പൂമുഖം LITERATURE ഖസാക്കിലെ പാമ്പ്

ഖസാക്കിലെ പാമ്പ്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രാജേന്ദ്രൻ എടത്തുംകര എഴുതി ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ആഖ്യാനങ്ങളുടെ പുസ്തകം’ എന്ന നിരൂപണഗ്രന്ഥത്തിലെ ഒരു അദ്ധ്യായം. പുസ്തകപ്രകാശനം ഒക്ടോബർ 8 ശനിയാഴ്ച വടകരയിൽ.


 

നീണ്ടൊരുകാലം വെറുതെ; നിമിഷം
കണ്ടുപിടിപ്പൂ പരമാർഥം
കുറുകിക്കുറുകിവരുന്നൊരു ജീവൻ
ചെറുചെപ്പിങ്കലൊതുങ്ങുമ്പോൾ
ഒരുമന്ത്രിക്കലുയർന്നു പാരി-
ന്നരുവരെയെത്തും മറുചോദ്യം!
‘നുണയുവതല്ലേ ജീവിതരസമ-
പ്ഫണിയുമൊരിത്തിരിയിത്തിരിയായ്?
………………………………………………………….
പേടി പിടിച്ചു പറിയ്ക്കാൻ നിൽക്കെ
തേടിക്കിട്ടിയ നിമിഷത്തിൽ
മൊത്തും സ്‌നേഹക്കുളിർതുള്ളികളാൽ-
ക്കത്തുമനശ്വരദാഹത്തെ
ആറാനിട്ടുയരും നെടുവീർപ്പുക
ളഹിയുടെ നിന്റെയുമേതേത്?’
– വിഷപ്പാമ്പ്, (1955), ഇടശ്ശേരി ഗോവിന്ദൻ നായർ.


51516407-cms

ഈഡിപ്പസിന്റെ വരവ്

ൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഈഡിപ്പസ്സിന് അപരിചിതമായിത്തോന്നിയില്ല എന്ന് ഖസാക്കിന്റെ ഇതിഹാസത്തിലെ ആദ്യവരിയ്ക്ക് പാരായണഭേദം സാധ്യമാണ്.
മനശ്ശാസ്ത്രം ഈഡിപ്പസ് കോംപ്ലക്‌സ് എന്നുവിളിക്കുന്ന മാനസികവ്യാപാരത്തെകുറിക്കുകയല്ല അതിന്റെ ഉദ്ദേശ്യം. ഈഡിപ്പസ് അനുഭവിച്ച ജീവിതത്തിന്റെ സുവ്യക്തമായ ചില പാടുകൾ ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രധാനകഥാപാത്രത്തിലുമുണ്ട് എന്നേ അതിനു താൽപര്യമുള്ളൂ. അറപ്പും വെറുപ്പും കൊണ്ട് അച്ഛനെ നിഗ്രഹിച്ചുതന്നെയാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ ഈഡിപ്പസ്സിന്റെ വരവ്. ഊട്ടിയിലെ വീട്ടിൽ, വർഷങ്ങളായി വിരലുപതിഞ്ഞിട്ടില്ലാത്ത ഒരു പിയാനോവിനെ, ചിറ്റമ്മയെ, ഇന്റർമീഡിയറ്റുകഴിഞ്ഞ വേനൽപൂട്ടിൽ പ്രാപിച്ചുപോയതിനുശേഷം അമ്മയുടെയും മുഖം അസ്വസ്ഥമായ പിന്തുടരലാണയാൾക്ക്. അമ്മയെ പ്രാപിച്ച പൗരാണിക നായകനെപ്പൊലെ അയാളും അനിവാര്യമായ ദുരന്തത്തിലേക്ക് യാത്ര ആരംഭിക്കുന്നു. കൂമൻകാവു വഴി ഖസാക്കിലേക്ക്.
ആ ദുരന്തകഥാപാത്രത്തിന്റെ, രവിയുടെ, വീഴ്ചയും തകർച്ചയുമാണ് ഖസാക്കിന്റെ ഇതിഹാസം ആഖ്യാനവിഷയമാക്കുന്നത്. പ്രതിനായകനായി നടിക്കാൻ വിധിക്കപ്പെട്ട നായകനാണയാൾ. ഖസാക്കിലെ മറ്റൊരു കഥാപാത്രത്തിനുമില്ലാത്ത വിശേഷവിധി, ഒരേസമയം നായകനും പ്രതിനായകനുമായിത്തീരുക എന്ന ഐതിഹാസികത രവിയെ എല്ലായ്‌പ്പോഴും ചൂഴ്ന്നുനിൽക്കുന്നു. നായകന്റെ ഒരുസമയത്തെ വീഴ്ച അയാളുടെ ആത്യന്തികമായ തകർച്ചയിലേക്കു വളർന്നുവലുതാവുന്നതായി ചിത്രണംചെയ്യുന്ന പ്രാചീന ദുരന്തനാടകങ്ങളോട് ഖസാക്കിന്റെ ഇതിഹാസത്തിനു കടപ്പാടുണ്ട്.
ഏകാധ്യാപകവിദ്യാലയത്തിൽ, കുട്ടികളുടെ ചോദ്യങ്ങളുടെ തുടർച്ചയിൽ ‘കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛൻ പുനർജ്ജനിക്കുമോ’ എന്നു വിചാരപ്പെടുന്ന രവി അച്ഛനെ കൊല്ലണമെന്ന ആഗ്രഹം വിചിത്രകൽപനകൊണ്ട് പൊതിഞ്ഞുസൂക്ഷിക്കുന്നന്നിടത്താണ് പിതൃഘാതി മറനീക്കിയെത്തുന്നത്. ‘സുകൃതശാലിയാണെങ്കിൽ പുനർജ്ജനിക്കില്ലായിരിക്കാം. അല്ലെങ്കിൽ ഒരെട്ടുകാലിയായി ജനിച്ചെങ്കിലോ!  പൂർവജന്മസ്മരണയുള്ള ഒരു വിഷച്ചിലന്തി. സ്‌നേഹവും ഖേദവും ഉൾക്കൊണ്ടുകൊണ്ട് ചുമരിൽ അതു പറ്റിനിന്നു. ചുമരിലിരുന്നുകൊണ്ട് ചിലന്തി തന്നെനോക്കുമ്പോൾ അറച്ചുപോയി. കടലാസ്സു ചുരുട്ടിയെറിഞ്ഞപ്പോൾ ചിലന്തി ചുമരിൽ വട്ടംചുറ്റിപ്പാഞ്ഞു. ചെരിപ്പിന്റെ അടിയേറ്റ് അതു ചുമരിൽ ചതഞ്ഞുപറ്റി. ചെരിപ്പ് കയ്യിൽനിന്നു വീഴുകയായി. ജന്മാന്തരങ്ങളുടെ കൃതജ്ഞതകൾ ഉണരുകയായി. ചോരയും പൂടയും പറ്റിപ്പിടിച്ചുനിന്ന പാടിനുമുമ്പിൽ രവിനിന്നു. അയാൾ സ്വയം പറഞ്ഞു, എന്തൊരു ശ്രാദ്ധം!’
വിഷച്ചിലന്തിയായി സങ്കൽപ്പിച്ച് അച്ഛനെ അടിച്ചുകൊന്ന അഥവാ അച്ഛനെന്നു സങ്കൽപ്പിച്ച് വിഷച്ചിലന്തിയെ അടിച്ചുകൊന്ന മകൻ തന്റെ ഈഡിപ്പസ് ധർമം അതിനുമുമ്പും പലപാട് നിർവഹിച്ചുകഴിഞ്ഞതാണ്. അറപ്പുകൊണ്ട്, വെറുപ്പുകൊണ്ട്, മറവികൊണ്ട്, അവഗണനകൊണ്ട് അച്ഛനെ പലതവണ കൊലചെയ്യുന്ന ഈ ഈഡിപ്പസ്സിനോളം വരില്ല ഒരുപക്ഷേ, പിതൃഹത്യയുടെ ഭാരത്തിൽ  അമർന്നുപോയ ഈഡിപ്പസ് കുടുംബത്തിലെ ആ ആദിമരാജകുമാരൻ പോലും.
ഓണേഴ്‌സ് പരീക്ഷയുടെ തലേന്ന് രവി ഒളിച്ചോട്ടം ആരംഭിക്കുന്നു. ഒളിച്ചോട്ടം എന്നല്ല ഒഴിഞ്ഞോട്ടം എന്നാണ് പിന്നീട് പത്മ അതിനെ വിശേഷിപ്പിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചിറ്റമ്മയുടെയും ഓർമകളിൽ നിന്നും രക്ഷപ്പെടാനായിരുന്നു അത്.
‘മനസ്സു വിശ്രമിച്ചില്ല. ഒരു ശീട്ടിൻ കെട്ടിനെ എന്ന പോലെ, ഓർമയുടെ ചിത്രങ്ങളെ അതു മാറ്റിയും മറിച്ചും വെച്ചു. സ്‌നേഹശാലിയായ അച്ഛന്റെ, ഗർഭവതിയായ അമ്മയുടെ, കുറുനിരകൾ നെറ്റിയിലേയ്ക്കുതിർന്നുവീണ്  കവിളിൽ കണ്മഷി വിയർത്തുപരന്ന ചിറ്റമ്മയുടെ…’.
അമ്മയും ചിറ്റമ്മയും ആ ശീട്ടിൻകെട്ടിൽ മാറിയും മറഞ്ഞും പ്രത്യക്ഷപ്പെട്ടതിന്റെ പരിണതിയാണ് അയാളിൽ പടർന്ന പാപബോധത്തിന്റെ അവസാനിക്കാത്ത വരിഞ്ഞുമുറുക്കൽ. ചിറ്റമ്മയുടെ മുറിയിൽ നിന്നും പുറത്തുകടന്ന്, കമ്പിളിപ്പുതപ്പിനകത്ത് മോഹാലസ്യപ്പെട്ടു കിടന്ന അച്ഛന്റെ കാലുകെട്ടിപ്പിടിച്ച് ചോദിക്കുന്ന യാത്രാമൊഴിയിൽ ‘പുരികങ്ങളുടെയും കണ്ണുകളുടെയും അച്ഛാ’ എന്നൊരു വീണ്ടുവിചാരമുണ്ടല്ലോ. നക്ഷത്രക്കുട്ടനോട് കണ്ണുകളും പുരികങ്ങളുമാരുടേതെന്നു കൊഞ്ചിച്ചോദിച്ച അമ്മയുടെ ഓർമയല്ലാതെ മറ്റെന്താണത്?
ചിറ്റമ്മ രവിയുടെ മനസ്സിൽ അമ്മ തന്നെയായി പരിവർത്തനം ചെയ്യുന്നതോടെയാണ് അയാൾ അച്ഛനെ വെറുക്കുന്നത്; തന്നിൽനിന്നും ഒഴിഞ്ഞോടാൻ പ്രയത്‌നിക്കുന്നത്. ‘ആ ഓർമകളിൽനിന്ന് എന്നെയും അച്ഛനെയും വിടുർത്താനാണ് ഞാൻ ആ വീട്ടിൽ വരാതിരിക്കുന്നത്. ആ ഓർമയിൽനിന്നും എന്നിൽനിന്നുമകലാൻ ഒരവധൂതനെപ്പോലെ ഞാൻ നടന്നുപോകുന്നു’എന്ന രവിയുടെ പ്രലപനത്തിൽ അതെല്ലാം അലിഞ്ഞുചേരുന്നുണ്ട്. എല്ലാം ഉപേക്ഷിച്ചവൻ എന്നു മാത്രമല്ല ഇളക്കം തട്ടിയവൻ, നിന്ദിക്കപ്പെട്ടവൻ എന്നും അവധൂതന് അർഥമുണ്ട്. അതു മറക്കരുത്.

