പൂമുഖം OPINION ഇന്ത്യക്കുള്ള പാഠങ്ങള്‍- ട്രംപിന് ശേഷമുള്ള ജനപ്രിയതാവാദം

ഇന്ത്യക്കുള്ള പാഠങ്ങള്‍- ട്രംപിന് ശേഷമുള്ള ജനപ്രിയതാവാദം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മുകുള്‍ കേശവന്‍
പരിഭാഷ: എന്‍.പി.ആഷ്ലി

്യൂഡല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ വലതുപക്ഷ ജനപ്രിയതയുടെ ആഗോള അലയടി എങ്ങനെയിരിക്കും? ബ്രെക്സിറ്റിനും ട്രംപിന്‍റെ വിജയത്തിനും ശേഷമുണ്ടായ ഉദാരവാദികളുടെ നിരാശാപ്രകടനങ്ങള്‍ ഇടതുപക്ഷത്ത് നിന്നും വലതുപക്ഷത്ത്‌ നിന്നും ‘അപ്പോഴേ പറഞ്ഞതല്ലേ?’ എന്ന പഴി കേള്‍ക്കാന്‍ കാരണമായിട്ടുണ്ട്. രണ്ട് പരസ്പര ബന്ധിതമായ പരാജയങ്ങള്‍ക്കാണ് രണ്ടു വശവും ഉദാരവാദികളെ പഴി പറയുന്നത്. ഒന്ന്, സാമ്പത്തിക സ്തംഭനാവസ്ഥയോടും നിശബ്ദരായ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ സഹിക്കേണ്ടി വന്ന പതനത്തോടും കാണിച്ച ആന്ധ്യത്തിന്. രണ്ട്, തൊഴിലാളി ജനതയോടുള്ള പരമ്പരാഗതമായ ഐക്യദാര്‍ദ്യത്തെ ബഹുസാംസ്കാരികതകളോടും ന്യൂനപക്ഷ രാഷ്ട്രീയത്തോടും ഒപ്പം ഉണ്ടാക്കുന്ന മഴവില്‍ സഖ്യം കൊണ്ടു പകരം വെച്ചതിന്.
എല്ലാ രാഷ്ട്രീയസാമാന്യതകളെയും പോലെ ഈ വിമര്‍ശനങ്ങളും ആവശ്യത്തിലധികം പറഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ ഇവ ഗൌരവമായ പരിഗണന അര്‍ഹിക്കുന്നവയാണ് താനും. എന്നുവെച്ചാല്‍ പരിഹാസത്തിന്‍റെയോ പുച്ഛത്തിന്‍റെയോ എളുപ്പത്തിലുള്ള ആശ്വാസം കൂടാതെ തന്നെ ഇവയെ പഠിക്കണമെന്നര്‍ത്ഥം. അര്‍ദ്ധവിദ്യാഭ്യാസമുള്ളവരുടെ വിഡ്ഢിത്തവും അസഹിഷ്ണുതയും കൊണ്ടാണ് അവര്‍ക്ക് തങ്ങള്‍ക്കെന്താണ് നല്ലതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതെന്ന വിചാരം ഉദാരവാദികളുടെ അഹന്തയ്ക്ക് ഉപകാരപ്രദമായ ഒരുദാഹരണമാണ്. ബ്രിട്ടനില്‍ ബ്രെക്സിറ്റിനു ശേഷം നടന്ന ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിലനില്‍ക്കണമെന്നു വാദിച്ചിരുന്നവരുടെ സംഭാഷണങ്ങള്‍ ഇത്തരം ക്രുദ്ധമായ പുച്ഛത്താല്‍ വികൃതമാക്കപ്പെട്ടതായിരുന്നു.
