“അയ്യോ എനിക്ക് വയ്യായെ, ആരെങ്കിലും എന്നെ ആശൂത്രീല് എത്തിക്കണേ”

മറിയയുടെ ശ്രദ്ധ ഒന്നു മാറിയെന്ന് കണ്ടപ്പോൾ തോബിയാസ് ഉറക്കെ വിളിച്ചു കൂവി.

ഞെട്ടലിൽ നിന്നും മുക്തമാവും മുന്നെ തന്നെ മറിയ കെട്ടിയോൻ്റെ മുന്നിൽ കുതിച്ചെത്തി. ഉടുമുണ്ടിൻ്റെ കോന്തല തോബിയാസിൻ്റെ പല്ലില്ലാത്ത വായിൽ യഥേഷ്ടം കുത്തിത്തിരുകി അവളും ഒരു മറുകൂവൽ നടത്തി.

“കർത്താവെ എനിക്ക് വയ്യേ ഈ മനുഷ്യനെ കൊണ്ട് നാണം കെട്ട് ഞാനിതാ മരിക്കാൻ പോവ്വാണേ”

കൂടി നിന്നവരിൽ കൂടുതൽ കരളലിഞ്ഞ മേരിക്കുട്ടി മുന്നോട്ട് വന്ന് തോബിയാസിനോട് കലമ്പി.

“ആശുപത്രീ കൊണ്ടു പോവ്വാനല്യോ മമ്പള്ളീന്ന് ഇച്ചായൻ വന്നിരിക്കുന്നത് “

തോബിയാസ് ദൈന്യതയോടെ മൂത്ത മകനെ നോക്കി കെഞ്ചി.

“നീ വന്നിട്ട് നേരം കുറേയായല്ലോ ഏലിയാവെ. അപ്പച്ചനെ എത്രേം വേഗം ആശുപത്രിലോട്ട് എട്ക്ക് “

മറിയ അപ്പോഴേക്കും ഇരുവർക്കുമിടയിൽ വന്നു.

അവർ പറഞ്ഞു.

“അങ്ങനെ നമ്മള് മാത്രം നാണം കെടണ്ട. ഇതിയാനേക്കാ മൂപ്പുള്ളവനല്യോ പൗലോച്ചാച്ചൻ? അങ്ങേര് പത്ത് ദിവസം മെഡിക്കൽ കോളേജി കിടന്നതും നെഞ്ച് കീറിമുറിച്ചതും ചങ്ങനാശ്ശേരിയിലെ മേരിമാതാ ക്വയർ സംഘത്തിന് വിളി പോയതും നമ്മളാരെങ്കിലും അറിഞ്ഞോ? അപ്പ പിന്നെ നമ്മട കുടുംബത്തില് സൂക്കേട്കാരുണ്ടെന്ന് മററുള്ളോരും അറിയണ്ട.”

ഇതിനിടയിൽ രണ്ടാമത്തെ മകൾ ഏലിക്കുട്ടി ജനൽ പഴുതിലൂടെ പാളിനോക്കി താൻ കണ്ട കാര്യം ഒരു മുന്നറിയിപ്പായി നൽകി.

“റീത്തമാവിയുടെയും, സാമൂവൽ കൊച്ചാച്ചൻ്റെയും അകത്തെ വിളക്കണഞ്ഞിട്ടില്ല. ഫിലിപ്പോച്ചനും, ഈനാശുവുമായുള്ള വെടിവെട്ടം മുറക്ക് നടക്കുന്നുണ്ട്.”

‘ൻ്റെ ഈശോയെ’ പരിഭ്രാന്തി കൊണ്ട് തോബിയാസിൻ്റെ നിലവിളി തൊണ്ടക്കുഴിയിൽ തന്നെ അവസാനിച്ചു.

നാലാമത്തെ മകൾ ഗ്ലാഡിസിനെ അലട്ടി കൊണ്ടിരുന്നത് മറ്റൊന്നായിരുന്നു. അതവൾ ഇപ്രകാരം കൈമാറി.

“ആരുമറിയാതെ അപ്പച്ചനെ ആശുപത്രീലോട്ട് എത്തിച്ചൂന്ന് വെക്കുക. ഇവിടെ അന്വേഷിച്ചു വരുന്നോരോട് എന്നാ പറയ്യ?”

ഉത്തരം പറഞ്ഞത് ജേർണലിസത്തിന് പഠിക്കുന്ന ഇളയവൾ മോളിക്കുട്ടി തന്നെ.

“ഇത്തവണത്തെ നൊയമ്പ് കൂടലിന് മമ്പള്ളീല് കൊണ്ട് പോയെന്നങ്ങ് പറയണം.”

അത് സകലരേയും ആശ്വാസപ്പെടുത്തുന്ന വാക്കായി പെയ്തു.

തോബിയാസപ്പോൾ പുഞ്ചിരിച്ചുകൊണ്ട് കിടക്കുകയായിരുന്നു.

നിത്യതയുടെയും, നീതിയുടെയും ഒരു കിരീടം തൻ്റെ നേർക്ക് വന്നെത്തുന്ന ശോഭയിൽ എന്തെന്നില്ലാത്ത ഉന്മാദത്തോടെ തോബിയാസ് പുഞ്ചിരി തുടർന്നു കൊണ്ടേയിരുന്നു.

+ posts