അന്തഃപുരത്തിന്റെ പ്രകാശധാരയിൽ കുടുങ്ങിക്കിടക്കുന്ന നിഴലുകൾക്കിടയിലൂടെ ഭാനുമതിദേവി കൊട്ടാരത്തിന്റെ വിശാലമായ ഇടനാഴികൾ പിന്നിട്ട് മട്ടുപ്പാവിനരികിലെത്തി.
നിലാവിൽ കുളിച്ചു നിൽക്കുന്ന വെണ്ണക്കൽ മണ്ഡപങ്ങളിലെ മുത്തുകളും പവിഴങ്ങളും പതിച്ച മനോഹരമായ കൽതൂണുകൾ ചാന്ദ്രശോഭയിൽ വെട്ടിത്തിളങ്ങുന്നു. ആര്യാവർത്തത്തിലെ കൽപ്പണിക്കാരുടെ കരവിരുതിൽ വിരിഞ്ഞ മനോഹര ശില്പങ്ങളാണ് ഓരോ തൂണിലും കാവൽ നിൽക്കുന്നത്.
ഭാരതവർഷത്തിൽ കുരുവംശത്തിന്റെ ഖ്യാതി വിളിച്ചോതുന്ന നിർമ്മിതികൾ നിറഞ്ഞ ഹസ്തിനപുരം കൊട്ടാരം ചന്ദ്രികയിൽ അലിഞ്ഞു കിടക്കുന്നത് കാണുവാൻ ആയിരം കണ്ണുകൾ വേണമെന്ന് സൂതമാഗതന്മാർ പാടിപ്പുകഴ്ത്തുന്നതിൽ അതിശയോക്തിയില്ല.
യുവരാജാവിന്റെ കൈപിടിച്ചു കൊട്ടാരത്തിലേക്ക് വന്ന നാൾ മുതൽ അത്ഭുതം കൂറുകയാണ്. ലക്ഷ്മണ കുമാരന്റെയും ലക്ഷ്മണ കുമാരിയുടെയും മാതാവായിട്ടും, ഇത്രയും കാലങ്ങൾ കഴിഞ്ഞിട്ടും, കൊട്ടാരവും ഇതിനുള്ളിലെ മനുഷ്യരും കലിംഗ രാജകുമാരിക്ക് അതിശയങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.
ചിത്രാംഗദ മഹാരാജാവിന്റെ ഏകപുത്രി ഹസ്തിനപുരത്തിന്റെ മഹാറാണിയാകുമെന്ന് പ്രവചിച്ച ആചാര്യനെ പട്ടും പൊന്നും നൽകി സന്തോഷിപ്പിച്ചതും, സ്വയംവരപ്പന്തലിൽ സുയോധനകുമാരന് വരണമാല്യം ചാർത്തിയതും ഇന്നലെയാണെന്ന ചിന്തയാണെന്നും.
അധികാരത്തർക്കം ചൂതാട്ടത്തിലേക്കും, മത്സരങ്ങളിലേക്കും ഒടുവിൽ യുദ്ധത്തിലേക്കും ചെന്നെത്തിയത് അറിയാഞ്ഞിട്ടല്ല. അന്തഃപുരവും, സഖിമാരും, കുഞ്ഞുങ്ങളും, സ്നേഹസമ്പന്നനായ സുയോധനകുമാരനുമല്ലാതെ മറ്റൊന്നും ചിന്തകളിലേക്ക് പോലും വരാത്തതിനാൽ ഒരിക്കലും രാജസഭയിലെ വർത്തമാനങ്ങൾക്ക് കാതോർത്തിട്ടുമില്ല.
ഏകപത്നീവ്രതനായ സുയോധനകുമാരന്റെ മനസ്സിലും, ശരീരത്തിലും മാത്രമായി കുടിയിരിക്കുകയായിരുന്നു ഇതുവരെ. ഇളം കൃഷ്ണവർണ്ണമുള്ള ഭാനുമതികുമാരി ദ്രൗപദിയെക്കാളും സുഭദ്രയെക്കാളും സുന്ദരിയാണെന്ന് ദാസിമാർ പറയുന്നത് കേൾക്കുമ്പോഴും സന്തോഷിച്ചിട്ടില്ല, ജനഹിതം മാത്രം നോക്കി രാജ്യഭാരം ചുമക്കുന്ന യുവരാജാവിന് താങ്ങും തണലുമായിരിക്കുവാനാണ് ആഗ്രഹിച്ചതും.