ഇംഗ്ലീഷ് പാരമ്പര്യവാദിയായ ചിന്തകന്‍ ജോണ്‍ ഗ്രേ അടക്കമുള്ള വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാനവാദം ഉദാരവാദികളും പുരോഗമനവാദികളും നവ ഉദാരവാദത്തിന് തങ്ങളെ ഏറ്റെടുക്കാന്‍ സൗകര്യം നല്‍കി എന്നതാണ്. നവ ഉദാരവാദമെന്നാല്‍ തുറന്ന മാര്‍ക്കറ്റുകളും മൂലധനത്തിന്‍റെയും തൊഴില്‍ശക്തിയുടെയും സ്വതന്ത്രമായ ചലനവും ഉദാരവും അവകാശ ബന്ധിതവും ആയ ജനാധിപത്യത്തോട് ചേര്‍ന്ന്‍ സുസ്ഥിരവും സമാധാനപൂര്‍ണവും സമ്പന്നവുമായ ഒരു അന്താരാഷ്‌ട്ര സംവിധാനമുണ്ടാക്കുമെന്ന വിശ്വാസമാണ്. വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തുനിന്നുമുള്ള വിമര്‍ശകര്‍ പറയുന്നത് ഇത് എന്നും അസംബന്ധമായിരിക്കുമെന്നാണ്. കാരണം, പ്രത്യയ ശാസ്ത്രത്താല്‍ നയിക്കപ്പെട്ടിരുന്ന ആഗോളവല്‍ക്കരണം ഒരു ചെറിയ ഗ്രൂപ്പ് അന്താരാഷ്‌ട്രവിജയികളെയും ഒരു വലിയ വിഭാഗം സ്ഥിരം പരാജിതരെയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ വിജയീഭാവം ആഗോള മുതലാളിത്തത്തെയും ലോകബാങ്കിനെയും ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിനെയും തങ്ങളുടെ താത്പര്യത്തിനെതിരെ നില്‍ക്കുന്ന ഏതു രാജ്യത്തെയും ചികിത്സിച്ചു ശരീരശുദ്ധി വരുത്താന്‍ കഴിയുന്ന ഡോക്റ്റര്‍മാരാക്കി മാറ്റി.
ഈ ചികിത്സ സോവിയറ്റ് യൂനിയനു ശേഷമുള്ള റഷ്യയെ ഏതാണ്ട് ഇല്ലാതാക്കി. സാമ്പത്തികത്തകര്‍ച്ചയും നാറ്റോ അടിച്ചേല്‍പ്പിച്ച ദേശീയതലത്തിലുള്ള രാഷ്ട്രീയ അപമാനവും ഉപയോഗിച്ച് ഒരേകാധിപതി അവിടെ വെറുപ്പിന്‍റെയും അസഹിഷ്ണുതയുടെയും ദേശീയത ഉപയോഗിച്ച് അധികാരമുറപ്പിച്ചു. ഇത് തന്നെ ഇറാഖ് അധിനിവേശത്തിനു ശേഷം മധ്യപൌരസ്ത്യദേശത്തെ നശിപ്പിച്ചു. ഇറാഖും ലിബിയയും സിറിയയും ഒന്നൊന്നായി ജനാധിപത്യത്തിന്‍റെ പീഠത്തില്‍ പ്രഖ്യാപിതശത്രുവായ ഇസ്ലാമിസ്റ്റ് ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ബലി നല്‍കപ്പെട്ടു. ഇറാഖ് അധിനിവേശത്തിന്‍റെ പ്രത്യയശാസ്ത്ര ആചാര്യനായ പോള്‍വോള്‍ഫോവിറ്റ്സ് പിന്നീട് ലോകബാങ്കിന്‍റെ മേധാവിയായി നിയമിക്കപ്പെട്ടു എന്നതില്‍ ആലങ്കാരികമായ ശുദ്ധിയുണ്ട്.: അങ്ങനെ നവഉദാരവാദത്തിന്‍റെ പരാജയപ്പെട്ട സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും ഒരു ശരീരത്തില്‍ തന്നെ കാണാറായി.
വിദേശത്ത് മധ്യകിഴക്കന്‍ ഭാഗത്തെ ദുരന്തത്തിനുശേഷം, നവഉദാരവാദത്തിന് (ഇതാണെങ്കില്‍ നവയാഥാസ്ഥിതിക വാദത്തില്‍ നിന്ന് തിരിച്ചറിയാനാവാത്തതുമാണ്.) സ്വന്തം നാട്ടില്‍ വില നഷ്ടപ്പെട്ടത് 2008 ലെ സാമ്പത്തിക മാന്ദ്യത്തോടെയാണ്. ഈ തകര്‍ച്ച ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും വ്യാവസായികമേഖലകളിലെ തൊഴിലാളി വര്‍ഗ്ഗങ്ങളുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാണെന്ന ഭീതിയിലേയ്ക്കവരെ തള്ളിവിട്ടു. അങ്ങനെ നിഗല്‍ ഫറേജും ഡോണാള്‍ഡ്‌ ട്രംപുമടങ്ങിയ വലതുപക്ഷ ജനപ്രിയതയുടെ രാഷ്ട്രീയക്കാര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാവുന്ന തരത്തില്‍ അവര്‍ പാകപ്പെട്ടു. ചെറിയ മാറ്റങ്ങളോടെ ഈ വാദം ഹംഗറി, ഇറ്റലി, പോളന്‍റ്, ഓസ്‌ട്രിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് പറയാം. യൂറോപ്യന്‍ യൂനിയന്‍, നവഉദാരവാദികള്‍ മുന്നോട്ടു വെയ്ക്കുന്ന സാമ്പത്തികോല്‍ഗ്രഥനത്തിന്‍റെ പരാജയത്തിന്‍റെ ഉദാഹരണമാണെന്നും അതിനാല്‍ താന്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുകയാണെന്നും കുറച്ചു വര്‍ഷങ്ങളായി വാദിച്ചുവരുന്ന ആളാണ്‌ ഗ്രേ. സാമ്പത്തിക ഉദാരീകരണത്തിന്‍റെ  ദോഷഫലങ്ങളനുഭവിക്കാന്‍ വിധിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗ വിഭാഗങ്ങള്‍. തങ്ങളുടെ ഫാക്റ്ററികള്‍ വിദേശ രാജ്യങ്ങളിലേയ്ക്ക്  അപ്രത്യക്ഷമാകുന്നത് കാണാനിഷ്ടപ്പെടുന്നില്ല. വിദേശങ്ങളോട് ജോലിക്കായി മത്സരിക്കണമെന്നത്  അവര്‍ വെറുക്കുന്നു. ഗ്രേ പറയുന്നത്, ഇത് വിദേശികളോടുള്ള വെറുപ്പ് (Xenophobia) അല്ലെന്നാണ് (ഇതിനെ രാഷ്ട്രീയക്കാര്‍ അത്തരത്തില്‍ ഉപയോഗപ്പെടുത്തി യാലും) ഇത് യുക്തിപരമായ സ്വയം താത്പര്യ സംരക്ഷണം മാത്രമാണ്. നേരിട്ടുള്ള അനുഭവത്തില്‍ നിന്നുണ്ടാവുന്ന ബഹുജനവികാരങ്ങളെ വലതുപക്ഷ ജനപ്രിയത എന്നെണ്ണുന്ന ഉദാരവാദികളെ അദ്ദേഹം ശകാരിക്കുന്നു. അദ്ദേഹം ചോദിക്കുന്നു: ഉദാരവാദികള്‍ക്ക് താത്പര്യമില്ലാത്ത ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ ഒരു തെരഞ്ഞെടുപ്പ് മണ്ഡലം വംശീയ ആള്‍ക്കൂട്ടമായി മാറിപ്പോവുന്നതെങ്ങനെയാണ്?
