നന്ദന്‍ ഉറക്കം പിടിച്ചിരുന്നു. ഉറങ്ങാത്ത ഉറക്കമാണതെന്ന്‍ അടുത്തു കിടക്കുന്നയാള്‍ക്ക് അറിയുന്ന ഉറക്കം. ഇടയ്ക്കിടെ ഉണ്ടാവും നന്ദന്‍റെ ഈ ഉറക്കക്കളി. പണിയൊതുക്കി കിടക്കാന്‍ വന്ന കാര്‍ത്തിക കൂര്‍ക്കം വലിയാണോ അല്ലേ എന്ന സംശയത്തില്‍ കുറച്ചൊന്നു കാത്തു. അല്ലെങ്കിലും അങ്ങനെയാണ്. നന്ദന്‍റെ സംസാരവും തമാശകളുമെല്ലാം കൂട്ടുകാരുടെ കൂടെ പടിയിറങ്ങി പൊയ്ക്കളയും.
-എന്‍റെ തോളിനു നല്ല വേദനെണ്ട് നന്ദാ. കുട്ടികളെക്കൂട്ടി നാല്പതു പേരുണ്ടായിരുന്നു.
കാര്‍ത്തിക ശനിയാഴ്ച വിരുന്നിന്റെ ക്ഷീണം പറഞ്ഞു.
-നിനക്ക് വെച്ചൊരുക്കാന്‍ പൂതിയല്ലേ?
-ശരിക്കും എനിക്കിഷ്ടാട്ടാ. ഞാന്‍ പറഞ്ഞില്ലേ നമ്മക്ക് കെയ്റ്ററിംഗ് തൊടങ്ങാന്നു. ഈ അമേരിക്കലൊള്ളോര്‍ക്ക് നാടന്‍ കുക്കിംഗ് മടിയാ! എല്ലാരും നല്ലത് തന്നെ പറഞ്ഞെ!
-പിന്നെന്തിനാ പരാതി പറയണേ?
-പരാതിയൊന്ന്വല്ല എന്‍റെ പൊന്നേ, ഇത്രേം പണി ചെയ്യുമ്പോ പിന്നെ മനുഷ്യര്‍ക്ക് ക്ഷീണണ്ടാവില്ലേ. ആ ലോനപ്പങ്കിള്‍ മൂന്നു പ്രാവശ്യം അടുക്കളേല് വന്ന്‍ പ്രഥമന്‍ വാങ്ങിക്കുടിച്ചു
-ഉവ്വുവ്വ ..ഞാന്‍ കണ്ടു നിന്‍റെ കൊഴഞ്ഞാട്ടം അയാളുടടുത്ത്.
-ഹ..ഹ… അച്ഛന്‍റെ പ്രായള്ളാളാ നന്ദാ. ഇങ്ങനത്തെ തമാശ വേണ്ടാട്ടോ.
-തമാശെല്ലാ. നീ എത്ര പ്രാവശ്യം വന്നു ചീട്ടു കളിക്കണവര്ടെ അടുത്ത് കൊഴയാന്‍?
ഉണ്ടവന്മാര്‍ ചീട്ടുകശക്കി ഊണു മേശയ്ക്കു ചുറ്റും വാതു വെക്കുമ്പോഴാണ് മധുരം വിളമ്പാനുള്ള പാത്രം അലമാരിയില്‍ നിന്നെടുക്കാന്‍ കാര്‍ത്തിക എത്തിയത്.
-വയറും കൈയും ഒക്കെ കാണിച്ച്ട്ടല്ലേ പാത്രമെടുക്കല്.
അവര്‍ കാര്ത്തികയുടെ കൈപ്പുണ്യം കീര്ത്തി ച്ചത് അവള്‍ ഓര്‍ത്തെടുത്തു.
-എന്നിട്ടൊരു കൊഴഞ്ഞാട്ടോം ചിരീം.
-എത്ര പ്രാവശ്യം നീ വന്നു പോയി. അവന്മാരൊക്കെ നിന്നെ നോക്കണ നോട്ടം കണ്ട് ഞാന്‍ അറച്ചു പോയി.
