പൂമുഖം LITERATUREകഥ ഋജുവിന്റെ പ്രണയലോകം !

ഋജുവിന്റെ പ്രണയലോകം !

ഋജു പ്രമേഷ് ആത്മഹത്യ ചെയ്തു.

സൂസന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. ഒപ്പം സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്.

ഇമോജിയിട്ട് അനുശോചനവും രേഖപ്പെടുത്തി കൈയെടുത്തപ്പോഴേക്കും, കീബോർഡിന് മുകളിൽ പല്ലി കാര്യം സാധിച്ചു.

ഇതിപ്പോൾ ഒരു രക്ഷയുമില്ലാതായിരിക്കുന്നു.പല്ലിയും പാറ്റയും കൂടി വീട് ഭരിക്കുകയാണ്. പാറ്റാഗുളികയും പല്ലിക്ക് അടിക്കുന്ന സ്പ്രേയും തരാതരം പരീക്ഷിച്ചിട്ടും ഒരു കുറവുമില്ല.

പല്ലിയുടെ നിക്ഷേപം പേപ്പർ കൊണ്ട് നീക്കി കളയുവാനുള്ള ശ്രമം സമ്പൂർണ്ണ പരാജയമടഞ്ഞു. തുണിയും വെള്ളവുമായിറങ്ങി കീബോർഡിലെ അക്ഷരങ്ങളെ തിരിച്ചു പിടിച്ചു.

സ്‌ക്രീൻ തെളിഞ്ഞപ്പോൾ സൂസന്റെ പോസ്റ്റ് പിന്നെയും നോട്ടിഫിക്കേഷനിൽ കിടക്കുന്നു. ധാരാളം കമന്റുകളും ഷെയറുകളും ഒക്കെയുണ്ട്. ജിജ്ഞാസ പെരുകി കമന്റുകൾക്കിടയിൽ ആത്മഹത്യയുടെ കാരണം തിരഞ്ഞിറങ്ങി.

ഇരുപത്തിരണ്ട് വയസ്സുള്ള ഋജു കല്യാണ ദിവസം രാവിലെയാണ് ആത്മഹത്യ ചെയ്തത്.കമന്റിനൊപ്പം ഒരു പെൺകുട്ടിയുടെ വിവാഹവേഷത്തിലുള്ള ഫോട്ടോയുമുണ്ട്.

വെള്ള പേപ്പറിലെഴുതിയ ഒരു കത്തിൽ അവളുടെ അക്ഷരങ്ങൾ നിവർന്നു കിടക്കുന്നു, “എല്ലാപേർക്കും എല്ലാം അറിയാം, എന്നാൽ എന്നെ മാത്രം ഒരാൾക്കും മനസ്സിലാകുന്നില്ല”.

ആ പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പാണത്രെ. പോലീസിന്റെ കൈയ്യിലിരിക്കേണ്ടത്.

ഋജുവിന്റെ പ്രണയരഹസ്യം തേടി വായന തുടങ്ങിതേയുള്ളൂ, പെട്ടെന്ന് ചുവരിൽ നിന്നും പിടിവിട്ടൊരു പല്ലി മുന്നിൽ വന്നുവീണു.

അതിന്റെ വായിൽ ഒരു വേട്ടാളൻ കുടുങ്ങിയിട്ടുണ്ട്.തല കുടഞ്ഞും ശരീരം കുലുക്കിയും ഇരയെ പതുക്കെ വായിലേക്ക് ഒളിപ്പിച്ച പല്ലി മിന്നൽ വേഗത്തിൽ ചുവരിലേക്ക് കയറിപ്പോയി.