ഈ വാദത്തിനെതിരെ പല ചോദ്യങ്ങളും ഉയര്‍ത്താനാകും. അവയിലേറ്റവും എളുപ്പത്തിലുള്ളത് ബ്രെക്സിറ്റിന്‍റെ കാര്യത്തിലും ട്രംപിന്‍റെ കാര്യത്തിലും ഭൂരിപക്ഷത്തിന്‍റെ മാര്‍ജിന്‍ തീരെ കുറവാണെന്നതും അതുകൊണ്ടു തന്നെ സാമാന്യവത്ക്കരണത്തിന്‍റെയൊന്നും ഭാരം താങ്ങാന്‍ അവയ്ക്ക് കഴിയില്ലെന്നതുമാണ് ബഹുസാംസ്കാരികതാവാദികളും മഴവില്‍ സഖ്യക്കാരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെള്ളക്കാരിലെ പാവപ്പെട്ടവരെ തങ്ങളുടെ ഒരു കൃത്യമായ പ്ലാനോടെ തങ്ങളുടെ ഒരു വോട്ട് ബെയ്സായി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ട്രംപിന്‍റെ വിജയത്തെ തൊഴിലാളി വര്‍ഗ്ഗ അതൃപ്തിയായി മാത്രം കാണുകയും വംശീയ സംഘവല്‍ക്കരണമായി കാണാതിരിക്കുകയും ചെയ്യുന്നത് വെള്ളക്കാരായ തൊഴിലാളികളുടെ വംശീയതയെ മറ്റുള്ളവര്‍ക്കനുവദിക്കാത്ത മട്ടില്‍ വിട്ടുകളയലാണ്. ആഗോളവല്‍കൃതമായ സമ്പദ് വ്യവസ്ഥതിയ്ക്കെതിരായ വാദങ്ങള്‍ തെറ്റാണെന്ന് ‘ദ ഇക്കണോമിസ്റ്റ്’ ഫ്രീ മാര്‍ക്കറ്റുകളിലൂടെയും മുതലിന്‍റെ അതിര്‍ത്തികള്‍ കടക്കാനുള്ള കഴിവിലൂടെയും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട ദശലക്ഷങ്ങളെ ചൂണ്ടിക്കാട്ടി വാദിച്ചേയ്ക്കാം. ലോകമാസകലമുള്ള ഇടതുപക്ഷക്കാര്‍ പറയാന്‍ പോകുന്നത് ഫിനാന്‍സ് കാപ്പിറ്റലിസത്തിന്‍റെ ആദ്യമേയുള്ള വിമര്‍ശകര്‍ തങ്ങളാണെന്നും സോവിയറ്റ് യൂനിയന്‍ തകര്‍ന്ന ആശയക്കുഴപ്പത്തിന്‍റെ നാളുകളില്‍ തന്നെ മുതലാളിത്തത്തിന്‍റെ തകര്‍ച്ച അടുത്തെത്തി എന്ന്‍ തങ്ങള്‍ പ്രവചിച്ചിരുന്നു എന്നുമാണ്.
ഈ പ്രതികരണങ്ങളെല്ലാം പറയുന്നത് ഗൌരവമായ കാര്യങ്ങളാണ് പക്ഷെ അവ പ്രതീക്ഷയറ്റതും ശക്തിയില്ലാത്തതുമാണ്. അന്ത്യനാളുകള്‍ പ്രവചിച്ച ഇടതുപക്ഷചിന്തകര്‍ പറഞ്ഞത് ശരിയായിരിക്കാം പക്ഷെ ഒപ്പം മാര്‍ക്സിസത്തെയും കൂട്ടി സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിന് ശേഷം ഇടതുപക്ഷം ജനകീയ പ്രസ്ഥാനത്തിനു അജണ്ട തയ്യാറാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. അമേരിക്കയില്‍ ബേര്‍ണി സാന്‍ഡേഴ്സിന്‍റെ കാംപെയ്നുകളും Occupy Wallstreet ഉം പ്രധാനപ്പെട്ട നീക്കങ്ങളായിരുന്നു. എന്നാല്‍ മധ്യമക്കാരായ ഡെമോക്രാറ്റിക് പാര്‍ട്ടി അവയെ സ്വന്തം ആവശ്യത്തിനുപയോഗിച്ചു. പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചു. എന്തെങ്കിലും ചെയ്യാന്‍ കഴിവുണ്ടായിരുന്ന സാന്‍ഡേഴ്സ് പരാജയപ്പെടുകയും