ഊണുമുറി അലമാരയിലാണ് ട്രേകളും പായസക്കപ്പുകളും അധികമുള്ള സ്പൂണുകളും. ആദ്യം കൊണ്ടുവന്ന ട്രേയിക്ക് വലിപ്പം പോരെന്നു പറഞ്ഞു മിനിയവളെ വലിയ ട്രേ എടുക്കാന്‍ മടക്കിയയച്ചു.
-നിങ്ങള്‍ക്കൊക്കെ അപ്രത്തെ മുറീല് പോയി ചീട്ട് കളിക്കാരിന്നില്ലേ. എനിക്ക് ട്രേയും സ്പൂണൊക്കെ വേണ്ടേ പ്രഥമന്‍ കൊടുക്കാന്‍.
-അതെയതെ, ഒരു ട്രേയെടുക്കും ഒന്നു ചിരിച്ചു കൊഴയും. പിന്നെ ഒരു സ്പൂണെടുക്കും. ഒന്നു വയറു കാണിക്കും. പിന്നെ കുനിഞ്ഞു നിന്ന് നെഞ്ചു കാണിക്കും. എല്ലാ അവന്മാരും നോക്കണ കണ്ടു നെറഞ്ഞില്ലേ. ഇനി ഒറങ്ങിക്കോ തൃപ്തിയായിറ്റ്.
ഭിത്തിയിലേക്ക് മുഖം തിരിച്ചു കിടക്കുന്ന നന്ദനെ മറികടന്ന് ഒരു ഉറക്കം വരുന്നതും കാത്ത് കാര്ത്തിക മിണ്ടാതെ കിടന്നു. കരഞ്ഞില്ല. കിടന്നു കിടന്ന്‍ ഉറക്കം വരില്ലാന്ന് ഉറപ്പാക്കിയിട്ടാണ് അവള്‍ ഉറക്കത്തെ കുടുക്കിട്ടു പിടിക്കാന്‍ ഇറങ്ങിയത്. ഇരുട്ടില്‍ മേശപ്പുറത്ത് കാറിന്‍റെ ചാവി കൈകൊണ്ടു തപ്പി തപ്പി,. ആരെയും ഉണര്‍ത്തരുരുതെന്നു കരുതി, ശബ്ദം പുറത്തു കേള്‍പ്പിക്കാതെ.
-എന്തിനായിരുന്നാവോ അത്രയും സൂക്ഷിച്ചത്!
കാര്ത്തിക ഉച്ചത്തില്‍ ചിരിച്ചു.
ചാവിയെടുത്ത് ബാഗെടുത്ത്, അതും എന്തിനായിരുന്നാവോ, പൂച്ചക്കാല്‍ വെയ്പ്പില്‍ പുറത്തിറങ്ങി. ട്രാഫിക് പോലീസ് പിടിച്ചാല്‍ കാറിന്‍റെ രജിസ്ട്രേഷനും ലൈസന്സും് കാണിക്കണം. അതൊന്നും ഇല്ലാതെ അന്ന് ഡ്രൈവ് ചെയ്തിരുന്നെങ്കില്‍ പോലീസ് അവളെ ജയിലില്‍ അടക്കുമായിരുന്നോ? അറിയില്ല. അറിയാത്ത കുറെയേറെ രഹസ്യങ്ങളുണ്ട് ആ രാത്രിക്ക്.
ഒരു പോലീസും കാര്ത്തികയെയും അവളുടെ ടൊയോട്ടയേയും തിരിഞ്ഞു നോക്കിയില്ല. പിടിച്ച് നിര്ത്തി ആത്മഹത്യക്കു പോവ്വാണോന്നു ചോദിച്ചില്ല. മകളോട് യാത്ര പറയാതെ പോകുന്ന ചീത്ത അമ്മയല്ലേ നീ എന്നും ഉപദേശിച്ചില്ല.
