പൂമുഖം LITERATURE ജ്ഞാനദേവതയെ മാനിച്ച മൺവീട്

ജ്ഞാനദേവതയെ മാനിച്ച മൺവീട്

എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെ വിമർശിച്ചുകൊണ്ട് കെ.പി. നിർമ്മൽകുമാർ എഴുതുന്നു.


ാൻ വായിച്ച മികച്ച ജീവചരിത്ര പുസ്തകങ്ങളിലൊന്ന്” –
എം ടി വാസുദേവൻ നായർ”എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന
നാലപ്പാടിന്റെ പുസ്തകത്തെക്കു റിച്ച് കവർ പേജിൽ കൊടുത്ത പ്രശംസ അതാണ്.
മാധവിക്കുട്ടിയുടെ നീണ്ടകാല നാലപ്പാട് ഓർമകളിൽ ഭാവനയും വസ്തുതയും
കലരുമ്പോൾ, സുലോചന നാലപ്പാടിന്റെ ഈ പുസ്തകം പുന്നയൂർക്കുളം, നാലപ്പാട്,
അവരുടെ കുടുംബം, ബന്ധുക്കൾ ഇവരെയെല്ലാം ഒരു റേഷൻ കാർഡിന്റെ
യാഥാർഥ്യബോധത്തോടെ വായനക്കാർക്കു മുമ്പിൽ കൊണ്ട് വരുന്നു എന്നതാണ്
ശ്രദ്ധേയമായ കാര്യം. തീയതികൾ, ബന്ധങ്ങൾ, സ്ഥലങ്ങൾ ഇവയിലൊക്കെ വസ്തുതാപരമായി
സുലോചന തരുന്ന വിവരങ്ങൾ ഭാവിയിൽ ഒരു ഗവേഷകവിദ്യാർത്ഥിക്ക്
പ്രയോജനപ്പെടും. വിക്കിപീഡിയ തുടങ്ങിയ പൊതു റെഫറൻസ് ഇടങ്ങളിലും പ്രസാധകർ
പുസ്തകങ്ങളിൽ കൊടുക്കുന്ന ജീവചരിത്രകുറിപ്പുകളിലും ഈ ആധികാരിക
വിവരങ്ങൾക്ക് സ്ഥാനമുണ്ട്.

മഹാനഗരങ്ങളിൽ, ദശാബ്ദങ്ങൾ നീണ്ട ജീവിതത്തിൽ എഴുതിയ മാധവിക്കുട്ടിയുടെ
കഥകളും, കമലാദാസിന്റെ കവിതകളും, അനന്തപുരിയിലെ വ്യാഴവട്ടക്കാല ജീവിതവും,
വിധവയായ ശേഷം കൊച്ചിയിൽ കമലസുരയ്യയുടെ ജീവിതസായാഹ്നവും, ഒരു വായനക്കാരൻ
എന്ന നിലയിൽ അശ്രദ്ധമല്ലാതെ പിന്തുടർന്ന ഞാൻ, ഈ പുസ്തകം കുറച്ചു
ദിവസങ്ങൾക്കു മുമ്പ് വാങ്ങി കൗതുകത്തോടെ വായിച്ചു. അതെഴുതിയിരിക്കുന്നത്
ഇളയ സഹോദരി സുലോചന നാലപ്പാട് ആണ്. ഏഴെട്ട് വയസ്സ് താഴെയാണെങ്കിലും
,ആമിയോപ്പു”വിനോട് വ്യക്തിഗതവിശ്വസ്തതയും വൈകാരികമായ അടുപ്പവുംഉള്ള
സഹോദരിയാണവർ. അമ്മ ബാലാമണിയിൽ നിന്ന് കമലക്കു കിട്ടാതെ പോയ പരിലാളനം
അനുജത്തി സുലോചന, ചേച്ചിക്ക് നൽകുന്നു. ജീവിതത്തിലും മരണാനന്തര
ഓർമ്മകളിലും. ആ നിലക്ക് മാധവിക്കുട്ടിയുടെ ‘തട്ടകഭഗവതി’ തന്നെയാണ് ഡോ
സുലോചന എന്ന ഗാർഡിയൻ ഏഞ്ചൽ. ഭാഗ്യം വേണം, അങ്ങനെ ഒരാൾ കൂടെ
നിൽക്കാനുണ്ടാവണമെങ്കിൽ .