12524363_999635960084264_8861866798239358726_n

എഴുത്തുകാർ

ഖസാക്കിന്റെ ഇതിഹാസത്തിൽ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാർ ആഖ്യാനത്തിന്റെ ഗതിയിൽ ഏതെങ്കിലും തരത്തിൽ സൂചകങ്ങളാവുന്നുണ്ടോ എന്ന അന്വേഷണം രസകരമാണ്. ജനാലപ്പടിയിലെ കൂറകളെ പായിച്ച് അവിടെ പത്രം വിരിച്ചു വെടുപ്പാക്കി രവി ഞാറ്റുപുരയിൽ പുസ്തകങ്ങൾ അടുക്കിവെച്ചു. ഭഗവത്ഗീത, പ്രിൻസ് തിരുവാങ്കുളം, റിൽകെ, മുട്ടത്തുവർക്കി, ബോദലേർ അങ്ങനെ ഏതാനും പുസ്തകങ്ങൾ. ആ തെരഞ്ഞെടുപ്പ് രസാവഹമാണ്. അശാന്തനെവിടെസ്സുഖം എന്ന് നിരന്തരമായി മന്ത്രിച്ചിട്ടുണ്ടാകും ആ അടുക്കിൽകിടന്ന് ഭഗവദ്ഗീത. ജീവിതം ഗൂഢാർഥവും ഇന്ദ്രജാലവും നിറഞ്ഞതാണെന്നും  മരണം പ്രാപഞ്ചികാനുഭവങ്ങളുടെ പരകോടിയാണെന്നും വാഴ്ത്തിയ റിൽകെ ഖസാക്കിലെ ജീവിതത്തിന്റെ ഗൂഢാർഥങ്ങളെയും മരണങ്ങളെയും അവിടെയിരുന്ന് കണ്ടിട്ടുണ്ടാവണം. കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളാൻ രവി ആഗ്രഹിക്കുന്നിടത്ത്  ശുദ്ധധ്യാനത്തിന്റെ പ്രാപഞ്ചികമായ  നിലനിൽപിനെക്കുറിച്ചുള്ള റിൽകെയുടെ ബോധ്യം എത്തിനോക്കിയിട്ടുമുണ്ടാകാം.
ഒന്നു ദൈവത്തിലേക്കും മറ്റൊന്ന് പിശാചിലേക്കും നീളുന്ന രണ്ടു വിരുദ്ധസങ്കൽപങ്ങൾ എല്ലാവരിലും എപ്പോഴും ഒരേസമയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നെഴുതിയ ബോദ്‌ലയരെ ഖസാക്കിലെ ജീവിതം ആവേശഭരിതനാക്കി നിർത്തിയിരിക്കും. ബഹുജനങ്ങളുടെ ഭാവഗാനരീതിയാണ് ലൈംഗികത എന്ന ബോദ്‌ലെയർ വചനത്തിന് ഖസാക്കിലുടനീളം സഞ്ചരിക്കാനുമുണ്ട്.  ഗോപാലുപ്പണിക്കരുടെ ഭാര്യ ലക്ഷ്മിയെക്കുറിച്ച് കുട്ടാടനും  തന്റെ അമ്മാമന്റെ മകൻ രഘുനന്ദനനെക്കുറിച്ച് ലക്ഷ്മിയും കല്യാണിക്കുട്ടിയെക്കുറിച്ച് മാധവൻനായരും  പരാജിതമെങ്കിലും തീവ്രമായ പ്രണയസങ്കൽപങ്ങൾ പുലർത്തുന്നിടത്ത് മുട്ടത്തുവർക്കിയ്ക്ക് നല്ല സാധുതയുണ്ട്. രവിയെക്കുറിച്ച് പത്മയും എന്ന് ഈ വാക്യത്തിന് നീട്ടിക്കൊടുക്കൽ സാധ്യമാണ്.
പ്രിൻസ് തിരുവാങ്കുളത്തിന്റെ പുസ്തകം അക്കൂട്ടത്തിലുണ്ട് എന്നതിൽ ഒരു കാലസൂചനയുണ്ട്. പ്രിൻസിന്റെ ആദ്യപുസ്തകങ്ങളായ എ.ബി.സി. കൊലപാതകങ്ങളും കാണാതായ കാമിനിയും 1954ലാണ് പുറത്തിറങ്ങിയത്. അതിനാൽ ഖസാക്കിലേക്കുള്ള രവിയുടെ വരവ് അക്കൊല്ലമോ അതിനുശേഷമോ ആയിരിക്കും. കൂമൻകാവിൽനിന്നും രവിയുടെ പെട്ടിയുമേറ്റി ഖസാക്കിലേക്കു നടക്കുമ്പോൾ  മലമ്പുഴ അണകെട്ടി വെള്ളം തിരിയ്ക്കും എന്നൊക്കെ പറഞ്ഞുകേൾക്കുന്നതിനെപ്പറ്റി ഒരു കാരണവർ വാചാലനാവുന്നുണ്ട്. 1955ൽ മലമ്പുഴ അണക്കെട്ടിന്റെ പണി പൂർത്തിയായി. രവി വന്നത് 1954ൽ തന്നെയാവാനാണ് എല്ലാ സാധ്യതയും. മൂന്നുവർഷം രവി ഖസാക്കിലുണ്ടായിരുന്നു. അങ്ങനെയൊക്കെ അന്വേഷിക്കാൻ പോയാൽ 1954 – 57 കാലയളവാണ് ഖസാക്കിന്റെ കഥനകാലം എന്നു തെളിഞ്ഞുകിട്ടും. പ്രിൻസ് തിരുവാങ്കുളം എന്ന കുറ്റാന്വേഷണ നോവലിസ്റ്റ് ഖസാക്കിന്റെ കാലം തേടുന്ന അന്വേഷകർക്കുമുമ്പിൽ ഒരു വിശ്വസനീയ സാക്ഷിയായി നില്ക്കുന്നതിൽ ഒരു കാവ്യനീതിയുണ്ട്.
ഖസാക്കിലെത്തിയശേഷം ഈ പുസ്തകങ്ങൾ രവി എപ്പൊഴെങ്കിലും വായിച്ചതായി നോവലിൽ പറയുന്നില്ല. പീഞ്ഞപ്പലകകൊണ്ട് പുസ്തകത്തട്ടുപണിയാൻ ഞാറ്റുപുരയിൽ  ചേന്തിയാശാരിയെ കൊണ്ടുവന്നിരുന്നു. പുസ്തകങ്ങൾ പരിഗണിക്കപ്പെടാതിരുന്നിട്ടില്ല എന്നാണല്ലോ അതിന്റെ പൊരുൾ. ഞാറ്റുപുര പൂട്ടി രവി  മരണത്തിലേക്കു നടക്കുമ്പോൾ  പുസ്തകങ്ങളത്രയും ഖസാക്കിൽ ഉപേക്ഷിക്കപ്പെട്ടു. അവയുടെ ദൗത്യം അതോടെ അവസാനിച്ചു.