ഹിലാരിയുടെ പിന്നില്‍ അണിനിരക്കുകയും ചെയ്തതോടെ ഇടയില്‍ നില്‍ക്കുന്ന അമേരിക്കയുടെ പോരാട്ടവീര്യത്തിന് വേദിയൊരുക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തിയാണ് നഷ്ടമായത്. ഇടതുപക്ഷം പറയുന്നത്ര വംശീയവാദികളായിരുന്നു അമേരിക്കന്‍ വെള്ളക്കാരെങ്കില്‍ പ്രസിഡന്‍റ് കരിയറിന്‍റെ അവസാനം ഒബാമയുടെ ജനപ്രീതിയുടെ നിരക്ക് ഇത്ര കൂടാന്‍ കാരണമെന്താണ്? ആഗോളവല്‍ക്കരണത്തിന്‍റെ ഗുണങ്ങളെപ്പറ്റി പറയാന്‍ ദ ഇക്കണോമിസ്റ്റ് ചൈനയെ ഉപയോഗിക്കുമ്പോള്‍, ഗ്രെ പറയുന്നത് പുതിയ അന്താരാഷ്ട്രക്രമത്തില്‍ നിന്ന്‍ തങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് യാഥാര്‍ത്ഥ്യബോധത്തിലും യുക്തിയിലും അധിഷ്ഠിതമായ ബോധ്യമുണ്ടായിരുന്ന ഏക വന്‍ശക്തി ചൈനയാണ് എന്നതാണ് അവരുടെ വിജയകാരണമെന്നാണ്. വിദേശമൂലധനവും വിദേശമാര്‍ക്കറ്റുകളുമാണ്, ഉദാരജനാധിപത്യവും അതിരുകളില്ലാത്ത ജനങ്ങളുടെ ചലനവുമല്ല ചൈനക്കാര്‍ നോക്കിയത്. ചൈനയില്‍ പുറമേനിന്ന് വന്ന്‍ ചൈനയില്‍ പൌരന്മാരായവരുടെ എണ്ണം 1500 ല്‍ താഴെയാണ്. അറിഞ്ഞുകൊണ്ട് അബദ്ധത്തിനു പിന്നാലെ പോയത് അമേരിക്കക്കാരും ബ്രിട്ടീഷുകാരുമാണ് ചൈനക്കാരല്ല.

ട്രംപിന്‍റെ തെരഞ്ഞെടുപ്പു വിജയവും ബ്രെക്സിറ്റും യൂറോപ്യന്‍ യൂനിയന്‍റെ ഉടനെ ഉണ്ടായേയ്ക്കാവുന്ന വിഘടനവും പഴയ ആഗോള ക്രമത്തിലേയ്ക്കുള്ള മടക്കമായിട്ടാണ് ഗ്രേ കാണുന്നത്. വിദേശനയത്തില്‍ യാഥാതഥ്യത്തിലതിഷ്ഠിതമായ വന്‍ശക്തികളുടെ പോരിന്‍റെ ഒരു യുഗത്തിന്‍റെ ഉദ്ഘാടനവും ദേശീയ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യാന്‍ അളന്നുമുറിച്ച സര്‍ക്കാര്‍ സംരക്ഷണത്തിന്‍റെ കാലവും. ഇത് ലോകത്തെ സംബന്ധിച്ച പ്രായോഗികമായ കാഴ്ചപ്പാടാണ്. വിഷയത്തോട് കാണിക്കുന്ന അകലം കൊണ്ട് സ്വയം അഭിനന്ദിക്കുന്നതും. എങ്കിലും പടിഞ്ഞാറിന്‍റെ ഇറാഖ് അധിനിവേശത്തെ എതിര്‍ത്ത, കപട ഉദയം (False Dawn) എന്ന പുസ്തകത്തിലൂടെ ലോക സമ്പദ് വ്യവസ്ഥിതിയുടെ തകര്‍ച്ച ഒരു ദശകം മുമ്പ് തന്നെ പ്രവചിച്ച,ബ്രെക്സിറ്റും ട്രംപും നടക്കുന്നതിനു മുമ്പേ പ്രവചിച്ച ഒരാളില്‍ നിന്നുള്ള വീക്ഷണം എന്ന നിലയ്ക്ക് ഇദ്ദേഹത്തിന്‍റെ വീക്ഷണങ്ങളെ ശ്രദ്ധിക്കുന്നത് ഉപയോഗപ്രദമായിരിക്കും. (ഇന്നത്തെ ആഗോളീയവിരുദ്ധ നിലപാടില്‍ ഇദ്ദേഹം എത്തിയത് മാര്‍ഗരറ്റ് താച്ചറിനെയും അവരുടെ ലേബര്‍ പാര്‍ട്ടിയെയും കാര്യമായി പിന്തുണച്ചതിന് ശേഷമാണ് എന്നതും ഓര്‍മ്മിക്കണം.)
