പൂമുഖം OPINION കേരളത്തിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് ദേശീയ നഷ്ടമോ?

കേരളത്തിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് ദേശീയ നഷ്ടമോ?

ശശി എന്ന് ഇന്നും സുഹൃത്തുക്കൾ വിളിക്കുന്ന ശശികുമാർ മേനോന് കേരള സർക്കാർ , ടെലിവിഷൻ മീഡിയത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പ്രഖ്യാപിച്ച അതേ ആഴ്ചയാണ് ശശികുമാർ ‘ദ ഹിന്ദു’വിന്റെ എൻ റാമുമായി ചേർന്ന് സുപ്രീം കോടതിയിൽ പെഗാസസ്‌ വിഷയത്തിൽ ഒരു ഹർജി സമർപ്പിച്ചതും.ഒരു പക്ഷെ ശശി താൻ തുടങ്ങി വെച്ച ദേശീയ സ്വകാര്യ ടെലിവിഷൻ ന്യൂസ് ചാനൽ ദേശീയമായി തന്നെ നില നിർത്തിയിരുന്നെങ്കിൽ ഒരു പക്ഷെ പെഗാസസ്‌ തന്നെ ഉണ്ടാകുമായിരുന്നില്ല . ഉണ്ടായാലും അത് അദ്ദേഹത്തിനുണ്ടാവുമായിരുന്ന ഇംഗ്ലീഷ് , ഭാഷാ ചാനലുകൾ ഭംഗിയായി കൈകാര്യം ചെയ്തേനെ.

ശശി കുമാർ മേനോൻ

അമ്മായിക്ക് മീശ ഉണ്ടായിരുന്നെങ്കിൽ അമ്മാവാ എന്ന് വിളിക്കാമെന്ന പോലെ എന്തിനുള്ള പുറപ്പാടാണെന്ന് വായിക്കുന്ന നിങ്ങൾക്ക് തോന്നിയിരിക്കാം. അങ്ങനെ തോന്നണം, കാരണം എന്നെ സംബന്ധിച്ചിടത്തോളം ശശി കേരളത്തിൽ ലൈഫ് ടൈം അച്ചീവർ ആണെങ്കിലും ദേശീയമായി ഒരു വലിയ നഷ്ടം ആണ്. പ്രത്യേകിച്ച് ടെലിവിഷൻ മാധ്യമത്തിൽ. അതിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ, പരിപോഷിപ്പിച്ചിട്ടു ഉപേക്ഷിച്ചു പോയ ഒരു തലതൊട്ടപ്പൻ. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശശി കേരളത്തിലേക്ക്, മലയാളത്തിലേക്ക് ഒതുങ്ങിയത്, ദേശീയ ടെലിവിഷൻ മാധ്യമ രംഗത്തിന്റെ നഷ്ടമാണ് . ഇത് ഞാൻ ശശിയോട് 2014 ലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ബിരുദാന്തര പാർട്ടിയിൽ നേരിട്ട് പറഞ്ഞതാണ്. അത് പറയുവാൻ 1981 മുതലുള്ള ശശിയുമായുള്ള എന്റെ ബന്ധം എന്നെ അനുവദിച്ചു. അത് ഒരു ചെറു പുഞ്ചിരിയോടെ ശശി കേട്ടിരുന്നു എന്നത് അദ്ദേഹത്തിന്റെ എന്നോടുള്ള വാത്സല്യത്തിന്റെ ഭാഗമാണ് എന്നും ഞാൻ കരുതുന്നു.