ഖസാക്കിൽ ഉദ്ധരിക്കപ്പെട്ട എഴുത്തുകാർ മറ്റു മൂന്നുപേരാണ്. നൈസാമലിയ്ക്കുനേരെ മുളച്ച അമർഷത്തിന്റെയും സങ്കടത്തിന്റെയും വികാരബീജങ്ങൾ അള്ളാപ്പിച്ച മൊല്ലാക്ക പ്രകടമാക്കുന്നത് മമ്പാട്ടിൽ കുഞ്ഞിരായന്റെ ബദർമാലയിലെ വരികൾ ഉറക്കെചൊല്ലിയാണ്: ‘ബിസ്മിയും ഹംദും സലാത്തും സലാമാലും ബിണ്ടെ പിറകെ തൊടങ്ങുന്നേൻ യാ അല്ലാഹ്.’
മൊല്ലാക്കയുടെ മരണശേഷം രവിയുടെ വിദ്യാലയത്തിൽ മങ്കുസ്താൻ ഇതേ പാട്ട് പാടുന്നുണ്ട്. വിഷാദപൂർണമായ മുഖത്തോടെ കുഞ്ഞാമിന അപ്പോൾ പറഞ്ഞു: ‘മൊല്ലാക്കാന്റെ പാട്ടാണ് സാർ.’ ബദർയുദ്ധത്തിന്റെ കഥ പാടിയ മമ്പാട്ടിൽ കുഞ്ഞിരായനെ അങ്ങനെ അള്ളാപ്പിച്ച മൊല്ലാക്കയുടെ കവിയായി ഖസാക്കിലെ പുതുതലമുറ അറിഞ്ഞു.
ബൗദ്ധന്റെ പ്രേതം മ്ലേച്ചപ്പെട്ട ആത്മാവാണെന്നു സ്ഥാപിക്കാൻ ശിവരാമൻ നായർ കൂട്ടുപിടിക്കുന്നത് വള്ളത്തോളിനെയാണ്. തീപോലെ തുടുത്ത രണ്ടുവരി കാട്ടെലിയുടെ കത്തിൽനിന്നും അയാൾ ഉദ്ധരിക്കുന്നു: ‘മൊട്ടപ്പാഴ്ത്തലയല്ല വേണ്ടു ഭരതക്ഷോണീ കിരികിടം ചൂടാൻ.’ തന്റെ മകൾ കല്യാണിക്കുട്ടി പഠിപ്പിച്ചുതന്ന കാവ്യത്തിലെ ആദർശം ശരിയാണെന്ന കാര്യത്തിൽ അയാൾക്ക് സന്ദേഹമൊന്നുമില്ല. വള്ളത്തോളിന് ഖസാക്കിൽ നിർവഹിക്കാനുണ്ടായിരുന്ന ദൗത്യം ഒരു രാഷ്ട്രീയവായന അർഹിക്കുന്നുണ്ട്.  ബൗദ്ധന്മാർക്കെതിരെ പട നയിക്കാൻ ശിവരാമൻ നായർ ഹാജരാക്കിയ വള്ളത്തോളിന്റെ സാക്ഷിമൊഴിയുടെ അന്തസ്സത്തയിൽ തനിക്കും സംശയമൊന്നുമില്ലെന്ന് രവി അയാളെ അറിയിക്കുന്നുണ്ട്. എങ്കിലും ആ പടയിൽ രവി കക്ഷിചേർന്നില്ല. രവി ഒന്നിലും കക്ഷി ചേർന്നില്ല, അവധൂതനെ പോലെ!
ജനനത്തിന്റെയും മരണത്തിന്റെയും തുടരുകളെക്കുറിച്ചോർത്ത് കണ്ണുചിമ്മിക്കിടക്കുമ്പോൾ രവിയുടെ ഓർമയിലേക്കു കയറിവരുന്നത് ഗീതഗോവിന്ദത്തിലെ വേദാനുദ്ധരതേ ജഗന്നിവഹതേ എന്നുതുടങ്ങുന്ന ശ്ലോകമാണ്. അവതാരങ്ങളിലൂടെ ജനനമരണങ്ങളുടെ തുടരു തീർക്കുന്ന കൃഷ്ണനു നമസ്‌കാരമർപ്പിക്കുന്നു ആ ശ്ലോകം. കൃഷ്ണനു സമർപ്പിക്കുന്ന ആ നമസ്‌കാരം കാലിൽ അമ്പേറ്റ് സാധ്യമാകുന്ന മരണത്തിന്റെ പേരിലാവുമോ, കാലിൽ ദംശനമേറ്റ് ഒടുവിൽ ഞാനും എന്ന വെളിപാടിൽ?  പരുഷവും നിരർഥവുമായി തോന്നിയ ഒരു പദം, ഈശ്വരൻ എന്നത്, അങ്ങനെ അല്ലാതായിത്തീരുന്നതിന്റെ പ്രാരംഭം. വിദ്യാലയത്തിൽ പരിശോധന കഴിഞ്ഞ് ഇൻസ്‌പെക്റ്റർ തിരിച്ചുപോയ പൊഴുതിൽ മുഴങ്ങിക്കേട്ട ബാങ്കുവിളി രവിയെ ‘അത്രയ്ക്ക് പരുഷവും നിരർഥവുമല്ലാത്ത’ ആ പദം ഉച്ചരിക്കാൻ നിർബന്ധിതനാക്കുന്നുണ്ട്. ‘ഈശ്വരൻ നിരർഥമാമപ്പദം’ എന്നെഴുതിയ ചങ്ങമ്പുഴ ആ സമയം അവിടെയെവിടെയോ അദൃശ്യനായി നില്ക്കുന്നുണ്ട്.
അള്ളാപ്പിച്ചാമൊല്ലാക്ക എഴുതിയ ഒരു സന്മാർഗഗീതം ഖസാക്കിൽ പ്രചരിച്ചിട്ടുണ്ട്. ‘ഇബ്‌ലീസിന്റെ കൂടെ പോഹാതെ്ടാ നല്ല വഴിയേ നടടാ നടടാ’ എന്ന താളബദ്ധമായ ആ ഗാനം നൈസാമലിയെ കണ്ടുമുട്ടുന്നതിനുംമുമ്പ് എഴുതിയതായിരിക്കണം. നൈസാമലിയുടെ  നനഞ്ഞുനീണ്ട ചൂണ്ടുകളുടെ സുഖസ്മരണ അസ്വസ്ഥതയ്ക്കു വഴിമാറുന്നതറിയുന്ന മൊല്ലാക്ക ആ സന്മാർഗഗീതം പലതവണ ഓർത്തുകാണണം. എങ്കിലും, മൊല്ലാക്ക ഖസാക്കിലെ എഴുത്തുകാരനായി അറിയപ്പെട്ടില്ല. നൈസാമലി ആ ഗാനത്തെ അനുസരിച്ചുമില്ല.

