പൂമുഖം പുസ്തകപരിചയം കാലത്തിന്റെ ഖബർസ്ഥാനുകൾ

കാലത്തിന്റെ ഖബർസ്ഥാനുകൾ

(ഹമീദ് ചങ്ങരംകുളത്തിന്റെ ഇപ്പിനു എന്ന കഥാ സമാഹാരത്തിലൂടെ)

ഹമീദ് ചങ്ങരംകുളത്തിന്റെ പലവഴികളിൽ ഒന്നാണ് കഥ എഴുത്ത്.തന്റെ ആദ്യ കഥാ സമാഹാരമായ ‘ഇപ്പിനു’ വിലൂടെ കടന്നുപോകുമ്പോൾ വായനക്കാരെ തന്റെ ഗ്രാമമായ ‘പള്ളിക്കര’ യുടെ നാട്ടുവഴികളിലൂടെയോ, പാട വരമ്പിലൂടെയോ നടന്നു പോകുന്ന അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കുന്നു കഥാകാരന്.ഇപ്പിനു, ഗ്രീഷ്‌മപ്പൂക്കൾ, നേർരേഖകൾ, പറന്നു പോയ പക്ഷി, ഈലാപ്പി, കർക്കിടകവാവ്, കർമ്മ കാണ്ഡം, അതിരുകൾ, തുടങ്ങിയ എട്ടുകഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഹമീദിന്റെ കഥകൾ ജീവിതത്തിന്റെ കടലിൽ പേനമുക്കി എഴുതിയവയാണെന്നും യാതൊരു വളച്ചുകെട്ടലുമില്ലാതെ ലളിതമായ ആഖ്യാനരീതിയാണ് അദ്ദേഹത്തിന്റേതെന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു.

പ്രകൃതിയുമായി ഇഴുകിച്ചേർന്നു ജീവിക്കുന്ന, ലോകത്തിന് ഭ്രാന്തനെന്നും ജിന്നെന്നും തോന്നിക്കുന്ന ഇപ്പിനു എന്ന യുവാവിലൂടെയും,ജീവിതത്തിന്റെ സർവ്വസ്വവും നഷ്ടപ്പെട്ട കലന്തൻ ഹാജി എന്ന വൃദ്ധനിലൂടെയുമായി കഥ വികസിക്കുന്നു. സമാഹാരത്തിന്റെ ശീര്ഷക കഥയായ ‘ഇപ്പിനു’ മനുഷ്യബന്ധങ്ങളുടെ ആഴവും ഏകാന്തതയുടെ വന്യതയും മനോഹരമായി ആവിഷ്‌കരിക്കുന്നു. ഇപ്പിനു എന്ന പേരിനു പിന്നിലും ചില പ്രത്യേകതകൾ ഉണ്ട്. കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ അറബ് ഭാഷയുടെ സ്വാധീനം നന്നായി വേരോടിയ കാലമുണ്ടായിരുന്നു, അറബി ഭാഷയിൽ മകൻ എന്ന് സൂചിപ്പിക്കുന്ന ഇബിനു എന്ന വാക്കാണ് മലയാളീകരിച്ചു ഇപ്പിനു ആയത്, ആരോരുമില്ലാത്തവന് ആ പേരിടുമ്പോൾ തന്നെ ഫലത്തിൽ ആരെല്ലാമോ ഉണ്ടെന്ന തോന്നലിലേക്ക് അവനെ എത്തിക്കുകയാണ്.

നാടിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പള്ളിക്കുന്നിലെ ഖബർസ്ഥാനിലും പുഞ്ചപ്പാടത്തും അലഞ്ഞുതിരിയുന്ന ഇപ്പിനുവാണ് കഥയിലെ പ്രധാന കഥാപാത്രം. ക്രൂരനായ പിതാവിനാൽ കൊല്ലപ്പെട്ട സ്വന്തം ഉമ്മയുടെ ഖബറിനരികാണ് അവന്റെ ലോകം. ഒരുകാലത്ത് വലിയ പ്രതാപശാലിയായിരുന്ന, എന്നാൽ വിശ്വസിച്ച് ഏൽപ്പിച്ച തനറെ സ്വത്തുക്കൾ ബന്ധുക്കൾ തന്നെ തട്ടിയെടുത്തതോടെ എല്ലാം നഷ്ടപ്പെട്ട് പള്ളിയിലെ ഒരു ചെറിയ മുറിയിൽ ഏകനായി കഴിയുന്ന കലന്തൻ ഹാജിയാണ് മറ്റൊരു കഥാപാത്രം. ഇപ്പിനുവിന്റെ ഉമ്മയുടെ മരണത്തോടെ പള്ളിമുക്രിയായ കലന്തൻ ഹാജിയുടെ സംരക്ഷണയിലാണ് അവൻ വളരുന്നത്. മനുഷ്യരോട് സംസാരിക്കാത്ത, രാത്രിയുടെ നിശബ്ദതയിൽ പക്ഷികളോടും പ്രകൃതിയോടും സംവദിക്കുന്ന ഇപ്പിനുവിന് വരാനിരിക്കുന്ന മരണങ്ങളെ മുൻകൂട്ടി അറിയാനുള്ള കഴിവുണ്ടായിരുന്നു. നാട്ടിൽ ആരെങ്കിലും മരിക്കാനുണ്ടെങ്കിൽ തലേദിവസം തന്നെ അവൻ ഖബർ കുഴിക്കാനുള്ള ആയുധങ്ങൾ അവിടെ എത്തിക്കുമായിരുന്നു. ഒടുവിൽ, ഒരു മഴയുള്ളരാത്രിയിൽ കലന്തൻ ഹാജിക്ക് പകരമായി മനോഹരമായ സ്വരത്തിൽ സുബ്ഹി ബാങ്ക് വിളിച്ച്, സ്വന്തം മരണം മുൻകൂട്ടി കണ്ട് ഉമ്മയുടെ ഖബറിനരികിൽ തന്റെ തന്നെ ഖബർ വെട്ടി മരണത്തിലേക്ക് പോകുന്നു ഇപ്പിനു. ഏകാന്തത എന്നത് ഒരു ശാപമല്ല, മറിച്ച് ഒരാൾക്ക് തന്റെ പ്രിയപ്പെട്ടവരോട് സംവദിക്കാനുള്ള ഇടമാണെന്ന ജീവിതത്തിന്റെ വലിയൊരു പാഠം കഥാകൃത്ത് ഇപ്പിനുവിലൂടെ വായനക്കാർക്ക് മുൻപിൽ വരച്ചിടുന്നുണ്ട്.

സ്വത്തിന്റെ പേരിൽ മനുഷ്യന്റെ നിസ്സഹായതയുടെയും വഞ്ചനയുടെയും ഇരയായ കലന്തൻ ഹാജിയും ഇപ്പിനുവും തമ്മിലുന്ന ബന്ധം മാനുഷിക പരിഗണന യുടെ അങ്ങേയറ്റമാണ്. ഈ കഥയുടെ കരുത്തും ഭംഗിയും ഇവരുടെ ബന്ധമാണ്. വലിയ മാളികവീട്ടിൽ നിന്നും പള്ളിയുടെ ചായ്പ്പിലേക്ക് ചുരുങ്ങിയ അദ്ദേഹത്തിന്റെ ജീവിതം കാലത്തിന്റെ ക്രൂരമായ തമാശയാണ്. എന്നിട്ടും അയാൾ ഇപ്പിനുവി നെ ഏറ്റെടുക്കുന്നു.

പ്രകൃതിയെ വെറുമൊരു പശ്ചാത്തലമായല്ല കഥയിൽ അവതരിപ്പിച്ചിട്ടുള്ളത് മറിച്ച് ഒരു കഥാപാത്രമായിത്തന്നെ തോന്നുന്ന വിധത്തിലാണ്. പറങ്കിമാവുകളും ഞാവൽക്കാടും പുഞ്ചപ്പാടവും ഇപ്പിനുവിന്റെ വികാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെയും, വഞ്ചിക്കപ്പെട്ട വാർദ്ധക്യത്തിന്റെയും,
പ്രകൃതിയുടെ നിഗൂഢതയുടെയും സങ്കലനമായ ഈ കഥ വായനക്കാരന്റെ ഉള്ളിലൊരു വിങ്ങലുണ്ടാക്കും. എങ്കിലും മരണം ഭീതിദമായ ഒന്നല്ല മറിച്ച് ശാന്തമായൊരു യാത്രയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്.
ഈ സമാഹാരത്തിലെ വേറിട്ട കഥയാണ് ‘ഈലാപ്പി.’ തന്റേടം കൊണ്ടും നീതിബോധം കൊണ്ടും നാട്ടിലെ അനീതികൾക്കെതിരെ ശബ്ദിച്ച ഈലാപ്പി വാസുവാണ് പ്രധാന കഥാപാത്രം. എഴുപതുകളുടെ തുടക്കത്തിൽ ഒരുൾനാടൻ ഗ്രാമക്കരുത്തിൽ നിന്നും പുറപ്പെട്ടുപോയ തന്റേടിയായ ഈലാപ്പി വാസു വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നു. ആലി മൂപ്പനും ശ്രീധരനും വാസുവും ചേർന്നുള്ള ആ പഴയ സൗഹൃദം പിന്നീട് രാഷ്ട്രീയ ലാഭങ്ങൾക്കും താൽപ്പര്യങ്ങൾക്കും വഴിമാറുന്നിടത്താണ് കഥയുടെ പ്രധാന ട്വിസ്റ്റ്. ശ്രീധരന്റെ ‘നിറം മാറ്റം’ അധികാര രാഷ്ട്രീയത്തിന്റെ ചതിക്കുഴികളെ തുറന്നുകാട്ടുന്നതോടൊപ്പം സമകാലീന രാഷ്ട്രീയത്തെയും വരച്ചുവെക്കുന്നു. പോലീസ് സ്റ്റേഷന്റെ മുറ്റത്ത് തന്നെ തൂങ്ങി മരിച്ച വാസു, മരക്കൊമ്പിൽ തൂക്കിയിട്ടത് തന്റെ ജീവിതം മാത്രമല്ല, സമകാലിക രാഷ്ട്രീയ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയാണ്,

