പൂമുഖം LITERATURE ആശാൻ്റെ സീത ചിന്താവിഷ്ടയായതെങ്ങനെ?

ആശാൻ്റെ സീത ചിന്താവിഷ്ടയായതെങ്ങനെ?

രാമായണത്തിൽ ആശാനുണ്ടായിരുന്ന താല്പര്യം, രാമായണ കഥ ബാലഹൃദയങ്ങളിൽ പതിപ്പിക്കുന്നതിനായി ആ കഥാസാരം ലളിതമായി വർണിക്കുന്ന ഒരു രചനയ്ക്കു തന്നെ പ്രേരകമായി. രാമായണ കഥ ഋജുവായി പറഞ്ഞു പോകുന്ന ‘ബാലരാമായണം’ അതുകൊണ്ടുതന്നെ, ആശയ സമ്പന്നവും സങ്കീർണവുമായ മറ്റു ആശാൻ കൃതികളെപ്പോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുന്ന ഒരു ആഖ്യാനരീതിയോ ആശയ ലോകമോ ആ കൃതിയിലുണ്ടെന്നു പറഞ്ഞു കൂടാ . ‘ചിന്താവിഷ്ടയായ സീത’ പല തരത്തിലുള്ള ചർച്ചകൾക്ക് വിധേയമായപ്പോഴും ആരും ‘ ബാലരാമായണ’മോ അതിലെ സീതാരാമന്മാരെയോ ചർച്ചയ്ക്കെടുത്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ആശാൻ്റെ സീതയെപ്പറ്റി സമഗ്രമായ ഗ്രന്ഥരചന നടത്തിയ സുകുമാർ അഴീക്കോട്, ആശാനെ കേരള വാത്മീകി യാക്കാൻ ശ്രമിക്കുമ്പോൾ പോലും കഥാകഥനം മാത്രമായ ബാലരാമായണത്തിൻ്റെ രചനയല്ല തൻ്റെ വാദത്തിന് കാരണമെന്ന് പ്രത്യേകം എടുത്തു പറയുന്നു. അന്യഥാ സൂക്ഷ്മ കഥാപാത്ര ചിത്രീകരണമോ താത്വികമായ വിശകലനമോ ഇല്ലാത്ത ബാലരാമായണത്തിൽ ആശാൻ സീതയെക്കൊണ്ടു പറയിപ്പിക്കുന്ന ചില വരികൾ, പക്ഷെ, രചിക്കപ്പെടാൻ പോകുന്ന ‘ചിന്താവിഷ്ടയായ സീത’യിലേക്ക് ഒരു പ്രവേശികയാവുന്നു എന്നു മാത്രമല്ല, ആശാൻ്റെ സീതയുടെ വ്യക്തിത്വത്തിലേക്കുള്ള ഒരു താക്കോൽ കൂടിയായി മാറുന്നു എന്ന തോന്നലിൽ നിന്നാണ് ഈ ലേഖനം.