ov2

പാമ്പും വിഷവും

രവിയുടെ ഓർമകൾ ആരംഭിക്കുന്നത് ഗർഭവതിയായ അമ്മയിൽനിന്നാണ്. അമ്മയുടെ മരണത്തെക്കുറിച്ചുള്ള ഓർമ അയാൾക്ക് മായികമായ ഒരു സർപ്പസാന്നിധ്യത്തിന്റെ ഓർമകൂടിയാണ്. അമ്മയുടെ ശവഘോഷയാത്ര കടന്നുപോകുമ്പോൾ കിരീടം ചൂടിയ ജലസർപ്പങ്ങൾ ചിറകടിച്ചുപൊങ്ങിവന്ന്  തന്നെ മാടിവിളിച്ചതായി അയാൾ ഓർമിക്കുന്നുണ്ട്. ഭ്രമാത്മകതയും യാഥാർഥ്യവും കുട്ടിക്കാലം മുതലേ അയാൾക്ക് ഒന്നുതന്നെയാണ്. ഈഡിപ്പസിന്റെ ജീവിതവുമായി ഖസാക്കിലേക്ക് വരുന്നവഴിയിൽ അയാൾ  ഒരു ദേവിയാൻ പാമ്പ് വഴിമുറിച്ച് കാരപ്പൊന്തയിലേക്കു കയറുന്നത് കാണുന്നുണ്ട്.. രവിയെ വിടാതെപിന്തുടരുന്ന സർപ്പസ്മൃതിയ്ക്കു പൊടുന്നനെ ലഭിക്കുന്ന തെളിച്ചമാണത്. അത് ഒരു പ്രതീകം കൂടിയാണ്.
ഖസാക്കിലേയ്ക്കു പ്രവേശിക്കുമ്പോൾ ചിതറിത്തെറിച്ച ശബ്ദങ്ങൾക്കും രൂപങ്ങൾക്കുമിടയിൽ ആ സർപ്പസാമീപ്യം അയാൾ കണ്ടെടുക്കുക തന്നെ ചെയ്തു എന്നതിന് വായനയിൽ വലിയ പ്രാധാന്യമുണ്ട്.  ഖസാക്കിൽ നിന്നും ആത്മഘാതിയായി പോകുമ്പോൾ അയാൾ മറ്റൊരു പാമ്പിന്റെ സാന്നിധ്യം ആവോളം ആസ്വദിക്കുകയും ചെയ്തു. രണ്ടു സർപ്പദൃശ്യങ്ങൾക്കിടയിൽ, അയാളെ സംബന്ധിച്ച് ഖസാക്ക് ഭ്രമാത്മകത കലർന്ന യാഥാർഥ്യമായി.
ഖസാക്കിൽ രവിയെത്തുന്നതിനും മുമ്പുതന്നെ സർപ്പം അതിന്റെ പ്രതിരൂപവിന്യാസങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. നൈസാമലിയെ അവതരിപ്പിക്കുമ്പോഴാണത്. ചെതലിയിലെ കരിന്തഴകളിൽ വീശുന്ന കാറ്റിൽനിന്നും നൈസാമലിയെ അള്ളാപ്പിച്ചാമൊല്ലാക്ക കണ്ടെടുക്കുമ്പോൾ നൈസാമലിയുടെ കൈയിൽ ഒരു പാമ്പുണ്ടായിരുന്നു. ഒരു പച്ചിലക്കൊത്തി.
‘നീ ഏൻ മൂർക്കൻപാമ്പൈ പിടിക്കലൈ?’ മൊല്ലാക്ക ചോദിച്ചു.
‘ഇന്ത പാമ്പും മൂർഖനാഹലാം’, ചെറുക്കൻ പറഞ്ഞു.
‘എന്ത കാലത്തിലേ?’
‘അതിനോടെ കാലം വരപ്പോ’
അതിന്റെ കാലം വരുവോളം ഖസാക്കിൽ ആ പച്ചിലക്കൊത്തി കാത്തുകിടന്നു. രണ്ടിടത്ത് അതിനു വിഷസർപ്പമായി പ്രത്യക്ഷപ്പെടേണ്ടിവന്നു. അള്ളാപ്പിച്ചാമൊല്ലാക്കയുടെ കാലിൽ ചെരിപ്പു കടിച്ച വ്രണം മദിരാശിയിലോ വെല്ലൂരോ കൊണ്ടുപോയി ചികിത്സിക്കേണ്ട നിലയിൽ വിശ്വരൂപം പ്രകടിപ്പിച്ചപ്പോഴാണ് ഖാലിയാർ അതിന്റെ  രഹസ്യം വെളിപ്പെടുത്തുന്നത്.
‘കൊടിയ ചെര്പ്പ്,’ ഖാലിയാർ പറഞ്ഞു, ‘അന്ത ചെര്പ്പ്ക്ക് പാമ്പിനോടെ വെഷം വന്നത്, രാജമൂർക്കനോടെ വെഷം.’
‘നൊമ്പടെ ചെര്പ്പില്ം വിൽട്ടില്ം ഒക്കെ പാമ്പിന്റെ പല്ലാ കാലിയാരേ,’ മാധവൻ നായർ പറഞ്ഞു.
‘പാമ്പ് എങ്കെത്താൻ കെടയാത്?’ ഖാലിയാർ പറഞ്ഞു, ‘നമ്മ വെരലോടെ നെകംകൂടി പാമ്പോടെ പല്ലാഹലാം. എന്നാ, അലിയാരേ?’
‘അപ്പടിതാ, ണ്ണ്’
ചെരിപ്പിൽ വിഷം നിറച്ച ആ പച്ചിലക്കൊത്തിയ്ക്കു മുമ്പിൽ അള്ളാപ്പിച്ചാമൊല്ലാക്കയ്ക്കു കീഴടങ്ങേണ്ടിവന്നു. പാലക്കാട് ആശുപത്രിയിൽ, വിഷച്ഛായയിൽ, സന്മാർഗഗീതത്തിന്റെ എഴുത്തുകാരൻ അതിന്റെ പൊരുളറിഞ്ഞു. കാലിന്റെ നഖം പോലും പാമ്പിന്റെ പല്ലായി മാറാനിരിക്കുന്നു എന്ന ഖാലിയാരുടെ പ്രവചനം ഫലിക്കാൻ ഖസാക്കിന്റെ അന്ത്യം വരെ കാത്തിരിക്കേണ്ടിവരും. പാമ്പ് കാത്തിരുന്നു, മഴയിൽ അതിനെ തേടിച്ചെല്ലുംവരെ രവിയും. അങ്ങനെ സർപ്പമായിത്തീർന്ന പച്ചിലക്കൊത്തിയുടെ കഥ ഖസാക്കിന്റെ ഊടിലും പാവിലും വിലയിച്ചു നിന്നു. യാഥാർഥ്യമായും പ്രതിരൂപമായും ഒരേസമയം ആ കഥ ജീവിച്ചു.
സർപ്പബിംബങ്ങൾ ഖസാക്കിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. ഖസാക്കിലേക്കു തിരിച്ചെത്തിയ നൈസാമലി പായലുപിടിച്ച അവശിഷ്ടങ്ങളെച്ചുറ്റി ഒരു മണ്ഡലിയെപ്പോലെ പതിയിരിക്കുന്നതായാണ് അള്ളാപ്പിച്ചാമൊല്ലാക്ക സങ്കൽപ്പിക്കുന്നത്. മൊല്ലാക്ക മരിക്കുന്ന നിമിഷത്തിൽ അകലെ റെയിൽപ്പാളത്തിലൂടെ പോകുന്ന തീവണ്ടി ഒരു നാഗത്താനെപ്പോലെയാണെന്ന് അയാൾ വിചാരിക്കുന്നു. മൊല്ലാക്കയുടെ ശവവും പേറി പാലക്കാട്ടുനിന്നും ഖസാക്കിലേക്കു വന്ന കാളവണ്ടിയ്ക്കു മുമ്പിൽ നടക്കുന്ന ഖാലിയാരുടെ നിഴൽ ഒരു കരിമ്പാമ്പിനെപ്പോലെയാണ് പുളിന്തോപ്പിലേക്കു പടരുന്നത്. ആദ്യ സമാഗമം മുതൽ അവസാന നിമിഷം വരെ നൈസാമലിക്കും അള്ളാപ്പിച്ചമൊല്ലാക്കയ്ക്കുമിടയിൽ സർപ്പബിംബങ്ങൾ ഇളകിക്കളിച്ചു.
മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തുന്ന പള്ളിക്കുളത്തിൽ നിന്നും കുളിച്ചുകയറിയാണ് മൈമുന പായലുകൾക്കിടയിലെ മണ്ഡലിയെന്ന് അള്ളാപ്പിച്ചാമൊല്ലാക്കയുടെ ഭ്രമകൽപനയിൽ തെളിഞ്ഞുവന്ന നൈസാമലിയുമായി രാജാവിന്റെ പള്ളിയുടെ ഇരുട്ടിൽ സന്ധിക്കുന്നത്. മൈമുനയുടെ നിക്കാഹ് കഴിഞ്ഞ രാത്രി നൈസാമലി കൂമൻകാവിലേക്ക് നടക്കുന്നത് പാമ്പിൻപുറ്റുകൾ നിറഞ്ഞ വഴിത്താരയിലൂടെയാണ്. രാജാവിന്റെ പള്ളിയിൽ നൈസാമലിയുടേത് സർപ്പശയനമാണ്.
പനകേറ്റക്കാരുടെ ഗോത്രസ്മൃതിയിൽ വിഷത്താന്മാരും നാഗത്താന്മാരും പെണ്ണിന്റെ വിശുദ്ധിയ്ക്കുമേലാണ് പള്ളികൊള്ളുന്നത്. പിഴച്ചുപോയ പെണ്ണുങ്ങൾ സർപ്പശിലകളിൽ തുളസിയിലവെച്ചു. ചപ്പലിനകത്തെ വിഷത്താന്മാർ ചാരിത്ര്യവതികളെ കൊത്താതെ ഒഴിഞ്ഞുപോയി. വിഷത്താന്മാർ കൊത്തുന്നത് ശുദ്ധിയില്ലാത്തതുകൊണ്ടാണെന്ന് ഖസാക്ക് വിശ്വസിച്ചുപോന്നു. പെണ്ണല്ലാതിരുന്നിട്ടുകൂടി രവിയെ ആ ശിക്ഷ ഒഴിഞ്ഞുപോയില്ല.
വിദ്യാലയത്തിലെ അവസാനദിവസം കാട്ടുചോലയിൽ കുളിക്കുമ്പോൾ രവിയ്ക്ക് കുട്ടികൾ തികച്ചും സാധാരണമായ, എന്നാൽ അങ്ങേയറ്റം അസാധാരണമായ, തീർത്തും ഭ്രമാത്മകമായ, എന്നാൽ സമ്പൂർണ യാഥാർഥ്യമായ ഒരു ദൃശ്യം കാണിച്ചുകൊടുത്തു. ഒരു പൂതം.
‘അതൊര് പാമ്പ്പ്പൂതവാക്ക്ം സർ’, ഖൊലുസു പറഞ്ഞു.
അതിനു ചിറകും കിരീടവുമുണ്ടെന്ന് അവൾ രവിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ‘കിരീടം ചൂടിയ ജലസർപ്പങ്ങൾചിറകടിച്ചുപൊങ്ങിവന്നു തന്നെ മാടിവിളിച്ച’ കുട്ടിക്കാലത്തെ സ്വപ്നം, ഭ്രമം, തോന്നൽ,പരമാർഥം രവിയ്ക്കുമുമ്പിൽ ആവർത്തിക്കുന്ന നിമിഷമാണത്. സർപ്പബിംബം അതിന്റെ ഉദ്ദേശ്യത്തിന്റെ പടം പൊഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഖസാക്കിലെ ആ സർപ്പം, പച്ചിലക്കൊത്തിയിൽ നിന്നും മൂർഖനിലേക്കെത്താൻ മടിയില്ലാത്ത ജീവനഘാതം, പായലുകൾക്കും ചപ്പിലകൾക്കുമിടയിലെ സർപ്പശയനം വെടിഞ്ഞ് വഴിയിൽ കാത്തുകിടക്കാൻ നേരമായി. വന്നിറങ്ങിയേടത്തുതന്നെ രവി തിരിച്ചെത്തും. കൂമൻകാവിൽ അപ്പോൾ മഴയും സർപ്പവുമുണ്ടാകും.
‘അതിനോടെ കാലം വരപ്പോ.’