അതെ, ഈകുറിപ്പിന് കാരണം തന്നെ ആ നഷ്ട ബോധമാണ്. ശശികുമാർ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ടെലിവിഷൻ നെറ്റ്‌വർക്ക് ആയിരുന്ന ദൂരദർശൻ നാഷണലിന്റെ ആദ്യത്തെ ഇംഗ്ലീഷ് ന്യൂസ് സെലിബ്രിറ്റി ആയി ഉയരുന്നത് 1985 ൽ ഞാൻ നേരിട്ട് കണ്ടതാണ് . പിന്നീട് ദൂരദർശൻ ന്യൂസിന്റെ മിക്ക ന്യൂസ് ഫീച്ചറുകളും പി ടി ഐ ടെലിവിഷൻ എന്ന് അദ്ദേഹം തന്നെ സ്ഥാപിച്ച ആദ്യത്തെ ടെലിവിഷൻ ന്യൂസ് ഏജൻസിയിൽ നിന്നായിരുന്നു. സൂര്യാ ടെലിവിഷന്റെ പ്രാഗ് രൂപമായിരുന്ന ‘പൂമാല’ ന്യൂസ് ക്യാപ്സ്യൂളിന്റെ പ്രൊഡ്യൂസർ, ഡൽഹി സന്ദർശിക്കുന്ന വിദേശ രാജ്യത്തലവന്മാരെ അഭിമുഖം ചെയ്യുന്ന ആൾ, രാജീവ് ഗാന്ധി എന്ന,ദേശീയ ദൂരദർശൻ ന്യൂസ് നെറ്റ്‌വർക്ക് സ്ഥാപിച്ച പ്രധാന മന്ത്രിയുടെ ഇഷ്ട ടെലിവിഷൻ പേഴ്സൺ. ഇതൊക്കെയായിരുന്ന അദ്ദേഹത്തിന്റെ അന്നത്തെ നില എന്താണെന്നു ഊഹിക്കാമല്ലോ, എന്റെ നഷ്ടബോധത്തിന്റെ കാരണവും.

കേരളത്തിൽ ഗൗരവമുള്ള ഒരു ടെലിവിഷൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശശികുമാർ എന്ന് ജൂറി വിലയിരുത്തി. മലയാളത്തിലെ ദൃശ്യമാധ്യമപ്രവർത്തനത്തിന് മതേതര, പുരോഗമനമൂല്യങ്ങളിലൂന്നിയ ദിശാബോധം നൽകുകയും ദീർഘകാലമായി ഈ മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ടെലിവിഷൻ പ്രവർത്തകനെന്ന നിലയിലുള്ള അതുല്യസംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതിയെന്നും ജൂറി അഭിപ്രായപ്പെട്ടു. ദൂരദർശനിൽ ഇംഗ്‌ളീഷ് വാർത്താവതാരകനായും പ്രൊഡ്യൂസറായും ഔദ്യോഗിക ജീവിതം ആരംഭിച്ച ശശികുമാർ മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലിന്റെ സ്ഥാപകനാണ്. പ്രാദേശികഭാഷയിലുള്ള ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ടെലിവിഷൻ ചാനൽ കൂടിയായ ഏഷ്യാനെറ്റിലൂടെ വാർത്തകളും വാർത്താധിഷ്ഠിതപരിപാടികളുമായി പുരോഗമനപരമായ ദൃശ്യമാധ്യമപ്രവർത്തനത്തിന് അദ്ദേഹം തുടക്കമിട്ടു. നിലവിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയർമാനും ഏഷ്യാവിൽ ചീഫ് എഡിറ്ററുമാണ്. എൻ.എസ് മാധവന്റെ ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ‘കായാതരൺ’ എന്ന ഹിന്ദി ചിത്രത്തിന് അരവിന്ദൻ പുരസ്‌കാരം ലഭിച്ചു. ‘എന്നു നിന്റെ മൊയ്തീൻ’, ‘ലൗഡ് സ്പീക്കർ’, ‘ലവ് 24×7 ‘തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1952 ഫെബ്രുവരി 23ന് കൊടുങ്ങല്ലൂരിൽ ജനിച്ച ശശികുമാർ ചെന്നൈ ലോയോള കോളേജിൽനിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. അൺമീഡിയേറ്റഡ്: എസ്സേയ്‌സ് ഓൺ മീഡിയ, കൾച്ചർ ആന്റ് സിനിമ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.” (കേരള സർക്കാർ പത്രക്കുറിപ്പ് )

ശശികുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കൊടുത്ത കമ്മിറ്റിക്കോ കേരള സർക്കാരിനോ അദ്ദേഹത്തിന്റെ മീഡിയ രംഗത്തെ ആദ്യ കാൽവെയ്പ് അടിയന്തരാവസ്ഥക്കാലത്തു ചിന്ത രവി സംവിധാനം ചെയ്ത ” ഇനിയും മരിക്കാത്ത നമ്മൾ” എന്ന സിനിമയിലെ നായകനായിട്ടാണ് എന്ന് അറിഞ്ഞു കൂടെന്ന് തോന്നുന്നു. കാരണം അത് അവരുടെ പത്ര കുറിപ്പിൽ കണ്ടില്ല. രവിയുടെ സുഹൃദ് വലയത്തിൽ ഉണ്ടായിരുന്ന എനിക്ക് ശശിയെ പറ്റി കേൾക്കുവാൻ ഇട വന്നത് ആ ചിത്രം തിരുവന്തപുരത്തെ ‘ശ്രീ പദ്മനാഭ ‘സിനിമ കൊട്ടകയിൽ കണ്ടതോടെയാണ്.

ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയിൽ നിന്ന് ഒരു രംഗം

ഒരു സിനിമ കൊണ്ട് ആരും സെലിബ്രിറ്റി ആകില്ല. ശശി പക്ഷെ മദ്രാസിൽ അന്നു തന്നെ സെലിബ്രിറ്റി ആയിരുന്നു- കാരണം അദ്ദേഹം അവിടുത്തെ ദൂരദർശൻ ചാനലിൽ ന്യൂസ് റീഡർ ആയിരുന്നു, ആദ്യ ഘട്ടത്തിൽ ‘ദി ഹിന്ദു’ വിന്റെ സിനിമ നിരൂപകനും. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 1981 ലെ ഡൽഹി അന്തർ രാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ച് അന്ന് എന്റെ കൂടെയുണ്ടായിരുന്ന എന്റെ സഹപാഠി മദ്രാസുകാരി പദ്മ ശാസ്ത്രിയുടെ അത്ഭുതം കൂറുന്ന കണ്ണുകൾ ആണ് എന്നെ ശശിയുടെ സെലിബ്രിറ്റി സ്റ്റാറ്റസിനെ പറ്റി ബോധവാനാക്കിയത് പദ്മ പിന്നീട് എന്നോട് പറഞ്ഞു ” നിനക്ക് ശശിയെ അറിയാമോ?” . അദ്ദേഹം മദ്രാസിലെ ദൂരദർശൻ ന്യൂസ് റീഡർ എന്ന നിലയിൽ കോളേജ് പെൺകുട്ടികളുടെ ഹരമാണെന്നും ഹീറോ ആണെന്നും പദ്മ പറഞ്ഞു തിരുവനന്തപുരത്തു നിന്ന് ഡൽഹിയിൽ ചേക്കേറിയ എനിക്ക് അത് പുതിയ വാർത്ത ആയിരുന്നു.
ശശി പിന്നീട് ‘ദ ഹിന്ദു’വിന്റെ ഗൾഫ് കറസ്പോണ്ടന്റ് ആയി പോയി, ദൂരദർശന്റെ ആദ്യ ദേശീയ ന്യൂസ് മുഖമായി ദൽഹിയിൽ പ്രത്യക്ഷപ്പെട്ടു . ആയിടെയാണ് അദ്ദേഹം മുദ്ര കമ്മ്യൂണിക്കേഷനിൽ ചേർന്നത് . 84 ഓടെ പക്ഷെ അവിടം വിട്ടു ദൽഹിയിൽ പി ടി ഐ എന്ന വാർത്ത ഏജൻസി തുടങ്ങിയ ടെലിവിഷൻ യൂണിറ്റ് കെട്ടിപ്പടുക്കുവാൻ ചേർന്നതായി കേട്ടു . അവിടെ ഞാൻ അദ്ദേഹത്തെ കണ്ടു, സംസാരിച്ചു. സിനിമയും വിഷ്വൽ മീഡിയയും എന്റെ ആദ്യ പ്രേമം ആയിരുന്നിട്ടും ഞാൻ ശശിയോട് ഒരു അവസരം ചോദിച്ചില്ല എന്ന് തന്നെയാണ് എന്റെ ഓർമ . അങ്ങോട്ട് ചോദിക്കാതെ സീനിയർമാർ അവരുടെ ജൂനിയർമാർക്കു അവസരങ്ങൾ കൊടുക്കുന്ന കാലമായിരുന്നു എൺപതുകൾ.

