ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ആ മൈക്രോസോഫ്റ്റ് ടീംസ് കോൺഫറൻസ് കോൾ. മറുവശത്തു കുവൈറ്റിൽ നിന്ന് ഓപ്പറേഷൻസ് ഡയറക്ടറും എച്ച് ആർ പ്രതിനിധിയും. ” ഖത്തറിൽ ലോകകപ്പ് വരുന്നു, നീ അവിടെ ഉണ്ടാകണം”അതായിരുന്നു കോളിന്റെ രത്നച്ചുരുക്കം. വൈകുന്നേരം വീട്ടിൽ പോയി. ഭാര്യയും മക്കളുമായി ഇരുന്നു സംസാരിച്ചു. അവസാന ട്രാൻസ്ഫർ 14 വർഷങ്ങൾക്കു മുൻപായിരുന്നു, ബഹ്‌റൈനിൽ നിന്ന് തിരികെ യൂ എ ഇ യിലേക്ക്. അന്ന് മുതൽ കുടുംബം യൂ എ ഇ യിൽ സെറ്റിൽഡ് ആണ്. മക്കൾ ആണെങ്കിൽ യൂ എ ഇ യിൽ അല്ലാതെ മറ്റെവിടെയും സ്ഥിരമായി ജീവിച്ചിട്ടുമില്ല. എന്നെ പോലെ തന്നെ ഭാര്യക്കും മക്കൾക്കും നിറയെ കൂട്ടുകാരുണ്ട് യൂ എ ഇ യിൽ. സ്‌കൂൾ, വീട്, സൗഹൃദങ്ങൾ എല്ലാം ഇട്ടെറിഞ്ഞു പോകണം നന്നായി അറിയാത്ത ഒരു രാജ്യത്തേക്ക്. രണ്ടു ദിവസം കൂലങ്കഷമായ ചർച്ച നടന്നു, കുട്ടികൾക്ക് ആദ്യമൊന്നും തീരെ ഇഷ്ടമായിരുന്നില്ല. ആദ്യം ഭാര്യ സമ്മതിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികളും. അടുത്തയാഴ്ചയിലെ ഫോളോ അപ്പ് മീറ്റിങ്ങിൽ ” അതെ. ഞാൻ പോകാൻ തയ്യാറാണ്” എന്നറിയിച്ചപ്പോൾ അവരും അൽപം ഞെട്ടിയോ എന്ന് സംശയം. പിന്നെ എല്ലാം അതിവേഗമായിരുന്നു.മാസങ്ങൾക്കുള്ളിൽ കൂടും കുടുക്കയുമെടുത്തു ഖത്തറിലേക്ക്. യാത്ര തുടങ്ങുമ്പോഴേക്കും കുടുംബം പെട്ടു പോയി ഇന്ത്യയിൽ. അപ്പോഴേക്കും കോവിഡ് കാറ്റ് അടിച്ചു തുടങ്ങിയിരുന്നു. ഞാൻ ഒറ്റയ്ക്ക് പുതിയൊരു രാജ്യത്തു പൂട്ടിക്കെട്ടിയിരുന്നു. ഖത്തർ ലോകകപ്പ് എനിക്കും കുടുംബത്തിനും അന്നേ തുടങ്ങിയിരുന്നു.

മൂന്നു വർഷം മുൻപാണ് ഓഫീസിൽ ലോകകപ്പ് സംബന്ധിയായ ആദ്യ മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. അന്ന് തുടങ്ങി ലോകകപ്പിനുള്ള ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തയ്യാറെടുപ്പുകൾ. രാജ്യമെങ്ങും കൂടുതൽ ബ്രാഞ്ചുകൾ തുറക്കണം, ഫിഫ ഫാൻ സോണുകളിൽ സ്റ്റോറുകൾ തുറക്കണം, അതിനുളള കൺസ്ട്രക്ഷൻ മെറ്റിരിയലുകളും മറ്റും ചൈനയില് നിന്നും മറ്റും വരണം, വിവിധ രാജ്യങ്ങളിൽ നിന്ന് എഞ്ചിനീയര്മാരടക്കം സവിശേഷ സ്കില്ലുകൾ ഉള്ളവർ വരണം അതിനൊക്കെയുള്ള വിസയും മറ്റു സൗകര്യങ്ങളും അറേഞ്ച് ചെയ്യണം.
