടുത്തു എവിടെയോയാണ് സ്ഥിര താമസം. വർഷത്തിൽ രണ്ടു പ്രാവശ്യം വരും. പല്ലമ്മയെ അവരുടെ കൂടെ കൊണ്ടു പോകാൻ അവർ ആവുന്നത്ര ശ്രമിച്ചു. പക്ഷേ പല്ലമ്മ കൂട്ടാക്കുന്നില്ല. എഴുപത്തിയഞ്ചു വയസ്സുണ്ടെങ്കിലും അവർക്ക് നല്ല ആരോഗ്യമാണ്. മുടി നരച്ചിട്ടില്ല, പിന്നെ നല്ല ഉറപ്പുള്ള, അഭ്യാസിയെപ്പോലുള്ള പേശികളാണ്. പഴയ കളരിയല്ലേ? അതിനു പുറമെ അവർ മൊബൈൽ നോക്കി ഇപ്പോൾ പുതിയ കാലത്തെ എന്തോ കസർത്തും ദിവസേന രാവിലെ ചെയ്യാറുണ്ട്. അവർക്ക് നമ്മളോട് നല്ല സ്നേഹമാണ്. ഞാൻ അതു മാത്രമേ നോക്കാറുള്ളൂ. നീ ഇതു പല്ലിൽ വെച്ചു കടിച്ചു പിടിക്കൂ.”
അമ്മ തന്ന ഗ്രാമ്പൂവിന്റെ പൊടി പല്ലിൽ വെച്ചപ്പോൾ ഒരു എരിവും തരിപ്പും തോന്നി. ഞാൻ ഒരു ദേഷ്യത്തിന്റെ ഇമോജി ചേട്ടന് വാട്സപ്പിൽ അയച്ചു. ഈ ചേട്ടൻ എവിടെയാണ്? ഞാൻ മെസ്സേജ് അയച്ചിട്ട് എത്ര സമയമായി. ഗൾഫിൽ പോയാൽ ചേട്ടനെ ഒന്ന് കൺട്രോൾ ചെയ്യണമെന്ന് എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ അവിടെ എത്തട്ടെ, കാണിച്ചു കൊടുക്കാം.
എനിക്ക് പല്ലമ്മയെ വലിയ ഇഷ്ടമാണ്. ചേട്ടൻ ഗൾഫിലേക്ക് പോയതിനു ശേഷം ഇവിടുത്തെ പണികളെല്ലാം ഒരുക്കി വെച്ചു ഞാൻ അവരുടെ വീട്ടിലേക്ക് ഓടി പോകും. പല്ലമ്മ പഴയ ആളാണെങ്കിലും ന്യൂ ജെൻ പിള്ളേരുടെ എല്ലാ കാര്യങ്ങളും അവർക്കറിയാമായിരുന്നു. യൂട്യൂബ്യും വാട്സപ്പും എന്തിനേറെ ഇൻസ്റ്റാ അക്കൗണ്ട് പോലും അവർക്കുണ്ടായിരുന്നു. അവർ ഒരു സരസസംഭാഷണപ്രിയകൂടിയായിരുന്നു. ധാരാളം ബുക്ക് വായിക്കുന്ന കൂട്ടത്തിലാണെന്നു തോന്നുന്നു. എല്ലാ തരത്തിലുള്ള ബുക്കുകളും അവരുടെ വീട്ടിലുള്ള കൊച്ചു ലൈബ്രറിയിലുണ്ട്.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മ അവരുടെ അടുത്തേക്ക് എന്നെ കാണിക്കാൻ കൊണ്ടു പോയിരുന്നു. അവർ എന്റെ കഴുത്തിലുള്ള കട്ടിയുള്ള സ്വർണ്ണമാലയുടെ പണി നോക്കുന്നു എന്ന വ്യാജേന അതിന്റെ തൂക്കം നോക്കി പിന്നെ എന്റെ കഴുത്തിലുള്ള പാട് നോക്കി ചെവിയിൽ അമ്മ കാണാതെ മന്ത്രിച്ചത് നല്ല ഓർമ്മയുണ്ട്.
