അപരനുള്ളു കാട്ടുവാനുള്ള ഉപായം കൂടിയാണ് ഓരോ എഴുത്തും. ആശാൻ തൻ്റെ ഉള്ളു കാട്ടിയത് നായികമാരിലൂടെ ആയിരുന്നു. പുറമെയുള്ള ‘ചിന്നസ്വാമി’ വേഷവും അനുരാഗത്തിൽ തിളച്ചുമറിയുന്ന ഉള്ളും തമ്മിലുള്ള വൈരുദ്ധ്യത്തിൽ, ഉള്ള് കാട്ടാൻ നായികമാരാണ് നല്ലത് എന്നത് ആശാൻ സ്വീകരിച്ച തന്ത്രപരമായ ഉപായം ആയിരിക്കണം. സൂക്ഷ്മദൃക്കുകളല്ലാത്ത ഭൂരിപക്ഷം പരന്മാരെ ഉള്ളു കാട്ടാതിരിക്കുക എന്നത് കൂടിയാണല്ലോ ലക്ഷ്യം: ആശാൻ വിവാഹം കഴിക്കാനുള്ള തീരുമാനത്തിനു മുമ്പാണ് ‘നളിനി’യും ‘ ലീലയും എഴുതുന്നത് എന്നത് യാദൃച്ഛികമല്ല. ജീവിതകാമനയിൽ തരളിതരായ നായികമാരും അതിനോട് ആ രീതിയിൽ ഉന്മുഖരാവാനാവാത്ത നായകന്മാരും ഉണ്ടായി വന്നത്, ഈ ആന്തരിക സംഘർഷത്തിൽ നിന്നാവണം.
രതി എന്ന വാക്കിന് ശബ്ദതാരാവലി പറയുന്ന അർത്ഥം, രമിക്കൽ, രതിക്രീഡ , വിഷയാസക്തി എന്നൊക്കെയാണ്. രാഗം എന്ന അർത്ഥം ആ വാക്കിനില്ല. രതിയെന്ന വാക്ക്, മൂന്നിടത്താണ് ലീലയിൽ ആശാൻ ഉപയോഗിക്കുന്നത് ( പ്രണയം, സ്നേഹം, രാഗം എന്നൊക്കെ ഉപയോഗിക്കുപ്പോഴും നളിനിയിൽ രതി എന്ന വാക്ക് ഒരിക്കൽ പോലും വരുന്നില്ല എന്നതും നളിനിയിൽ നിന്ന് ലീലയിലേക്കുള്ള ‘പുരോഗതി’ യിലാണ് ഈ വാക്ക് കടന്നു വരുന്നത് എന്നും പ്രത്യേകം ശ്രദ്ധിക്കണം – കാലഗണനയിൽ നളിനി 1911 ലും ലീല 1914 ലുമാണ് പ്രസിദ്ധീകരിക്കുന്നത് – ആശാൻ്റെ മാനസിക സംഘർഷത്തിൻ്റെയും വ്യാപാരത്തിൻ്റെയും നിദർശനങ്ങൾ തന്നെയല്ലേ ഇത്? ).
രതി എന്ന വാക്ക് ആശാൻ അനുരാഗം എന്ന അർത്ഥത്തിൽ ആണ് ഉപയോഗിക്കുന്നത് എന്ന് വ്യാഖ്യാതാക്കൾ തെറ്റായി കണ്ടെത്തിയതാവുമോ? ശരീരസ്ഥിതമല്ലാത്ത പ്രണയത്തിൻ്റെ വക്താവായി ആദ്യമേ തന്നെ ആശാനെ പ്രതിഷ്ഠിച്ചിരിക്കെ, അതിൽ നിന്നു വിരുദ്ധമായ അർത്ഥം ഉത്പാദിപ്പിക്കുന്ന വാക്കോ വരിയോ സങ്കല്പിക്കാനാവാത്തതിനാൽ രതിക്ക്, രാഗം എന്നല്ലാതെ അർത്ഥം കല്പിക്കാനാവാതെ വരികയായിരുന്നോ?
ലീലയിലെ 38, 52, 57 ശ്ളോകങ്ങളിലാണ് രതി എന്ന വാക്ക് കടന്നു വരുന്നത്.
