ഒക്ടോബർ 9 ചെ ഗുവേരയുടെ ജ്വലിക്കുന്ന ഓർമ്മദിനം
വല്ലെഗ്രാൻഡെയുടെ സാധാരണ മണ്ണിൽ, മേജറടക്കമുള്ള പട്ടാളക്കാർക്കിടയിൽ ചെഗുവേരയുടെ മൃതശരീരം കിടന്നു, സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗം അടയാളപ്പെടുത്തിയ ഒരു ഹോമം പോലെ. മരിച്ചിട്ടും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആ കണ്ണുകൾ തെളിഞ്ഞിരുന്നു. പ്രശസ്ത ബൊളീവിയൻ ഫോട്ടോഗ്രാഫർ ഫ്രെഡി ആൽബോർട്ട ട്രിഗോയാണ് ചെ ഗുവേരയുടെ അന്തിമ ചിത്രം പകർത്തിയത്. ഫ്രെഡി ആൽബോർട്ട ട്രിഗോ (1932-2005) ചെ ഗുവേരയുടെ മരണശേഷമുള്ള ചിത്രങ്ങൾ പകർത്തിയതിലൂടെ ലോകശ്രദ്ധ നേടിയ ബൊളീവിയൻ ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവുമാണ്.
ബൊളീവിയൻ രാഷ്ട്രീയമേഖലയിൽ ഉണ്ടായ വിപ്ലവസംഭവങ്ങളുടെ ദൃശ്യരൂപങ്ങൾ പകർത്തിയ ആൽബോർട്ട, ബൊളീവിയൻ ഫോട്ടോഗ്രാഫർമാരിൽ മുൻ നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിനെ ഇന്നും പ്രസിദ്ധമാക്കുന്നത് 1967-ൽ വാലെഗ്രാൻഡെയിൽ പകർത്തിയ ചിത്രം തന്നെ. ചെ ഗുവേരയുടെ, കണ്ണുതുറന്നുകൊണ്ടുള്ള, മുഖത്തിൽ എതിര്പ്പിന്റെ ശബ്ദമുള്ള ആ ചിത്രം, ലോകത്തിന്റെ മുന്നിൽ വിപ്ലവത്തിന്റെ ചിറകുകളിൽ മരണം പോലും വെറുതെയല്ല എന്ന സന്ദേശം കൊടുത്തു. ഈ ചിത്രം, സഭാവീക്ഷണത്തിൽ ക്രിസ്തുവിന്റെ പ്രതീകമായുള്ള നിരവധി ചിത്രങ്ങളുമായി താരതമ്യപ്പെടുത്തപ്പെടുത്താറുണ്ട്. ഇറ്റാലിയൻ ആർട്ടിസ്റ്റ് ആൻഡ്രിയ മാൻട്ടെനയുടെ (Andrea Mantegna) പ്രശസ്തമായ പെയിന്റിങ് The Dead Christ ഈ ഫോട്ടോയോട് ഏറെ സാദൃശ്യമുള്ളതായി തോന്നും, മാൻട്ടെന ഏകദേശം 1480-ൽ വരച്ചതാണ് ഈ ചിത്രം. മാൻട്ടെനയുടെ ഈ ചിത്രം ലെനിംഗ്ഗ്രാഡിൽ എർമിറ്റേജ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
1967,ഒക്ടോബർ 9 നാണ് ചരിത്രത്തിൽ ഉറച്ചുപോയ ആൽബോർട്ടയുടെ ആ ഫോട്ടോ പിറക്കുന്നത്. കാമറയുടെ ലെൻസുകൾ മിന്നി മറയുമ്പോൾ തുറന്നു കിടന്ന കണ്ണുകൾ ചേയുടെ പോരാട്ടത്തെ, ദർശനത്തെ പ്രകാശിതമാക്കി. സമത്വത്തിനായും നീതിക്കായും മനുഷ്യകുലത്തിനായും, ചെ മാറ്റത്തിന്റെ കാറ്റിൽ സവാരി ചെയ്തു, ഹൃദയം അഗ്നിയാക്കി. മുപ്പത്തിയൊമ്പതാം വയസ്സിൽ മരണവും ഒരു പോരാട്ടമാക്കി അടയാത്ത കണ്ണുകളോടെ മലർന്നു കിടന്നു. അത് അത്രതന്നെ ആഴത്തിൽ ഒരു നിയോഗം പോലെ ആൽബോർട്ട തന്റെ കാമറയിൽ പകർത്തി. ആ ചിത്രം കാലത്തിന്റെയും ചരിത്രത്തിന്റെയും അതിരുകൾ താണ്ടി ഒരു നിത്യപ്രഭാവമായി മാറി.