13179350_1004334782978906_6172763851110566740_n

ഭൂപടങ്ങൾ

ഖസാക്ക് അവികസിതവും പ്രാകൃതവുമായ ഒരു ഗ്രാമമാണെന്നു തോന്നിയേക്കാം. സ്വയംസമ്പൂർണമായ ഒരു ഗ്രാമവ്യവസ്ഥയുടെ ശക്തമല്ലെങ്കിലും അവഗണിക്കാനാവാത്ത അടയാളങ്ങൾ ഖസക്കിൽ നിറഞ്ഞുകിടപ്പുണ്ട്. നോവലിൽ അവിടവിടെ ചിതറിക്കിടക്കുന്ന വിവരണങ്ങൾ വെച്ച് ഖസാക്കിന്റെ ഭൂപടം വരച്ചാൽ അതു മനസ്സിലാവും.
മലമ്പണിയ്ക്കു പോകുന്നവരും പനമ്പു നെയ്യുന്നവരും ദേശാടകരായി തമിഴ്‌നാട്ടിൽ പണിയെടുക്കുന്നവരുമാണ് ഖസാക്കിലെ സമ്പത്തിന്റെ ഉറവിടങ്ങൾ. മറ്റുചിലർ കൊങ്ങുനാട്ടിൽ സംന്യാസികളായി സമ്പാദ്യം കൈയേറ്റു. കള്ളുകാച്ചി ചക്കരയുണ്ടാക്കുക എന്നതാണ് ഖസാക്കിലെ പെണ്ണുങ്ങളിൽ ചിലർ ഏർപ്പെട്ടിരിക്കുന്ന ജോലി. ചക്കരക്കാരി തങ്കം അത് കൂമൻകാവിൽ കൊണ്ടുപോയി വിൽക്കുന്നു. ഖസാക്കിലും ചുറ്റിലുമായി അമ്പതിലേറെ കുടിയിരിപ്പുകളുണ്ട്. ഏകാധ്യാപകവിദ്യാലയം സർക്കാർ നിർത്തൽ ചെയ്താൽ സഭകൂടി പണംപിരിച്ച് മറ്റൊരു സ്‌കൂൾ അവിടെതുടങ്ങാമെന്ന് ഖസാക്കുകാർ തീരുമാനിക്കുന്നിടത്ത് അവരുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരുമിന്നൽവെളിച്ചം തെളിയുന്നുണ്ട്. മൈമുനയുടെ പീടികയിൽ കിട്ടുന്ന ബിസ്‌കറ്റ് ഖസാക്കുകാരുടെ ഉപഭോഗസൂചികയുടെ ആകസ്മികസാക്ഷ്യമാണ്.
ഹിന്ദുക്കളുടെ ശവപ്പറമ്പായ പണിക്കൻപൊട്ടയോടുചേർന്ന് ചതുപ്പും അതിന്റെ കരയിൽ പുളിങ്കൊമ്പത്തെ പോതി എന്ന നാട്ടുദേവത പാർക്കുന്ന പുളിമരവും സ്ഥിതിചെയ്യുന്നു. വെളിമ്പറമ്പിനപ്പുറത്ത് ഒരു തോട്. ഖസാക്കിലെ കുളിയും നനയും തോട്ടിൽവെച്ചാണ്. തോടിനക്കരെ പാടങ്ങളും അതിനിടയിൽ ഒരു താമരക്കുളവും അതുകഴിഞ്ഞാൽ വീണ്ടും പാടങ്ങളുമാണ്. പാടങ്ങളുടെ വിശാലതയ്ക്കപ്പുറത്ത് പാലക്കാടൻ നഗരം. പാടം മുറിച്ചുകടക്കുന്ന നെടുവരമ്പുകഴിഞ്ഞാൽ താഴ്‌വരയാണ്. തീവണ്ടിപ്പാളം അതിലൂടെ കിഴക്കോട്ടു പോകുന്നു.
അശാന്തമായ യാത്രയുടെ പ്രതിരൂപമായി ഖസാക്കിൽ തീവണ്ടി രണ്ടിടത്ത് വന്നുപോകുന്നുണ്ട്. ഖസാക്ക് നൊടിനേരത്തെ അഭയം മാത്രമാണെന്ന് രവി ഞാറ്റുപുരയിലിരുന്ന് ഓർക്കുമ്പോൾ തീവണ്ടിയുടെ ഉപമാനം കടന്നുവരുന്നു. ‘ഇപ്പോൾ ഞാറ്റുപുര ഒരു തീവണ്ടിയാണ്.’
കോടച്ചിയോട് സഹശയനം ചെയ്ത സന്ധ്യയിൽ ഉടലിൽ വസൂരിയുടെ വിത്തുകൾ പൊട്ടിമുളയ്ക്കാൻ തുടങ്ങിയപ്പോൾ രവി തീവണ്ടിയെ ഓർമിക്കുന്നു: ‘ഇപ്പോൾ നീണ്ട തീവണ്ടിയാത്ര കഴിഞ്ഞെത്തിയപോലെ തളർന്നിരുന്നു.’
നെടുവരമ്പിനരികിൽ കിടന്ന പാളത്തിലൂടെ കടന്നുപോയിട്ടും ഖസാക്കിൽ തീവണ്ടി ഊർജ്ജവത്തായ ഒരു സാന്നിധ്യമേയല്ല. തമിഴ്‌നാട്ടിലേക്കു പോകുന്ന ദേശാടകർ തീവണ്ടിയാത്ര ചെയ്യുന്നവരല്ല. തീവണ്ടികൊണ്ട് അടയാളപ്പെടുത്താവുന്ന നാഗരികതയുടെ വെളിച്ചത്തിലേക്ക് കടന്നിരിക്കാൻ അവർക്ക് ആവതില്ല. തീവണ്ടി ഉപമാനമോ ഉക്തിവൈചിത്ര്യമോ ആവുന്നത് രവിയുടെ ബോധത്തിൽമാത്രമാണ്. തീവണ്ടി ഒരു നാഗത്താനെപ്പോലെയുണ്ട് എന്ന നൈസാമലിയുടെ കാഴ്ചപോലും നാഗരികന്റേതല്ല. കൂമൻകാവുവരെയെത്തുന്ന ബസ്സ് ഖസാക്കുകാരുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നതായി നോവലിൽ സൂചനയില്ല. അവർ പദയാത്രികരാണ്. ചിലപ്പോൾ വന്നുപോകുന്ന കാളവണ്ടികളിൽത്തീരുന്നു ഉപരിതലഗതാഗതത്തിൽ അവരുടെ സാങ്കേതികവിദ്യ.
രവിയുമായി നടന്ന സംഘട്ടനത്തിന്റെ ഒടുവിൽ, രവി പകർന്നുനൽകിയ വാറ്റുചാരായവും നുണഞ്ഞ് നിസ്സഹായനായി രാജാവിന്റെപള്ളിയിലേക്കു നടക്കുന്ന ഖാലിയാരെക്കുറിക്കാൻ ‘ഇടവക്കോളിലെ വള്ളം പോലെ’ എന്നൊരു ഉപമാനം പ്രത്യക്ഷപ്പെടുന്നതിൽ ഒതുങ്ങുന്നു ജലവാഹനത്തിന്റെ ഖസാക്ക് അനുഭവം.
ഖസാക്കിലെ നടുപ്പറമ്പിലാണ്  മാധവൻ നായരുടെ തുന്നൽപ്പീടിക. തുന്നൽപ്പീടികയും വീടും ഒന്നുതന്നെ. വ്യാപാരസ്ഥാപനങ്ങളായി അലിയാരുടെ ചായപ്പീടികയും  മൈമുനയുടെ മാറ്റപ്പീടികയുമാണുള്ളത്. മായൻ പാണൻ ഖസാക്കിൽ ഒരു അമ്പട്ടക്കട നടത്തുന്നുണ്ട്. മായാണ്ടി ഒരു എസ്സൻസുകടയും. വിദ്യാഭ്യാസസ്ഥാപനങ്ങൾ മൂന്നെണ്ണമാണ്. രാവുത്തന്മാർക്കുവേണ്ടി അള്ളാപ്പിച്ചാമൊല്ലാക്ക നടത്തുന്ന ഒരു ഓത്തുപള്ളി, ഹിന്ദുക്കൾക്കായി ഒരു എഴുത്തുപള്ളി, മതപരിഗണനകളില്ലാത്തതും ഇംഗ്ലിഷ് പഠിപ്പിക്കുന്നതുമായ ഒരു ഏകാധ്യാപക വിദ്യാലയം. മൂന്നാമത്തേതിന്റെ വരവാണ് ഖസാക്കിൽ ആദ്യമായി സംഭവിക്കുന്ന ആധുനികതയുടെ ചിഹ്നം.
അലിയാരുടെ പീടികയ്ക്കു തൊട്ടുമുമ്പിലായി ഒരു അത്താണി. അവിടെ ചുമടിറക്കി വിശ്രമിക്കുന്ന ആരെയും ഖസാക്കിൽ കണ്ടിട്ടില്ല. ആ പൊതുവിടത്തെ കുപ്പുവച്ചൻ ആക്രമിച്ചു കീഴടക്കിയിരിക്കുന്നു. ദേശത്തിന്റെ ചരിത്രകാരനായി സ്വയം അവരോധിച്ച കുപ്പുവച്ചൻ ബഷീർ കൃതികളിലെ ചില ആഖ്യാതാക്കളുടെ കുടുംബത്തിൽപ്പെട്ടയാളാണ്. ദുസ്സഹമായ  പൂർവജീവിതത്തിന്റെ കനം അയാളെ ആ കുടുംബത്തിൽനിന്നും നിഷ്‌കാസിതനാക്കി എന്നുമാത്രം.
അതിനടുത്ത ആൽത്തറയാണ് ഖസാക്കിലെ സംവാദങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന പൊതുവിടം.  നൈസാമലിയുടെ ആദ്യത്തെ ആത്മപ്രകാശനം സംഭവിക്കുന്നത് ആൽത്തറയിലാണ്. സത്തിയം പലത് എന്ന ഖസാക്കിന്റെ മഹാവാക്യം അവതരിച്ചത് അവിടെയാണ്. ഖസാക്കിൽ ആദ്യത്തെ ജനാധിപത്യ സംവാദം നടക്കുന്നതും അവിടെത്തന്നെ. അപ്പുക്കിളി രാവുത്തരായിത്തുടരണമോ തിരിച്ച് കിളിയാവണമോ എന്ന വിഷയത്തിൽ മൊല്ലാക്കയുടെ അഭിപ്രായത്തെ വെല്ലുവിളിച്ച് ഖാലിയാർ പ്രഖ്യാപിക്കുന്നു: ‘പൂരിപച്ചം’.
ഭൂരിപക്ഷത്തിന്റെ ജനായത്ത മാതൃകയെ സമന്വയംകൊണ്ടാണ് ഖസാക്കുകാർ മറികടക്കുന്നത്. കുറച്ചുകാലം കിളിയായും കുറച്ചുകാലം രാവുത്തരായും തുടരാൻ അപ്പുക്കിളിയ്ക്ക് അവിടെവെച്ച് അനുവാദം ലഭിക്കുന്നുണ്ടല്ലോ.
ഖസാക്കിലെ പൊതുവിടങ്ങൾ ദുർബലങ്ങളും അധികാരത്തിന്റെ സാന്നിധ്യമില്ലാത്തവയുമാണ്. ചെതലിയിൽനിന്നും പാലക്കാട്ടേയ്ക്കുള്ള യാത്രയിൽ, സർക്കാർനിരത്തിൽ വെച്ച് പ്രേതം പിടിയ്ക്കുന്നെങ്കിൽ അതൊന്നു കാണണമെന്ന് കുട്ടാപ്പുനരി പ്രകടിപ്പിക്കുന്ന പരിഹാസത്തിന്റെ ആധികാരികതയ്ക്ക്  ഖസാക്കിൽ ഇടമില്ല.
സാമാന്യം വികസിച്ച ആരാധനാലയമാണ് കുട്ടാടൻ പൂശാരിയുടെ ദൈവപ്പുര. അതു പിന്നീട് ഉത്സവാഘോഷം നടക്കുന്ന കാവായിത്തീർന്നു. വംശസ്മരണയുടെ അവശിഷ്ടങ്ങളായി ഖസാക്കിൽ ഷെയ്ക്കിന്റെ പ്രേതവും വെഷത്താന്മാരും പാർക്കുന്ന ഒരു പനങ്കാടുണ്ട്. മൈമുന ഒഴികെയുള്ള പെണ്ണുങ്ങൾക്ക് ഖസാക്കിൽ അനുവദിച്ച പൊതുവിടങ്ങളാണ് കനത്തുനിൽക്കുന്ന മാന്തോപ്പും തേക്കിൻകാടും. കഥകളുടെയും പുരാവൃത്തങ്ങളുടെയും നിഴൽപേറി പതിഞ്ഞുനിൽക്കുന്ന തകർന്നുപോയ രാജാവിന്റെ പള്ളിയും അതിനരികിലെ അറബിക്കുളവും സാധാരണ ഖസാക്കുകാരാൽ ഉപേക്ഷിക്കപ്പെട്ടവയാണ്. നൈസാമലിയുടെ രതിയും നിഗൂഢതയും ദൃഢമാകുന്ന കളിസ്ഥലമാണത്.
രതിയും നിഗൂഢതയുംകൊണ്ട് ആ കളിസ്ഥലം പങ്കുവെയ്ക്കുന്ന രണ്ടുപേർ കൂടിയുണ്ട്: രവിയും മൈമുനയും.