തലക്കകത്തു നിന്ന് മിന്നല്‍ പിണരുകള്‍ അവളുടെ കാലുകളിലേക്ക് പുളഞ്ഞു. ഗ്യാസ് പെഡലില്‍ ചവുട്ടിയും കാലെടുത്തും, ബ്രേക്ക് ചവിട്ടാതെ കാര്ത്തി്കയും ടൊയോട്ടയും സാന്‍ ജോക്വിന്‍ ലെവല്‍ ക്രോസിലേക്ക് പോയി. എട്ടു വര്‍ഷമായി ജോലിക്കു പോകുന്ന വഴി ടൊയോട്ടക്ക് കൃത്യമായിട്ടറിയാം. ഒരു മാസം മുന്പാണ് അവര്‍ രണ്ടും ആ വഴിയില്‍ കുടുങ്ങിപ്പോയത്. ചൊവ്വാഴ്ച വെളുപ്പിനെ അഞ്ചുമണിയുടെ ട്രെയിന്‍ ഒരാളെ ഇടിച്ചു വീഴ്ത്തി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റെയില്‍ ക്രോസ് തുറന്നില്ല. ഒരു മണിക്കൂര്‍ ഇടവിട്ട് ഓടേണ്ട ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ മരവിച്ചു കിടന്നു. കാര്ത്തികയും ടൊയോട്ടയും പിന്നെ കാലത്തെ ജോലിക്കിറങ്ങിയ മറ്റെല്ലാ കാറുകളും വഴിമാറിപ്പോകാന്‍ കാത്തു കാത്തു കിടന്നു.
മൂന്നു നാല്പത്തിയെട്ട്, നാലു മണിയുടെ ട്രെയിനെത്താന്‍ പന്ത്രണ്ടു മിനിട്ടുള്ളപ്പോള്‍ ക്രോസിലെത്തിയ കാര്ത്തിക ആകാശത്തേക്ക് നോക്കി വിളിച്ചു.
-എവിടെ ആ വൃത്തികെട്ട നക്ഷത്രക്കൂട്ടം. ഏഴും കൂടിയ ബ്ലൂ ഫിലിം!
അവളുടെ മുടി കാറ്റില്‍ ആടിക്കളിച്ചു. നീളം കുറച്ച് മുറിക്കാന്‍ നന്ദന്‍ അനുവാദം കൊടുത്തിട്ടില്ലാത്ത അവളുടെ കറുത്ത മുടി പുറത്തും നെഞ്ചത്തും ചിതറിക്കിടന്നത് വാരിക്കെട്ടി വെക്കാതെ കാര്‍ത്തിക പാളത്തിലൂടെ നടന്നു. അവള്‍ പുറം വേദനയെടുപ്പിക്കുന്ന ബ്രായുടെ ഹുക്കഴിച്ച് നൈറ്റിയുടെ അയഞ്ഞ കൈകളില്‍ കൂടി ഊരിയെടുത്ത് ദൂരേക്കെറിഞ്ഞു. റെയില്‍ പാളത്തിലേക്ക് തല നീട്ടി നിന്നിരുന്ന ചെടികള്‍ അത് കല്യാണ വിരുന്നിനിടയില്‍ വധുവെറിയുന്ന ബൊക്കെ പോലെ കൈയെത്തി പിടിച്ച് ആര്‍ത്തു വിളിച്ചു.
-അടുത്തത് ഞാന്‍…അടുത്തത് ഞാന്‍..!
പാളത്തിനു ചുറ്റുമുള്ള കരിങ്കല്‍ ചീളുകളില്‍ കാര്ത്തി ക ചന്നം പിന്നം നടന്നു. നടന്നിട്ടും നടന്നിട്ടും ട്രെയിന്‍ വന്നില്ല.
-നാശം! നാല്മണി കഴിഞ്ഞില്ലേ?
കാലു കുഴഞ്ഞു കാര്ത്തിക തിരിച്ചു നടന്നു. കാറിനുള്ളില്‍ കയറി സമയം നോക്കിയപ്പോള്‍ നാലു പതിനേഴ്.