“മോളെ, അവന്റെ ആർത്തി ഇനിയും തീർന്നില്ലേ? ഷാളുകൊണ്ട് ഒന്ന് പുതച്ചേയ്ക്ക്. പറഞ്ഞു ചിരിക്കാൻ ആളുകൾ നോക്കി നടക്കുകയാ ഇപ്പോൾ. പിന്നെ ഇതിന്റെ മാത്രം പടം ഇൻസ്റ്റയിൽ ഇട്ടാൽ ഇതു വയറലാകും. മില്യൻ വ്യൂ ഉറപ്പാണ്.”
ഞാൻ അന്ന് നാണം കൊണ്ടു ചൂളിപ്പോയിരുന്നു. അവർ പെരുമാറ്റം കൊണ്ടു ആരെയും വരുതിയിലാക്കും. അവരുടെ കണ്ണുകൾക്ക് ഒരു കാന്തിക ശക്തിയുണ്ട്. വേറെയൊരു പ്രത്യേകത അവരുടെ ചുവന്ന കല്ലുകളുള്ള പരന്ന വലിയ സ്വർണ്ണക്കമ്മലുകളും, കട്ടിയും നീളവുമുള്ള മാലയിൽ തൂക്കിയിട്ട വലിയ നാഗത്തിന്റെ സ്വർണ്ണ ലോക്കറ്റുമായിരുന്നു. അവരുടെ മുഖത്തു ഒരു ദിവ്യമായ പ്രസരിപ്പും ഐശ്വര്യവും കളിയാടി.
“പല്ലമ്മയുടെ അടുക്കളയുടെ വടക്കേ പ്പുറത്തുള്ള, ഇപ്പോൾ ഉപയോഗശൂന്യമായ വലിയ കോഴിക്കൂടിന്റെ പിറകിൽ തൂക്കിയിട്ട പഴയ തുണിയുടെ ഉറപോലെയുള്ള തീരെ കുഞ്ഞു സഞ്ചിയുടെ അകത്തു എന്താണെന്ന് നിനക്കറിയാമോ? അതു മുഴുവൻ ഈ ഗ്രാമത്തിലെ കുട്ടികളുടെ ഈയടുത്തു പറിച്ച പല്ലുകളാണ്. അവർ പറിച്ച നമ്മുടെ ഗ്രാമത്തിലെ, അഞ്ചു മുതൽ പന്ത്രണ്ട് വയസ്സ് കടക്കുന്നതുവരെയുള്ള എല്ലാവരുടെയും പല്ലുകൾ പല കുഞ്ഞു സഞ്ചികളിലാക്കി കോഴിക്കൂടിന് പിറകിൽ തൂക്കിയിടും. അത് ഒന്നു രണ്ടു വർഷം വെയ്ക്കും. അതിനുശേഷം അവർ കോഴിക്കൂടിനു പുറകിൽ കുഴിച്ചിടും. അങ്ങനെ അസംഖ്യം കുഞ്ഞു കുഞ്ഞു സഞ്ചികൾ അവർ നേരത്തെ കുഴിച്ചിട്ടിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. അവർ അതിനു ചുറ്റും അമാവാസി നാളിൽ എന്തോ പൂജ ചെയ്യാറുണ്ടെന്നു നമ്മുടെ നാട്ടിൽ ചിലർ അടക്കം പറയുന്നുണ്ട്. ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതു കൊണ്ട് ഞാൻ വിശ്വസിക്കുന്നില്ല. ഇമ്മാതിരി അന്ധവിശ്വാസങ്ങളിൽ ഒന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ അവർക്ക് എന്തോ ഒരു പ്രത്യേക ഊർജ്ജമുണ്ടെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്.”
അതു പറഞ്ഞു അമ്മ കട്ടിലിലേക്ക് ചാഞ്ഞു. ഞാൻ ചെന്ന് അമ്മയുടെ അടുത്തു കിടക്കുന്ന ചെറിയ കട്ടിലിൽ ഇരുന്നു. ചേട്ടൻ ഗൾഫിൽ പോയതിനു ശേഷം എന്റെ കിടത്തം അമ്മയുടെ കൂടെയാണ്.