khasakhinte_itihasam_play-drama_deepu-sivaraman

ദീപേൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തിലെ ഒരു രംഗം

മരണങ്ങളുടെ ഉദ്യാനം

മരണം ഖസാക്കിന്റെ ഇതിഹാസത്തിലെ അവസാന അധ്യായത്തിലെ അവസാന മുഹൂർത്തത്തിൽ മാത്രമല്ല ആഖ്യാനത്തിന്റെ ഗതി തിരിച്ചുവിടുന്നത്. ഖസാക്ക് സഞ്ചരിക്കുന്നത് മരണത്തിന്റെ ഉദ്യാനങ്ങളിലൂടെയാണ്. ‘സുരതക്രിയയായി രോഗവും അനന്ദമൂർഛയായി മരണവും.’
സുരതക്രിയ എന്ന വാക്കിനെ പിന്തുടരേണ്ടതുണ്ട്. അതിന് ചിറ്റമ്മയിലേക്കു സഞ്ചരിക്കാനുണ്ടല്ലോ. ആനന്ദമൂർഛ എന്ന വാക്കിന് രവിയുടെ സർപ്പസമാഗമത്തിലേക്കും ചെന്നെത്താനൂണ്ട്. ഒരറ്റത്തുനിന്നും ആരംഭിച്ച് അന്തിമമായ പരിണതിയിലെത്തുന്നതുവരെ ആ വാക്കുകൾ വായനയിൽ മുറിവുണ്ടാക്കിക്കൊണ്ടിരിക്കും.
ഖസാക്കിലെ ഓത്തുപള്ളിയിലിരുന്ന് അള്ളാപ്പിച്ചാമൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികൾക്കു പറഞ്ഞുകൊടുത്ത കഥ ഷെയ്ഖ്തമ്പുരാൻ സഞ്ചരിച്ച പാണ്ടൻ കുതിരയുടെ മരണത്തിലവസാനിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിലെ ആഖ്യാനത്തിന്റെ ആദിമബിന്ദു അങ്ങനെ മരണത്തിന്റെ പതാകാജാഥയായിത്തീർന്നു. സർപ്പദംശനത്തിന്റെ മരണമുഖത്ത് രവിയെ ഉപേക്ഷിച്ച് ആ പതാകാജാഥ പൂർണമാകുംവരെ ‘തളച്ചുനിർത്തിയ ബലിമൃഗം മൂകമായി വണ്ടിയിലേക്കു നോക്കു’ന്നതുപോലെ ഖസാക്ക് ഓരോ മരണത്തെയും കണ്ടുനിന്നു. എട്ടുകാലികളുടെയും ഓന്തുകളുടെയും മരണം പോലും ഖസാക്കിൽ ചില സൂക്ഷ്മശ്രുതികൾ അവതരിപ്പിക്കുന്നുണ്ട്.
മരണത്തിന്റെ ഭാരം നിറഞ്ഞ കൈപ്പടം ഐതിഹ്യങ്ങളിലും കഥകളിലും നിരന്തരം പ്രത്യക്ഷമാകുന്നതിനെക്കുറിച്ച് ഖസാക്കിലെ കുഞ്ഞുങ്ങൾപോലും ജാഗരൂകരാണ്. ഏകാധ്യാപകവിദ്യാലയത്തിൽ രവി കുട്ടികൾക്ക് കഥപറഞ്ഞുകൊടുക്കുന്ന സന്ദർഭം, ആദ്യദിനം, അതു സൂചിപ്പിക്കുന്നു.
”ഇന്നാരാ കഥപറയ്ാ’, അയാൾ പറഞ്ഞു.’എന്ത് കഥ്യാ വേണ്ടത്?’
കുട്ടികളെല്ലാവരുമൊരുമിച്ച് സംസാരിയ്ക്കാൻ തുടങ്ങി.
‘സാർ,സാർ’, സുറുമയിട്ട പെൺകുട്ടി കയ്യുയർത്തിക്കാട്ടി.
‘പറയൂ’, രവി പറഞ്ഞു.
‘സാർ, ആര്ം ചാകാത്ത കത.’
രവി ചിരിച്ചുപോയി. അവൾ തുടുത്തു.
‘എന്താ പേര്?’ രവി ചോദിച്ചു.
‘കുഞ്ഞാമിന.’
‘ശരി’, രവി പറഞ്ഞു.
രവി കഥ പറയാനൊരുങ്ങി.”
മരണവാചികളായ കഥകളിൽനിന്നും രക്ഷപ്പെടാൻ ഖസാക്കിന് കഴിയുമായിരുന്നില്ല. ആരും മരിക്കാത്ത കഥയെന്ന ആവശ്യത്തെ കുഞ്ഞാമിനതന്നെ തകർത്തുകളഞ്ഞു. അവൾ പറഞ്ഞ കഥയും മരണത്തിലേക്കു  ചാടി:
‘പണ്ടൊരുകാട്ടിൽ ഒരു മൊല്ലാക്കയിണ്ടായിര്ന്നു’
കുട്ടികൾ ചേർന്ന് ഇരുന്നു.
കുഞ്ഞാമിന കഥ തുടർന്നു: ‘ആ മൊല്ലാക്ക എന്നും വെള്ളയപ്പം തിന്നാണ് ജീവിച്ചത്.കുട്ടികളാണ് ഇര കൊണ്ടുവന്നുകൊടുത്തത്.എന്നും ഓരോ കുട്ടിയുടെ ഊഴമായിരുന്നു.അവസാനം ഒരു പെൺകുട്ടിയുടെ ഊഴമെത്തി.അവൾ വെള്ളയപ്പം കൊണ്ടുചെന്നില്ല.’ കഥ അങ്ങനെ നീണ്ടു. അവസാനം യുക്തിമതിയായ പെൺകുട്ടി മൊല്ലാക്കയെ പൊട്ടക്കിണറ്റിൽ ചാടിക്കുന്നതോടെ കഥ അവസാനിച്ചു.
രവി കുട്ടികളോടു ചോദിച്ചു,’ഈ കഥേലെ പെങ്കുട്ടിടെ പേരെന്താ, പറയാവോ?’
കുട്ടികൾ പറഞ്ഞു, ‘കുഞ്ഞാമിന!കുഞ്ഞാമിന!’
എട്ടുകാലികൾ ഇണകളെ കൊന്നുതിന്നുന്നു എന്ന് രവി കുട്ടികളെ പഠിപ്പിക്കുമ്പോൾ താൻ എട്ടുകാലിയായി പിറന്നാൽ രവി തന്നെ കൊല്ലുകതന്നെ ചെയ്യുമെന്ന് കുഞ്ഞാമിന വിചാരിക്കുന്നു. ആരും ചാകാത്ത കഥപറയാൻ കെഞ്ചിയ ആ പെൺകുട്ടി പൊടുന്നനെ കർമഫലത്തിന്റെ അതിരുകളെക്കുറിച്ചു സംസാരിക്കുന്ന ഖസാക്കുകാരുടെ പ്രതിരൂപമായിത്തീന്നു. ഇണകളെ കൊല്ലുന്ന എട്ടുകാലികൾ, തന്നെ കൊല്ലുന്ന രവി- അവൾ മനസ്സിൽ കണ്ടത് എന്താണാവോ!
മരിച്ചവരുടെ സ്മാരകങ്ങളാൽ സമൃദ്ധമാണ് ഖസാക്ക്. ഖസാക്കിലെ അർഥപൂർണമായ മരണങ്ങളുടെ ആദിബിന്ദു കണിയാരപ്പണിക്കരുടെ പേരില്ലാത്ത മകളുടേതാണ്. കുപ്പിണിപ്പട ബലാത്സംഘംചെയ്തു കൊന്ന ആ പെൺകുട്ടിയാണ് പിന്നീട് പുളിങ്കൊമ്പത്തെ പോതിയായിത്തീർന്നത്. ശുദ്ധിയിൽനിന്നും വ്യതിചലിക്കുന്നവരോട് പൊറുത്തുകൊടുക്കാത്തതെന്തോ ആയി അത് ഖസാക്കിന്റെ ആഖ്യാനത്തിനുമീതെ, ആദിമഹസ്സിന്റെ തെളിച്ചംപോലെ, പരന്നുകിടക്കുന്നു.
പൊറുത്തുകൊടുക്കപ്പെടാത്തതെന്തോ അതാണ് ഖസാക്കിനു പാപം. അതിൽനിന്നും ഒഴിഞ്ഞോടുന്നവരാണ് ഖസാക്കിലെ പഥികന്മാർ എന്നു പറയാൻ വയ്യ. പാപത്തെ മറികടക്കാൻ അവർ ചില കുറുക്കുവഴികൾ കണ്ടുപിടിച്ചിട്ടുണ്ട്. അത്തരം കുറുക്കുവഴികളാണ് നാഗരികതയുടെ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നത്. തങ്ങൾ തന്നെ ഒരു പ്രഹേളികയുണ്ടാക്കുകയും തങ്ങൾതന്നെ അതു പരിഹരിക്കാൻ ശ്രമിക്കുകയുംചെയ്യുന്നതിന്റെ ഏറ്റവുംസ്വാഭാവികമായ പേരാണ് നാഗരികത എന്നത്. (നാഗരികതയുടെ തട്ടിൽ ഖസാക്കുകാർ, പക്ഷേ, താഴേക്കിടയിലുള്ളവരാണ്). ചാന്തുമ്മയുടെ രാവുത്തർ പുളിയിൽനിന്നു വീണുമരിച്ചതിനു പിറകിൽ പറയാതെ പറയുന്നൊരു ഉപാഖ്യാനമുണ്ടാകുന്നത് അങ്ങനെയാണ്. ചാന്തുമ്മയ്ക്ക് പാപം പിണഞ്ഞുവെന്നതല്ല പിണഞ്ഞ പാപത്തെ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നതാണ് അവിടെ ഊന്നൽ. ഒറ്റപ്പനയുടെ ചോട്ടിൽ തെറ്റുവെയ്ക്കുന്ന സാങ്കേതികവിദ്യ അവൾക്കറിയാതെ പോയതാവുമോ?