പടിഞ്ഞാറിന്‍റെ സമീപഭൂതകാലത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍ക്ക് നമ്മുടെ കാര്യത്തിലുള്ള പ്രസക്തിയെന്താണ്‌? ഗ്രേയുടെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെ ഉയര്‍ച്ചയില്‍ ജീവിത ദിശ നഷ്ടപ്പെടുന്ന മധ്യവര്‍ഗ്ഗവും പാവപ്പെട്ടവരും ആശ്വാസത്തിനായി തിരിയുന്നത് വലതുപക്ഷത്തോട്ടാണ് ഇടതു പക്ഷത്തോട്ടല്ല എന്നതാണ്. കാരണം, അകത്തും പുറത്തുമുള്ള ഹിംസ്രജന്തുക്കളുടെ ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷണമാവശ്യമുള്ള കഷ്ടപ്പെടുന്ന ഒരു കൂട്ടമായി ജനതയെ മനസ്സിലാക്കുക വലതുപക്ഷത്തിന്‍റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ തന്നെയുള്ളതാണ് വാചകപരമായ അന്താരാഷ്ട്രീയതയും ന്യൂനപക്ഷങ്ങളോടുള്ള പരിഗണനയും കാരണം മുടന്തി ജനതയെന്ന തരത്തില്‍ ആരെയും ആവാഹിക്കാന്‍ സമ്മതമില്ലാത്തവരായാണ് ഇടതുപക്ഷത്തെ കാണാറ്.
ട്രംപിന്‍റെ വിജയവും അതിനെത്തുടര്‍ന്നുണ്ടായ പുരോഗമാനപരിഭ്രാന്തിയും തങ്ങള്‍ കണ്ടു മറന്നതാണെന്ന്‍ ഇന്ത്യന്‍ ലിബറലുകള്‍ വിദേശി സുഹൃത്തുക്കള്‍ക്ക് പറഞ്ഞുകൊടുത്തേയ്ക്കാം. ആ സ്ഥാനത്തവര്‍ ഉണ്ടായിരുന്നിട്ടുണ്ട് എന്നും. 2014ല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ അവര്‍ പറയുന്നത് ശരിയല്ല., നരേന്ദ്ര മോഡി ഒരു ഡോണാള്‍ഡ് ട്രംപ് അല്ല. മോഡി വരുന്നത് ഹിന്ദു ദേശീയതയില്‍ നിന്നും അതിന്‍റെ സ്ഥാപനങ്ങളില്‍ നിന്നുമാണ്.  അദ്ദേഹം ട്രംപിനെ പോലെ തീര്‍ത്തും പരമ്പരാഗത വിരുദ്ധനായ ഒരു പുറമെക്കാരനല്ല. ഒരുപക്ഷെ നമ്മുടെ പരമ്പരാഗതവിരുദ്ധനായ ജനപ്രിയതാവാദി വരാന്‍ ഇനിയും സമയമെടുക്കും.
