പൂമുഖം OPINION അർണാബ് , താങ്കളില്ലാതെ ഞങ്ങൾക്കെന്താഘോഷം…!!

അർണാബ് , താങ്കളില്ലാതെ ഞങ്ങൾക്കെന്താഘോഷം…!!

ഹ്ലാദിപ്പിക്കുക എന്നതിന്റെ ഉദ്ദേശം അതുവഴി കൂടുതൽ വിൽക്കുക എന്നത് മാത്രമല്ല, അജണ്ടകളെ ഒളിപ്പിച്ചു കടത്തുക എന്നതു കൂടിയാണെന്ന് അമേരിക്കൻ മാധ്യമ ചരിത്രകാരൻ എറിക് ബർണോ എഴുതിയത് സാറ്റലൈറ്റ് മാധ്യമങ്ങൾ ഇത്രയധികം ഇല്ലാതിരുന്ന കാലത്താണ്. പത്രങ്ങൾ കൊടുക്കുന്ന വാർത്തകളെ കുറെയൊക്കെ വിശ്വസിച്ച്, ജനം അടുത്ത ദിവസം വരെ വാർത്തകൾക്കായി കാത്തിരുന്ന അക്കാലത്ത്, റേഡിയോ ആയിരുന്നു അപ്ഡേറ്റ്. ബ്രേക്കിങ്ങ് ന്യൂസ് എന്ന സംജ്ഞ ടെലിവിഷൻ ലോകത്തെ വിഴുങ്ങിത്തുടങ്ങുന്നതേയുളളൂ.

മാധ്യമങ്ങളുടെ ചാരപ്പണിയെ പറ്റി ഏറെ പഠിച്ചയാളാണ് എറിക് ബർണോ. ഒരു പക്ഷേ, ഇരുപതാം നൂറ്റാണ്ടിലെ മാധ്യമവിപ്ലവത്തോടൊപ്പം വളർന്നയാൾ. പത്രങ്ങളിൽ നിന്ന് റേഡിയോയിലേക്കും അവിടെ നിന്നും ടെലിവിഷനിലേക്കും തുടങ്ങി ഇന്റർനെറ്റും നവമാധ്യമങ്ങളും ഉൾപ്പെടുന്ന മാധ്യമവിസ്ഫോടനത്തിനു വരെ സാക്ഷിയാകാൻ കഴിഞ്ഞയാൾ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അടുത്തറിഞ്ഞതിൽ നിന്നാവണം ബർണോ മുൻപറഞ്ഞ പ്രസ്താവന നടത്തിയത്.

ടൈംസ് നൗ എഡിറ്റർ അർണാബ് ഗോസ്വാമി രാജിവക്കുന്നു എന്നൊരു വാർത്ത ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതെന്തുകൊണ്ട് എന്നന്വേഷിച്ചാൽ ഒരു പക്ഷേ നമ്മൾ ചെന്നെത്തി നിൽക്കുക ബെർണോവിന്റെ നിരീക്ഷണത്തിലായിരിക്കും.ഗോസ്വാമിയുടേത് ചർച്ചയാവുന്നത് ദേശീയതലത്തിലാണെങ്കിൽ അതിന്റെയൊരു മിനിയേച്ചർ വേർഷനാണ്, ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരിൽ ചിലർ രാജിവച്ച് ന്യൂസ് 18 ൽ പോകുന്നതിനെ പറ്റി കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മലയാളനവമാധ്യമങ്ങളിൽ നടന്ന ചർച്ചകൾ.