സീതയുടെ വിചാരണകൾ വാത്മീകിയിൽ നിന്നുള്ള വിടുതൽ അല്ലെന്നും മുനിയുടെ മൗനത്തിന് മിഴിവേകുന്നതു മാത്രമാണെന്നും ആദി രാമായണത്തിൽ നിന്നുതന്നെ വേണ്ടത്ര ഉദ്ധരിച്ചു കൊണ്ട് അഴീക്കോട് വാദിക്കുന്നുണ്ട് (കേരള വാത്മീകിയായി ആശാനെ പ്രതിഷ്ഠിക്കാനുള്ള അഴീക്കോടിൻ്റെ വാദത്തിൻ്റെ അടിസ്ഥാനം തന്നെ ഈ ദർശന സാദൃശ്യമാണ്) സീത ആദികാവ്യത്തിൽ തന്നെ രാമനെ “ജയിച്ചവളാണ്” സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ നവീന കാലത്തെ വാഴ്ത്തുപാട്ടായി മുണ്ടശ്ശേരിയെപ്പോലുള്ളവർ (ഇന്നും തുടരുന്ന ഒരു വീക്ഷണം ) കണ്ടെത്തിയപ്പോൾ, ആദ്യകാല യാഥാസ്ഥിതികനിരൂപകരിൽ ചിലർ, ഉപാലംഭങ്ങൾക്കു ശേഷം രാമൻ്റെ പൂർണ ന്യായീകരണത്തിൽ എത്തുന്ന ചിന്താവിഷ്ടയായ സീത യുക്തിപരമായി നിലനിൽപ്പുള്ള കഥാപാത്രമല്ല എന്നും വിലയിരുത്തി. പുരാതന മൂല്യബോധങ്ങളിൽ തന്നെ ഉറച്ചവളാകയാൽ, സീത നവോത്ഥാന സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന മട്ടിലുള്ള പുതുകാല വായനകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവരാരും തന്നെ ‘ബാലരാമായണ’ ത്തിൽ ആശാൻ നടത്തുന്ന സൂചനകൾ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.

അപമാനിതയായ സ്ത്രീ പെട്ടെന്ന് നടത്തുന്ന ഉപാലംഭങ്ങളല്ലല്ലോ ചിന്താവിഷ്ടയായ സീതയുടെത്. ഉപേക്ഷിക്കപ്പെട്ടിട്ട് പതിനഞ്ചോളം വർഷങ്ങൾക്കു ശേഷം, തൻ്റെ കുട്ടികളെ തിരിച്ചറിഞ്ഞ് പശ്ചാത്താപ വിവശനായ രാമൻ, തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയേക്കാമെന്ന സാധ്യതയുടെ മുന്നിൽ ഭാവിയെപ്പറ്റി ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിട്ടാണ് സീതയുടെ ഈ വിചാരങ്ങളും വിചാരണയും. ‘അണലിപ്പാമ്പുകണക്കു നിദ്രയായ പ്രണയ’ ത്തെ മടക്കി വിളിക്കാൻ അശേഷം താല്പര്യമില്ലാത്ത സീത ‘അവമാന ശല്യമേയൊഴിയാതുള്ളു’ എന്ന ബോധ്യത്തിലുമാണ്. എന്നാൽ ‘ഭുവനത്തിനു മോടികൂട്ടുന്ന സുഖകാലങ്ങളായി’ സീത ഓർത്തെടുക്കുന്നത് എന്തൊക്കെ എന്നത് ഇവിടെ പ്രസക്തമാണ്. വിരഹ വേദനയ്ക്കു ശേഷം രാമനുമായുള്ള സമാഗമമോ അയോദ്ധ്യയിലെ പട്ടമഹിഷിയായി വാണദിനങ്ങളോ വിവാഹ പൂർവ്വ അയോധ്യാദിനങ്ങളോ അല്ല; മറിച്ച് ഗോദാവരീ തടങ്ങളിൽ ‘ഒരു ദമ്പതിമാരുമൂഴിയിൽ കരുതാത്തോരു വിവിക്ത ലീലയിൽ’ പ്രിയനൊത്തു വസിച്ച ആരണ്യകാണ്ഡമാണ് സീതയുടെ പ്രിയകാലം. ചിന്താവിഷ്ടയായ സീതയിലെ 117 മുതൽ 120 വരെയുള്ള ശ്ളോകങ്ങൾ ഈ കാനനവാസം സീതയിൽ സൃഷ്ടിച്ച അവാച്യമായ (‘പറയേണ്ടയി!‘ എന്നു തന്നെയാണ് ആശാൻ്റെ പ്രയോഗം) അനുഭൂതിയുടെ നിദർശനമാണ്. ഈ ഓർമ്മച്ചിത്രങ്ങൾ, ‘ബാലരാമായണ’ ത്തിൽ ആശാൻ വരയ്ക്കാനാരംഭിച്ച സീതയുടെ വ്യക്തിത്വത്തിന് മിഴിവേകാനുള്ള വിശദീകരണമായി വായിച്ചെടുക്കേണ്ടതുണ്ട്.