രാജീവ് ഗാന്ധി ഇന്ത്യയെ മാറ്റിമറി ച്ച 1985 കാലഘട്ടം പി ടി ഐ ടി വി യുടേയും ശശികുമാറിന്റെയും സുവർണ കാലമായിരുന്നു. അന്നാണ് ആദ്യമായി ദൽഹിയിലെ സോഷ്യലൈറ്റുകൾ ഇരുത്തി ബോറടിപ്പിച്ചു കൊണ്ടിരുന്ന നാഷണൽ ന്യൂസിന് ആദ്യമായി ഒരു പ്രൊഫഷണൽ സമീപനം വരുന്നത്. പി ടി ഐ ടി വിയിലൂടെ. ശശിയുടെയും ടീമിന്റെയും വേറിട്ട ന്യൂസ് പരിപാടികൾ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നവ യായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്ന ഗോപി അറോറ നേരിട്ടായിരുന്നു ശശിക്കും ടീമിനും ന്യൂസ് പ്രോഗാമുകളുടെ വിഷയങ്ങൾ കൊടുത്തത് പിന്നീട് രാജ്യം സന്ദർശിക്കുന്ന വിദേശ രാജ്യത്തലവന്മാരുമായി ദൂരദർശനു വേണ്ടി അഭിമുഖം നടത്തുന്നതും അതേ ടീമായിരുന്നു . സോവിയറ്റ് യൂണിയനിൽ പോയി ഗോർബച്ചേവിന്റെ പെരെസ്ട്രോയ്ക്കയെ പറ്റി ഒരു സീരീസ് ദൂരദർശനു വേണ്ടി ചെയ്തിരുന്നു. തുടർന്ന് സക്കറിയുമായി ചേർന്ന് വിദേശ കാര്യ വകുപ്പിനായി ഇന്ത്യയെപ്പറ്റി ഒരു ജേർണൽ ചെയ്തു .അതായതു മദ്രാസ് കോളേജ് കുമാരികളുടെ ഹീറോയിൽ നിന്ന് ശശി ഡൽഹിയിലെ കേന്ദ്ര സർക്കാരിന്റെ , വികസിച്ചു വന്ന സ്വകാര്യ ടെലിവിഷൻ രംഗത്തെ ഹീറോ അയി മാറിക്കഴിഞ്ഞു.

എൺപതുകളുടെ അവസാനത്തോടെ വി പി സിംഗ് പ്രധാനമന്ത്രി ആയ കാലത്ത് ആന്ധ്രയിൽ ഉണ്ടായ കൊടുങ്കാറ്റിനെപ്പറ്റി ഒരു ന്യൂസ് ഡോക്യുമെന്ററി ചെയ്യുവാൻ ശശികുമാർ അന്ന് ഡെക്കാൻ ക്രോണിക്കിളിൽ ഉണ്ടായിരുന്ന എന്നെ ഏൽപ്പിക്കുകയുണ്ടായി . അതിന്റെ നിർമാണ ഫീ എന്റെ ദില്ലിയിൽ ഒരു ഫ്ലാറ്റ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ വഴിവെച്ചു . (അന്ന് ഡൽഹി മാതൃഭൂമിയിൽ ഉണ്ടായിരുന്ന ടി എൻ ഗോപകുമാറും ഞാനും തമ്മിൽ ശശിക്ക് തെറ്റാറുണ്ടായിരുന്നു എന്നും അങ്ങനെയാണ് ആ ഹ്രസ്വ ടെലിവിഷൻ ചിത്രം എന്റെ കയ്യിൽ വന്നതെന്നും ഒരു കഥയുണ്ട്).