ente-jyeshtathy-kamala-500x500

എന്നാൽ, ഓർമകളിൽ തെളിയുന്ന മാധവിക്കുട്ടിയുടെ നാലപ്പാടും ഈ
ജീവചരിത്രത്തിൽ തെളിയുന്ന സുലോചനയുടെ നാലപ്പാടും രണ്ടാണ്. സന്തോഷ്
ശിവന്റെ കാമറയും ദൂരദർശന്റെ കാമറയും തരുന്ന ദൃശ്യകലയിലെ വ്യത്യാസമാണത്.
മാധവിക്കുട്ടി നാലപ്പാടിനെ ഭൂതകാലാതുരതയോടെ, കാവ്യാത്മ കമായി
പുനസൃഷ്ടിക്കുമ്പോൾ, ഡോ സുലോചന ഒരു പരിചിത പഞ്ചായത്തു വാർഡ്അംഗത്തിൻറെ
പ്രായോഗികതയോടെ ആ പ്രശസ്ത വീടും (ഒരു വിശ്വകവി ‘കുലീനകുടുംബം’ എന്ന് ഒരു
അനുസ്മരണലേഖനത്തിൽ വിശേഷിപ്പിച്ചു) അതിലെ അംഗങ്ങളും, അടുത്ത ബന്ധുക്കളും
ആരെന്നു, സ്വീകാര്യമായി തോന്നുന്ന രീതിയിൽ വ്യക്തമാക്കുന്നു.
മാധവിക്കുട്ടിയെ കുറിച്ച് അടിസ്ഥാനപരമായി അനുകൂല മനഃസ്ഥിതിയോടെ
എഴുതുമ്പോഴും, വസ്തുതാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു. വിവാഹം,
ദാമ്പത്യം, വ്യക്തിജീവിതം, മതപരിവർത്തനം, മരണം, മരണാനന്തരം എന്നിങ്ങനെ
മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച്, ആധികാരികത ചോദ്യം ചെയ്യാനാവാത്ത
രീതിയിൽ സുലോചന എഴുതുന്നു. മാധവിക്കുട്ടിയുടെ കഥകളെ കുറിച്ച് മൗനം
പാലിക്കുന്ന സുലോചന, കവിതകളിൽ നിന്ന് ധാരാളം ഉദ്ധരിക്കുന്നു. ഒരു നല്ല
ബുക്എഡിറ്റർ സുലോചനയുടെ സഹായത്തിനുണ്ടായിരുന്നെങ്കിൽ എന്ന് നാം
ആശിക്കുന്നത്ര പോരായ്മകൾ ഈ പുസ്തകത്തിന് ഉണ്ടെന്നു ഞാൻ സമ്മതിക്കുന്നു.

കുടുംബാംഗം എന്ന നിലയിൽ അടുത്ത് ബഹളം വച്ചും കളിതമാശ പറഞ്ഞും
ഇടപഴകുമ്പോഴും എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും
മാധവിക്കുട്ടിയുടെ യഥാർത്ഥവികാരങ്ങൾ അവർ സുലോചനയോടു അങ്ങനെ എളുപ്പത്തിൽ
ഏറ്റുപറയും എന്ന് വിചാരിക്കുന്നില്ല. അടുത്തിടപഴകിയത് കൊണ്ട്
അറിയേണ്ടതെല്ലാം അറിഞ്ഞു എന്ന മട്ടിൽ കുടുംബം പിന്നീട്
പ്രതികരിക്കുന്നതിലാണ് അപാകത. അമ്മ ബാലാമണിയെ മാധവിക്കുട്ടി ഒരു മാന്യ
വ്യക്തിയോട് കാണിക്കേണ്ട മര്യാദയോടെ പരിഗണിച്ചു എന്നതിനപ്പുറം
സ്നേഹത്തോടെ ഒരിക്കലും ഓർക്കുന്നില്ല. കാരണം ഒരമ്മയിൽ നിന്ന്
കുട്ടികൾക്ക് കിട്ടേണ്ട പരിലാളനം അവർക്കു കിട്ടിയില്ല. കവിതകളിലും എഴുതിയ
ഓർമകളിലും ഭൂതാതുരത നിറയുന്നത് അമ്മമ്മയോടും അവരുടെ അമ്മയോടുമാണ്. നിലം
പൊത്താറായ ഒരു പുരാതനവസതിയായിരുന്നു നാലപ്പാട് തറവാട് . അത് വീണു
തകർന്നപ്പോൾ മാധവിക്കുട്ടി എഴുപതുകളുടെ അവസാനം അവിടെ വീണ്ടുമൊരു വീട്
വച്ച് ഒരു കൊല്ലം മാധവദാസുമൊത്തു കഴിഞ്ഞശേഷമായിരുന്നു 1980 മുതൽ
പന്ത്രണ്ടു വർഷത്തോളം അനന്തപുരിയിൽ ഭർത്താവിന്റെ മരണം വരെ കഴിഞ്ഞത്.
പിന്നെ പുണെയിലേക്കു പോവും വരെ കഴിഞ്ഞ കൊച്ചിയിൽ സുലോചന അവർക്കു
കൂട്ടായിരുന്നു.