ആബിദയുടെ ഉമ്മ കിണറ്റിൽവീണു മരിച്ചു എന്ന, ഒരു അപവാദത്തിന്റെ ധ്വനിയുള്ള, അറിവിന് കിണറിന്റെ ആഴങ്ങളിൽ മുങ്ങാങ്കോഴിയുടെ പൊരുളുതേടലുമായി ബന്ധമുണ്ട്. ആലങ്കാരികതയോടെ അവതരിപ്പിക്കപ്പെട്ട മുങ്ങാങ്കോഴിയുടെ മരണം കിണറ്റിൽ ചാടിയുള്ള വെറുമൊരു ആത്മഹത്യ അല്ലാതാകുന്നത് അങ്ങനെയാണ്. അയാൾ കിണറ്റിന്റെ വില്ലീസുപടുതകൾക്കപ്പുറത്ത് പൊരുളുതേടുകയാണ് എന്നത് ഭാവനയുടെ അമിതവ്യയമല്ല. ജീവിച്ചിരിക്കുമ്പോൾ അയാൾക്കു മനസ്സിലാകാതെ പോയഒന്ന് കിണറ്റിന്റെ ആഴങ്ങളിലുണ്ട്. മരണം കൊണ്ട് അയാൾ അത് അറിയാൻ ശ്രമിച്ചു.  ആ ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ‘സാന്ധ്യപ്രജ്ഞ’  എന്ന പദത്തിന് സവിശേഷാർഥമുണ്ട്. മുങ്ങാങ്കോഴി, അയാൾ അവസാനിപ്പിച്ചുപോന്ന ജീവിതത്തിന്റെ, അറിയപ്പെടാത്ത ഒരു പൊരുളു തേടാൻ അവസാനനിമിഷവും ശ്രമിക്കുന്നു. ആബിദയുടെ ഉമ്മയെ കള്ളക്കെട്ടിയവൻ കൊന്നതാണെന്നു ഖസാക്കിൽപരന്ന അപശ്രുതിയുടെ പശ്ചാത്തലത്തിൽ ആ മരണത്തിന്റെ ആഖ്യാനം പുനർവായിക്കാവുന്നതാണ്.
പൊതുനിരത്തിൽ പ്രേതത്തെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച കുട്ടാപ്പുനരി ഖസാക്കിന്റെ സവിശേഷ ഭൂമികയിലെത്തുന്നതോടെ പേടിച്ചുമരിക്കുന്നു. സർക്കാർ നിരത്തിന്റെ ധൈര്യത്തിൽ വിഹരിക്കുന്ന അത്തരം ജീവിതത്തെ ഖസാക്കിന് ഉൾക്കൊള്ളാനാവില്ല. നീലിയുടെയും കോച്ചിയുടെയും മരണം അപ്പുക്കിളിയെ സമ്പൂർണ സ്വതന്ത്രനാക്കുന്നു. മൂന്നുമരണങ്ങളുടെയും വ്യഥയിൽ അപ്പുക്കിളി ബന്ധനസ്ഥനാവുന്നില്ല. അവൻ പൊട്ടനാണ്, ജന്മാന്തരങ്ങളറിഞ്ഞവനാണ് എന്ന് മുമ്പൊരു ഘട്ടത്തിൽ അപ്പുക്കിളിയെ പരിചയപ്പെടുത്തിയത് ഇവിടെ ഓർത്തുവായിക്കാം.
മരണത്തെയും ജന്മാന്തരങ്ങളെയുംകുറിച്ച്  ഖസാക്കിന്റെ ഇതിഹാസം അതുല്യമായ ദർശനം അവതരിപ്പിക്കുന്ന സന്ദർഭമാണത്. ജന്മാന്തരങ്ങളറിഞ്ഞവൻ പൊട്ടനാണ് എന്നതത്രെ അപ്പുക്കിളി ഉപാഖ്യാനത്തിന്റെ കാതൽ. അപ്പുക്കിളി വരുന്നതും പോകുന്നതും അനാദിയായ ഒരു ഫലശൂന്യത ഓർമിപ്പിക്കാനാണ്. ഖസാക്കിൽ ഉടനീളം കണ്ടെത്താം അതിന്റെ വേരോട്ടം.
പുനർജന്മത്തെക്കുറിച്ച് ഖസാക്ക് നിർമിച്ച രണ്ടു പുരാകഥകളുണ്ട്. ചമ്പകമരവും കുഞ്ഞാമിനയും കഥാപാത്രങ്ങളായി വരുന്ന പ്രകരണമാണ് ആദ്യത്തേത്. രണ്ടാമത്തേത് കുഞ്ചുവെള്ളയുടെ മരണവും പുനർജന്മവും പ്രമേയമായിവരുന്ന സന്ദർഭവും. ജീവന്റെ അനന്തമായ തുടർച്ചയിൽ, മനുഷ്യനെ സംബന്ധിച്ച്, ബന്ധങ്ങളുടെ കഥകളെല്ലാം അപ്രസക്തങ്ങളായിത്തീരുന്നു എന്നാണ് ആദ്യത്തേതിന്റെ വിവക്ഷ. ബന്ധങ്ങളോളം പ്രസക്തമായ മറ്റൊന്നുമില്ലെന്നത് രണ്ടാമത്തേതിന്റെയും. പരസ്പരം നിഷേധിച്ചു രസിക്കുന്ന രണ്ടു കഥകളും ഖസാക്കിലെ ആഖ്യാനത്തിന്റെ സൂക്ഷ്മാകാരമായ സൂചനകളാണ്. സത്തിയം പലത്!
രവിയുടെ വിദ്യാലയത്തിൽ മുപ്പത്തിയഞ്ചോളം കുട്ടികൾ ഒരു ഘട്ടത്തിലുണ്ട്. വസൂരി അവരിൽ പലരെയും കൊണ്ടുപോയി. വാവര്, നൂർജിഹാൻ, ഉണിപ്പാറതി, കിന്നരി, കരുവ് എന്നീ കുട്ടികളുടെ മരണം രജിസ്റ്റരിലെ അടിവരയാൽ മാത്രം ഓർമിക്കപ്പെടുന്നവയാണ്. കരുവ് മരണത്തിനുമുമ്പ് ഏകാധ്യാപകവിദ്യാലയത്തിലെ വിദ്യാർഥിബഹളത്തിൽ ഒന്നു തലകാണിച്ചിട്ടുണ്ട്,  അത്ര മാത്രം.
മരണത്തോടെ ഉപേക്ഷിക്കപ്പെട്ടവർ ഇനിയുമുണ്ട്. ഖസാക്കിൽ അവർക്കു ജീവിതമില്ല, ജീവിതം കരുണയോടെ സമ്മാനിക്കുന്ന ആകാരവുമില്ല. ആരുടെയോ അനാഥമായ ഓർമയിൽ അവർ ഒരുതവണയോ മറ്റോ വന്നുപോകുന്നു. വരുന്നതിനുമുമ്പുതന്നെ പോകുന്നു എന്നുപറയുന്നതാണ് കുറെക്കൂടി ശരി. ചെതലിയിൽ വിറകൊടിക്കാൻ പോയപ്പോൾ യൂനിയൻകാർ കാട്ടുതീവെച്ചു കൊന്ന അത്തർ, ‘അച്ചൻ പോയെടീ, പനീന്നൂ വീണിങ്ങാണ്ട്’ എന്ന വിലാപാംശത്തിൽ  മാത്രം തെളിയുന്ന തായമ്മയുടെ ഭർത്താവ്, തൂങ്ങിച്ചത്ത നാകുമണി, കല്യാണിയുടെ അപ്പനുമമ്മയും, വസൂരിവന്നു ചത്ത പണ്ടാരങ്ങൾ, അവണീശു കുടിച്ചുമരിച്ച എട്ടു കൂമൻകാവുകാർ എന്നിവർക്ക് മരണം മാത്രമേയുള്ളൂ. ഒരുവരിയിൽക്കൊള്ളാൻപോലും അവർക്ക് ജീവിതമില്ല.
ചാന്തുമ്മയുടെ മക്കളായ കുഞ്ഞുന്നൂറുവിന്റെയും ചാന്തുമുത്തുവിന്റെയും മരണം ഒരു അധ്യായം മുഴുവൻ പരന്നുകിടക്കുന്നു. ഖസാക്കിൽ അതിനുമുമ്പ് രണ്ടിടത്തുമാത്രം മിന്നിമറഞ്ഞുപോയ, ഓർത്തുവെയ്ക്കണമെന്നു തോന്നാനേയിടയില്ലാത്ത ഒരു കഥാപാത്രം, തങ്ങളുപക്കീരി, ചാന്തുമുത്തുവിന്റെ മരണത്തെ ഖസാക്ക് എന്ന ദേശത്തിന്റെ ഉത്കണ്ഠയായി പരിവർത്തനപ്പെടുത്തുന്നത് അവിടെയാണ്. ‘തങ്ങളുപക്കീരിയേ, മയ്യത്തിനെ കൊടുങ്കോ’ എന്ന ഖസാക്കുകാരുടെ നിലവിളി അവിടെയാണല്ലോ മുഴങ്ങിക്കേൾക്കുന്നത്.
മയ്യത്തുമെടുത്ത് മലകയറി മറയുന്ന ആ ദേശാടകന് പൊരുളിനെക്കുറിച്ച് ഭ്രാന്തോളമെത്തുന്ന സങ്കൽപങ്ങൾ അവതരിപ്പിച്ച പുരാതനരായ ചിലരുമായി സാദൃശ്യമുണ്ട്.
വികാരം തീണ്ടാതെ ഒരു വാർത്താശകലമെന്ന നിലയിലാണ് സ്‌കൂൾ ഇൻസ്പക്റ്റർ തന്റെ മകൾ ധാത്രിയുടെ മരണത്തെക്കുറിച്ച് രവിയോട് സംസാരിക്കുന്നത്. ഒരു വാർത്താശകലമെന്ന പരിഗണനപോലുമില്ല, രാജാവിന്റെ പള്ളിയിൽ രവിയോടൊത്തുകിടക്കുമ്പോൾ അതുവഴി കൊണ്ടുപോകുന്ന മൊല്ലാക്കയുടെ മയ്യത്തിനെക്കുറിച്ച് ശവം എന്ന ഒറ്റവാക്ക് ഉരുവിടുന്ന മൈമുനക്ക്.
നിസംഗതയെന്നുപോലും വിളിക്കാനാവാത്ത ആ ഭാവത്തിന്റെ അർഥം തിരഞ്ഞുപോകേണ്ടത് മൈമുനയുടെയും മുങ്ങാങ്കോഴിയുടെയും നിക്കാഹിലേക്കാണ്. ‘ഒരു ചാക്കടിയന്തരംപോലെ നിക്കാഹ് കഴിഞ്ഞു’ എന്ന വരിയിൽ അതിന്റെ രഹസ്യമുണ്ട്.
നൈസാമലി, ഖാലിയാരായി കൂമൻകാവിൽനിന്നും ഖസാക്കിലേക്കു വരുന്ന വഴിയിൽ മരണവാചിയായ ഒരു ഉപമാനം വഴിയിൽ കിടക്കുന്നതുകൂടി കാണുക: ‘വിളചീഞ്ഞുപോയ കളമക്കണ്ടംപോലെ കാട്ടുതേനാട്ടികൾ താഴോട്ടു പടർന്നുപടർന്നുപോകുന്നു’.