“അമ്മേ, എങ്ങനെയാണ് നമ്മുടെ വസുമതി വല്യമ്മ പല്ലമ്മയായത്? എന്തു കൊണ്ടാണ് അവർ പറിച്ച പല്ലുകളെല്ലാം കളയാതെ, അല്ലെങ്കിൽ അപ്പോൾ തന്നെ കുഴിച്ചു മൂടാതെ അങ്ങനെ കുഞ്ഞു കുഞ്ഞു ഉറപോലെയുള്ള സഞ്ചിയിൽ ശേഖരിച്ചു വെച്ചിരിക്കുന്നത്?”
പല്ലിന്റെ വേദന കുറച്ചു കുറഞ്ഞതായി എനിക്ക് തോന്നി. ചൊട്ടു മരുന്ന് ഫലം കണ്ടുവെന്നു തോന്നുന്നു. ഇന്ന് രാത്രി പല്ലമ്മയെ കാണാൻ പറ്റില്ലല്ലോ? എന്തോ ഒരു അദൃശ്യശക്തി എന്നെ അവരുമായി ബന്ധിപ്പിക്കുന്നതുപോലെ തോന്നി. അവരുടെ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നതുപോലെയും. എന്തോ മുൻജൻമ ബന്ധം ഉള്ളതുപോലെ.
“നമ്മുടെ നാട്ടിലെ കുട്ടികളുടെ പല്ല് ഇളക്കുമ്പോൾ അവർ കഥയെല്ലാം പറഞ്ഞു പിന്നെ നയത്തിൽ ഒരു വലിയാണ്. കഴിയുന്നത്രയും കുട്ടികൾക്ക് വേദന കൊടുക്കാതെ ഇളകുന്ന പല്ല് പറിക്കാൻ അവർക്കുള്ള സാമർഥ്യം സമ്മതിക്കേണ്ടതാണ്. അങ്ങനെ പറിച്ചു പറിച്ചു ആരോ അവർക്ക് ആ പേരിട്ടു. അവർക്ക് പല്ലമ്മയെന്നു വിളിക്കുന്നത് വലിയ ഇഷ്ടമാണ്. എന്തു കൊണ്ടാണ് അവർ അതൊക്കെ സൂക്ഷിച്ചു വെക്കുന്നത് എന്ന് എനിക്കറിയില്ല മോളെ.”
“പല്ല് നിറച്ച തീരെ കുഞ്ഞു കുഞ്ഞു ഉറപോലെയുള്ള സഞ്ചികളുടെ കാര്യം അമ്മ പറഞ്ഞില്ല. എന്തോ ദുരൂഹത അതിനു പിന്നിലുണ്ടെന്ന് തോന്നുന്നു. എന്താണമ്മേ അത്?
“മോളെ, എനിക്കറിയില്ല. ഞാൻ അവരോട് ഇതിനു മുൻപ് ഇതിനെ പറ്റി ചോദിച്ചിട്ടുണ്ട്. അപ്പോൾ അവർ ചിരിച്ചു കൊണ്ടു എന്നോട് പറഞ്ഞത് അത് ഒരു രഹസ്യമാണ് എന്നാണ്. അത് അവരുടെ ഒരു മാന്ത്രികവലയമാണെന്നും അതിനു ചുറ്റും കുറെ ചാത്തന്മാരെ കുടിയിരുത്തിയിട്ടുണ്ടെന്നും നാട്ടിൽ അടക്കം പറച്ചിലുണ്ട്. എനിക്ക് അന്നും ഇന്നും ഒന്നും മനസ്സിലായിട്ടില്ല. ഞാൻ അത് വിശ്വസിക്കുന്നില്ല. സംസാരിക്കാൻ അവർ ബഹുമിടുക്കിയാണ്. നീ അവരോട് അധികം അടുക്കണ്ട, അവരിൽ എന്തോ ഒരു നിഗൂഢതയുണ്ടെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.”