ഇതിപ്പോൾ മനസ്സിലാകെ അകാരണമായ ഭയങ്ങൾ കടന്നു കൂടിയിരിക്കുന്നു, ഉറക്കമില്ലാതെ കിടക്കുന്ന കുമാരന്റെ നെഞ്ചിൽ തലചേർത്ത് അദ്ദേഹത്തിന്റെ ഹൃദയത്തെ കാതോർത്ത് കിടക്കുന്നതല്ലാതെ ഇന്നുവരെ അദ്ദേഹത്തോട് ഒന്നും ചോദിച്ചിട്ടില്ല.ഒരിക്കൽ, ഒരിക്കൽ മാത്രം നീരസം കാണിച്ചു. ദ്രൗപദി കുരുസഭയിൽ അപമാനിതയായ രാത്രിയിൽ വലിഞ്ഞു മുറുകിയ മുഖവുമായി കയറി വന്ന സുയോധനകുമാരനെ ഗൗനിച്ചതേയില്ല. ശയ്യയിൽ അകന്നു കിടന്ന തന്നോട് അദ്ദേഹം അപരാധം ഏറ്റുപറഞ്ഞു മാപ്പിരന്നു, അപമാനിതയായ സ്ത്രീയുടെ മാനത്തേക്കാൾ വലുതല്ല യുവരാജാവിന്റെ കുറ്റബോധമെന്ന് മാത്രം പ്രതിവചിച്ചു.

കാലുകളിൽ മുഖം ചേർത്തു പൊട്ടിക്കരഞ്ഞ പ്രാണനിൽ അലിയാതിരിക്കുന്നതെങ്ങിനെ?
അന്നുമാത്രം അദ്ദേഹം പുലരുവോളം രാജ്യകാര്യങ്ങൾ സംസാരിച്ചു. വർണ്ണാശ്രമ ധർമ്മികളുടെ ചട്ടുകങ്ങളായി മാറുന്ന പാണ്ഡവരോടുള്ള നീരസം അറിഞ്ഞു. കാനനവാസം കഴിഞ്ഞു വരുമ്പോൾ ഇന്ദ്രപ്രസ്ഥവും പാതിരാജ്യവും കൊടുത്താൽ കുരുവംശത്തിന്റെ പാരമ്പര്യം പാണ്ഡവർ വീണ്ടും പണയം വെയ്ക്കുമോയെന്ന് അദ്ദേഹം ആകുലപ്പെട്ടു.
മറുപടി ഒന്നും പറഞ്ഞില്ല. നല്ലൊരു കേഴ്‌വിക്കാരിയായി മാത്രമിരുന്നു.
രാജതന്ത്രത്തിൽ പത്നിയുടെ പിന്തുണ ആവശ്യമില്ലെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. അഭിമാനിയായ പ്രജാക്ഷേമതത്പരനായ കുമാരന്റെ ഭരണപാടവം നേരിട്ടറിയാവുന്നത് കൊണ്ടും, പ്രജകൾക്ക് രാജകുമാരനോടുള്ള സ്നേഹവാത്സല്യങ്ങൾ സൂതമാഗതന്മാരുടെ വർണ്ണനകളിലൂടെ അറിയാവുന്നത് കൊണ്ടും അദ്ദേഹത്തെ ഉപദേശങ്ങൾ നൽകി ബുദ്ധിമുട്ടിക്കാൻ ഒരുങ്ങിയിട്ടില്ല.
എന്നാൽ ഇന്ന് ആരോടെങ്കിലും മനസ്സ് തുറന്നേ മതിയാവൂ..
മക്കളോട് ആകുലതകൾ പങ്കിടാനാവില്ല. മഹാരഥിയായ സുയോധനന്റെ പത്നിയെ ഭയങ്ങൾ ആവേശിച്ചു തുടങ്ങിയെന്ന് അവരറിയരുത്.