ഐടി ഇൻഫ്രാസ്ട്രക്ച്ചർ ശേഷി വർധിപ്പിക്കണം.സെക്യൂരിറ്റി, മെയിന്റനൻസ്, ബിൽഡിങ് നവീകരണങ്ങൾ അങ്ങനെ എല്ലാ വശവും പരിശോധിക്കണം.
ഫിഫ ലൈസൻസ്ഡ് പ്രോഡക്ടുകൾ വാങ്ങണം, ഫുട്‌ബോൾ തീമിൽ മറ്റെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം…
15 ലക്ഷം സന്ദർശകർ ആണ് വരുന്നത് അത്രയും പേരെ സെർവ് ചെയ്യാൻ വേണ്ടത്ര സ്റ്റാഫ് ഉണ്ടാകണം.
റിക്രൂട്ട്മെന്റ് ഒരു വർഷം മുൻപേ തുടങ്ങി. സ്റ്റാഫിംഗ് 2022 ഓഗസ്‌റ്റോടെ ഫുൾ സ്ട്രെങ്ങ്തിൽ എത്തണം.

2019 ജൂലൈ പകുതിയോടെ ഞാൻ ഖത്തറിൽ എത്തുമ്പോൾ രാജ്യം മുഴുവൻ ഏതാണ്ട് ഒരു കൺസ്ട്രക്ഷൻ സൈറ്റ് പോലെ ആയിരുന്നു. എവിടെ തിരിഞ്ഞാലും നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം. എവിടെ നോക്കിയാലും ക്രെയിനുകൾ. എല്ലാ റോഡും പുനർ നിർമ്മിക്കുന്നു. ഗൂഗിൾ മാപ്പ് നോക്കി എവിടെയും പോകാൻ കഴിയില്ല ഓരോ ദിവസവും ഓരോ റോഡ് ഡൈവേർഷൻസ് ആവും. ഡൈവേർട്ട് ചെയ്യപ്പെടാത്ത, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്ത ഒരു റോഡ് പോലുമുണ്ടായിരുന്നില്ല ഖത്തറിൽ അന്ന്. പുതിയ ഹോട്ടലുകൾ, ബ്രിഡ്ജുകൾ, സ്റ്റേഡിയങ്ങൾ… രാജ്യം മുഴുവനും എഞ്ചിനിയേഴ്സും നിർമ്മാണ തൊഴിലാളികളും. കോവിഡ് ആഞ്ഞടിക്കുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾ മാത്രമാണ് നിലച്ചത്, കോവിഡ് എല്ലാ തയ്യാറെടുപ്പുകളെയും പിന്നിലേക്ക് വലിച്ചിരുന്നു. 2022 മാർച്ചോടു കൂടി മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും കഴിയും എന്ന് പറഞ്ഞിരുന്നെങ്കിലും ജൂലൈ/ ഓഗസ്റ് എത്തി ഏതാണ്ട് മുഴുവൻ നിർമ്മാണങ്ങളും കഴിയാൻ. മറ്റൊരു രാജ്യത്തിനും കഴിയുമായിരുന്ന ഒന്നായിരുന്നില്ല അത്. ഖത്തറിന്റെ മണി പവർ ഒന്ന് കൊണ്ട് മാത്രം കഴിഞ്ഞത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നാച്ചുറൽ ഗ്യാസ് റിസേർവ് ഉള്ള ഒരു രാജ്യത്തിനു മാത്രം കഴിയുന്ന ഒന്ന്, ഫിഫ ലോകകപ്പ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഈ കുഞ്ഞു രാജ്യത്തിലേക്ക് കൊണ്ട് വന്നത് പോലെ ഒന്ന്.