“മാന്ത്രിക വലയവും ചാത്തന്മാരും…! ഇപ്പോഴും, ഈ കാലത്ത് ഇതൊക്കെ വിശ്വസിക്കുന്നവരുണ്ടോ? അതും പല്ലമ്മ ഞാൻ മനസ്സിലാക്കിയിടത്തോളം ഒരു ന്യൂജൻ അമ്മൂമ്മയാണ്. ശാസ്ത്ര സാങ്കേതികതയുടെ പുതിയ മാറ്റങ്ങൾ അവർ സാകൂതം നീരിക്ഷിക്കുന്നു. അവർ ഇതൊക്കെ ചെയ്യുമോ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒന്ന് തെളിച്ചു പറയൂ, അമ്മേ?”
“തെക്കെതിലെ ഗൗരിയേടത്തി പറഞ്ഞറിഞ്ഞ ചില കാര്യങ്ങൾ ഞാൻ പറയാം. സത്യമാണോ അതോ നുണയാണോ എന്ന് എനിക്കറിയില്ല. നോക്കൂ, ബൈബിൾ കഥകളിലെ സംസൻ-മുടിയായിരുന്നു അയാളുടെ ശക്തി. ഗ്രീക്ക് കഥകളിലെ അകില്ലിയസിന് ഉപ്പൂറ്റിയായിരുന്നു ദൗർബല്യം. നമ്മുടെ പുരാണങ്ങളിൽ ഒട്ടനവധി കഥകളുണ്ട്. ദുര്യോധനനെ തോല്പിക്കാനും പിന്നെ കൊല്ലാനും ഭീമനോട് അയാളുടെ തുടയിൽ മർദ്ദിക്കാൻ ശ്രീകൃഷ്ണൻ പറഞ്ഞതായി ഓർക്കുന്നില്ലേ? പിന്നെ മുറിച്ചിട്ടാൽ മുറികൂടുന്ന ജരാസന്ധൻ. അയാളെ കൊല്ലാൻ വലിച്ചു കീറി തലയും കാലും ഒരുമിച്ചു കൂട്ടിയിടാൻ ശ്രീകൃഷ്ണൻ ഭീമനോട് പറഞ്ഞു. പിന്നെ ഈർക്കിലു കൊണ്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതൊക്കെ കഥകളാണ്. അതു പോലെ അവർ പിഴുതെടുത്ത ദന്തങ്ങൾ അവർക്ക് സുരക്ഷയേകുന്നു. അതിന്റെ രാത്രിയിലെ കാലാളുകൾ ചാത്തന്മാരാണ്. രാത്രിയിൽ ഉറങ്ങുമ്പോൾ അവർ പല്ലമ്മയ്ക്ക് കൂട്ടിരിക്കുന്നു. അപ്പോൾ പല്ലമ്മയെ അപായപ്പെടുത്തുക അസാധ്യമാണ്. രാവിലെ അവരെ നേരെ നിന്നു തോല്പിക്കാൻ ഈ വയസ്സിലും ആർക്കും എളുപ്പമല്ല. ചുരുക്കം പറഞ്ഞാൽ അവരുടെ വീഴ്ച്ചയക്കു അവർ തന്നെ വിചാരിക്കണം. അങ്ങനെയുള്ള ഒരു ശക്തിദുർഗ്ഗത്തിലാണ് അവർ ഇരിക്കുന്നത്.”
“അമ്മേ, രാത്രിയിൽ ചാത്തന്മാർ എന്തു ചെയ്യും?”
എനിക്ക് അമ്മയുടെ അടുത്ത് കിടന്നിട്ടും ഉറക്കം വന്നില്ല.
“നീ ഉറങ്ങാൻ നോക്ക്. വേഗത്തിൽ വിസ വരാൻ പ്രാർത്ഥിക്കൂ. നിന്നെ പെട്ടെന്ന് തന്നെ എന്റെ മകന്റെ അടുത്തേക്ക് കയറ്റി അയക്കണം. ഞാൻ പണ്ട് ഈ വീട്ടിൽ ആദ്യമായി താമസിക്കാൻ വന്നപ്പോൾ കുറെ രാത്രികളിൽ ജനവാതിലിൽ കൂടി ചാത്തന്മാരെ കാണാൻ നോക്കിയിരുന്നിരുന്നു. ഞാൻ ഇതു വരെ ഒന്നും കണ്ടിട്ടില്ല. നിന്റെ പല്ല് വേദന എങ്ങനെയുണ്ട്? വേഗം ഉറങ്ങ് പെണ്ണേ.”