‘രതി നിത്യമൊരാൾക്കൊരാളിലായ്
സ്ഥിതി ചെയ്താൽ സഖി, പെണ്ണിനാണിനും
അതിലും – വലുതില്ലഹോ ! വ്രതം
ധൃതിമാനെന്തൊരു ധന്യനെൻ പ്രിയൻ’
മദനൻ്റെ വർത്തമാനകാല അവസ്ഥയിൽ ആ ജീവിതത്തിലേക്കു കടന്നുചെല്ലുന്നതിലെ മണ്ടത്തരത്തെ തോഴി യുക്തിവിചാരങ്ങൾക്കു വിധേയമാക്കുമ്പോൾ ലീല നൽകുന്ന മറുപടിയിലാണ് ഈ ശ്ളോകം. തന്നെക്കാൾ എത്രയോ മുകളിലാണ് തൻ്റെ പ്രിയതമൻ എന്നു കൂടി സഖിയെ ബോധ്യപ്പെടുത്തുകയാണ് ലീലയുടെ ഉദ്ദേശം. നശ്വരമായ ശരീരത്തിൻ്റെ ഭംഗിയിലല്ല കാര്യം എന്നു വിശദീകരിച്ചതിനു ശേഷം പെട്ടെന്ന് രതി എന്ന് ഉപയോഗിക്കുമ്പോൾ രാഗം എന്ന അർത്ഥത്തിലേക്ക് വായന സ്വാഭാവികമായി എത്തിച്ചേരുമെങ്കിലും കന്യകയല്ലാത്ത തന്നെ താരതമ്യപ്പെടുത്തി മദനൻ്റെ മെച്ചപ്പെട്ട അവസ്ഥ ബോധ്യപ്പെടുത്താനാണ് രതി എന്ന് മന:പൂർവ്വം തന്നെ ഉപയോഗിക്കുന്നത് എന്നു കരുതണം. രാഗത്തിൻ്റെ കാര്യത്തിൽ ലീലയും കന്യക തന്നെ. എന്നാൽ രതി ഒരാളിൽ തന്നെയായില്ല, അവളിൽ. അതുകൊണ്ടു തന്നെ രതി എന്ന വാക്ക് മാംസബദ്ധമായ രാഗത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് കാണാമെന്നു തോന്നുന്നു.
രതി എന്ന വാക്ക് ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ ശ്ളോകം ഇതാണ്.
‘വിധി വിശ്വ സുഖം സ്വദിക്കുവാൻ
മതിയും മർത്യനു നൽകി രാഗവും
രതിയാലസമീക്ഷ്യകാരിയാം
സുധി, ധാതാവെയനാദരിക്കയാം’
വീണ്ടും, ജീവിതത്തെ അയഥാർത്ഥമായി നേരിടുന്ന ലീലയെ പ്രായോഗിക വഴിയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ശ്രമിക്കുന്ന തോഴിയുടെ വചനങ്ങളിലാണ് ഈ ശ്ളോകം. ലോക ജീവിതത്തെ ആസ്വാദ്യകരമാക്കാൻ മനുഷ്യനു കിട്ടിയ വരമാണ് പ്രണയമെങ്കിലും രതിയാൽ അന്ധയായി ബുദ്ധിയില്ലാതെ പെരുമാറരുത് എന്ന ഉപദേശത്തിലും രാഗവും രതിയും തീർച്ചയായും വ്യത്യസ്ത അർത്ഥത്തിൽ തന്നെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ലീലയുടെത്, രതിയാൽ അന്ധമായ പ്രവർത്തിയാണ്. മദനൻ്റെ വർത്തമാന അവസ്ഥ, ലീലയുടെ കാമാതുരമായ രാഗത്തോട് (രതിയോട്) ഉന്മുഖമാവാൻ കഴിയുന്നതല്ല എന്നു തന്നെയാണ് തോഴി അതീവ യാഥാർത്ഥ്യബോധത്തോടെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ശരീരസ്ഥിതമല്ലാത്ത രാഗത്തിന് ഏറെ നാൾ നിലനിൽക്കാനാവില്ല എന്നു തന്നെയാണ് സഖിയുടെ മതം (കവിയുടെ സംഘർഷവും അതു തന്നെ).
മൂന്നാമത് രതി എന്ന പദം പ്രത്യക്ഷപ്പെടുന്ന ശ്ളോകം ഇതാണ്:
‘അറിയും ജനനീതി സീമയെ –
ത്തിറമായ് കാക്കുമപൂർണ രാഗികൾ,
നിറയും രതി, ലോകസംഗ്രഹം
കുറിയാക്കാ, സഖി, കൂസലാർന്നിടാ. ‘
സമൂഹത്തിൻ്റെ കാഴ്ചപ്പാടിനെ അനുരാഗപൂർണതയില്ലാത്തവർ ഭയപ്പെടുമ്പോൾ പൂർണാനുരാഗികൾ ലോക മര്യാദയെ പരിഗണിക്കില്ല എന്നാണ് സാധാരണയായി ഈ ശ്ളോകം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. അപൂർണത്തോട് രാഗത്തെയും വികാര നിറവിനെ രതിയോടും ചേർത്തു വയ്ക്കുമ്പോൾ ആശാൻ ഒരു വാക്കിൻ്റെ രണ്ടു പര്യായപദങ്ങൾ ഉപയോഗിക്കുകയായിരുന്നു എന്നു കരുതുക തീരെ വയ്യ. നിറയുന്നത് രതി ആണെന്ന് മാത്രമല്ല, രതിക്ക് സാമൂഹ്യ നിയമങ്ങളെ മറി കടക്കാനും കഴിയുമെന്നു തന്നെ നായികയെക്കൊണ്ട് പറയിപ്പിക്കാനല്ലേ കവി ശ്രമിക്കുന്നത്?
