പൂമുഖം LITERATUREകവിത വേവ്

വേവ്

വെയിലിനപ്പുറം
കടലായിരുന്നു,
പരന്ന പകൽപോലെ
ചുട്ടുപഴുത്ത കടൽ..

തിരകളെല്ലാം
തീനാളങ്ങളായിരുന്നു,
ആളിപ്പടർന്നായിരം
നാളങ്ങളായി പിണയുന്ന
തിരകൾ..

വെന്ത മീനുകളും
പുഴുങ്ങിയ ചിപ്പികളും
തിരഞ്ഞ്,
വഞ്ചികളെമ്പാടും
കടലിൽ നിറയുന്നു..

വലകളിൽ കുരുങ്ങി
ജലമിറ്റു വീഴുന്ന,
ജീവനറ്റ ശരീരമായി,
കടൽ ചുരുണ്ടുകൂടി കിടക്കുന്നു..

ആകാശങ്ങളിൽ നിന്ന്
ചാട്ടുളിപോലെ താണുവന്ന്
കടലിനെ
കൊത്തിപ്പറക്കുവാൻ
ശ്രമിച്ചൊരു കടൽപ്പക്ഷി
ഒരു മീനിൽ
കൊക്ക് കുടുങ്ങി
കടലിലേക്കാണ്ട് പോകുന്നു..

പൊള്ളുന്ന കടലിൽ
നിന്നൊരു തിര
രക്ഷതേടി തീരത്തിനു നേരെ
കൈ നീട്ടുന്നു..
ഒരു സദാചാരിയുടെ
ഭയത്തോടെ തീരം,
തീരം ഉള്ളിൽ പൊള്ളലേറ്റ്
പിന്നോട്ടേക്ക് നീങ്ങുന്നു..

കരിഞ്ഞടർന്നൊരു
സൂര്യതുണ്ടം കടലിലാണ്ട്
തീപിടിച്ചു
ചുവന്നു തുടുക്കുന്നു,
കരയുടെ കവിളിലതിന്റെ
ചുവപ്പലിഞ്ഞ കരി പടരുന്നു..

മഞ്ഞു ഇലയ്ക്കുന്ന
മഞ്ഞു പൂക്കുന്ന
മഞ്ഞു കായ്ക്കുന്ന
മരങ്ങൾ നിറഞ്ഞ
മലമുകളിൽ നിന്നൊരു
കാറ്റിനായി കടൽ
കൊതിക്കുന്നു..

വിളിപ്പുറത്തെത്തി
ചുംബിച്ചൊരു കാറ്റിന്റെ
ചുണ്ടുകൾ തപിച്ച്
വിണ്ടു കീറി ഉപ്പാർന്ന
ചോര കിനിയുന്നു..

മഞ്ഞടർന്നൊരു
നദിയായൊഴുകി,
തന്നിലണഞ്ഞു
തണുപ്പിക്കുന്നൊരു
കാലം പ്രതീക്ഷിച്ച്
കടൽ എല്ലാം സഹിക്കുന്നു..

സ്വയം പുകഞ്ഞൊരു
മഴയായ് പെയ്ത്
കരക്കൊരു
കവചമൊരുക്കുന്നു
വേവുന്ന ഈ കടൽ..

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.