എന്റെ പല്ല് വേദന നല്ലത് പോലെ കുറയാൻ തുടങ്ങിയിരുന്നു. എന്തോ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. അമ്മ അപ്പോഴേക്കും കൂർക്കം വലിക്കാൻ തുടങ്ങിയിരുന്നു.
രാത്രിയിൽ എപ്പോഴോ ഉറക്കം ഞെട്ടി ഞാൻ കണ്ണു തുറന്നു. മൊബൈലിൽ സമയം നോക്കി. രണ്ടു മണിയായിരിക്കുന്നു. അമ്മ നല്ല ഉറക്കത്തിലാണ്. ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റ് സാളയിൽ ചെന്നു. പല്ലമ്മയുടെ വീടിനു നേരെയുള്ള ജനവാതിൽ പതുക്കെ തുറന്നു. എന്റെ കണ്ണുകൾ ഇരുട്ടിലൂടെ ഊളിയിട്ട് പല്ലമ്മയുടെ വീടും പരിസരവും തപ്പി നോക്കി. അവരുടെ വടക്കേതിലുള്ള കോഴിക്കൂടിന്റെ ഒരു ഭാഗം കാണാം. ഞാൻ അവിടെത്തന്നെ നിന്നു കുറച്ചു നേരം അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി.
ശരീരത്തിലേക്ക് ഒരു തണുപ്പ് അരിച്ചു കേറുന്നതുപ്പോലെ എനിക്ക് അനുഭവപ്പെട്ടു. മുഖവും കൈകളും തരിച്ചു പോയതുപോലെ തോന്നി. എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല. അല്ലെങ്കിലും ഞാൻ എങ്ങനെ കാണും? ചാത്തന്മാർ അരൂപീകളല്ലേ? അങ്ങ് കോഴിക്കൂടിനടുത്തു കുറെ മിന്നാമിനുങ്ങുകൾ വട്ടമിട്ട് പറക്കുന്നതു പോലെ തോന്നി. ചില സമയത്തെ തോന്നലുകൾ…ഇല്ലാത്തത് ഉള്ളതുപോലെ തോന്നിപ്പിക്കുന്നതാണോ?
പേടിച്ചു കൊണ്ടു ഞാൻ പതുക്കെ ജനവാതിലടച്ചു. പിന്നെയെനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.
പിറ്റേന്ന് എഴുന്നേൽക്കാൻ നേരം വൈകിയിരുന്നു. രാവിലെ പ്രാതൽ കഴിക്കുമ്പോൾ അമ്മയോട് ചോദിച്ചു.
“അമ്മേ, ഞാൻ ഇന്നലെ രാത്രി ജനവാതിൽ തുറന്നു പല്ലമ്മയുടെ വീടിനെ നോക്കിയിരുന്നു. എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അങ്ങ് കോഴിക്കൂടിനടുത്തു കുറെ മിന്നാമിനുങ്ങുകൾ വട്ടമിട്ട് പറക്കുന്നതു പോലെ തോന്നി. എന്റെ തോന്നലായിരിക്കാം. ചാത്തന്മാരെ കണ്ടില്ല. ചാത്തന്മാരെ പേടിച്ചു ആരും അതു വഴി രാത്രി സഞ്ചാരം ഇല്ലേ?”
“പെണ്ണേ, നിന്റെ തലയിൽ ഇപ്പോഴും അതു തന്നെയാണോ? നിന്നോട് പറയണ്ടായിരുന്നു. വെറുതെയോരൊന്നു ചിന്തിച്ചു നീ തല പുണ്ണാക്കേണ്ട. ഇതൊക്കെ ഓരോ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണ്. നീയത് മറന്നേയ്ക്കൂ. ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും കേട്ടിട്ടുമില്ല.”