അധികാരത്തിൻ്റെ ഭാഗമായ രാമനും കാട്ടിൽ അധികാരമില്ലാതെ നായാടിയും കൃഷി ചെയ്തും കഴിയുന്ന രാമനും തമ്മിലുള്ള ഒരു താരതമ്യ വിചാരം സീതയിൽ നടക്കുന്നുണ്ട്. ‘അതികോമളമാകുമമ്മനസ്ഥിതി കാട്ടിൽ തളിർ പോലുദിക്കുന്നതായും’ അധികാരം കയ്യിലേന്തുന്നതോടെ ഹൃദയം പരുഷമാകുന്നതായും (‘ക്ഷിതിപാലക പട്ട ബദ്ധമാം മതിയോ ചർമ്മ കഠോരമെന്നുമാം’) സീത നിരീക്ഷിക്കുന്നു. ഗർഭവതിയായ ഭാര്യയെ കേവല ജനസമ്മിതിയുടെ പേരിൽ നിർദാക്ഷിണ്യം കാട്ടിലുപേക്ഷിക്കുന്നത് രാമൻ എന്ന വ്യക്തിയല്ല. അത് അധികാരിവർഗത്തിൻ്റെ സ്വഭാവമാണ്. ഈ വർഗ സ്വഭാവത്തെ ആരണ്യ ജീവികളായ വാത്മീകാദി തപസ്വികളുമായി നേർക്കുനേർ നിർത്തി വിചാരണ ചെയ്യുകയാണ് സീത ചെയ്യുന്നത്. കാനന വാസിയായിരുന്ന രാമൻ അധികാരമേൽക്കുന്നതോടെയാണ് സ്വയം മാറുന്നത്. ദശരഥൻ ഉൾപ്പെടെയുള്ള രാജാക്കന്മാർ ഒട്ടാകെ അതുകൊണ്ടാണ് സീതയാൽ വിചാരണ ചെയ്യപ്പെടുന്നത്.
(മുടിയിൽ കൊതി ചേർത്തു പുത്രനെ/ ജ്ജടിയാക്കും ചിലർ, തൽ കുമാരരോ,
മടി വിട്ടു മഹാവനത്തിലും വെടിയും ദോഹദമാർന്ന പത്നിയെ) ക്ഷത്രിയന് പുരോഹിത വർഗത്തിൻ്റെ താല്പര്യങ്ങളെയും കല്പനകളെയും നിഷേധിക്കുക വയ്യ. ശൂദ്രയോഗിയായ ശംബൂക മുനിയെ രാമൻ വധിക്കുന്നത്, ശൂദ്രന്മാരുടെ അവകാശങ്ങളെ തിരസ്കരിക്കുന്ന ശ്രുതി കാരണമാണ്. ജനചിത്തം എന്ന രാമൻ്റെ ന്യായം തന്നെ സീത ചോദ്യം ചെയ്യുന്നു. നീതി നിർവഹിക്കപ്പെടാത്ത ന്യായവാദം അധികാര വർഗത്തിൻ്റെ കാപട്യമാണ്.
‘വിഭവോന്നതി, കൃത്യവൈഭവം,
ശുഭ വിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ
പ്രഭവിഷ്ണുതയെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ’
എന്ന് വിവരിക്കുമ്പോൾ, രാമനുണ്ടാവുന്ന ധാർമ്മിക അധ:പതനത്തിനു കാരണം അധികാരത്തിലേക്കുള്ള ആരോഹണമായി കണ്ടെത്തുകയാണ് സീത. ഇവിടെ രാമൻ എന്ന വ്യക്തിയെക്കാൾ, ദുഷിപ്പിക്കുന്ന അധികാരവും ധർമ്മശാസ്ത്രവും (ശ്രുതി) ആണ് പ്രതിക്കൂട്ടിൽ എന്നു കാണാം. അധികാരത്തോട് ചേർന്നുനിൽക്കുന്നതിനാലാണ് ഈ ധർമ്മശാസ്ത്രങ്ങളെ പിന്തുടരേണ്ടി വരുന്നത്. അധികാരവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ജീവിതത്തിനു ബദലായി ആശാൻ്റെ സീത ചൂണ്ടിക്കാട്ടുന്ന താപസജീവിതം, ഹിംസ നിറഞ്ഞതു തന്നെയാണെന്നും സീത പുതിയ മൂല്യബോധം മുന്നോട്ടു വയ്ക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടുന്ന ചില വർത്തമാനവീക്ഷണങ്ങളുണ്ട്. സീത മുന്നോട്ടു വയ്ക്കുന്ന ആശ്രമജീവിതം, പുരുഷ താപസികളുടെ ഹിംസ നിറഞ്ഞ ജീവിതമല്ല. സ്ത്രീകളും പുരുഷന്മാരുമുള്ള, കൃഷിയും മൃഗപക്ഷിലതാദികളും ചേർന്ന അഹിംസ ആദർശമാക്കുന്ന, വിദ്യാദാനം നടക്കുന്ന ആശ്രമ ജീവിതമാണ്, സീത താരതമ്യത്തിന് വിധേയമാക്കുന്ന വാത്മീകിയുടെ കുടീരം. ബാലരാമായണത്തിലെ സീതയെക്കൂടി പരിചയപ്പെട്ടാൽ ഇത് ഒന്നുകൂടി മിഴിവാർന്ന് വെളിവാകാതെ തരമില്ല.