14066399_631305597037395_2618951540714573708_o

പക്ഷികൾ

പനന്തത്തകളുടെ ധനുസ്സായും കൂട്ടംചേർന്ന പച്ചക്കിളികളായും നഗരത്തിന്റെ പ്രസരംതട്ടി മങ്ങിയ എയ്ത്തുനക്ഷത്രങ്ങൾ പോലെ പറക്കുന്ന രാപ്പക്ഷികളായും ഖസാക്കിൽ പക്ഷികൾ പറക്കുന്നു. അസ്തമയത്തിലൂടെ സൂര്യനിലേക്കു പറക്കുന്ന പക്ഷികളെ കണ്ട് ബോധരഹിതനായി വീണ ജ്ഞാനിയുടെ ഓർമയിലേക്ക് അവ പറന്നുചെല്ലുന്നുണ്ട്.
‘കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക’ എന്ന് ഖസാക്കിൽ സംഭവിക്കുന്ന മറ്റൊരു മഹാവാക്യത്തിന്റെ പ്രത്യക്ഷീകരണങ്ങളാണ് ആ പക്ഷികൾ. ജന്മാന്തരത്തെ അറിഞ്ഞ ഒരേയൊരു കഥാപാത്രത്തിന് കിളി എന്നു പേരുവന്നത് വെറുതെയല്ല.
സത്യമില്ല, സത്യങ്ങളേയുള്ളൂ എന്നു പറയുകയായിരുന്നു ഖസാക്കിന്റെ ഉദ്ദേശ്യം. ലോകം ദു:ഖാത്മകമാണെന്നും ആശയാണ് ദു:ഖത്തിനു കാരണമെന്നുമറിയാൻ തഥാഗതൻ വീടും കുടുംബവും വിട്ട് ആറുകൊല്ലം അലയേണ്ടിയിരുന്നോ എന്നു ചോദിക്കുന്നവരോട് ഖസാക്ക് പ്രസാദം നിറഞ്ഞ ചിരി ചിരിക്കും.
നിങ്ങളുടെ നാട്ടിൽ എന്താണു ധരിക്കുന്നത് എന്നു ചോദിയ്ക്കുന്ന പത്മയോട് വൽക്കലം എന്നു മറുപടിപറയുന്ന രവിയിലൂടെ ഒരു ഫലിതം അതിന്റെ ഉദ്ദേശ്യം തേടി പൗരാണികതയിലേക്ക് യാത്രപോകുന്നു.
‘സ്‌നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി’ എന്നിങ്ങനെ ഖസാക്ക് സ്വയം വെളിപ്പെടുത്താൻ ശ്രമിയ്ക്കുന്നു.
ഖസാക്കുകാർ തീർച്ചയിലെത്തുന്നുണ്ടല്ലോ: ‘സത്തിയം പലത്!’.


ഖസാക്കിന്റെ ഇതിഹാസം നാടകാവതരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ ചെയ്ത ചുമർചിത്രങ്ങൾക്ക് സംഘാടകസമിതിയോട് കടപ്പാട്.

Comments
Print Friendly, PDF & Email