പ്രണയത്തിനൊപ്പം സമകാലിക ഇന്ത്യയുടെ സാമൂഹ്യ സമസ്യകളെയും അന്യവൽക്കരണത്തെയും കുറിച്ചുള്ള പിതാവിന്റെ ആകുലതകളുമാണ് ഗ്രീഷ്‌മപ്പൂക്കൾ എന്ന കഥയിൽ ചർച്ച ചെയ്യുന്നത്. ഗ്രാമത്തിലെ മനുഷ്യരുടെ ഹൃദയബന്ധങ്ങളുടെയും മാറിയ കാലത്തെ ചൂഷണങ്ങളുടെയും കഥ പറയുന്ന “നേർരേഖകൾ” ഇന്നലെയുടെയും ഇന്നിന്റേയും നാളെയുടെയും നേർചിത്രങ്ങളാണ്. ‘പറന്നു പോയ പക്ഷി’ യിൽ ഒരു പക്ഷിക്കുഞ്ഞിലൂടെ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും സഹജീവിസ്നേഹവും പ്രമേയവുമാവുന്നു. അനാഥനായ ബാവയുടെ നിഷ്കളങ്കമായ ജീവിതവും പ്രകൃതിയുമായുള്ള ബന്ധവുമാണ് കർക്കിടകവാവ് എന്ന കഥയിൽ.

വികസനത്തിന്റെ വികലരൂപങ്ങൾക്കിടയിൽ മാറ്റത്തിനായി ഇറങ്ങിത്തിരിച്ച യുവാക്കളുടെ പോരാട്ടത്തിന്റെ രാഷ്ട്രീയമാണ് കർമ്മകാണ്ഡം എന്ന കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്.

മനുഷ്യസ്നേഹം എല്ലാ അതിർത്തികളെയും ഭേദിക്കുമെന്ന് പഠിപ്പിക്കുന്ന വൈകാരികമായ ഒരു തലത്തിലേക്ക് വായനക്കാരെ കൊണ്ടുപോകന്ന കഥയാണ് അതിരുകൾ. ഓരോ കഥയുടെയും വേറിട്ട ആഖ്യാന രീതിയാണ് ഈ സമാഹാരത്തിന്റെ സവിശേഷത.

“മാറ്റങ്ങളെ പോസിറ്റീവായി സ്വീകരിക്കുന്നതിനൊപ്പം മൗലികമായ സ്വരം കേൾപ്പിക്കാനുള്ള ശ്രമമാണ് ഈ കഥകളെന്ന്” അവതാരികയിൽ പി. ശിവപ്രസാദ് അഭിപ്രായപ്പെടുന്നു. “നാട്ടുമ്പുറത്തെ സാധാരണ മനുഷ്യരെയും മൺമറഞ്ഞുപോയ ഗ്രാമീണതയെയും ഈ കഥകൾ അടയാളപ്പെടുത്തുന്നു” എന്ന് പറയുന്ന ‘ഗ്രാമചാരുതയെ ആത്മജ്ഞാനദ്യോതക തലത്തിലേക്കുയർത്തുന്ന കഥകൾ’ എന്ന ഇസ്‌മയിൽ മേലടിയുടെ ശ്രദ്ധേയമായ പഠനവും സമാഹാരത്തിൽ ഉണ്ട്.

പ്രസാധകർ: ബാഷോ ബുക്സ് (Basho Books), കാലിക്കറ്റ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.