ആശാൻ്റെ നായികമാർ പ്രണയ ധീരരായിരിക്കുമ്പോൾ നായകന്മാർ നശ്വരമായ ശരീരത്തെ മറികടക്കാൻ ശ്രമിക്കുന്നു എന്ന നാട്യത്തിൽ ഭീരുക്കൾ ആയിരിക്കുന്നു എന്നത് വ്യക്തവുമാണല്ലോ. ലീലയെ നയിക്കുന്നത് മാനസികവും ശാരീരികവുമായി മദനനിൽ എത്തിച്ചേരാനുള്ള കടുത്ത അഭിലാഷമാണ് എന്ന് അടിവരയിട്ടു പറയാൻ തന്നെയാണ് ആശാൻ രതി എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് എന്നു കാണാതെ വയ്യ.
ലീല, മദനനൻ്റെ സവിധത്തിലേക്ക് അടുക്കു മ്പോഴുള്ള പ്രകൃതി ദൃശ്യങ്ങൾ ഈ രത്യാഭിവാഞ്ചയുടെ പ്രതിബിംബങ്ങളല്ലാതെ ഒന്നുമല്ല. മടുമലർ ശില, അന്തിമേഘ ക്കൊടുമുടി പറ്റിയ താര, കപോതഹൂതഘോഷം, കുയിലുകളുടെ കുഹൂ കുഹു നിനാദം, തളിരുകളുടെ മൃദുല നാദം … ഇങ്ങനെ എല്ലാം മനസ്സുകളുടെ മാത്രമല്ല, ശരീര സംഗമത്തിൻ്റെയും വർണദീപ്തിയെയാണ് വരച്ചു വയ്’ക്കുന്നത്. ‘വരിക യനുഭവിക്ക , കയ്പു പോയി /പരിണതമാം ഫലമിപ്പൊഴോമനേ നീ ‘ എന്നും ‘മതി ഭയമഥവാ -മദുത്സുകൻ നീ/ യതി വിമലാശയ , നന്യഥാ ധരിക്ക’ എന്നുമാണ് ലീലയ്ക്ക് മദനനോട് പറയാനുള്ളത്. ഈ അഭ്യർത്ഥനകൾ അവസാനം, ‘അവ ഭയമഴലേറിയോമനേ പോ- ന്നിവിടമണഞ്ഞിവൾ നിൻ്റെ മേനി കാണ്മാൻ’ എന്ന് വ്യക്തമാക്കുന്നുണ്ട് ലീല. നിന്നെ കാണാൻ എന്നല്ല, നിൻ്റെ മേനി കാണ്മാൻ തന്നെയാണ് തൻ്റെ വരവ് എന്ന് ലീല അ സന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ് ഇവിടെ.
കവിയുടെ മാനസിക സംഘർഷങ്ങളുടെ ബലത്താൽ തന്നെ നായികയോളം ഈ പ്രണയ ധീരത ഉൾവഹിക്കുന്ന നായകനെ ചിത്രീകരിക്കാൻ ആശാന് കഴിയുമായിരുന്നില്ല എന്നതല്ലേ നേര്? ‘ ധ്രുവ മിഹ മാംസനിബദ്ധമല്ല രാഗം’ എന്ന കൊണ്ടാടപ്പെട്ട വരിയിലേക്ക് ലീല അവസാനിക്കാൻ വിധിക്കപ്പെടുന്നത് അങ്ങനെയാണ്..
അഥവാ മറ്റൊരു തരത്തിൽ പറഞ്ഞാൽ, മാംസബദ്ധം കൂടിയായ രാഗത്തെപ്പറ്റി പറഞ്ഞു പറഞ്ഞ് വന്ന് അതിനെ നിഷേധിക്കേണ്ടി വരുന്ന ഒരന്ത്യത്തെ മന:പൂർവ്വം ഒരുക്കുകയായിരുന്നു ആശാൻ എന്ന് കരുതണം. ഇത് ആശാൻ്റെ മാനസിക സംഘർഷങ്ങളുടെ പരിഛേദം തന്നെ ആണെന്നും കരുതാം.
രതി എന്ന വാക്ക് ലീലയിൽ ഉപയോഗിക്കുന്നത് കേവല രാഗം എന്ന അർത്ഥത്തിൽ അല്ല തന്നെ.
കവർ : ജ്യോതിസ് പരവൂർ