പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്‌ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്‌കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീപക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?

ഉത്തരം (ജോൺസൺ ഫെർണാണ്ടസ്):

നിലവിലുള്ള പാർട്ടി രാഷ്ട്രീയ സംവിധാനത്തിൽ ലിംഗതുല്യത സാദ്ധ്യമല്ല. കാരണം രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അഭിനിവേശമുള്ള സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പ്രവർത്തനമല്ല പാർട്ടികൾക്കുള്ളത്. സ്വാഭാവികമായും പാർട്ടികൾ രൂപപ്പെട്ടു വന്നത് നിരന്തരമായ സമരങ്ങൾ അടക്കമുള്ള സംഘർഷങ്ങളിലൂടെ ആയിരുന്നു എന്നതും അതിനെ നയിക്കാൻ കുടുംബ പ്രാരാബ്ധങ്ങളിൽ തളച്ചിടപ്പെട്ട സ്ത്രീകൾക്ക് ഇടം കിട്ടിയില്ല. കഴിഞ്ഞ 64 വർഷമായി 94% പുരുഷന്മാരുടെ നിയമനിർമ്മാണസഭയിലെ ആധിപത്യം ചോദ്യംചെയ്യപ്പെടാത്തവിധം തുടരുന്നു എന്നതിന് കാരണം മറ്റൊന്നല്ല.

പുതിയ കാലം പുതിയ വെല്ലുവിളികൾ, പുതിയ രാഷ്ട്രീയ ചുറ്റുപാടുകൾ– സാമ്പ്രദായിക പാർട്ടി പ്രവർത്തനത്തിൽ ഇന്നുള്ള മെറിറ്റുകൾ എന്തൊക്കെ എന്നുമാത്രം പരിശോധിച്ചാൽ മതി എന്തുകൊണ്ട്‌ സ്ത്രീ പ്രാതിനിധ്യം ഇത്ര കുറവെന്ന്‌ മനസ്സിലാക്കാൻ. സാമ്പ്രദായിക പാർട്ടികളുടെ മെറിറ്റുകൾ (ഫണ്ട് പിരിവ്, പ്രകടനം, ഘരാവോ, മാഫിയാ ബന്ധങ്ങൾ… ) ഒരിക്കലും സ്ത്രീകൾ തങ്ങളുടെ മെറിറ്റുകളായി അംഗീകരിക്കില്ല. ലോകം അംഗീകരിച്ച മെറിറ്റ്കൾ അനുസരിച്ച് എല്ലാ മേഖലകളിലും സ്ത്രീകൾ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. നമ്മുടെ സ്വന്തം മെറിറ്റ്കളിൽ നിന്ന് വ്യത്യസ്തമായി ലോകം അംഗീകരിച്ച മാതൃകകൾ അനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ രാഷ്ട്രീയ ഭരണ തലങ്ങളിൽ സ്ത്രീകൾ നിയമസമാജികരായി ഉയർന്നു വന്നു കഴിഞ്ഞു. മാറ്റേണ്ടത് കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിൻറെ മാനദണ്ഡങ്ങൾ ആണ് അഥവാ മെറിറ്റുകൾ ആണ്. സ്ത്രീകൾക്ക് അവരുടെ സ്വാഭാവികവും ആർജ്ജിതവുമായ കഴിവുകൾ പുറത്തെടുക്കാൻ കഴിയുന്ന, രാഷ്ട്രനിർമ്മാണപ്രക്രിയയുടെ ഉന്നതമായ, കാല്പനികമായ ഒരു തലം രാഷ്ട്രീയത്തിനുണ്ട്. ആ തലത്തെ സാർത്ഥകമാക്കാൻ സ്ത്രീകൾക്കേ കഴിയൂ. നിലവിലുള്ള ഒരു പാർട്ടിയിലും സ്ത്രീകൾക്ക് പ്രകൃത്യാ ലഭിച്ചിട്ടുള്ള നേതൃത്വ പാടവവും അനുഭൂതികളും ഉപയോഗപ്പെടുത്തി മുന്നേറാൻ കഴിയില്ല. ആനയ്ക്ക് മരം കേറാൻ കഴിയില്ലല്ലോ.

സ്ത്രീകൾക്ക് അനായാസം സർഗ്ഗാത്മകമായി പ്രവർത്തിക്കാൻ കഴിയുന്ന, സാമ്പ്രദായിക മെറിറ്റുകൾ ആവശ്യമില്ലാത്ത, ഒരു രാഷ്ട്രീയ മുന്നേറ്റം രൂപപ്പെട്ടു വരണം അടുത്ത 2 വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് സ്വച്ഛന്ദമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ഭൂമിക ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രൂപപ്പെടുത്താൻ കഴിയണം. നേതാക്കന്മാർ ആവശ്യമില്ലാത്ത, പ്രവർത്തകർ മാത്രമുള്ള, പ്രവർത്തനത്തിലൂടെ മാത്രം നേതൃത്വ കൂട്ടായ്മയിൽ എത്തിച്ചേരുന്ന, ഒരു സംവിധാനം. എല്ലാ ആധുനിക വിവര ആശയ വിനിമയ സാങ്കേതികതയും ഈ രാഷ്ട്രീയ മുന്നേറ്റത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. അതു കൊണ്ട് തന്നെ സ്ത്രീകളുടെ പ്രവർത്തനം ദൃശ്യമാകും നേതൃത്വത്തിൽ എത്തിച്ചേരാൻ തൊട്ടപ്പന്മാരോ ബന്ധുക്കളോ ആവശ്യമില്ല. അനുനിമിഷം പ്രവർത്തിക്കുന്നവർ visible ആകും. Reward ചെയ്യപ്പെടും rate ചെയ്യപ്പെടും.

