പൂമുഖം EDITORIAL ഋതുഭേദങ്ങളുടെ ജോയ്

TN JOY

തൈവാലത്ത് നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മക്കളില്‍ ഒരാള്‍ക്കു ജോയ് എന്ന് പേര് കിട്ടിയത്, വരാനിരിക്കുന്ന വസന്തങ്ങളെ ധ്യാനിച്ച ഏതോക്കെയോ പ്രോട്ടീന്‍ ബോണ്ടിംഗിന്റെ പ്രവചനമാണോ എന്നറിയില്ല; അച്ഛനും സംസ്കൃതപണ്ഡിതനും ഒപ്പം സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്‌ഠദാസിന്റെ, ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം ആയിരുന്നു അത്. ദാസ്‌, ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ നടുവില്‍ ഒറ്റയ്ക്കൊരു ദീപസ്തംഭമായി മരണംവരെ നിലകൊണ്ടു. അച്ഛന്റെ അഗ്നിയില്‍നിന്നും താനേ കൊളുത്തിയ വൈലോപ്പിള്ളി പന്തമായിരുന്നു ജോയ്.

ഷില്ലറുടെ ഓഡ് ടു ജോയ് ബീഥോവന്റെ സിംഫണിയിലൂടെ, ഇങ്ങു മുസിരിസിന്‍റെ മുരസില്‍ മുഴങ്ങുന്നതു ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബുവിലൂടെയാണ് എന്നതുമൊരു ചരിത്രത്തിന്‍റെ ഇടിമുഴക്കം ആകണം.
ജോയിയുടെ സഹോദരന്‍ തൈവാലത്ത് ബാലകൃഷ്ണന്‍ ചരിത്രകാരന്‍ ആയതുപോലെ.

ടി. എന്‍. ജോയിയുടെ കണ്ണുകള്‍ സദാ ചിരിച്ചിരുന്നു. അത് വളരെവളരെ ദൂരക്കാഴ്ചകള്‍ കണ്ട ഒരു മിസ്റ്റിക്കിന്റെ ചിരിയായിരുന്നോ, ഖേദങ്ങളുടെ ബുദ്ധയഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവന്റെ വിഷാദമായിരുന്നോ എന്ന് നമുക്കറിയില്ല – ജോയ് സമുദ്രത്തോളം നിഗൂഢരാഗങ്ങളും മൌനങ്ങളും പൂണ്ട ഒരു തീരം ആയിരുന്നു.

കമ്യൂണിസ്റ്റ് പാരമ്പര്യം പകര്‍ന്നു കിട്ടിയതിനാലാണോ ടി എന്‍ ജോയ്, രണ്ട് ഇടതുപക്ഷങ്ങള്‍ക്കിടയില്‍ നിന്നും മാറി, സി പി ഐ എം എല്‍ എന്ന വഴിയിലെത്തിയത് എന്നതും അദ്ദേഹത്തൊടൊപ്പം യാത്രയായ വൈരുദ്ധ്യാത്മകസമസ്യയായി ചരിത്രത്തില്‍ ഒതുങ്ങിക്കിടക്കും. കവ്വലിയെപ്പോലെ ഉറക്കെ ചിരിക്കുകയും ഖയാലിനെപ്പോലെ മന്ദ്രമായി സംസാരിക്കുകയും ചെയ്ത ഒരു അപൂര്‍വ്വ ഖരാന.

ടി എന്‍ ജോയ് ചെയ്തതപ്പാടെ രാഷ്ട്രീയഫലിതങ്ങള്‍ ആയിരുന്നുവെന്നു തിരിഞ്ഞു നോക്കുമ്പോള്‍ തോന്നാം – മലയാളത്തിന്‍റെ അരാഷ്ട്രീയ കാപട്യങ്ങള്‍ കണ്ട ആധുനിക നാറാണത്തിന്റെ ചിരി. മന്ത്രവാദവും ഹിന്ദുസ്ഥാനി സംഗീതവും എല്ലാം അഭ്യസിക്കാന്‍ പോയ വിപ്ലവകാരിയുടെ അത്തരം ഓരോ അര്‍ത്ഥസൂചനകളും, നേതി നേതി എന്ന, ജോയിയുടെ പുസ്തകം കണക്കെ.