The Love Queen of Malabar: Memoir of a Friendship with Kamala Das എന്ന
Merrily Weisbord പുസ്തകം വായിക്കുമ്പോൾ , മാധവിക്കുട്ടി ആ
കനേഡിയൻ പെണ്ണെഴുത്തുകാരിയോട് നാട്ടിലും വിദേശത്തുമായി ചെയ്ത ഒരു
ദശാബ്ദത്തോളം നീണ്ടു നിന്ന ഏറ്റുപറച്ചിലുകളിൽ, എന്തെല്ലാം വിചിത്രങ്ങളായ
കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും, അതെല്ലാം അകേരളീയമായ പാരസ്പര്യത്തിൽ
ആയിരുന്നത് കൊണ്ട്,നമുക്ക് മുമ്പിൽ കാണപ്പെട്ടത് കവി എന്ന നിലയിൽ ഉള്ള
മാധവിക്കുട്ടിയുടെ ആഗോള വ്യക്തിത്വം ആണെങ്കിൽ , ഈ ജീവചരിത്രത്തിൽ,
മാധവിക്കുട്ടിയുടെ മറ്റുവിധത്തിൽ പുറത്തറിയാൻ ഇടയില്ലാത്ത ഒരുപാട്
വ്യക്തിഗത, ദാമ്പത്യ കുടുംബ വിവരങ്ങൾ ഡോ സുലോചന പറയുന്നു. .
മാധവിക്കുട്ടി യഥാർത്ഥത്തിൽ ഈ വിധം അതിസാധാരണമായി, ഒരു ഇളയ സഹോദരിയാൽ
ഓർക്കപ്പെടുന്നതിൽ എന്റെ ഉള്ളിൽ നീരസം വായനക്കിടയിൽ പലപ്പോഴും തോന്നി.
മാധവിക്കുട്ടി എന്ന എഴുത്തുകാരി വാസ്തവത്തിൽ ഇത്ര നിസ്സാരക്കാരിയോ എന്ന്
തോന്നിപ്പിക്കുന്ന ഇത്തരം ഒരുപാട് ഓർമ്മകൾ വായനക്കാർ ,ഞാൻ,
പ്രതീക്ഷിക്കുന്നില്ല. സുലോചന, വ്യക്തിനന്മയും മതാത്മ കതയും സഹോദരീസ്നേഹവും
കുടുംബ വിശ്വസ്തതയും ഒക്കെ ഉള്ള ആളായിരിക്കാം, എന്നാൽ അവരുടെ രചനയുടെ
രീതി മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ പ്രതിച്ഛായക്ക് ചേരുന്നതല്ല.
സുലോചനയുടെ ഉദ്ദേശ്യ ശുദ്ധി ഞാൻ മാനിക്കുന്നു, എന്നാൽ അഭിമാനിയായ, ഒരു
പക്ഷെ പ്രായോഗിക ജീവിതത്തിൽ അവിവേകിയായ ഒരെഴുത്തുകാരിയുടെ സങ്കീർണമായ
മാനസികലോകം അവതരിപ്പിക്കുന്നതിനു ഈ ‘വിഴുപ്പു തുണികൾ’ തൂക്കുന്ന രീതി
സഹായിക്കുന്നില്ല.
അച്ഛൻ വി എം നായരെ കുറിച്ച് മാധവിക്കുട്ടി ദുഃഖം കലർന്ന കോപത്തോടെ
എഴുതിയപ്പോൾ, സുലോചന നാലപ്പാട് അച്ഛന്റെ സ്വേച്ഛാധിപത്യ പ്രവണതയോടു
വിശ്വസ്തതയോടെ ഐക്യപ്പെട്ടു ഓർമ്മിക്കുന്നത് കാണാം. മൂന്നു മക്കളെ
പലയിടങ്ങളിൽ താമസിപ്പിച്ചു പഠിപ്പിച്ചു ഡോക്ടർ ആക്കിയപ്പോൾ കമലയെ
പതിനേഴെത്താത്ത പ്രായത്തിൽ ഔപചാരികവിദ്യാഭ്യാസം പൂർത്തിയാക്കും മുമ്പ്
പന്ത്രണ്ടു വയസ്സ് പ്രായക്കൂടുതലുള്ള ഒരാൾക്കു വിവാഹം കഴിച്ചു കൊടുക്കാൻ
തീരുമാനിക്കുമ്പോൾ, ”അരുത്‌ നമ്മുടെ ഭാഗത്തു ഈ അതിക്രമം പുതിയ തലമുറയോട്
. കമല തുടർന്ന് പഠിക്കട്ടെ ” എന്ന് സാർത്ഥകമായ ഇടപെടാതിരുന്ന ബാലാമണി
‘അമ്മ പിൽക്കാലത്ത് മാധവിക്കുട്ടിയുടെ രചനകളിൽ ഔപചാരിക
ബഹുമാനപ്രകടനത്തിന്നിടയിലും ഒളിച്ചുവെക്കാത്ത നീരസത്തോടെ
ഓർക്കപ്പെടുന്നുണ്ട്.