രാജമാതാവിനോടും പറയാൻ കഴിയില്ല. കലിംഗരാജകുമാരി ഹസ്തിനപുരത്തിന്റെ ശക്തിയിൽ സംശയം പ്രകടിപ്പിച്ചുവെന്ന് തോന്നിയാലോ?
സ്വന്തം മകളായി വാത്സല്യം വാരിച്ചൊരിയുന്ന ഒരാളുണ്ട്. ഭാനുമതിയുടെ മുഖം ഇരുണ്ടുവെന്ന് ദാസിമാർ പറഞ്ഞറിഞ്ഞാൽ പോലും ആകുലപ്പെട്ട് ഓടിവരുന്ന, സ്വപിതാവായ കലിംഗ മഹാരാജാവിനേക്കാൾ സ്നേഹം കോരിച്ചൊരിയുന്ന ഗാന്ധാര പ്രജാപതി.
സുയോധനകുമാരന്റെ മാതുലനല്ല, സ്വന്തം പിതാവാണെന്നേ തോന്നിയിട്ടുള്ളൂ. ഒരു മകൾ ആഗ്രഹിക്കുന്നതിൽ കൂടുതൽ സ്നേഹവും സംരക്ഷണവും തരുന്ന പിതാവ്, ഒരുവേള തനിക്കുവേണ്ടി ആയുധമെടുത്ത് യുദ്ധം ചെയ്യേണ്ടി വന്നാൽ പോലും, രണ്ടാമതൊന്ന് ആലോചിക്കുവാൻ അദ്ദേഹം സമയം പാഴാക്കില്ലെന്നറിയാം.
യുവരാജാവ് പലപ്പോഴും കളിയായി പറയാറുണ്ട് ഭാനുമതി കലിംഗരാജന്റെ പുത്രിയല്ല ഗാന്ധാരനരേശൻ ശകുനിയുടെ പുത്രിയാണെന്ന്.ഗാന്ധാരിമാതാവ് പറഞ്ഞും കേട്ടിട്ടുണ്ട് രാജ്യം ഉപേക്ഷിച്ചു വന്ന ഗാന്ധാര രാജൻ ഭാനുമതിയുടെ പിതാവായി ഹസ്തിനപുരം വാഴുകയാണെന്ന്.
അദ്ദേഹത്തെ കാണണം, മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന സങ്കടങ്ങൾ, ഭയങ്ങൾ അദ്ദേഹത്തോട് പറയണം. ഒരു മകളുടെ മനസ്സ് അദ്ദേഹത്തിന് കാണാനാകും, തന്റെ ആകുലതകൾ അറിഞ്ഞാൽ ഒരുവേള അദ്ദേഹം കുരുക്ഷേത്രം ഒഴിവാക്കാനായി കൗശലങ്ങൾ മെനഞ്ഞാലോ?.
ഇടനാഴിയുടെ അങ്ങേയറ്റത്ത് മട്ടുപ്പാവിനരുകിൽ കുന്തിരിക്കം പുകയുന്നത് കണ്ടാണ് അവിടേയ്ക്ക് വന്നത്, ചന്ദനഗന്ധം നിറയുന്ന ഹസ്തിനപുര രാജകൊട്ടാരത്തിലെ വേറിട്ട ഗന്ധമാണ് അദ്ദേഹത്തിന്റെ അറയ്ക്കും ഇടനാഴിക്കുമെന്ന് ദാസിമാർ പലവുരു രഹസ്യം പറഞ്ഞു കേട്ടിട്ടുണ്ട്.

നിലാവിൽ കാറ്റിലുലയുന്ന തിരശീലയ്ക്ക് പുറകിലായി നെടുങ്കൻ നിഴലിന്റെ ചുവട്ടിൽ അദ്ദേഹം നിൽക്കുന്നു, കൈകളിൽ പകിടകൾ തെരുപ്പിടിപ്പിച്ചു നിൽക്കുന്ന അതികായൻ തന്റെയും കുരുവംശത്തിന്റെയും രക്ഷകനാണെന്ന് മനസ്സ് പറയുന്നു.
വര : പ്രസാദ് കുമാർ
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്