ആ കയറ്റത്തിൽ നിന്നും കണ്ണെടുത്ത് സ്ക്രീനിലേക്ക് തിരിയുമ്പോൾ അക്ഷരങ്ങൾക്ക് മുകളിൽ എന്തോ പറ്റിപ്പിടിച്ചിരിക്കുന്നു. വേട്ടക്കാരന്റെ വായിൽ അകപ്പെട്ട ഇരയുടെ മുറിഞ്ഞുപോയ ചിറകിന്റെ ഭാഗം നീലനിറത്തിൽ തിളങ്ങുകയാണ്. ഒന്ന് ഊതിയപ്പോഴേക്കും അത് നിലത്തേക്ക് പാറിവീണു.

വീട്ടുകാരോട് ആലോചിക്കാതെയാണ് ഋജു പ്രണയിച്ചത്. അക്ഷന്തവ്യമായ തെറ്റ്. അതുകൊണ്ടാണ് കല്യാണം ആലോചിച്ചു വന്ന കാമുകന്റെ വീട്ടുകാർ അപമാനിക്കപ്പെട്ടത്. മകളുടെ പിടിവാശിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്ന അച്ഛനും അമ്മയും കാമുകന്റെ വീട്ടുകാരാലും അപമാനിക്കപ്പെട്ടു. രണ്ടുകൂട്ടരും അധിക്ഷേപിക്കലിൽ തുല്യത പാലിച്ചതോടെ, ഋജു വീട്ടുകാർക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുവാൻ സമ്മതിച്ചു.പ്രണയം തകർത്താൽ കല്ല്യാണം അതാണല്ലോ നാട്ടുനടപ്പ്. ആഘോഷമായി നിശ്ചയം നടത്തി മോതിരവുമണിയിപ്പിച്ചു.

ഒപ്പം നടക്കുവാൻ അനുവാദം നൽകിയെങ്കിലും, എത്ര ശ്രമിച്ചിട്ടും അവൾക്ക് അയാളെ മനസ്സിലേക്ക് പ്രവേശിപ്പിക്കാനായില്ല.

അവൾക്ക് നിശ്ചയിക്കപ്പെട്ടവൻ അനഭിമതനാകാൻ കാരണം കാൽപ്പനിക കാമുകൻ മടങ്ങിയെത്തി പ്രണയം പുതുക്കിയതാണ്. കണ്ണുനീരും നിലവിളിയും സമകാലിക പ്രണയത്തിന്റെ ശീലങ്ങളല്ലെന്ന് അവളെ പഠിപ്പിച്ചത് അവന്റെ അമ്മയാണ്. മാപ്പുപറഞ്ഞും കാലിൽ വീണും പ്രാണഭിക്ഷ തേടിയവൾക്ക് പുറത്തേക്കുള്ള വഴിയും അവർ തന്നെ കാട്ടിക്കൊടുത്തു.
കല്ല്യാണത്തലേന്നും അവൾക്ക് പ്രതീക്ഷയുണ്ടായിരുന്നു, അവനിലെ കാമുകൻ പുരുഷനാകുമെന്നും, ചേർത്തുപിടിക്കുമെന്നും. ഒന്നുമുണ്ടായില്ല, അവൻ അമ്മയിലേക്ക് തന്നെ മടങ്ങി.

ഋജുവിനെ യാത്രയാക്കി പിരിയുമ്പോഴാണ്, ചുവരിൽ നിന്നും ചിറകടിയൊച്ച കേട്ടുതുടങ്ങിയത്.

മുകളിലും വശങ്ങളിലുമായി പറന്നുകൊണ്ടിരിക്കുന്ന പച്ച നിറമുള്ള തുമ്പിയുടെ പുറകെ കറുത്തുതടിച്ചൊരു പല്ലി പതുങ്ങി നീങ്ങുന്നു. തുമ്പിയെ പറത്തി വിട്ടില്ലെങ്കിൽ പല്ലി അതിനെ ആഹാരമാക്കും. പറത്തി വിട്ടാൽ തുമ്പി രക്ഷപ്പെടും.മാത്രമല്ല ആഹാരം കിട്ടാതാകുമ്പോൾ പല്ലി വീടുവിട്ട് ഇറങ്ങിപ്പോവുകയും ചെയ്യും.

