പൂമുഖം രാഷ്ട്രീയം ചുവപ്പല്ലാത്ത ചോരയും ജെന്‍ സി രാഷ്ട്രീയവും

ചുവപ്പല്ലാത്ത ചോരയും ജെന്‍ സി രാഷ്ട്രീയവും

ശ്വസനത്തിനായി രക്തത്തെ ആശ്രയിക്കാത്തതുകൊണ്ട് കൂറകൾക്ക് (Cockroach) ഹീമോഗ്ലോബിന്റെ ആവശ്യമില്ല, അതുകൊണ്ട് തന്നെ അവയുടെ രക്തത്തിന് ചുവപ്പ് നിറവുമില്ല. ആ ദ്രാവകത്തെ ‘ബ്ലഡ്’ എന്നതിന് പകരം ഹീമോലിംഫ് എന്നാണ് വിളിക്കുന്നത്. ‘ഞങ്ങൾ കൂറകൾ’ എന്ന് സ്വയം പ്രഖ്യാപിച്ചു തെരുവിൽ ഇറങ്ങുന്ന ജെൻ സി – ജെൻ Z രാഷ്ട്രീയം അതുകൊണ്ട് തന്നെ ചോരത്തിളപ്പല്ല. മറിച്ച് പുതിയൊരു രാഷ്ട്രീയചിത്രം ഇന്ത്യയിൽ തെളിയുകയാണ്. ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ പോലും പ്രായം ആകാത്ത ഒരു കൂട്ടായ്മ ഇന്ത്യയിൽ ഇത്രയും വലിയൊരു സോഷ്യൽ മീഡിയ തരംഗമായി മാറിയിരിക്കുന്നു എന്നതിനെ ചെറുതായി കാണരുത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പെട്ടെന്ന് ലക്ഷക്കണക്കിന് യുവാക്കളെ ആകർഷിച്ച ഒരു ‘ഹൈപ്പർ-ഇറോണിക്’ (Hyper-ironic) അല്ലെങ്കിൽ ‘മെമെ-ഡ്രിവൻ’ (Meme-driven) മുന്നേറ്റമാണിത്.

കോക്രോച്ച് ജനത പാർട്ടി’ (Cockroach Janta Party – CJP) എന്ന പേരിൽ തന്നെ കറുത്ത ഹാസ്യം നിറഞ്ഞു നിൽക്കുന്നുണ്ട്. നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോടും പ്രത്യേകിച്ച് യുവജന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയരീതികളോടും അത്ര താല്പര്യമോ പ്രതീക്ഷയോ ഇല്ലാത്ത യുവതയുടെ വലിയൊരു പക്ഷം രാജ്യത്ത് വളർന്നു പന്തലിച്ചു കഴിഞ്ഞു എന്നത് നിലവിലെ രാഷ്ട്രീയ പാർട്ടികൾ അവശ്യം ശ്രദ്ധിക്കേണ്ടതാണ്.

വലിയ മുന്നൊരുക്കങ്ങളിൽനിന്നോ, ഒരു തത്വശാസ്ത്ര പിൻബലത്തിൽ നിന്നോ അല്ല ഇതിന്റെ തുടക്കം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശമാണ് കാരണം. തൊഴിലില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണെന്നും” (Cockroaches) അവർ ആക്ടിവിസത്തിലേക്കും സോഷ്യൽ മീഡിയയിലേക്കും തിരിഞ്ഞ് മറ്റുള്ളവരെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതോടെ,(പിന്നീട് അദ്ദേഹം ഇത് വ്യാജ ബിരുദക്കാർക്കെതിരെയുള്ള പരാമർശമാണെന്ന് തിരുത്തി) യുവത അതിനെ ഒരു അധിക്ഷേപമായി കാണുകയും അതിനോടുള്ള പ്രതിഷേധങ്ങളിൽ നിന്നും ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ആയിരുന്നു. അഭിജീത് ദിപ്കെ എന്ന ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റ് മെയ് 16, 2026-ൽ ആണ് ‘കോക്രോച്ച് ജനത പാർട്ടി’ രൂപീകരിച്ചത്.

Courtesy: Deccan Herald

ഇന്ത്യയിലെ തൊഴിലില്ലായ്മയും , പരീക്ഷാ തട്ടിപ്പുകളും (NEET/CBSE വിവാദങ്ങൾ) പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതയും, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും യുവതലമുറയെ (ജെൻ Z) കടുത്ത നിരാശയിലാക്കിയതിന്റെ പരിഹാസത്തിലൂടെയുള്ള ബഹിർ സ്ഫുരണമാണ് ഇവിടെ പുറത്തുവന്നത്.