60 ലക്ഷം സ്ത്രീകൾ കേരളത്തിൽ കുടുംബങ്ങളിലും പൊതു രംഗത്തും ഒരു പ്രതിഫലവും പറ്റാതെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാണ്. 3.46 കോടി കേരളീയരെ പരിപാലിക്കുന്ന ഇവരുടെ പ്രായോഗിക വൈജ്ഞാനിക ശേഷി ഉപയോഗപ്പെടുത്താൻ കഴിയണം. സർവ്വാശ്ലേഷിയായ വളർച്ച ഉറപ്പു വരുത്താൻ ഈ വൈജ്ഞാനിക ശേഷി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൂടാതെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഒരു വർഷം10,000 കോടി രൂപ വകയിരുത്തിയിട്ടുള്ള രണ്ടു ലക്ഷത്തിലധികം പ്രോജക്ടുകളിൽ പകുതിയിലധികവും കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള കുടുംബശ്രീക്ക് പാർട്ടി, ഉദ്യോഗസ്ഥന്മാരുടെ തീട്ടൂരങ്ങൾ ഒഴിവാക്കി ജൈവപരമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ കാൽ നൂറ്റാണ്ടായി ആർജ്ജിച്ചിട്ടുള്ള വിജ്ഞാനം ഭരണ തലത്തിൽ മുതൽക്കൂട്ടാക്കാൻ കഴിയും. 12,000 ത്തോളം വരുന്ന സ്ത്രീകളായ ജനപ്രതിനിധികൾ, 20,000 ത്തിലധികമുള്ള ads ചെയർപേഴ്‌സന്മാർ, 1266 cds ചെയർപേഴ്‌സന്മാർ. ആശാ വർക്കർമാർ, അംഗൻവാടി അധ്യാപകരും ആയമാരും അധ്യാപികമാർ, തുടങ്ങി മാധ്യമങ്ങൾക്ക് ഗോചരമല്ലാത്ത എത്രയോ സ്ത്രീകൾ, സ്ത്രീകൾ നടത്തുന്ന എത്രയോ സർക്കാർ തല സംവിധാനങ്ങൾ .. ഇതൊന്നും രാഷ്ട്ര നിർമാണ പ്രക്രിയയിൽ അംഗീകരിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ട്? തടുക്കാൻ കഴിയാത്ത വിധം ഒരു വലിയ സ്ത്രീ മുന്നേറ്റം നിയമനിർമ്മാണ സഭയിൽ ഉണ്ടാകും. ഒരു മണ്ഡലത്തിലെ 30% വരുന്ന ഒന്നോ രണ്ടോ പ്രബല സമുദായങ്ങളെയോ ജാതിയെയോ പ്രീണിപ്പിച്ചു കേരളത്തിലെ നിയമനിർമ്മാണ പ്രവർത്തനത്തെ ദശാബ്ദങ്ങൾ കീഴടക്കി വെച്ചിരിക്കുന്ന പാർട്ടി പ്രവർത്തനമല്ല 88 ലക്ഷം കുടുംബങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 3.46 കോടി മലയാളികളെയും ഉൾക്കൊള്ളുന്ന സ്ത്രീ നേതൃത്വം. അത് ഉയർന്നു വരും. ഒരു വാർഡിൽ ഒരു സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞാൽ ഇതു സാധ്യമാണ്. ആഴ്ചയിൽ ഒരു മണിക്കൂർ പ്രവർത്തനം മതി. പിരിവ് നടത്താതെ തന്നെ ആവശ്യത്തിന് പണവും വന്നു ചേരുന്ന അത്തരമൊരു മുന്നേറ്റമാണ് യാഥാർഥ്യമാവേണ്ടത്

ലോകത്തിലെ ഏറ്റവും റൊമാന്റിക് ആയ പ്രവർത്തനമാണ് രാഷ്ട്രീയം. സ്വപ്നങ്ങളിൽ നിന്നും നിരന്തരമായ അനുഭൂതികൾ ലഭിച്ചുകൊണ്ടേയിരിക്കുന്ന ഒന്ന്‌. (നിരന്തര രതിമൂർച്ഛകൾ പോലെ..)

Comments
Print Friendly, PDF & Email

You may also like