രാമനെ ന്യായീകരിക്കുന്നു എന്നു തോന്നാവുന്ന ‘ചിന്താവിഷ്ടയായ സീത ‘യിലെ അവസാന ശ്ളോകങ്ങളെ മനസ്സിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാവണം എന്നു തോന്നുന്നു. യഥാർത്ഥത്തിൽ രാമനെ ന്യായീകരിക്കാനല്ല, മറിച്ച് രാമനും അധികാരസംവിധാനത്തിൻ്റെ ഇരയാണ് എന്ന് വിലയിരുത്തുകയാണ് സീത ഇവിടെ ചെയ്യുന്നത്.
‘അതി സങ്കടമാണു നീതി തൻ-
ഗതി: കഷ്ടം പരതന്ത്രർ മന്നവർ’
എന്നും
‘മുറിവന്വഹമേറ്റു നീതിത-
ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ’ എന്നും സീത പറയുന്നത് അതുകൊണ്ടാണ്. അധികാരം ഹിംസയോട് ചേർന്നുനിൽക്കുന്നുവെന്നും അത് മനുഷ്യരെ ചീത്തയാക്കുമെന്നും തന്നെയാണ് സീത ഏറ്റുപറയുന്നത്. അതുകൊണ്ടാണ്
‘അതുമല്ലിവൾ മൂലമെത്ര പേർ
പതിമാർ ചത്തു വലഞ്ഞു നാരിമാർ /അതുപോലെ പിതാക്കൾ പോയഹോ! ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്’
എന്ന് സ്വന്തം ഭൂതത്തെത്തന്നെ സീത വിചാരണയ്ക്കു വയ്ക്കുന്നതും.

