പുലരും മുമ്പേ ‘കല്യാ-
ണെ’ത്തുമാധിയിൽ തെല്ലു –
മുറങ്ങാതാണന്നാദ്യ യാത്ര
(പിന്നതായ് ശീലം !)

കിതയ്ക്കും ‘ജയന്തി’യിൽ
പുകയും കാറ്റിന്നൊപ്പ-
മിരച്ചെത്തിയ രൂക്ഷ
ഗന്ധവും ഭ്രമിപ്പിക്കെ
‘നരകത്തിലേക്കില്ല
വേഗത്തിൽ മടങ്ങണം’
ഇറങ്ങും മുമ്പേയുറ_
പ്പി(ച്ചിന്നുമുറപ്പതേ!)

‘ലോക്കലി’ലാവർത്തിക്കും
മരണ യാത്രയ്ക്കോരോ
ദിനവു’മൊടുക്കത്തേതെ’-
ന്നുരച്ചിറങ്ങിപ്പോയ്
എങ്കിലുമതേയാത്ര
അച്ചു തണ്ടിലായ് ഭൂമി-
യെന്ന പോലാവർത്തനം
ചലനം ! ജഡത്തത്വം!

‘ഇവിടുന്നുണ്ടാവണം
രക്ഷ’യെന്നതോ സ്വപ്‌നം
ഇവിടെത്തന്നേ ജീവന്മുക്തി-
യെന്നതേയർത്ഥം!

ഒരിക്കലെത്തിപ്പെട്ടോ,
ദേവി*, സ്നേഹത്താൽ
കെട്ടിപ്പിടിക്കും (കുതറണ്ടാ
പിടിച്ചു കെട്ടും, അവൾ !)

  1. കല്യാൺ – മുംബായ് വിടിക്കു മുമ്പുള്ള പ്രധാന സ്‌റ്റേഷൻ
  2. ജയന്തി – മുംബയ്ക്ക് കേരളത്തിൽ നിന്ന് മുമ്പ് ഉണ്ടായിരുന്ന ഏക ട്രയിനായ ജയന്തി ജനത
  3. ജഡത്തത്വം – ജഡത്വം ( inertia എന്ന തത്വം)
  • മുംബായ് ദേവി ഇവിടെ എത്തുന്നവരെ ആരെയും ഉപേക്ഷിക്കില്ല എന്ന വിശ്വാസം

കവർ: സി പി ജോൺസൺ

+ posts

പന്തളത്തിനടുത്ത് കുരമ്പാല സ്വദേശി. ഗണിതശാസ്ത്രത്തിലും പൊളിറ്റക്കല്‍ സയന്‍സിലും ബിരുദ/ബിരുദാനന്തര ബിരുദങ്ങള്‍. മുംബയില്‍ റയില്‍വേയില്‍ ജോലി. ചര്‍ച്ച്ഗേറ്റില്‍ താമസം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.