ജോയേട്ടന്റെ അവസാനത്തെ ഫലിതമായിരുന്നല്ലോ, മതം മാറിയ ഒരു മതേതരമനുഷ്യനെ നാം എവിടെ സംസ്കരിക്കും എന്നത്.

ചെറിയ ചോദ്യമല്ലായിരുന്നു സഖാവിന്‍റെ അന്ത്യാഭിലാഷം. മതേതരത്വത്തിന് കൃത്യമായ ബദലുകള്‍ ആവിഷ്കരിക്കേണ്ട ഇന്ത്യന്‍ ഭരണഘടനയുടെ ബാദ്ധ്യതയെ കുറിച്ചുള്ള രാഷ്ട്രീയസൂചകമായിരുന്നു അത്. ഇന്ത്യന്‍ കമ്യൂണിസ്റ്റിനു നേരിടേണ്ടിവരുന്ന ഏറ്റവും ദുഷ്കരമായ സമസ്യയെ കുറിച്ചുള്ള ഓര്‍മ്മിപ്പിക്കലും.

എണ്‍പതുകളുടെ അവസാനത്തില്‍ സൂര്യകാന്തിയിലെ അതിഥികള്‍ കണ്ടെത്തിയ ഓഡ് ടു ജോയ് എന്ന ബീഥോവെന്‍ സിംഫണിയുടെ സൂഫിച്ചിരി തന്നെയായിരുന്നു അവസാനത്തെ കിടപ്പുവരെ കൊടുങ്ങല്ലൂര്‍ കണ്ട ടി എന്‍ ജോയ്.

സംഗീതവും കലയും സൗന്ദര്യവും രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു എന്നതിലൊരു തിയഡോര്‍ അഡോണോയുടെ പരിഷ്കരണത്തെ ജോയിയില്‍ കാണാം. അതിലും സമഗ്രമായി, പ്ലേറ്റോ മുതല്‍ പീറ്റര്‍ കൈവി വരെ.

ജീവിതം സിംഫോനിക് ആണ് എന്ന് സോറെന്‍ കീര്‍ക്കഗോറിനെപ്പോലെ അനുഭവിച്ചതിനാലാകണം. ജോയിയുടെ ജീവിതത്തില്‍ കണ്ണുനീരും ആനന്ദവും ആന്‍ഡാന്‍റ്റെ. ആഡേയ്ഷ്യോ. പ്രേസ്റ്റോ എന്നതുപോലെ ഒഴുകിയൊഴുകി ഒടുവിലൊരു നേര്‍ത്ത മൂണ്‍ലൈറ്റ് സൊനാറ്റയായി അലിഞ്ഞുപോയത്.

ബൌദ്ധികതയുടെ രാഷ്ട്രീയോത്സവം കൊടി താഴ്ന്ന ശേഷം, കൊടുങ്ങല്ലൂരില്‍ പടിഞ്ഞാറെ നടയിലെ തിരിവിന് സമീപമുള്ള മുറിയ്ക്ക് പുറത്ത് ജോയ് തനിയേയായിരുന്നു. വിരലില്‍ എണ്ണാവുന്ന പ്രിയപ്പെട്ടവര്‍ ആ ഹൃദയത്തിന്റെ യാഴ് പൊട്ടാതെ കൊണ്ടുനടന്നു. കേരളം മുഴുവനും അത് പലപ്പോഴായി കേട്ടു.

ടി എന്‍ ജോയ് എന്ന സംഗീതം തീരുമ്പോള്‍, അണിയറയില്‍ നിന്നും ഉയരുന്ന അശരീരികളില്‍ പൊതുവായ ഒരു ഈണമേ കേള്‍ക്കാനാവൂ – സാര്‍ത്ര് പറഞ്ഞ ബാഡ് ഫെയ്തിന്റെ വരികള്‍:

“ മനുഷ്യര്‍ എന്താണ് എന്നതല്ല, അവര്‍ക്ക് എന്താകാം എന്നതാണ് എന്നെ കുതുകിയാക്കുന്നത്. “

ജോയ്, കണ്ണുനീരിന്റെ ആനന്ദമായിരുന്നു; തിരിച്ചും.

Comments
Print Friendly, PDF & Email

You may also like