സംശയങ്ങൾ എല്ലാവർക്കുമുണ്ടായിരുന്നു. ഇതൊക്കെ എങ്ങിനെ നടത്താൻ കഴിയുമെന്ന സംശയം. നമ്മൾ കൂട്ടിയാൽ കൂടുമോ എന്ന സംശയം രാജ്യത്തെ ഓരോ പൗരനും താമസക്കാരനും ഉണ്ടായിരുന്നു, സ്വദേശിക്കും വിദേശിക്കും. ചിലർ രഹസ്യമായി അത് പരസ്പരം ചോദിച്ചു ചിലർ പരസ്യമായി. ഒരുപാടു തടസ്സങ്ങൾ ഉണ്ടായിരുന്നു. നിയമങ്ങൾ, കൾച്ചറൽ സെന്സിറ്റിവിറ്റി, വേണ്ട സമയത്തു വേണ്ട ഇൻഫർമേഷൻ കിട്ടാതിരിക്കൽ, അവസാന നിമിഷ തീരുമാനങ്ങൾ അങ്ങനെ പലതും പലപ്പോഴും തടസ്സങ്ങളായി
ഖത്തറിലെ മുഴുവൻ മനുഷ്യരും, സ്വദേശിയും വിദേശിയും, മുതലാളിയും തൊഴിലാളിയും, സമ്പന്നനും സാധാരണക്കാരനും ഒരുമിച്ചാണ് ഇത്തരം തടസ്സങ്ങളെയൊക്കെ നേരിട്ടത്, ഒരൊറ്റ ലക്ഷ്യമേ ഏവരുടെയും മുന്നിൽ ഉണ്ടായിരുന്നുള്ളൂ വിജയകരമായി നടക്കുന്ന ലോകകപ്പ്. നവംബർ 20നു ഉദ്‌ഘാടന ചടങ്ങ് അവസാനിക്കുമ്പോൾ ലോകകപ്പ് നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട സുപ്രീം കമ്മിറ്റിയുടെ സെക്രട്ടറി ഹസ്സൻ അൽ തവാദിയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സത്യത്തിൽ ഖത്തറിൽ ജിവിക്കുന്ന ഓരോ മനുഷ്യന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ്. ഓരോ പ്രവാസി തൊഴിലാളിയുടെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിയാണ്, കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള അവന്റെ കൂടി അധ്വാനത്തിന്റെ ഫലമായിരുന്നു ആ ഉദ്‌ഘാടന ചടങ്ങ്. ഖത്തറിന്റെ സന്തോഷത്തിൽ അവൻ ഒപ്പം സന്തോഷിച്ചിട്ടുണ്ട് അത് നിങ്ങളിൽ ചിലർ ബ്രാൻഡ് ചെയ്യുന്നത് പോലെ രാജാധിപത്യത്തോടുള്ള അടിമത്തമോ, അന്നം തരുന്ന രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടോ ഏതെങ്കിലും മതത്തോടുള്ള പ്രത്യെക കൂറോ കൊണ്ടല്ല ( ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നല്ലൊരു ശതമാനം ഹിന്ദുക്കളും ക്രിസ്ത്യൻസും ഒക്കെയാണ് കേട്ടോ) അത് അവന്റെ കൂടി അദ്ധ്വാന ഫലം ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നത് കാണുന്നതിന്റെ സന്തോഷമാണ്. ഉയർന്നു നിൽക്കുന്ന ഓരോ സ്റ്റേഡിയത്തിനു പിന്നിലും