രാമൻ്റെ (തൻ്റെയും) അധികാരത്തോട് ചേർന്നു നിൽക്കുന്ന ജീവിതം ധാർമ്മികമാവില്ലെന്നും അത് ആനന്ദം പ്രദാനം ചെയ്കില്ലെന്നും ഹിംസാപരമായ ആ ജീവിതത്തിൻ്റെ ഇരകളാണ് താൻ മാത്രമല്ല രാമനും എന്നുമുള്ള തീർച്ചപ്പെടലിൽ എത്തിച്ചേരുന്ന സീതയെയാണ് നാം ഇവിടെ ദർശിക്കുന്നത്. ആ ബോധ്യപ്പെടലിൽ,
‘തെളിയുന്നു മനോനഭസ്സെനി –
ക്കൊളി വീശുന്നതു ബുദ്ധിമേൽക്കുമേൽ
വെളിവായ് വിലസുന്നു സിന്ധുവിൽ കളിയായ് ചെന്നണയുന്നൊരിന്നദി’
എന്ന് വിശ്രാന്തിയിലേക്ക് എത്തിച്ചേരുകയാണ് സീത. തന്നെ പരിത്യജിച്ച രാമനിൽ നിന്നല്ല, മറിച്ച് മാനവികതയെത്തന്നെ അസാധ്യമാക്കുന്ന അധികാര ലോകത്തിൻ്റെ സാമീപ്യത്തിൽ നിന്നാണ് ഒളിച്ചോടാൻ സീത തീർച്ചയാക്കുന്നത്. രാമനും അധികാരത്തിൻ്റെ, ഹിംസയുടെ ഈ ആസുരലോകത്തു നിന്ന് എത്രയും വേഗം രക്ഷപ്പെടട്ടെ എന്നാണ് സീതയുടെ പ്രാർത്ഥന. അതുകൊണ്ടാണ് അവസാന ഖണ്ഡങ്ങൾ, രാമനെത്തന്നെയും ഒരിരയായി തിരിച്ചറിഞ്ഞ് ഭാഷ മാറുന്നത്. ഇത് പലരും നിരീക്ഷിച്ചിട്ടുള്ളതുപോലെ ഉപാലംഭത്തിൽ തുടങ്ങി ന്യായീകരണത്തിലും രാമഭക്തിയിലും എത്തിച്ചേരലല്ല. ഇവിടെ ചില പഴയ കാല നിരൂപകർ കണ്ട വൈരുദ്ധ്യം സീതയെ തിരിച്ചറിയാതെ പോകയാൽ സംഭവിച്ചതാണ്. ‘പരിപക്വ സത്വനായ്’ മാറുന്ന രാമനും അധികാരത്തിൻ്റെ ഭാരമില്ലാതെ സീതയ്ക്കു ലഭ്യമായ വിശ്രാന്തിയെ പുണരണം എന്നു തന്നെയാണ് സീതയുടെ മോഹം എന്നു പറയാം. പലർക്കും ഒരു പക്ഷെ സീത വേണ്ടത്ര ആധുനിക സ്ത്രീ അല്ല എന്നു തോന്നുന്നത്, പുരുഷനെ കേവല പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്യുന്നതിൽ സീത പരിമിതപ്പെടുന്നില്ല എന്നതു കൊണ്ടു കൂടിയാവാം.