ഇഷ്ടം പോലെ ഇരകൾ നാലുപാടും പറന്നിരിക്കുമ്പോൾ പല്ലികൾ പോകുമെന്ന് ചിന്തിക്കുന്നത് തന്നെ ബുദ്ധിശൂന്യതയാണ്. വീട് മൊത്തം വൃത്തിയാക്കി ക്ഷുദ്രജീവികളെ തുരത്തേണ്ടിയിരിക്കുന്നു.

തുമ്പി വേട്ടക്കാരുടെ സാമീപ്യം അറിഞ്ഞിട്ടില്ല. അതിനും ജീവിക്കണ്ടേ; പറത്തി വിട്ടേക്കാം. പേപ്പർ ചുരുട്ടി എറിഞ്ഞു, ആദ്യം ലക്ഷ്യം തെറ്റിയെങ്കിലും അടുത്ത ഏറിൽ തുമ്പി പറന്നു. നേരെ പോയി ലൈറ്റിൽ മുട്ടി അവിടെ കുറച്ചുനേരം തങ്ങി നിന്നു, തിരികെ വന്ന് ചുവരിലിരുന്ന തുമ്പിയെ മറ്റൊരു പല്ലി വായിലാക്കി. ഇരയെ കൈപ്പിടിയിലൊതുക്കിയ വേട്ടക്കാരിയുടെ വയറ്റിനുള്ളിൽ ഒരു മുട്ട തെളിഞ്ഞു കാണാം. ജീവനെ ചുമക്കുന്ന ഉയിരിനെ ഉപദ്രവിക്കുന്നത് പാപമാണെന്ന ചിന്തയാൽ തുമ്പിയെ വിധിക്ക് വിട്ടുകൊടുത്തു.

കല്യാണദിവസം രാവിലെ ഋജു ആത്മഹത്യ ചെയ്തു. അവളെഴുതിയ കത്തിന്മേൽ അന്വേഷണവും ചർച്ചകളും നടക്കുന്നുണ്ട്.

ഋജുവിന്റെ ചിത്രത്തിലേക്ക് ഒരുവട്ടം കൂടി നോക്കിയിട്ട് ഫേസ്ബുക് അടച്ചു,

തുമ്പിയുടെ ചിറകടി ശബ്ദം വീണ്ടും മുഴങ്ങുവാൻ തുടങ്ങി, പതുക്കെ എഴുന്നേറ്റ് ചുവരിനരികിലേക്ക് നടന്നു.

മുന്നിൽ തടസ്സമായി കിടന്ന കസേര കാലുകൊണ്ട് നീക്കിയെറിഞ്ഞതും, വാലുമുറിഞ്ഞ പല്ലി തറയിലൂടെ ഓടി ചുവരിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു. മുറിവേറ്റ വാൽ തറയിൽ കിടന്നു പിടയുന്നു. വശങ്ങളിൽ നിന്നും കുതിച്ചുയർന്നു പിടയുന്ന വാലിൽ നോക്കി നിൽക്കേ, ചുവരുകൾ താങ്ങിയിരുന്ന പല്ലികൾ നിലതെറ്റി താഴേക്ക്‌ വീഴുവാൻ തുടങ്ങി.

കൊഴിഞ്ഞു വീഴുന്ന പല്ലികൾ വാലുകൾ ഉപേക്ഷിച്ചു ചുവരുകളിലേക്ക് കയറുന്നു. കുമിഞ്ഞു കൂടുന്ന വാലുകൾ നിലമാകെ നിറഞ്ഞു നൃത്തം ചെയ്യുന്നു. ഇതൊന്നുമറിയാതെ പച്ച നിറമുള്ള തുമ്പിച്ചിറകുകൾ വാലുകൾക്കിടയിൽ ചിതറിക്കിടന്നു.

വര : പ്രസാദ് കാനത്തുങ്കൽ

കവർ : മനു

Comments
Print Friendly, PDF & Email

You may also like