പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്
ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾ
പാമ്പ് പുളയ്ക്കണ കൈതക്കാട്.
എന്റെ കല്യാണത്തിന് മുന്നേയതൊന്ന്
വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്
ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു.
അടുത്ത പകൽ തൂവി തെറിച്ചപ്പോൾ
മുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.
പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തി
അമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻ
എന്നെം ഏട്ടനെം തിരയുമ്പോൾ,
ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേ
ഞാൻ തിരഞ്ഞുപോയി.
കണ്ടില്ല.
തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽ
നിന്ന് അമ്മച്ചി എണീറ്റു വരുന്നു.
എങ്ങനെ അവിടെ എത്തിയെന്ന് മാത്രം എത്തുംപിടിയും ഇല്ലത്രേ.
പിറ്റേന്നും
അതിന്റെ പിറ്റേന്നും
ഇതേ കഥയായപ്പോളാണ്
അടുക്കള ചാവി അമ്മച്ചിയറിയാതെ
ഞങ്ങൾ ഒളിപ്പിച്ചു വെച്ചത്.
നെഞ്ചുപൊട്ടിയ ഒരു കരച്ചിലാണ്
പിന്നെ രാത്രി വീടുകേട്ടത്.
“ഇതൊന്ന് തുറക്കാരേലും
എന്റെ ഒടേ തമ്പുരാനെ…
ഓൻ എന്റെ മക്കളെ കൊല്ലും.
എന്റെ ഒടേ തമ്പുരാനെ..
ഓനിപ്പം വരും.”
തൊളളകീറി അമ്മച്ചി കരഞ്ഞു.
അപ്പൻ മരിച്ചിട്ട് പന്ത്രണ്ട് കൊല്ലമായിട്ടും
ഓർമ്മകളുടെ വളളികാഞ്ഞിരം കയ്ച്ച്
പേടിയുടെ കുന്നികുരു തെറിച്ച്
ഞാനും ഏട്ടനും വീടും ഒപ്പം കരഞ്ഞു.
അന്ന് രാത്രി ഞങ്ങൾ ഒരുമിച്ച് കൈതക്കാട്ടിലുറങ്ങി.
വലത്തും ഇടത്തും കിടത്തി അമ്മച്ചി
പണ്ടത്തെ പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു.
ഒന്നും മിണ്ടാതെ ഞാനും ഏട്ടനും കണ്ണടച്ചു.
ഉറങ്ങാതെ പേടിച്ചൊളിച്ചു കിടന്ന
അടിയും തെറിയും കളളും
മണക്കണ രാത്രികൾ കണ്ണിൽ ഉമ്മവെച്ചു കോട്ടുവായിട്ടു എണീച്ചിരുന്നു.
പാമ്പ് രണ്ടെണ്ണമപ്പോൾ അതിലേ ഇഴഞ്ഞൊലിഞ്ഞു.
പിറ്റേന്ന് പകലും അമ്മച്ചി ഒന്നും ഓർത്തില്ല.
ഓർമ്മിപ്പിച്ചുമില്ല.
കൈതക്കാടുവെട്ടണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു.
പിന്നെയും ഇടയ്ക്ക് അമ്മച്ചി
ഉറക്കത്തിൽ നടന്നു.
അവരുടെ കല്യാണദിവസം
അപ്പന്റെ ഓർമ്മദിവസം.
അയാൾ ചവിട്ടികലക്കിയ ജനിക്കാത്ത
കുഞ്ഞിനെ സ്വപ്നം കണ്ടന്ന്.
ഏറ്റവും ഒടുവിൽ
എന്റെ ഇളയ ചെക്കൻ
കൈതക്കാട്ടിലെ പാമ്പിനെ കണ്ടു പേടിച്ചപ്പോൾ
കാടൊക്കെ അമ്മച്ചി തന്നെ ഒരുമ്പെട്ട്
വെട്ടിതെളിച്ചയന്ന് അവസാനമായി.
രാവിലെ
ഓർമ്മകളുടെ വിഷം തീണ്ടി
പേറോഴിഞ്ഞ കാടില്ലാ കറുത്ത മണ്ണിൽ തണുത്തുപുതഞ്ഞു അമ്മച്ചി കിടക്കുമ്പോഴും
വലത്തും ഇടത്തും രണ്ടാൾക്ക് കിടക്കാൻ പാകത്തിൽ ആ കൈകൾ മാത്രം
വട്ടത്തിൽ വിരിഞ്ഞുകിടന്നു.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്