എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’യിൽ പറയുംപോലെ, ഗോളിയുടെ ഏകാന്തതയ്ക്ക് വേറെയൊരു തലമുണ്ട്. പക്ഷെ, അത് ഗോൾ പോസ്റ്റിന്റെ അടിയിൽ നിൽക്കുന്ന ഗോളിയുടേത് മാത്രമല്ല; ആൾക്കൂട്ടത്തിന്റെ ആവേശത്തെയും അമർഷത്തെയും ഒരേസമയം പേടിച്ച്, ഒരു ലാത്തിയും പിടിച്ചു കർമയിലെ ബിഗ് സ്ക്രീനിന് മുന്നിൽ കാവൽ നിൽക്കുന്ന ഒരു സാധാരണ പോലീസുകാരന്റേത് കൂടിയാണ്.

ഫൈനൽ കളിയുടെ ആവേശം അതിന്റെ അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണ്. ടിക്കിടാക്ക പോരാട്ടവീര്യത്തോടെ സ്പെയിനും അർജന്റീനയും നേർക്കുനേർ. മുനിസിപ്പാലിറ്റി കളിആരാധകർക്കായി ഒരുക്കിയ കർമയിലെ വലിയ സ്ക്രീനിൽ കളിക്ക് ജീവൻവെച്ചു, സ്ക്രീനിനു താഴെ കഴിഞ്ഞ തവണത്തെ തുടർച്ച മനസ്സിൽ നിറച്ച് ലോകകപ്പുയർത്തി നിൽക്കുന്ന മെസ്സിയുടെ പേരെഴുതിയ നീലയും വെളുപ്പും ജേഴ്സിയണിഞ്ഞ അർജന്റീനിയൻ ആരാധകരുടെ ഒരു വലിയ സമുദ്രം തന്നെയുണ്ട്

നടുവിൽ സർവീസ് തൊപ്പിയും ഉറച്ച ലത്തിയും പിടിച്ച്, കത്തുന്ന കണ്ണുകളോടെ നിൽക്കുന്നത് എസ്.ഐ രാമചന്ദ്രനാണ്. അദ്ദേഹത്തിന് ചുറ്റും പത്തോളം പോലീസുകാർ. അർജന്റീനയ്ക്ക് എന്തെങ്കിലും ഒരു മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ജനക്കൂട്ടം ഓരോ നിമിഷവും ഇളകിമറിയാൻ നോക്കും, ബാരിക്കേഡുകൾ ആടിയുലയും. രാമചന്ദ്രന്റെ മനസ്സിൽ അപ്പോൾ ഫുട്ബോളിലെ അടവുകളല്ല, മറിച്ച് ഈ മത്സരം തോറ്റാൽ ആരാധകർ ഉണ്ടാക്കാൻ പോകുന്ന തല്ലുമാലയും ആംബുലൻസിന്റെ സൈറൺ ശബ്ദങ്ങളുമാണ് ഓടിയെത്തുന്നത്.

പക്ഷെ സ്ക്രീനിലെ കാഴ്ച അർജന്റീന ആരാധകരുടെ നെഞ്ച് പിളർക്കുന്നതായിരുന്നു. മൈതാനത്ത് സ്പെയിനിന്റെ യുവരക്തങ്ങളായ യാമാലും റോഡ്രിയും പന്ത് കാലിൽ വെച്ച് മാന്ത്രികത കാണിക്കുമ്പോൾ, അർജന്റീന നിസ്സഹായരായി നോക്കിനിൽക്കുകയാണ്. മെസ്സി അലക്ഷ്യമായി മൈതാനത്ത് നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം അലയുന്നു ഒരു ബോൾ പോലും സ്പാനിഷ് ഗോൾമുഖത്തേക്ക് എത്തിക്കാൻ അർജന്റീനയ്ക്ക് സാധിക്കുന്നില്ല! സെന്റർ ലൈൻ കടക്കാൻ പോലും സമ്മതിക്കാതെ സ്പാനിഷ് കളിക്കാർ അർജന്റീനയെ പൂട്ടിക്കളഞ്ഞു. മെസ്സിയുടെ ഓരോ നീക്കവും സ്പാനിഷ് പ്രതിരോധനിര മനോഹരമായി തടഞ്ഞുനിർത്തുന്നു.

സ്ക്രീനിൽ അർജന്റീനക്കാരുടെ നിസ്സഹായാവസ്ഥ കൂടുന്തോറും താഴെ ഗ്യാലറി പോലുള്ള ആ തെരുവിൽ നിരാശയുടെ തണുപ്പ് പടരാൻ തുടങ്ങി. നിലയിലേക്ക് പരന്നൊഴുകിയ തുടക്കത്തിലേ ഹർഷാരവം മെല്ലെ മെല്ലെ ഇല്ലാതായി ആരാധകരുടെ കൈകൾ തലയിൽ അമർന്നു.