“അമ്മേ, ചാത്തന്മാർ അരൂപീകളല്ലേ? പിന്നെ എങ്ങനെയാണ് അവരെ നമ്മുക്ക് കാണാൻ സാധിക്കുന്നത്? പറയൂ.
“മോളെ എനിക്കറിയില്ല. എന്റെ അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്. അവർക്ക് എന്തു രൂപവും എടുക്കാൻ സാധിക്കും. പരുന്തായോ, പട്ടിയായോ അതോ മിന്നാമിനുങ്ങുകളായോ അവർ വന്നേയ്ക്കാം. പല്ലമ്മയുടെ കാര്യം പറയുകയാണെങ്കിൽ അവർ ഇതിനു മുൻപ് ജീവഹാനി നേരിടാവുന്ന പല സന്ദർഭങ്ങളിൽ കൂടി പോയിട്ടുണ്ട്. ഒറ്റയ്ക്കല്ലേ എപ്പോഴും താമസം.കൂടാതെ സ്വർണ്ണവും ആവശ്യത്തിന് അണിഞ്ഞു പ്രദർശിപ്പിക്കാറുണ്ട്. അവരുടെ കൈയിൽ കുറെ പണമുണ്ടെന്ന് നാട്ടിൽ സംസാരവുമുണ്ട്. പല അപരിചിതന്മാർ അവിടെ വന്നു അവരെ രക്ഷിച്ചിട്ടുണ്ട്. ആ അപരിചിതർക്ക് പല സൂചനകളോ ചിഹ്‌നങ്ങളോ കിട്ടിയത്രേ. പക്ഷേ വരച്ചു വച്ചതു പോലെ പല്ലമ്മ അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു. അത് എല്ലാം നടന്നത് രാത്രിയായിരുന്നു എന്ന് ഗൗരി ഏടത്തി അടക്കം പറഞ്ഞിട്ടുണ്ട്. എന്തോ എനിക്ക് അതിൽ ഒന്നും വിശ്വാസമില്ല. പക്ഷേ അപരിചിതർ ആ അസമയത്തു അവിടെ വന്നത് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ട്. നീയത് വിടൂ.”
കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. ഞാൻ ദിവസവും രാത്രി സാളയുടെ ജനവാതിലിൽ കൂടി, അമ്മ ഉറങ്ങിയാൽ പല്ലമ്മയുടെ വീട്ടിലേക്കു നോക്കും. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിരുന്നാൽ ചാത്തന്മാർ മിന്നാമിന്നുങ്ങുകളുടെ വേഷം കെട്ടി വന്നു കോഴിക്കൂടിന് ചുറ്റും വട്ടം കറങ്ങുന്നത് പോലെ തോന്നും. അത് കാണുമ്പോൾ എനിക്ക് സമാധാനമാണ്. പല്ലമ്മ സുരക്ഷിതയാണ് എന്ന ഒരു തോന്നൽ. എന്തോ ഞാൻ അവരുടെ അടുത്ത ഒരാളായതുപോലെ എനിക്ക് തോന്നി.

Digital Illustration : വർഷ മേനോൻ
ഉച്ചയുറക്കത്തിൽ എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്. അടുക്കള ഭാഗത്തേക്ക് ചെന്നപ്പോൾ ആക്രി പെറുക്കാൻ എത്തിയ തമിഴത്തിയും അവരുടെ ഭർത്താവ് എന്നു തോന്നിക്കുന്ന ഒരാളും കൂടി അമ്മ കൊടുത്ത ചായയും കുടിച്ചു സൊറ പറഞ്ഞിരിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ചിരിച്ചു അകത്തേക്ക് പോയി. പിന്നെ ഉടുപ്പ് മാറി മുഖത്തു കുറച്ചു പൗഡറിട്ടു പല്ലമ്മയുടെ അടുത്തേക്ക് പോയി.അവരുടെ കൈയിൽ നിന്നും ചില പൊടി മരുന്നുകൾ ഗൾഫിലേക്ക് കൊണ്ടു പോകാൻ വാങ്ങിച്ചു തിരിച്ചു വന്നു. പല്ല് വേദന അശേഷം മാറിയിരുന്നു. എന്തോ പല്ല് വേദന ഒരു നിമിത്തമായതുപോലെ എനിക്ക് തോന്നി.അന്ന് രാത്രിയും ഉറങ്ങാൻ കിടന്നപ്പോൾ പല്ലമ്മയും ചാത്തന്മാരുമായിരുന്നു മനസ്സ് നിറയെ. അമ്മ ഉറക്കത്തിൽ തിരിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് അമ്മയോട് ഇതിനെപ്പറ്റി കുറെ കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ ഞാൻ മടിച്ചു. അമ്മയുടെ ചീത്ത വെറുതെ കേൾക്കണ്ടല്ലോയെന്നു തോന്നി.