വാർത്തവായനക്കാർക്കപ്പുറത്തേക്ക് ഇവരെ വാർത്താതാരങ്ങളാക്കുന്നതിലൂടെ ന്യൂസ് അവർ പരിപാടികൾ ഏകാംഗ അവതരണങ്ങളാക്കി മാറ്റാനും അതുവഴി അതിൽ ഒരു എന്റർടെയിൻമെന്റ് എലമെന്റ് സന്നിവേശിപ്പിച്ചു നിർത്താനും ചാനലുകൾക്ക് കഴിയുന്നുണ്ട്. വാർത്തകൾ വെറുതെ വായിച്ചാൽ വാർത്തകളല്ലെന്നും, അതിൽ അവതാരകന്റെ ആംഗ്യവിക്ഷേപങ്ങളും വികാരപ്രകടനങ്ങളും കൂടി ചേരുമ്പോൾ മാത്രമേ അത് വാർത്തയാകുന്നുളളൂ എന്നും വരുന്നതു കൊണ്ടാണ് വളരെക്കുറച്ചാളുകൾ മാത്രം ദൂരദർശൻ വാർത്ത കാണുന്നത്; എഫ്എം റേഡിയോകൾക്കുളളത്ര ശ്രോതാക്കൾ (നഗരപ്രദേശങ്ങളിലങ്കിലും) ആകാശവാണിക്ക് ഇല്ലാതെ പോകുന്നത്. സ്റ്റുഡിയോക്കകത്തിരുന്ന് അവതാരകൻ/താരക  നടത്തുന്ന ഗർജനങ്ങൾ സ്വന്തം വീട്ടിലോ അതുപോലുളള സുരക്ഷിതസ്ഥലങ്ങളിലോ ഇരുന്ന് കാണുന്ന പ്രേക്ഷകനെ ഒരു സെക്കന്റു പോലും ബോറടിപ്പിക്കാതെ, ചാനലൊന്നു മാറ്റണമെന്ന് തോന്നിപ്പിക്കുക പോലും ചെയ്യാതെ മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് ഷോയുടെ വിജയം. തങ്ങളുടെ ആജ്ഞകളിലാണ് രാജ്യം തീരുമാനങ്ങളെടുക്കുന്നതെന്ന് അയാൾ/അവൾ പ്രഖ്യാപിക്കുന്നു. ഇരകൾക്കൊപ്പമെന്ന വ്യാജേന അവർ വേട്ടക്കാർക്കൊപ്പം ചേരുന്നു.

വിനോദങ്ങൾ വെറും വിനോദങ്ങളോ, വിശാലാർത്ഥത്തിൽ അതൊരു കച്ചവടോപാധിയോ മാത്രമല്ല, മറിച്ച് ബെർണോ നിരീക്ഷിച്ച പോലെ രഹസ്യഅജണ്ടകൾ ഒളിപ്പിച്ചു കടത്താനുളള മാർഗം കൂടിയാണ്. അതുകൊണ്ട്, അർണാബ് ഗോസ്വാമി ഇനിയും കുരച്ചു കൊണ്ടിരിക്കും, ടൈംസ് നൗവിലല്ലെങ്കിൽ മറ്റൊരു ചാനലിൽ. നമ്മുടെ റിമോട്ട് കൺട്രോൾ ബട്ടനുകൾ അവിടേക്കും തിരിയും. നമുക്ക് വേണ്ടത് ആഹ്ലാദമാണ്, അതും തീൻമേശയിൽ തന്നെ കിട്ടണം. ആഹ്ലാദം കിട്ടാൻ ഏതു വഴിക്കും പോകാം, യുദ്ധം ചെയ്യാം, തൂക്കിക്കൊല്ലാം, വിദ്യാർത്ഥികളെ തീവ്രവാദികളാക്കാം, വെടിയുണ്ടകളെ പറ്റി വാചാലരാകാം, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നും അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടവരാണെന്നും പ്രഖ്യാപിക്കാം, തല ചതഞ്ഞു കിടന്നവരുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ പേർ കണ്ടത് ഞങ്ങളുടെ ചാനലിലൂടെയാണെന്ന് വീരസ്യമടിക്കാം, അതുവഴി പരസ്യക്കാരെ വീഴ്ത്താം..

അർണാബ് ഗോസ്വാമിയോട് ഒന്നേ അപേക്ഷിക്കാനുളളൂ.. ഇപ്പോഴത്തെ ചാനലിൽ നിന്നു മറിയാലും, ദയവു ചെയ്ത് താങ്കൾ ഈ പണി നിർത്തരുത്. ചുരുങ്ങിയപക്ഷം, താങ്കളെപ്പോലൊരാൾ ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നവരേക്കെങ്കിലും.

താങ്കളില്ലാതെ ഞങ്ങൾക്കെന്താഘോഷം…!!

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like