-എവിടെ പോയി പണ്ടാറടങ്ങി ഈ ട്രെയിന്‍!
-നാലുമണിടെ ക്യാന്സലായിട്ടുണ്ടാവും.
ടൊയോട്ട പറഞ്ഞുത് കേട്ട് കാര്ത്തി ക കാറില്‍ തന്നെ ഇരുന്നു. അന്ന് വരെ പറയാന്‍ മടിച്ച തെറികളെല്ലാം കാര്ത്തിക ആവര്ത്തിവച്ചാവര്ത്തി്ച്ചു പറഞ്ഞു.
-ശവം! പണ്ടാറടങ്ങാന്‍! ഒടുക്കത്തെ ഒരു ട്രെയിന്‍!
അഞ്ചുമണിക്ക് മുന്പേ വീണ്ടും അവള്‍ ട്രാക്കില്‍ കാത്തു നിന്നു. അവള്‍ക്ക് തണുത്തില്ല. ദാഹം തോന്നിയില്ല. കാറ്റ് വെറുതെ ഒന്നു വന്ന്‍ ഇലകളെ ഇളക്കി മറിച്ചു. ചെടിക്കൊമ്പില്‍ തലകുത്തിക്കിടന്നു വാവലു കളിക്കുന്ന കറുത്ത ബ്രായില്‍ തോണ്ടിച്ചിരിച്ച് കാറ്റ് തിരികെ പൊയ്ക്കളഞ്ഞു. മരങ്ങളുടെ നിഴലുകളില്‍ ചുവന്ന വെളിച്ചം പടരാന്‍ തുടങ്ങിയതു കണ്ട് കാര്ത്തിക തിരിച്ച് കാറിലേക്ക് പോയി. സമയം അഞ്ച് പൂജ്യം ഏഴ്. ഒരു മാസം മുന്പ്ര ഒരാളെ ഇടിച്ചു വീഴ്ത്തി വഴിമുടക്കിയ ട്രെയില്‍ എവിടെപ്പോയി? കാര്ത്തി ക റെയില്‍വേയുടെ ഇന്‍ഫൊര്‍മേഷന്‍ഷന്‍ സെന്‍ററില്‍ വിളിച്ചു.
-ഞായറാഴ്ച്ച ഏഴുമണിക്കേ സര്വ്വീ സ് തുടങ്ങു മാം.
ഫോണ്‍ തല്ലിയടച്ച് കാര്ത്തിക അവരെ ഇംഗ്ലീഷില്‍ തെറി പറഞ്ഞു.
-ഫ്രിക്കിംഗ് ബാസ്റ്റാര്‍ഡ്സ്!
ആകാശത്തേക്ക് ചൂണ്ടി നില്ക്കു ന്ന റെയില്‍ ക്രോസ് കൈയ്യുകളെ നടുവിരല്‍ ഉയര്‍ത്തി ക്കാണിച്ച് അവള്‍ കാറെടുത്തു.
-ഇല്ല, വിട്ടു തരില്ല!
സാന്‍ ജോക്വിന്‍ പാലം അവളെ കാത്തിരുപ്പുണ്ട്. നല്ല വേഗത്തില്‍ വേണം ഓടിച്ച് വെള്ളത്തിലേക്ക് വീഴ്ത്താന്‍. ബ്രെയ്ക്കിനെ പൂര്‍ണ്ണമായും ഉപേക്ഷിച്ച് കാര്ത്തിതകയുടെ കാല്‍ ഗ്യാസ് പെഡലില്‍ അമര്‍ന്നമര്‍ന്നു പോയി. സാന്‍ ജോക്വിന്‍ പുഴവെള്ളം ടൊയോട്ടയുടെ ജനലിലൂടെ നിറയുന്നതോര്ത്ത് അവള്ക്ക് രതിയനുഭൂതിവന്നു. പാലത്തിന്‍റെ അറ്റത്തു കയറിയപ്പോഴേ ടൊയോട്ട പറഞ്ഞു.