അർധരാത്രി ഉറക്കം ഞെട്ടിയപ്പോൾ അമ്മയെ നോക്കി. അമ്മ അപ്പോൾ ഗാഢനിദ്രയിലായിരുന്നു. മെല്ലെ എഴുന്നേറ്റു സാളയില്ലേക്കു നടന്നു. പതുക്കെ ജനവാതിൽ തുറന്നു പല്ലമ്മയുടെ വീട്ടിലേക്കു നോക്കി. കോഴിക്കൂടിനു ചുറ്റും പറക്കുന്ന മിന്നാമിന്നുങ്ങുകൾക്ക് വേണ്ടി സൂക്ഷിച്ചു നോക്കി. അവരെ കാണുന്നില്ല.
എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. ശരീരം വിയർക്കാൻ തുടങ്ങുന്നതുപോലെ ഒരു പരവേശം. തൊണ്ട ഉണങ്ങിപോവുന്നു. അപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്. മിന്നാമിനുങ്ങുകൾ ഒരു നേർവര വരച്ചതുപോലെ പല്ലമ്മയുടെ അടുക്കള ഭാഗത്തുനിന്നും വീടിന്റെ മുൻവശത്തേയ്ക്ക് പോകുന്നു… പിന്നെ അവർ ഒരു നേർവര പോലെ തിരിച്ചു വരുന്നു. അവർ എന്തോ കണ്ടു പരിഭ്രാന്തരായതുപ്പോലെ തോന്നി. അവരുടെ പാറ്റേൺ കുറെ നാളുകളായി എനിക്ക് മനപാഠമായിരുന്നു. കോഴിക്കൂടിന് ചുറ്റും സന്തോഷത്തോടെ അവർ എപ്പോഴും വട്ടം കറങ്ങുമായിരുന്നു. അന്നത്തെ അവരുടെ നീക്കങ്ങളിൽ എന്തോ ഒരു ദുരൂഹത. അതിൽ എനിക്കായി ഒരു സന്ദേശം ഉള്ളതുപോലെ അനുഭവപ്പെട്ടു. എന്തോ എന്നോട് പറയാൻ ആഗ്രഹിക്കുന്നതുപ്പോലെ. ഞാൻ പിന്നെയും സൂക്ഷിച്ചു നോക്കി. ചാത്തന്മാർ മിന്നാമിനുങ്ങുകളുടെ വേഷം കെട്ടി എന്നോട് എന്തോ ആവശ്യപ്പെടുന്നതാണോ?
ഒരു ഭയം സിരകളിലൂടെ പടർന്നു. ഞാൻ പതുക്കെ ജനവാതിലടച്ചു ചെന്നു കിടന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ പിന്നെയും എഴുന്നേറ്റു നോക്കി. അവിടെ തന്നെയുണ്ട്. എന്നോട് എന്തോ പറയുന്നു. അതു നിരാകരിക്കാൻ എനിക്ക് പറ്റാത്തതുപോലെ. എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ വിഷമിച്ചു. ഉച്ചത്തിൽ നിലവിളിക്കാൻ തോന്നി.
ഓടി ചെന്നു അമ്മയെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നെൽപ്പിച്ചു. അമ്മ ദേഷ്യപ്പെട്ടു.