1916 ലാണ് ‘ബാലരാമായണം’ പ്രസിദ്ധപ്പെടുത്തുന്നത്. 1919 ലാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും, ‘ചിന്താവിഷ്ടയായ സീത’യുടെ രചന 1914 ൽ തന്നെ തുടങ്ങിയിരുന്നു എന്ന് സീതയ്ക്കെഴുതിയ ആമുഖത്തിൽ ആശാൻ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിൽ 1918 ലാണ് ‘ശ്രീബുദ്ധചരിതം’ പ്രസിദ്ധപ്പെടുത്തുന്നതെങ്കിലും അതിൻ്റെ രചനയും ഒട്ടു നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ‘ബാലരാമായണ’ത്തിൻ്റെ രചനാകാലത്തിനു മുമ്പു തന്നെ ആശാനിൽ ബുദ്ധനും അഹിംസാ സിദ്ധാന്തവും വലിയ സ്വാധീനമായിട്ടുണ്ട് എന്നു വ്യക്തം. നാരായണ ഗുരുവിൻ്റെ ആശയ ലോകവും ബുദ്ധദർശനത്തിൻ്റെ സ്വാധീനവും കൂടി ചേരുമ്പോൾ അധികാരവും ഹിംസയുമായുള്ള ചാർച്ചയും അതിനെതിരെ ത്യാഗത്തിൻ്റെയും അഹിംസയുടെയും പ്രതിരോധവും ആശാൻ്റെ ഭാവനയെ പ്രചോദിപ്പിച്ചതിൻ്റെ ഫലമാണ്, വെറും കഥാസാരം പറഞ്ഞു പോകുന്ന ‘ബാലരാമായണ’ത്തിൽ ആശാൻ അപൂർവമായി എടുക്കുന്ന സ്വാതന്ത്ര്യം എന്നു തോന്നുന്നു. ‘ആയുധാർജിതമാം രാജ്യമനിത്യം’ എന്നു രാമനെക്കൊണ്ടു പറയിക്കുന്നത് (വരി 111), ‘ജാതിവൈരം പുലർത്തുന്ന ജളന്മാർക്കിതു പാഠമാം’ എന്ന് പരശുരാമനെപ്പറ്റി (വരി 169), ഗുഹനെ രാമൻ പുണരുമ്പോൾ, ‘മഹാൻ ജാതി നിനച്ചിടാ’ (വരി 185) എന്ന പരാമർശം ഇതൊക്കെ ഈ സ്വാതന്ത്ര്യത്തിൻ്റെ ഉദാഹരണങ്ങൾ ആവണം. എന്നാൽ സീതയുടെ പാത്രസൃഷ്ടിയിലാണ്, ആശാൻ ‘ബാലരാമായണ’ത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. രാമനോടൊപ്പം വനവാസത്തിനു പോകാൻ നിർബന്ധം പിടിക്കുന്ന സീത, ഈ വിധിയിൽ ഒട്ടുമേ ഖേദിച്ചു കൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്ന് മാത്രവുമല്ല, കാനനത്തിലേക്കുള്ള പലായനം ഉള്ളാലെ ആഗ്രഹിക്കുന്നു എന്നു കൂടിയാണ് പിന്നീടുള്ള കാനനവാസത്തിലെ സീതയുടെ ചിന്തയും പ്രവർത്തിയും തെളിയിക്കുന്നത്. ‘പൂവും കായും പൊഴിക്കുന്ന ബഹുവൃക്ഷലതാദിയും
പ്രമദം പൂണ്ടു ശബ്ദിക്കും നാനാപക്ഷി മൃഗങ്ങളും
പരന്ന പുൽത്തകിടിയും നദിയും പുളിനങ്ങളും
പാറപ്പുറങ്ങളും കണ്ടു തുള്ളി ജാനകി തന്മനം’ (199-200) എന്ന് ആശാൻ പറയുന്നത്, കേവല ശിശു സഹജമായ കൗതുകത്തിൻ്റെ പ്രകാശനമായല്ല എന്നാണ് പിന്നീടുള്ള ചില വരികൾ തെളിയിക്കുന്നത്.