ഈ ഓർമ്മക്കുറിപ്പുകളുടെ ഉദ്ദേശ്യശുദ്ധി ഞാൻ മാനിക്കുന്നു. എന്നാൽ ഈ
പുസ്തകം എം ടി വാസുദേവൻ നായർ പ്രകീർത്തിച്ച പോലെ മികച്ചതല്ലെങ്കിലും
ഇതിന്റെ സാധുത ശ്രദ്ധേയമാണ്. മാധവിക്കുട്ടിയുടെ കുടുംബത്തെ കുറിച്ച്
നിലവിൽ ഉള്ള കുറെ വസ്തുതാപരമായ തെറ്റുകൾ തിരുത്താൻ കഴിയുന്നതോടൊപ്പം,
ഇനിയൊരു പുതിയ ജീവചരിത്രകാരന് നാലപ്പാട് കുടുംബത്തെ കുറിച്ചും അതിൽ
മാധവിക്കുട്ടിക്ക് വേണ്ടപ്പെട്ടവരാ യിരുന്ന അംഗങ്ങളെ കുറിച്ചും ശരിയായ
വിവരങ്ങൾ കിട്ടുന്നതിന് ഈ പുസ്തകം ആശ്രയിക്കാം.. പെറ്റ തള്ളയെ
തള്ളിപ്പറയുന്നവരുടെ ഈ സമൂഹത്തിൽ, അടുത്ത നിമിഷം എന്ത് പറയും ചെയ്യും
എന്ന് പറയാനാവാത്ത വിധം വികാരബന്ധിതയായ ചേച്ചിയുടെ,ആജ്ഞാനുവർത്തിയായി
ജീവിതസായാഹ്നത്തിൽ കൂടെ നിന്ന അനുജത്തിയുടെ ഓർമ്മകൾ എന്ന നിലയിൽ ഈ
പുസ്തകം ഞാൻ വിലയിരുത്തുന്നു.

Comments
Print Friendly, PDF & Email

കഥാകൃത്ത്, നോവലിസ്റ്റ്. ജലം ,ഒരു സംഘം അഭയാർത്ഥികൾ, കൃഷ്‌ണഗന്ധകജ്ജ്വാലകൾ, ചേലക്കരയുടെ അതീതസ്വപ്‌നങ്ങൾ,മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍, ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി അതീതശക്തി, തിരഞ്ഞെടുത്ത കഥകള്‍ എന്നിവ പ്രധാനകൃതികൾ

You may also like