തൊണ്ണൂറുകളുടെ ആദ്യത്തോടെ സോവിയറ്റ് യൂണിയൻ തകർന്നു, രാജീവ് ഗാന്ധി കൊല്ലപ്പെട്ടു ബുഷ് സീനിയർ കുവൈറ്റിൽ ഗൾഫ് യുദ്ധം നടത്തി . ലോകവും സാമ്പത്തിക പരിഷ്‌കാരങ്ങൾ വഴി ഇന്ത്യയും മാറി . അന്ന് ഫിനാൻഷ്യൽ എക്സ്പ്രസ്സിൽ എത്തിയ ഞാൻ സി എൻ എൻ (CNN) വഴി ലോക സാറ്റലൈറ്റ് ടെലിവിഷൻ യുഗം തുടങ്ങുതിനും സാക്ഷിയായി. ഈ മാറ്റങ്ങൾ പി ടി ഐ ടി വിയുടെ അപ്രമാദിത്യം തകർത്തു . പല ഡൽഹി കൂട്ടങ്ങളും ടെലിവിഷൻ പ്രോഗ്രാമുകൾ ചെയ്യുവാൻ തുടങ്ങി. ആയിടെ ആണ് ലീ കാ ഷീ എന്ന ഹോംഗ് കോങ് അതിസമ്പന്ന വ്യവസായി തന്റെ പ്രൈവറ്റ് സാറ്റലൈറ്റ് വഴി സ്റ്റാർ ടി വി തുടങ്ങുന്നത്. സിംഗപ്പൂരിൽ നിന്ന് പെട്രോളിയം ന്യൂസ് എന്ന മാസിക നടത്തിയിരുന്ന സിങ്കപ്പൂർ ഗോപൻ ഇടക്കിടെ വന്നു സക്കറിയ ഉൾപ്പെടുന്ന ഞങ്ങളുടെ കൂട്ടത്തിനു ഇങ്ങനെയുള്ള പുതിയ അന്തർ ദേശീയ സംഭവങ്ങളെപ്പറ്റി അറിവ് പകർന്നിരുന്നു. അദ്ദേഹത്തിന്റെ സ്വത:സിദ്ധമായ അറിവിന്റെ പുഛം സഹിക്കാൻ പറ്റാതെ സക്കറിയ ലീ ക ഷിയുടെ സാറ്റലൈറ്റ് ടി വി വിൽപ്പനയെ പറ്റി ശശിയോട് ചർച്ച ചെയ്യുവാൻ പറഞ്ഞു. പുതിയ മീഡിയാ മാർഗങ്ങൾ തേടിയിരുന്ന ശശി അത് കേട്ട് ഗോപനെയും കൂട്ടി ഹോംഗ്കോങ്ങിൽ പോയി. ഒരു സാറ്റലൈറ്റ് ട്രാൻസ്പോണ്ടറിനു പത്തു ദശ ലക്ഷം വില വരുമെന്ന് കേട്ട് തളർന്നു, തിരിച്ചു വന്നു (ബാങ്കോക്കിൽ ഇറങ്ങി രണ്ടു ദിവസം തിരുമ്മൽ കഴിഞ്ഞാണ് ശശി ഡൽഹിയിൽ തിരിച്ചെത്തിയത് എന്നൊരു തമാശ കുറച്ചു കാലം വൈകുന്നേര സദസ്സുകളിൽ കറങ്ങി).

