പൂമുഖം LITERATUREകവിത ജീവിതം

നിലനിൽക്കുമ്പോഴറിയുന്നില്ല
അതിന്റെ പിടച്ചിൽ .

കൂട്ടത്തിൽ ചുമ്മാ കൂടിയൊരു
യാത്രക്കാരനെ പോലെ.

യാത്രക്കാരൻ കൈയിൽ തൊട്ടൊരു
കഥ പറയുമ്പോലെ .

അതിലേറെ അനുഭവിക്കാറില്ല .

രാത്രിമയക്കങ്ങളുടെ
ഉഷ്ണസഞ്ചാരങ്ങളിൽ
ഒരു നോവായി പിടഞ്ഞത്
നീയായിരുന്നോ !

പടയൊരുക്കത്തിന്റെ നാളുകളിൽ
ഒരിക്കൽ നീയെന്നിൽ
പിടഞ്ഞുപിടഞ്ഞുണർന്നതായ്
ഞാനോർക്കുന്നു .

അന്ന് ഞാൻ നിന്നെ പരിഹസിച്ചതും ,
അടങ്ങിക്കിടക്കാൻ കൽപ്പിച്ചതും ..

നീണ്ടൊരു യാത്രയുടെ ഇടയിലെ
പിരിമുറുക്കങ്ങൾക്കിടയിൽ
നീ നിന്റെ സാന്നിധ്യമറിയിച്ചതും
യാത്രാന്ത്യത്തിന്റെ ശുഭപര്യവസായിയിൽ
നീ ദീർഘം നിശ്വസിച്ചതും
ഞാൻ കണ്ടില്ലെന്നു നടിച്ചു.

ഞാനും നീയും ചേർന്ന
ഒരു ഹൃദയമിടിപ്പിന്റെ നേരറിവിൽ,
ദ്രുതചലനത്തിന്റെ
കൈകാൽകുഴച്ചിലിൽ
നിന്റെ നിതാന്തമായ
അകൈതവ നൈർമ്മല്ല്യം ..
ഞാൻ ഒരിക്കലെ തിരിച്ചറിഞ്ഞുള്ളൂ .

അപ്പോഴേക്കും ഞാൻ നിന്നെ വിട്ടുള്ള
യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ !!


 

Comments
Print Friendly, PDF & Email

You may also like