“എന്നെ പറയണം. ഓരോന്ന് പറഞ്ഞു നിന്റെ തല ഞാൻ തിരിച്ചിരിക്കുന്നു. നീ കേറി കിടക്കൂ. എല്ലാം നിന്റെ തോന്നലാണ്.”
അമ്മ എന്നെ നിർബന്ധമായി പിടിച്ചു അവരുടെ കൂടെ കട്ടിലിൽ കിടത്തി. കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്ക് ഒരു പരവേശം ബാധിച്ചു. കിടക്കാൻ സാധിക്കുന്നില്ല. ശ്വാസം മുട്ടുന്നതുപ്പോലെ. വായിൽ വെള്ളം വറ്റിയതുപോലെയും. എഴുന്നേറ്റില്ലെങ്കിൽ എനിക്ക് മരണം സംഭവിക്കും എന്ന തോന്നൽ എന്നെ ഗ്രസിച്ചു.
“അമ്മേ, പല്ലമ്മ അപകടത്തിലാണ്. നമ്മുക്ക് അങ്ങോട്ടു പോയേ പറ്റൂ. അമ്മ വന്നില്ലെങ്കിൽ ഞാൻ തനിയെ പോകും. എനിക്ക് ഇതു കണ്ടു നിൽക്കാൻ പറ്റില്ല. അമ്മ വരുന്നുണ്ടെങ്കിൽ വരൂ. ഞാൻ എന്തായാലും പോകും.”
“മോളെ, നിനക്ക് ഭ്രാന്തുണ്ടോ? നീ എവിടേക്കും പോകുന്നില്ല. ഇങ്ങു വരൂ. എന്റെയടുത്തു കിടക്കൂ. നമുക്ക് നാളെ ഒരുമിച്ചു പല്ലമ്മയുടെ വീട്ടിലേക്ക് പോകാം.”
അമ്മയെ കെട്ടിപ്പിടിച്ചു കിടന്നപ്പോഴും മനസ്സിൽ ആധിയായിരുന്നു. എന്തോ പല്ലമ്മയ്ക്ക് അപകടം സംഭവിക്കുമോ എന്ന ഒരു തോന്നൽ മനസ്സിൽ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു. രാത്രിയോ അതോ നന്ന പുലർച്ചക്കോ, എപ്പോഴോ ഞാൻ ഉറങ്ങി പോയി.
രാവിലെ എന്തോ കോലാഹലം കേട്ടാണ് ഞെട്ടി ഉണർന്നത്. ഓടി പുറത്തേക്കു പോയി നോക്കിയപ്പോൾ അമ്മ പല്ലമ്മയുടെ വീട്ടിൽ നിന്നും വരുന്നു. അവിടെ ഒരു ആൾക്കൂട്ടവും പോലീസു വണ്ടികളും.
“മോളെ, പല്ലമ്മ പോയി. ഇന്നലെ ഇവിടെ വന്ന തമിഴനായിരുന്നു. അവനെ അതിരാവിലെ നാട്ടുകാർ അമ്പലത്തിനടുത്ത ഇടവഴിയിൽ വെച്ചു പിടികൂടി. അവൻ സ്വർണ്ണത്തിന് വേണ്ടിയാണെന്ന് തോന്നുന്നു അതു ചെയ്തത്. നീ പറഞ്ഞപ്പോൾ നമ്മൾ അവിടെ ആളുകളെ കൂട്ടി പോയിരുന്നെങ്കിൽ ഒരുപക്ഷെ പല്ലമ്മ രക്ഷപ്പെടുമായിരുന്നു. എനിക്ക് അതു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. നീ എങ്ങനെ അതു മുൻകൂട്ടി കണ്ടു!”
ഞാൻ അതിന് മറുപടി പറഞ്ഞില്ല. ഇറയത്തു ഇരുന്നു ഞാൻ പല്ലമ്മയുടെ വീടിനെയും ആ വലിയ കോഴിക്കൂടിനെയും നോക്കി. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഞാൻ പതുക്കെ കണ്ണുകൾ അടച്ചു.
കവർ : സുധീർ MA
Digital Illustration : വർഷ മേനോൻ