“ഒരു ബോൾ പോലും അങ്ങോട്ട് കയറ്റുന്നില്ലല്ലോ ദൈവമേ…”
സുഹൈൽ തന്റെ നെഞ്ചിൽ വിറച്ച കൈവെച്ച് തലകുനിച്ചു.
അർജന്റീനയ്ക്ക് ഒരു പാസ് പോലും തികച്ചു കൊടുക്കാൻ കഴിയാതെ പന്ത് നഷ്ടപ്പെടുമ്പോൾ സ്ക്രീനിന് മുന്നിലെ ആൾക്കൂട്ടത്തിൽ നിന്ന് ആക്രോശങ്ങളും ചീത്തവിളികളും ഉയർന്നു. ആളുകൾ കസേരകളിൽ നിന്ന് എഴുന്നേറ്റു, പ്ലാസ്റ്റിക് കുപ്പികൾ വായുവിൽ പറക്കാൻ തുടങ്ങി.
“എല്ലാവരും ഇരിക്ക്! അനാവശ്യമായി ബഹളം വെച്ചാൽ എല്ലാവരെയും അകത്താക്കും!” രാമചന്ദ്രൻ മെഗാഫോണിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു

പക്ഷെ ആരുടെയും ശ്രദ്ധ പോലീസിലായിരുന്നില്ല. സ്വന്തം പ്രിയ ടീം ഒരു മുന്നേറ്റം പോലും നടത്താനാകാതെ, സ്പാനിഷ് ഹാഫിലേക്ക് ഒരു ബോൾ പോലും എത്തിക്കാനാകാതെ മുട്ടുകുത്തി നിൽക്കുന്ന ആ കാഴ്ച ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കളി അവസാന വിസിലിലേക്ക് അടുക്കുമ്പോൾ അർജന്റീനിയൻ കളിക്കാരുടെ മുഖത്ത് പടർന്ന അതേ നിസ്സഹായത സ്ക്രീനിന് മുന്നിൽ നിൽക്കുന്ന സുഹൈലിന്റെയും കൂട്ടരുടെയും മുഖത്തും പടർന്നു.

ആക്രിലിക് പെയിന്റിംഗ് : വർഷ മേനോൻ

റഫറിയുടെ നീണ്ട അവസാന വിസിൽ മുഴങ്ങി! സ്പെയിൻ ചാമ്പ്യന്മാർ! ഗാലറി ഒരു ഭൂഗോളമായി ആർത്തിരമ്പി,

ഒരു ബോൾ പോലും എതിർഗോൾമുഖത്തേക്ക് അടിച്ചു കയറ്റാൻ കഴിയാതെ അർജന്റീന നിഴൽപോലെ മൈതാനത്തുനിന്നും തലകുനിച്ചു മടങ്ങി.

നിമിഷനേരം കൊണ്ട് ടൗൺ സ്ക്വയർ അമർഷത്തിന്റെ തീഗോളമായി മാറി. നിരാശ മൂത്ത ആരാധകർ പ്രൊജക്ടർ സ്ക്രീനിലേക്ക് കുപ്പികളും കസേരകളും എറിയാൻ ആഞ്ഞു. ആൾക്കൂട്ടത്തിന്റെ ആ നിസ്സഹായമായ കോപം തെരുവിനെ വിഴുങ്ങാൻ തുടങ്ങിയ നിമിഷം, എസ് ഐ രാമചന്ദ്രൻ തോളിലെ ലാത്തി ഒന്നുകൂടി മുറുക്കിപ്പിടിച്ച് മുന്നോട്ട് ആഞ്ഞു.

“ഇനിയിവിടെ നിൽക്കണ്ട” … ചാർജ്ജ്…!”
എസ് ഐ രാമചന്ദ്രന്റെ ഉത്തരവ് വീണു.
ലാത്തികൾ വായുവിൽ മുറുമുറുത്തു. മൈതാനത്ത് അർജന്റീന നേരിട്ട അതേ നിസ്സഹായതയോടെ, സ്വന്തം ടീമിന്റെ തോൽവിയുടെ ഭാരവും പേറി ആരാധകർ തെരുവിൽ ചിതറിയോടി. അപ്പോഴും മൈതാനത്ത് ഒരു ബോൾ പോലും എത്തിക്കാനാകാതെ പകച്ചുനിന്ന മെസ്സിയുടെ ആ നിൽപ്പ് പ്രൊജക്ടർ സ്ക്രീനിൽ അങ്ങനെതന്നെ ഉണ്ടായിരുന്നു; താഴെ തെരുവിൽ ലത്തിച്ചാർജിൽ ഒഴിഞ്ഞുപോയ വിജനതയ്ക്കും ഏകാന്തതയ്ക്കും നടുവിൽ എസ് ഐ രാമചന്ദ്രൻ സ്ക്രീനിലെ മെസ്സിയെ നോക്കി നിന്നു.

+ posts

ഫൈസൽ ബാവ - ഗൾഫ് പ്രവാസിയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ - ഗൾഫിലും നാട്ടിലും അനേകം മരങ്ങൾ നട്ടു. പിറന്നാൾ മരം എന്ന കൂട്ടായ്മയുടെ സ്ഥാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രെറിയൻ.