ഈ ലഘുവായ ചിത്രണങ്ങളുടെ പരിസമാപ്തിയെന്നോണം, കാനനവാസം ഇങ്ങനെ ആഹ്ളാദകരമായി പോകുമ്പോൾ, ആശാൻ സീതയെക്കൊണ്ട് രാമനോട് പറയിപ്പിക്കുന്ന വാക്കുകൾ സീതയെന്ന കഥാപാത്രത്തിന് പുതിയ ജീവിതവീക്ഷണം നൽകി മിഴിവേകാനുള്ള ബോധപൂർവ്വമായ ശ്രമമായാണ് വായിച്ചെടുക്കേണ്ടത്.
‘അന്നൊരിക്കൽ സ്വൈരമായങ്ങൊരു ദിക്കിലിരിക്കവേ,
കനിഞ്ഞു കാന്തനെപ്പാർത്തു സോൽകണ്ഠം സീതയോതിനാൾ’ എന്ന ആമുഖത്തിൽ പോലുമുണ്ട് ഈ പ്രസക്തി. ഏതെങ്കിലും സംഭവമേൽപ്പിക്കുന്ന വികാരത്തിൽ നിന്നല്ല ഈ വാക്കുകൾ എന്നുറപ്പിക്കാനാണ് ‘സ്വൈരമായങ്ങൊരു ദിക്കിലിരിക്കവേ’ എന്ന് കവി ഉറപ്പിക്കുന്നത്. സീതയുടെ വാക്കുകൾ ഇങ്ങനെയാണ്:
“ആര്യപുത്രാ ഭവാനോളം യോഗ്യരില്ലാരുമൂഴിയിൽ
ഒരുദോഷവുമങ്ങേയ്ക്കില്ലെന്നാലൊന്നുണ്ടു ചൊൽവു ഞാൻ
തപസ്വിയാമാര്യ പുത്രനെന്തിനേന്തുന്നിതായുധം
സൗഖ്യ മില്ലിതു കാണ്മാനെന്നല്ല ദോഷവുമുണ്ടതിൽ
ശസ്ത്രവും ജടയും, തീയും നീരും പോലെ വിരോധികൾ
വിരുദ്ധ വേഷം കൈക്കൊള്ളാറില്ലല്ലോ യോഗ്യരാരുമേ
ശസ്ത്രശാലിക്കു ശത്രുക്കൾ തനിയേ വന്നു കൂടിടും
ഹിംസാ രസം വൃഥാ തോന്നും വിപത്തും പാപവും വരും ( 103-105).”

‘ബാലരാമായണ’ത്തിൻ്റെ പൊതുസ്വഭാവമായ കഥ ചുരുക്കിപ്പറഞ്ഞു പോകുന്ന ശൈലിയനുസരിച്ച് സീതയുടെ ഈ പറച്ചിൽ ഒരനിവാര്യതയല്ല എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. രാമായണം കഥ കുട്ടികൾക്കു ചുരുക്കി പറഞ്ഞു കൊടുക്കാൻ പോയ ആശാൻ ആരണ്യകാണ്ഡത്തിനു ശേഷം ബാക്കി എഴുതാൻ മെനക്കെടാതെ പോയതിൻ്റെ കാരണവും യാദൃച്ഛികമല്ല എന്നു തന്നെ കരുതണം.

ബാലരാമായണ രചനയുടെ ആദ്യ ലക്ഷ്യം എന്തു തന്നെയായാലും (ആശാൻ്റെ തന്നെ മുഖവുരയെ മുഖവിലയ്ക്ക് എടുക്കണമല്ലോ)രചന ഈ ഘട്ടമെത്തുമ്പോഴേക്കും ചിന്താവിഷ്ടയായ സീത ആശാനിൽ ആവേശിച്ചു കഴിഞ്ഞു എന്ന് വിചാരിക്കാനാണ് ന്യായം. സീത ചിന്താവിഷ്ടയാവുന്നത് ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടതുകൊണ്ടു മാത്രമല്ല. ഗർഭാനന്തരം വനത്തിൽ ഉപേക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും അവൾക്ക്, പട്ടമഹിഷിയായി, അധികാരത്തിൻ്റെ ഭാഗമായി നിശബ്ദം സന്തോഷത്തോടെ തുടരാനാവുമായിരുന്നില്ല. ആശാൻ്റെ സീതയുടെ സഹജമായ ജീവിതവീക്ഷണം തന്നെയാണ് അവളെ ചിന്താവിഷ്ടയാക്കുന്നത്.

കവര്‍: സി. പി. ജോണ്‍സണ്‍

Comments

You may also like