ലീ കാ ഷി

കാര്യങ്ങൾ ശശിയുടെ സോവ്യറ്റ് – റഷ്യൻ അമ്മാവൻ രജി മേനോന്റെ ചെവിയിൽ എത്തി. ഒരു ട്രാൻസ്പോണ്ടർ ഇല്ലാത്തതു കൊണ്ട് മരുമകൻ സാറ്റലൈറ്റ് ടി വി പരിപാടി ഉപേക്ഷിക്കണ്ട എന്ന് പറഞ്ഞു അദ്ദേഹം ‘എ ക്രാൻ ‘ എന്ന റഷ്യൻ സാറ്റലൈറ്റ് ട്രാൻസ്പോണ്ടർ ബുക്ക് ചെയ്തത്രേ. അന്ന് സോവിയറ്റ് യൂണിയൻ തകർന്നതോടെ–ആക്രി വിലക്ക് പഴയ സോവിയറ്റ് സാധനങ്ങൾ കിട്ടുമായിരുന്നു ഒരു ഇന്ത്യക്കാരൻ ഇങ്ങനെ ചെയ്യുന്നത് നടാടെ ആണ്. അത് കൊണ്ട് തന്നെ അത് ഞാൻ ഫിനാൻഷ്യൽ എക്സ്പ്രസ്സിൽ ന്യൂസുമാക്കി. അന്നത്തെ ‘ഏഷ്യാനെറ്റ്’ സാറ്റലൈറ്റ് ചാനൽ ഇംഗ്ലീഷിൽ തുടങ്ങുവാൻ ആയിരുന്നു പി ടി ഐ ടിവിയുടെ പരിപാടി.

ആയിടെ രണ്ടു മലയാളികൾ ചേർന്നാൽ ഈഗോ ക്ലാഷ് ഉണ്ടാവാമെന്ന് പറയുന്നത് ശരിവെക്കുന്ന പോലെ സംഭവങ്ങൾ നീങ്ങി . പി ടി ഐ ബോർഡ് മേധാവി ആയി മാതൃഭൂമി എം ഡി വീരേന്ദ്ര കുമാറും ദൽഹി ബ്യുറോയിൽ മാതൃഭൂമി എഡിറ്റർ ആയി വി കെ മാധവൻ കുട്ടിയും എത്തിച്ചേർന്നു .മാധവൻ കുട്ടി അന്ന് വീരേന്ദ്ര കുമാറിനു അനഭിമതമായിരുന്നു . ശശികുമാർ , സക്കറിയ , മാധവൻകുട്ടി സഖ്യത്തെപ്പറ്റി അന്ന് ഏവർക്കുമറിയാം . മാത്രവുമല്ല ശശികുമാറിനെ പിന്തുണച്ച പി ടി ഐ യുടെ ജനറൽ മാനേജർ പി ടി ഉണ്ണികൃഷ്ണൻ രോഗം ബാധിച്ചു കിടപ്പിലാവുകയും ചെയ്തു . ഉയർന്നു വരുന്ന സാറ്റലൈറ്റ് ചാനൽ രംഗത്ത് പി ടി ഐ യുടെ ബോർഡിൽ മറ്റു മാധ്യമക്കാരുടെ അധിനിവേശമുണ്ടായപ്പോൾ ‘ഏഷ്യാനെറ്റ് ‘ എന്ന പ്രൊജക്റ്റ് ക്രമേണ ശശിയുടെ മാത്രമായി. മലയാളമായി . സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ഉണ്ടായ തുറന്ന കച്ചവടത്തിൽ ശശിയുടെ അമ്മാവൻ ധനികനും ആയിക്കഴിഞ്ഞിരുന്നു. അദ്ദേഹം ‘എ ക്രാൻ’വഴി ഒരു മലയാളം ചാനൽ എന്ന പരിപാടിയെ പിന്തുണച്ചു. പക്ഷെ പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞാണ് ‘ശ്യാമ സുന്ദര കേര’…വുമായി ഏഷ്യാനെറ്റ് ടെലിവിഷൻ ചാനൽ അവതരിക്കുന്നത്.ഈ മൂന്ന് വർഷങ്ങൾ ‘എ ക്രാൻ’ വഴി സിനിമകൾ കാണിച്ചു ശശിയുടെ മദ്രാസ് സുഹൃത്ത് കലാനിധി മാരൻ സൺ ടിവി സാമ്രാജ്യം കെട്ടിപ്പടുത്തു.

ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും മദ്രാസിൽ വളർന്ന ശശികുമാറിന് ഡൽഹിയിലെ അധികാരത്തിന്റ ഇടനാഴികളിൽ ചിരപരിചിതൻ ആയിരുന്നിട്ടു പോലും അതുമായി ഇഴുകി ചേരുവാൻ കഴിഞ്ഞില്ല. ഒരു പ്രസ് ക്ലബ് സംസാരത്തിൽ താൻ ഇപ്പോഴും ഒരു മദ്രാസി ആണെന്നും ദൽഹിയിൽ തനിക്ക് വേരുകൾ പിടിക്കില്ല എന്നും അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. പക്ഷെ പി ടി ഐ ടി വി എന്ന സ്ഥാപനമാണ് ദൂരദർശനെ വാർത്താരംഗത്തു പുതുമയുടെ മാധ്യമ വഴിയിലേക്ക് ആദ്യമായി നയിച്ചത്. അദ്ദേഹം അതിനു തന്റെ ‘ദ ഹിന്ദു ‘പത്രത്തിന്റെ പോലെ ഒരു നല്ല ടീമിനെ വളർത്തിയെടുത്തു. ദൂരദർശനിലെ തന്നെ ‘മണി മാറ്റേഴ്സ്’ എന്ന സാമ്പത്തിക പ്രോഗ്രാം വഴി സാമ്പത്തിക ടെലിവിഷൻ പരിപാടികൾക്ക് തുടക്കം കുറിച്ചു . പ്രണോയ് റോയ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ തന്റെ ‘ലോകം ഈ ആഴ്ചയിൽ’ എന്ന വീക്ക്ലി പരിപാടിയുമായി ദൂരദർ ശനിൽ വരുന്നതിനും മുൻപേ. രാജീവ് ഗാന്ധിയുടെ പ്രധാന ഉപദേശകൻ ആയിരുന്ന ഗോപി അറോറയെ പോലെ ഒരാൾ തങ്ങളുടെ മീഡിയ പദ്ധതികൾ പ്രാവർത്തികമാക്കുവാൻ തിരഞ്ഞെടുത്തത് ശശികുമാറിനെ ആയിരുന്നു. കൂടെ പി ടി ഐ എന്ന വളരെ പ്രൊഫഷണലായിരുന്ന വാർത്താ ഏജൻസിയുടെ ഭാഗമായി , വളരെ പ്രൊഫഷണൽ ആയ ടെലിവിഷൻ ജേർണലിസ്റ്റുകളെ വാർത്തെടുക്കുവാൻ കഴിഞ്ഞു.