മലയാളി ഉൾപ്പെടെ ഉള്ളവരുടെ അധ്വാനമുണ്ട്. റോഡും ബ്രിഡ്ജും ഹോട്ടലുകളും ഓഫീസുകളും ആശുപത്രികളും മെട്രോയും ബസ്സുകളും എയർപോർട്ടും വ്യാപാര സ്ഥാപനങ്ങളും ഒക്കെ ലോകമെങ്ങുമുള്ള രാജ്യങ്ങളിൽ നിന്നായി ഒഴുകിയെത്തിയ 15 ലക്ഷം സന്ദർശകരെ സ്വീകരിക്കാനായി അവരെ ആഹ്ലാദത്തിൽ ആറാടിക്കാനായി ഒരുങ്ങിയതിൽ അവന്റെ വിയർപ്പുമുണ്ടായിരുന്നു

വര്ഷങ്ങളായി ഖത്തറിലുള്ള, ഉണ്ടായിരുന്ന ഓരോ മനുഷ്യന്റെയും സംശയങ്ങൾക്കുള്ള മറുപടി കൂടിയാണ് നവംബർ 20 മുതൽ കണ്ടു തുടങ്ങിയത്. ഇത്രയധികം സന്ദർശകർ വന്നിട്ടും ഈ കൊച്ചു രാജ്യത്തു ഒരു ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടില്ല എന്നതാണ് അവനുണ്ടായ ആദ്യത്തെ അത്ഭുതം. ഓഫിസിലെ ഒരു ലെബനീസ് സുഹൃത്തു മത്സരങ്ങൾ തുടങ്ങി ആദ്യ ദിനങ്ങളിൽ എന്നോട് ചോദിച്ചത് ” എവിടെ? ഈ പതിനഞ്ചു ലക്ഷം പേർ എവിടെ? ” എന്നാണു. ഞാൻ അയാളോട് അവരെല്ലാം ഭൂമിക്കടിയിലുണ്ട് എന്ന് മറുപടി പറഞ്ഞു. ഭൂമിക്കടിയിലൂടെ ഈ ദിനങ്ങളിൽ ഖത്തറിലെ നാഡീ ഞരമ്പുകളായി മാറിയ മെട്രോയിലൂടെ അവർ നഗരത്തിന്റെ സ്വാഭാവിക ജീവിതത്തിനു യാതൊരു വിഘാതവും വരുത്താതെ സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ ദിനങ്ങളിൽ ഖത്തറിലെ മെട്രോ സ്റ്റേഷനുകളിൽ ലോക സാംസ്‌കാരിക സമ്മേളനങ്ങൾ നടക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മനുഷ്യർ, ലിംഗഭേദവും നിറഭേദവും രാജ്യ ഭേദവും മതഭേദവും ഇല്ലാതെ ഒന്നിച്ചൊന്നായി ആടിയും പാടിയും ഒഴുകുകയായിരുന്നു
അവരെ നിങ്ങൾക്ക് സ്റ്റേഡിയത്തിനു സമീപം കാണാം, സൂക്ക് വാഖിഫിൽ കാണാം, ഫാൻ ഫെസ്ടിവലുകളിൽ കാണാം മെട്രോ സ്റ്റേഷനുകളിലും ബസ്സുകളിലും ബീച്ചുകളിലും റസ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും കാണാം. അവർ കൂട്ടം കൂട്ടമായി ഒഴുകിയെത്തും. തവിട്ടു നിറമുള്ളവർ, കറുത്ത നിറമുള്ളവർ, വെളുത്ത നിറമുള്ളവർ, മഞ്ഞ നിറമുള്ളവർ, പൊക്കം കൂടിയവർ, പൊക്കം കുറഞ്ഞവർ, മൂക്ക് ചപ്പിയവർ, മൂക്ക് നീണ്ടവർ, ചെറിയ കണ്ണുകളുള്ളവർ, വലിയ വിടർന്ന കണ്ണുകളുള്ളവർ, നീല കണ്ണുകളുള്ളവർ അങ്ങിനെയങ്ങിനെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള വ്യത്യസ്‍ത തരം മനുഷ്യർ വ്യത്യസ്‌ത സംസ്കാരം പിന്തുടരുന്നവർ വ്യത്യസ്‌ത ഭക്ഷണം കഴിക്കുന്നവർ, ഉറക്കെ സംസാരിക്കുന്നവർ, പതിയെ സംസാരിക്കുന്നവർ, അപരിചിതരോട് അടുത്ത സുഹ്രുത്തുക്കളെ പോലെ മിണ്ടുന്നവർ, ഒന്നും മിണ്ടാത്തവർ, സന്തോഷം വന്നാൽ നൃത്തം ചെയ്യുന്നവർ, സങ്കടം വന്നാൽ നൃത്തം ചെയ്യുന്നവർ, വഴിയരുകിൽ വെച്ച് കെട്ടി പിടിക്കുന്നവർ, പ്രണയ പരവശർ ആകുന്നവർ, തൻറെ രാജ്യം തോറ്റാൽ വഴിയിലൂടെ നടന്നു കരയുന്നവർ, ജയിച്ചാൽ സന്തോഷം കൊണ്ട് ഇരിപ്പുറയ്ക്കാത്തവർ അങ്ങനെ ലോകത്തിന്റെ ഒരു പരിച്ഛേദം തന്നെ ഈ ദിനങ്ങളിൽ ഖത്തറിൽ എത്തിയിരുന്നു. അതിമനോഹരമായ സ്റേഡിയങ്ങളിലിരുന്നു,മനോഹരമായ കളികൾ കണ്ടു, ഖത്തറിന്റെ ആതിഥേയത്വം സ്വീകരിച്ചു, സംഗീത നൃത്ത നിശകളിൽ പങ്കെടുത്തു മനസ്സു നിറഞ്ഞാണ് ഓരോ ഫുട്‌ബോൾ ഫാനിന്റേയും മടക്ക യാത്ര. മുഴുവൻ സന്ദർശകർക്കും ഫോൺ സിം കാർഡും ലോക്കൽ കോളുകളും സൗജന്യമായിരുന്നു, ബസ്സ്, മെട്രോ യാത്രകൾ സൗജന്യമായിരുന്നു. ഖത്തറിനെ പോലെ എണ്ണപ്പണമുള്ള ഒരു രാജ്യത്തിനു മാത്രം ചെയ്യാനാകുന്ന ഒന്ന്

കളി കഴിഞ്ഞു എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിനു സമീപത്തു കൂടി കാർ പാർക്കിലേക്ക് പോകാനായി ട്രാമിൽ കയറാനായി നടക്കുകയായിരുന്നു ഞാൻ. അതാ അവിടെ ഒരു ചെറിയ സ്റ്റേജിൽ എന്തോ നൃത്തം നടക്കുന്നു, ചുറ്റും കുറച്ചാളുകളും കൂടിയിട്ടുണ്ട്. ഞാനും പയ്യെ ആൾക്കൂട്ടത്തിലേക്ക് കയറി. മനോഹരമായ വെസ്റ്റേൺ ഡാൻസ്, അൽപനേരം കഴിഞ്ഞാണ് മനസ്സിലായത് നൃത്തം ചെയ്യുന്നവർക്കും പാട്ടുകാർക്കും ഒക്കെ എന്തൊക്കെയോ വ്യത്യാസങ്ങൾ. കൂടുതൽ അടുത്തേക്ക് നിന്നു. പാടുന്നതും ആടുന്നതും എല്ലാം ഭിന്ന ശേഷിക്കാരാണ്. ബാൻഡിന്റെ പേര് No limits. അവരുടെ അതിമനോഹരമായ ശരീര ചലനങ്ങൾ കണ്ടു ഒന്നും മിണ്ടാനാവാതെ നിൽക്കുമ്പോൾ മനസ്സിൽ അത്ഭുതവും ആവേശവും ജീവിതത്തോടുള്ള പ്രണയവും ഒക്കെ അതിരുകളില്ലാതെ ഒഴുകി
ഖത്തർ ലോകത്തോട് പറയുകയാണ് NO LIMITS
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്