യുവജനങ്ങളുടെ രോഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ നിലവിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിലെ യുവജന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല എന്നതിന് തെളിവാണ് ഈ അപ്രതീക്ഷിത പ്രതിഷേധ കൂട്ടായ്മ. അതുപോലെ ഭരണ പക്ഷ രാഷ്ട്രീയത്തിലെ ഭൂരിപക്ഷ വർഗീയ നിലപാടുകളോടോ മത വർഗീയ അജണ്ടകളോടോ ദേശീയ മൗലിക വാദത്തോടോ Gen C,Z യുവതയ്ക്ക് താല്പര്യവും ഇല്ല.

ലോക രാഷ്ട്രീയ മണ്ഡലത്തിൽ ഡിജിറ്റൽ ശക്തിക്ക് സ്വാധീനം കൂടി വരികയാണ്. വെറും 5 ദിവസത്തിനുള്ളിൽ ഭരണകക്ഷിയായ BJP-യെക്കാൾ കൂടുതൽ followers നെ നേടാൻ സിജെപി പേജിന് കഴിഞ്ഞു. ഡിജിറ്റൽ കാലഘട്ടത്തിൽ പരമ്പരാഗത രാഷ്ട്രീയപാർട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെ എങ്ങനെ വെല്ലുവിളി ഉയർത്താം എന്നതിന്റെ ഉദാഹരണമാണിത്.

ഇവരുടെ വരവ് ഒരു ആക്ഷേപഹാസ്യരൂപേണ ആയിരുന്നു എങ്കിലും വെറുമൊരു തമാശയല്ല എന്നതിന് തെളിവാണ് അവർ മുന്നോട്ടുവെച്ച 5 സുപ്രധാന ആവശ്യങ്ങൾ .

വിരമിച്ച ജഡ്ജിമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകരുത് തുടങ്ങിയ ജുഡീഷ്യൽ പരിഷ്കാരങ്ങൾ,

പാർലിമെന്റിൽ സീറ്റുകൾ വർധിപ്പിക്കാതെ തന്നെ മന്ത്രിസഭയിലടക്കം 50% വനിതാ സംവരണം നൽകൽ

തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കൂറുമാറി അധികാരത്തിൽ തുടരുന്നവരെ കുറഞ്ഞത് 20 വർഷത്തേക്ക് അയോഗ്യരാക്കൽ.

ഇവയുടെ പിന്നിൽ സമകാലികഇന്ത്യൻ രാഷ്ട്രീയത്തിൽ സൂക്ഷ്മമായ നിരീക്ഷണം ഉണ്ട് എന്ന് മനസിലാക്കാം.

സമാനമായ പ്രധാന മുന്നേറ്റങ്ങൾ:

രാഷ്ട്രീയത്തിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും നേരിട്ട് പിന്നീട് വലിയ രാഷ്ട്രീയ ശക്തികളായി മാറിയ പ്രസ്ഥാനങ്ങൾ ലോകചരിത്രത്തിലുണ്ട്.

ഇറ്റലിയിലെ ഹാസ്യനടൻ ബെപ്പെ ഗ്രില്ലോയുടെ (Beppe Grillo) ബ്ലോഗും ‘V-Day’ (Vaffanculo Day – പോയി പണി നോക്ക് ദിവസം) പ്രതിഷേധങ്ങളും ഇത്തരത്തിൽ ഉള്ളതാണ്. രാഷ്ട്രീയക്കാരുടെ അഴിമതിയെ തുറന്നു കാട്ടുകയും പിന്നീട് അതൊരു പ്രസ്ഥാനമായി മാറുകയും ചെയ്തവർ ഇറ്റലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലുമെത്തി.

ഉക്രൈനിൽ സെലൻസ്കി പ്രസിഡന്റ് ആയത് രസകരമായ രീതിയിലാണ്. സാധാരണ സീരിയൻ നടൻ ആയ അദ്ദേഹം ഒരു ടിവി സീരിയലിലൂടെ ഭരണരംഗത്തു പ്രവേശിച്ചത് കൗതുകകരമാണ്. അദ്ദേഹം ഒരു സീരിയലിൽ അഭിനയിക്കുന്നു.സാധാരണക്കാരൻ അബദ്ധത്തിൽ പ്രസിഡന്റാകുന്നതാണ് സീരിയലിന്റെ കഥാതന്തു. ആ സീരിയലും അതിൽ ഉള്ള പാർട്ടിയും പ്രസിഡന്റ് ആയ നടനും ഒരു ട്രെന്റ് ആയി മാറി.ഉടനെ സെലൻസ്കി അതേ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. സീരിയലിന്റെ ജനപ്രീതി യഥാർത്ഥത്തിൽ സെലൻസ്കിയേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും എത്തിച്ചു. അങ്ങനെ സ്ക്രീനിലെ പ്രസിഡന്റ് ഉക്രൈന്റെ പ്രസിഡന്റ് ആയി മാറി. ഐസ് ലാൻഡിൽ യോൻ ഗ്നാർ (Jón Gnarr) എന്ന കോമേഡിയനും ഇതേ പോലൊരു ചരിത്രമുണ്ട്. 2008 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം അഴിമതിമൂലം തകർച്ച നേരിട്ടപ്പോൾ ഭരണകർത്താകളെ പരിഹസിക്കാൻ “ഞങ്ങൾ അഴിമതിക്കാരാണ്, അത് പരസ്യമായി പറയും”എന്ന ടാഗ് ലൈനോടെ ഉണ്ടാക്കിയ പാർട്ടി പിന്നീട് അധികാരത്തിൽ വരുന്നു. യോൻ ഗ്നാർ റെയ്ക്യാവിക് (Reykjavík)ന്റെ മേയറായി.