അതായതു ഇന്ത്യയിലെ സ്വാകാര്യ ടെലിവിഷൻ രംഗത്തെ ആദ്യത്തെ എഡിറ്റർ സ്റ്റാർ ശശികുമാർ ആയിരുന്നു. അതാണ് ഈ രംഗത്തെ മാറ്റത്തിനു തുടക്കം, അതിന്റെ ഗുണ മേന്മകൾ ഭാവി എന്നിവ നിർണയിക്കുവാൻ ചരിത്ര നിയോഗമുണ്ടായ ആളായിരുന്നു ശശി. പി ടി ഐ ടി വി യെ അന്നത്തെ ആ രംഗത്തെ മികച്ചതാക്കി, ദേശീയ ടെലിവിഷൻ രംഗത്തെ മുടിചൂടാമന്നൻ ആയിരിക്കുമ്പോഴാണ് ദേശീയ രംഗത്ത് നിന്ന് അദ്ദേഹം അപ്രത്യക്ഷനായി മലയാളത്തിലേക്ക് മാത്രമാകുന്നത് . പത്രപ്രവർത്തനത്തിന്റെ എല്ലാ പ്രൊഫഷണൽ ചട്ടക്കൂടും ഉണ്ടായിരുന്ന ശശി മാറിയതിനുശേഷം , മറ്റു രംഗത്തുള്ളവർ അവിടെ അവരുടെ ദേശീയ സ്ഥാനങ്ങൾ ഉറപ്പിക്കുവാൻ തുടങ്ങി. എൻ ഡി ടി വി , ഇന്ത്യ ടുഡേയുടെ ടി വി വിഭാഗം , ബിസിനസ് ഇന്ത്യ ടെലിവിഷൻ, സീ ടി വി എന്നിവർ വന്നെത്തി. അവർക്കാർക്കും ശശിയെ പോലെ മുഖ്യധാരാ പത്രപ്രവർത്തനത്തിന്റെ പ്രൊഫഷണൽ പരിചയം ഇല്ലായിരുന്നു. അതായതു ശശി ദേശീയ രംഗത്ത് ടെലിവിഷനെ പത്ര പ്രവർത്തനവുമായി കൂട്ടി നിർത്താവുന്ന, അതിന്റെ പ്രൊഫഷണൽ അന്തഃസത്ത നിലനിർത്തി വികസിപ്പിക്കുവാൻ കഴിയുന്ന ഏക വ്യക്തി ആയിരുന്നു . അതായതു തന്റെ ദേശീയ ചരിത്ര നിയോഗത്തെ വിട്ട് രാജ്യത്തെ മുഴുവൻ ടെലിവിഷൻ രംഗത്തിനു മാതൃകകൾ കാണിച്ചു കൊടുക്കേണ്ട സമയം ആയപ്പോൾ ആണ് അദ്ദേഹം മലയാളത്തിൽ ടെലിവിഷൻ തുടങ്ങിയത് . ഇന്ന് കേരളത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി നേടുന്നത്. അതിനു അർഹനായി ഇന്ന് കേരളത്തിൽ അദ്ദേഹമേ ഉള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ് . പക്ഷെ കേരളം ഇന്നും ടെലിവിഷൻ രംഗത്തു പിടിച്ചു നിൽക്കുമ്പോൾ വെറും ‘പേശും പട’മായി മാറിയ ദേശീയ ചാനലുകൾ കാണുമ്പോൾ ആണ് എനിക്ക് ശശിയുടെ ദേശീയ രംഗത്തെ അഭാവത്തെ പറ്റി നഷ്ടബോധമുണ്ടാകുന്നത്.

ആൾക്കൂട്ട ആക്രോശങ്ങളും, വീമ്പിളക്കങ്ങളും , വിഭാഗീയതയും നിറഞ്ഞ ദേശീയ ചാനലുകൾ കാണുമ്പോൾ ശശിയെ പോലുള്ള ഒരു പ്രൊഫഷണൽ മീഡിയക്കാരന്റെ അഭാവം അദ്ദേഹത്തിന്റെ ആദ്യകാല ദേശീയ പ്രവർത്തനം കണ്ട ഒരാൾക്കുണ്ടാക്കുക നഷ്ട ബോധമാണ്. കാരണം അത്ര വലിയ നിലവാരമാണ് അദ്ദേഹം തുടങ്ങി വെച്ചിട്ടു പോയത്; ഇന്നുള്ളവർക്ക് ഒരിക്കലും സ്വപ്നം കാണുവാൻ കഴിയാത്ത തരത്തിൽ . അത് തുടർന്ന് പോകാഞ്ഞത് ഈ രാജ്യത്തെ മാധ്യമ രംഗത്തിന്റെ തന്നെ ഭാഗ്യ ദോഷം എന്ന് പറയേണ്ടി വരും. മലയാളത്തിലെ ചില ചാനലുകൾ ദേശീയ ധാരയെ പുണരുവാൻ ശ്രമിക്കുന്നതു കാണുമ്പോൾ ശശി തന്റെ ‘ഏഷ്യാവി’ലു മായി ഇന്നും അതിനു തടയിടുന്നു എന്നതും ഒരു ചരിത്ര നിയോഗമായി കാണേണ്ടിയിരിക്കുന്നു.

പോസ്റ്റർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Photo Courtesy : Google Photos, M3DB

Comments
Print Friendly, PDF & Email

You may also like