നമ്മുടെ നാട്ടിലെ മാന്ത്രികന്‍, നമ്മുടെയൊക്കെ പണം അപ്രത്യക്ഷമാക്കിയതിനു ശേഷം, സ്വന്തം വിദ്യ മുഴുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാലോ? നോട്ട് റദ്ദാക്കല്‍ സമ്പദ് വ്യവസ്ഥയെ സ്ഥിരമായി പരുക്കേല്‍പ്പിക്കുകയും എല്ലായിടത്തും അതൃപ്തി പടര്‍ത്തുകയും ചെയ്‌താല്‍, അതിന്‍റെ മുഖ്യ ഗുണഭോക്താക്കള്‍ ബി.ജെ.പി. വിരുദ്ധ പ്രതിപക്ഷമായിക്കൊള്ളണമെന്നില്ല. പകരം ആരും മുന്‍കൂട്ടി കാണാത്ത, ട്രംപിനെ പോലെ വലതുപക്ഷത്തുനിന്നുള്ള ഒരാളായിരിക്കാം. അയാള്‍ക്ക് കൂടുതല്‍ തീക്ഷ്ണമായ ഒരു ഭൂരിപക്ഷതാവാദത്തിന്‍റെ അജണ്ട ഉപയോഗിച്ച് ബി.ജെ.പി.യെ കൂട്ടിക്കെട്ടാം. തിരിച്ചറിയാവുന്ന ഒരു മുഖവും ദേശീയതലത്തിലുള്ള ഒരു ബ്രാന്‍ഡുമുണ്ടാവും -വേണ്ടിവരും തന്‍റെ രാഷ്ട്രീയാഭിലാഷങ്ങളുടെ ചെലവു വഹിക്കാനുള്ള പണം ഉള്ള ആളായിരിക്കണം. സ്വയം വളര്‍ന്നു വലുതായവനെന്ന്‍ അഹങ്കരിക്കുന്നതിലൂടെ അഴിമതിയുടെ വ്യവസ്ഥിതിയെ പുറത്തുനിന്ന്‍ വൃത്തിയാക്കിയെടുക്കാന്‍ കഴിവുള്ളവനെന്നുള്ള പ്രതിച്ഛായ ഉണ്ടാക്കാന്‍ കഴിയണം..ഹിന്ദി സംസാരിക്കുന്ന ആളാവണം, മോഡിയേക്കാള്‍ കാവിയാവണം, കൂടുതല്‍ താടിയുള്ള ആളാവണം, ഏറ്റവും പ്രധാനമായി, ടിവി.യില്‍ മോഡിയേക്കാള്‍ സാന്നിദ്ധ്യമറിയിക്കാന്‍ കഴിയണം. ചുരുക്കത്തില്‍ ആ ആള്‍, സവിശേഷമായ രീതിയില്‍, ബാബാ രാംദേവിനെ പോലെയിരിക്കും.
കോടിക്കണക്കിന് ഡോളര്‍ വില മതിക്കുന്ന ഒരു കമ്പനിയുടെ മുഖമായിരിക്കുന്ന ഒരാള്‍, തന്‍റെ കാവി ചുറ്റിയ രൂപം പതഞ്ജലിയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും ചാപ്പ കുത്തിയ ഒരാള്‍, ആസ്ത തുടങ്ങിയ ഭക്തി ചാനലുകളിലെ കാണികളിലൂടെ ടെലിവിഷന്‍ സാന്നിദ്ധ്യത്തില്‍ ട്രംപിനോട് കിടപിടിക്കാവുന്ന ഒരാള്‍ -അതെല്ലാമാണ്‌ ബാബാ രാംദേവ്. ഇദ്ദേഹത്തിന്‍റെ രാഷ്ട്രീയാഭിലാഷങ്ങള്‍ കരിയര്‍ പിന്തുടരുന്ന ആര്‍ക്കും വ്യക്തവുമാണ്. എന്‍റെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ഈ ദു:സ്വപ്ന സാഹചര്യം സൂചിപ്പിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു, അദ്ദേഹം ഭ്രാന്ത് പറയുകയാണെന്ന്. ഇന്ന്‍, ട്രംപിനും  നോട്ട് റദ്ദാക്കലിനും ശേഷം, ഈ ഭാവിയോ ഇതുപോലൊന്നോ അസാദ്ധ്യമാണെന്നു തോന്നുന്നില്ല.