ബെർണാബെ ഹെർണാണ്ടസ് സംവിധാനം ചെയ്ത ചേ കൊമാൻഡാന്റെ, ആമിഗോ (Che Comandante, Amigo -1977) എന്ന ക്യൂബൻ ഡോക്യുമെന്ററിയുടെ അവസാനം കാണുന്ന ദൃശ്യങ്ങൾ ചേയുടെ ഇതിഹാസത്തിന്റെ തീവ്രതയെ പ്രതിപാദിക്കുന്നുണ്ട്. ചേയുടെ മ്യൂറലുകളും പോസ്റ്ററുകളും നിറഞ്ഞ തെരുവുകൾ, ചെയുടെ പോരാട്ടജീവിതത്തെ നെഞ്ചോട് ചേർത്ത യുവജനക്കൂട്ടങ്ങൾ. ഒരു മുകുളിക്കുന്ന ബാലൻ ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് ഓടുന്നത്.. ഒടുവിൽ ഒരു ചിത്രത്തിൽ ചേ ക്രിസ്തുവാകുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മണ്ണിനും കാലത്തിനുമപ്പുറത്തേക്ക് ഉയരുമ്പോൾ, ചരിത്രം നിശ്ശബ്ദമാകുന്നു. ഒരു പുതു ജീവിതത്തിൻ്റെ ദീപ്തിയിൽ, ചേ ക്രിസ്തുവിന്റെ കിരീടം ചൂടി, ആവേശത്തിന്റെ വിത്തുകൾ മണ്ണിൽ മുളപ്പിക്കുന്നു. ഒരു നാഴികക്കല്ലുപോലെ ഫ്രെഡി അൽബോർട്ടയുടെ ചിത്രം സാക്ഷ്യമാകുന്നു. തുറന്നുകിടക്കുന്ന കണ്ണുകളെ നോക്കി ഭയത്തോടെ പട്ടാളക്കാർ നിൽക്കുന്നു, ചലച്ചിത്രത്തിലെ ഒരു പ്രധാനഭാഗത്ത് , കാറ്റ്സ് ഫ്രെഡി അൽബോർട്ടയെ അഭിമുഖം ചെയ്യുമ്പോൾ അദ്ദേഹം പകർത്തിയ ചരിത്രപ്രസിദ്ധമായ ചെയുടെ അന്ത്യചിത്രത്തിന്റെ പശ്ചാത്തലത്തെ വെളിപ്പെടുത്തുന്നുണ്ട് .
അൽബോർട്ട ആരായിരുന്നു? ആ ചിത്രം എങ്ങനെ എടുത്തു? ആ ദിവസത്തിൽ സംഭവിച്ചത് എന്തായിരുന്നു? എന്നൊക്കെയുള്ള വിശദീകരണത്തിലേക്ക് അഭിമുഖം കടക്കുന്നു. പിന്നെ അഭിമുഖം നടത്തിയ കാറ്റ്സ് അല്പം പിന്വാങ്ങുന്നു, അൽബോർട്ടയുടെ മനസാക്ഷിയെ ഗ്രസിച്ച അനുഭവങ്ങൾ പ്രത്യക്ഷമാവുന്നു. അദ്ദേഹത്തിന്റെ മനസ്സ് ആഴത്തിലുള്ള ഒരു ബോധത്താൽ നിറയുന്നു, കാരണം അദ്ദേഹം നേരിട്ടത് ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന ഒരു നിമിഷത്തെയായിരുന്നു. ഇതിഹാസപുരുഷനായ ചെ ഗുവേരയുടെ മരണത്തിന്റെയും അമരത്വത്തിന്റെയും ഇടയിൽ, അൽബോർട്ട,ക്രിസ്തുവിന്റെ ചിത്രമെന്നോണം ചെയുടെ ചിത്രവുമായി പ്രത്യക്ഷപ്പെടുന്നു. അൽബോർട്ടയുടെ ലാബിൽ ആ ചിത്രം രാസദ്രവത്തിൽ നിന്ന് ഉയരുന്ന രംഗങ്ങൾ നമ്മെ കാണിക്കുന്നു.
ഈ ചിത്രം ഫോട്ടോ ജേർണലിസത്തിന്റെ സാധാരണരൂപത്തിനും അപ്പുറത്തായിരുന്നു. അത് ചരിത്രത്തിന്റെ ദൃശ്യസാക്ഷിയായ ഒരു സൃഷ്ടിയായി. ഇതിൽ തീർച്ചയായും അധിക രഹസ്യങ്ങളൊന്നും ഇല്ല. ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, ഒരു കലാകാരന്റെ നേർനോട്ടവും അത് കാണുന്നവരുടെ ആത്മാനുഭവവും ഈ ഫോട്ടോയിൽ നിറഞ്ഞു നിൽക്കുന്നു. അന്തരീക്ഷത്തിൽ ചെയുടെ വാക്കുകൾ മുഴങ്ങുന്നു, “വിപ്ലവം ഒരു പന്തയമാണ്,” അടയാത്ത കണ്ണുകളുമായി ചെ നമുക്കിടയിൽ ഒരു ആവേശമായി,അത്ഭുതമായി ഒരു മിത്തുപോലെ ഇന്നും നിറഞ്ഞു നിൽക്കുന്നു. ഓർമകൾക്ക് സാക്ഷിയായി ചെയുടെ, അടയാത്ത കണ്ണുകളുള്ള ഫ്രെഡി ആൽബോർട്ട ട്രിഗോ ഫോട്ടോയും.
video : Courtesy – Internet
കവർ : ജ്യോതിസ് പരവൂർ