ജർമ്മൻ രാഷ്ട്രീയ സംവിധാനത്തെ പരിഹസിക്കാൻ ജർമനിയിലെ ഒരു സറ്റയർ മാഗസിൻ എഡിറ്റർമാർ ചേർന്ന് രൂപീകരിച്ച ഡൈ പാർട്ടിക്ക് (Die PARTEI) പിന്നീട് യൂറോപ്യൻ പാർലമെന്റിൽ വരെ സീറ്റുകൾ നേടാൻ കഴിഞ്ഞു. ഇത്തരം മുന്നേറ്റങ്ങളുടെ മറ്റൊരു രീതിയാണ് മൊറൊക്കോയിൽ തുടങ്ങിയ മുല്ലപ്പൂ വിപ്ലവം നിരവധി രാജ്യങ്ങളിലേക്ക് പടർന്നതും ഈജിപ്തിലെ ഹുസ്നി മുബാറകിന്റെ അടക്കം അധികാരം തെറിച്ചതും. ശ്രീലങ്കയിലും, നേപ്പാളിലും ജനങ്ങൾ തെരുവിലിറങ്ങി, നേപ്പാളിൽ അധികാരികളെ തെരുവിൽ വലിച്ചിഴക്കുന്ന അവസ്ഥയിൽ എത്തി.

ഇന്ത്യൻ അവസ്ഥയിൽ ഇത്തരം നീക്കങ്ങൾ ആശങ്കകൾ ഉണ്ടാക്കുന്നു എന്നത് പറയാതെ വയ്യ, ഇത്തരം സാഹചര്യങ്ങളെ എളുപ്പത്തിൽ ഹൈജാക്ക് ചെയ്യാൻ സാധിക്കുന്ന കക്ഷികൾ ഇന്ത്യയിൽ ഉണ്ട്. അവരുടെ കൈകളിലേക്ക് ഈ യുവത്വം ചെന്ന് പെട്ടാൽ അത് ഭീകരമായിരിക്കും.

ഒരുകാര്യം ഇതിൽ നിന്നും നിലവിലെ രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കേണ്ടത് യുവത്വം അവർക്ക് ഒപ്പമല്ല എന്നതാണ്. അവർക്ക് നിലവിലുള്ള രാഷ്ട്രീയ രീതികളോട് ഒട്ടും ആഭിമുഖ്യമില്ല, ഇവരാണ് നാളെയെ നയിക്കേണ്ടത്. ഇവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാൻ വേണ്ട ദീർഘവീക്ഷണം ഇവിടത്തെ വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ ഉണ്ടായില്ല എങ്കിൽ,നിയന്ത്രണമുള്ളതും ഇല്ലാത്തതുമായ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷിയാകേണ്ടിവരും.

നിലവിൽ ഇന്ത്യൻ ഭരണകൂടം ഈ നീക്കത്തെ നിസ്സാരമായല്ല കാണുന്നത്. എക്സ് അകൗണ്ട് പൂട്ടിച്ചു, ഇൻസ്റ്റഗ്രാം പൂട്ടിക്കാൻ ശ്രമിക്കുന്നു, പ്രത്യേകം മന്ത്രിസഭാ യോഗം വിളിക്കുന്നു. ഗൗരവകരമായ രീതിയിൽ കാണുന്നു എന്നർത്ഥം. ഈ കൂട്ടായ്മയെ അടിച്ചമർത്താൻ തന്നെയാണ് തീരുമാനം, രാജ്യത്തിന്റെ പുറത്തുനിന്നും ഇന്ത്യക്കെതിരെ പ്രവർത്തികുന്നവരാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കുന്നതും അതുകൊണ്ടാണ്. അണികൾ പക്വതയോടെ പെരുമാറണം എന്നും, സിജെപിയേ ഇല്ലാതാകാൻ ഒരു ചെറിയ തെറ്റ് കിട്ടാൻ കാത്തിരിക്കുകയാണ് കേന്ദ്രം എന്നും സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പറയുന്നത് ആ ഗൗരവാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടാണ്.

കൂറകൾ നിസ്സാരക്കാരല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. പോസറ്റിവ് ആയൊരു രാഷ്ട്രീയ സംസ്കാരം വളർത്താൻ ഇത് സഹായകമാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.