മതേതര ജനപ്രിയതാവാദം എങ്ങനെയിരിക്കുമെന്നാലോചിക്കാന്‍ ജയലളിതയുടെ മരണം ഒരു നല്ല സന്ദര്‍ഭമാണ്. ദ്രാവിഡ\മുന്നേറ്റ കഴകവും എം.ജി.ആറും തുടങ്ങിവെച്ചതും ജയലളിത മുമ്പോട്ട്‌ കൊണ്ടുപോയതുമായ ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങളും സംവരണം തുടങ്ങിയ affirmative actions ഉം ഐക്യരാഷ്ട്രസഭയുടെ മാനുഷിക വികസന സൂചിയില്‍ ഉയര്‍ന്ന സ്കോര്‍ നേടാന്‍ തമിഴ്നാടിനെ സഹായിച്ചിട്ടുണ്ട്. സാമ്പത്തികവിദഗ്ദ്ധരും രാഷ്ട്രീയ തന്ത്രജ്ഞരും പതിവായി തള്ളിക്കളയുന്നുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തമിഴ്നാടിന്‍റെ സാമ്പത്തിക പ്രകടനത്തെ തകരാറിലാക്കാതെ തന്നെ സ്വന്തം ജനതയ്ക്ക് വിദ്യാഭ്യാസം നല്‍കാനും സ്ത്രീകളെ ശക്തീകരിക്കാനും ഈ ‘ജനപ്രിയതാ നീക്ക’ങ്ങള്‍ക്ക്‌ ആയിട്ടുണ്ട്. ഇവിടെ പ്രസക്തമായത് രാഷ്ട്രീയ മണ്ഡലങ്ങളെ സുദൃഢീ കരിക്കാന്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്കായിട്ടുണ്ടെന്നതാണ്. ദ്രവിഡീയന്‍ രാഷ്ട്രീയത്തില്‍ വിമര്‍ശിക്ക പ്പെടേണ്ടതായി പലതുമുണ്ടെങ്കിലും ഭൂരിപക്ഷതാവാദം കൂടാതെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷങ്ങളെ ഉണ്ടാക്കിയെടുക്കാനുള്ള കഴിവ് അതിലൊന്നല്ല. രാഷ്ട്രീയ ബാബമാര്‍ വമ്പന്‍ ബാബമാരാല്‍ തള്ളിമാറ്റപ്പെടുന്ന നമ്മുടെ മോഡി-ഫൈഡ് വര്‍ത്ത‍മാനകാലത്ത്, ജനപ്രിയതാ വാദത്തെ ഏറ്റെടുക്കുകയാവും പുച്ഛിച്ചുതള്ളിക്കളയുന്നതിനേക്കാള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനും ലിബറലുകള്‍ക്കും നന്നാവുക.


(പ്രമുഖ ഇംഗ്ലീഷ് ലേഖകനും നോവലിസ്റ്റുമായ മുകുള്‍ കേശവന്‍ ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ ചരിത്രാദ്ധ്യാപകനാണ്. Secular Common Sense, Men in White, The Ugliness of the Indian Male, Homeless on Google Earth എന്നിവയാണ് പ്രധാനകൃതികള്‍ )     

Comments
Print Friendly, PDF & Email

പ്രമുഖ ഇംഗ്ലീഷ് ലേഖകനും നോവലിസ്റ്റുമായ മുകുള്‍ കേശവന്‍ ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ ചരിത്രാദ്ധ്യാപകനാണ്. Secular Common Sense, Men in White, The Ugliness of the Indian Male, Homeless on Google Earth എന്നിവയാണ് പ്രധാനകൃതികള്‍

You may also like