-ഈ മതിലു കണ്ടില്ലേ? എത്ര സ്പീടായാലും എനിക്ക് ഇതിനു മോളില്‍ ചാടാന്‍ പറ്റൂല്ല.
പാലം കഴിയുന്നതു വരെ കാര്ത്തികയൊന്നും പറഞ്ഞില്ല. റോഡരികില്‍ കാറു നിര്ത്തി യിട്ട് പുറത്തിറങ്ങുമ്പോള്‍ നൈറ്റിയുടെ അടിയില്‍ അടിപ്പാവാടയില്ലെന്നോര്‍ത്തു പെട്ടെന്ന്‍ കാര്ത്തിക വല്ലാതെയായി. സമയം ആറര ആയിരുന്നു.
ആകാശത്തു നിന്ന് അവളുടെ ചേച്ചിമാര്‍ പോയിക്കഴിഞ്ഞിരുന്നു.
-ഇലക്ട്ര, മയ, ടൈജിറ്റ..
കാര്ത്തി ക വിളിച്ചു നോക്കി. പരിചിതമല്ലാത്ത ഒരു ശാന്തതയില്‍ പാലം മിണ്ടാതെ നിന്നു. പാലത്തിലൂടെ ഇടവിട്ടു പോകുന്ന കാറുകളുടെ ഹെഡ് ലൈറ്റുകള്‍ വിളറിയിരുന്നു. വലിയൊരു ട്രക്ക് ടൊയോട്ടയോടു ചേര്ന്ന് പോയപ്പോഴാണ് പപ്പൂട്ടി ഉണര്ന്നിയട്ടുണ്ടാവുമോ എന്നവള്‍ ഓര്‍ത്തത്.
ഉണരാന്‍ തയ്യാറെടുത്തു നില്ക്കുടന്ന മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന വള്ളികളെ കാര്ത്തിക കണ്ടു. നാപ്പാ വാലിയിലേക്കുള്ള ലഹരിയുടെ വഴിയരികില്‍ ബ്ലാക്ക് ഐഡ് സൂസന്‍റെ മഞ്ഞപ്പൂവുകളുടെ തീക്ഷ്ണത കണ്ടു. വെള്ളമില്ലെങ്കിലും വളരുന്ന ചെടി. വലിച്ചു പറിച്ചു കളഞ്ഞാലും പൊട്ടിയ വേരില്‍ നിന്നും ഉയര്ത്തെ ഴുന്നേല്ക്കുന്ന കരുത്ത്.
അവള്‍ വീട്ടിലെത്തിയപ്പോള്‍ നന്ദന്‍ ഫോണിലായിരുന്നു. കാര്ത്തിക വന്നത് വാര്ത്ത യാക്കാന്‍ അയാള്‍ മിനക്കെട്ടില്ല, ജോലി കഴിഞ്ഞു വരുമ്പോള്‍ അവഗണിക്കുന്നതു പോലെ തന്നെ. അയാള്‍ ഫോണറ്റത്തെ തമാശയില്‍ കുലുങ്ങി ചിരിക്കുന്നത് കേട്ടപ്പോള്‍ കാര്ത്തികക്ക് ഞായറാഴ്ച്ചയോടു സ്നേഹമായി.
അപ്പോള്‍ത്തന്നെ അവള്‍ തീരുമാനിച്ചു.
-ആത്മഹത്യയെക്കാള്‍ നല്ലത് കൊലപാതകാണ്.
അവള്‍ നന്ദനെ കഴുത്തുഞെരിച്ച് കൊന്ന്‍ മണ്ണിട്ടു മൂടി. മുകളില്‍ ബ്ലാക്ക് ഐഡ് സൂസന്‍ നട്ടു പിടിപ്പിച്ചു.
-കരിങ്കണ്ണി, കാവലിരുന്നോള്വോട്ടോ.
മൂളിപ്പാട്ടിനു പകരം ഉച്ചത്തില്‍ പാടിക്കൊണ്ട് കാര്ത്തിക പപ്പൂട്ടിക്കു ഫ്രെഞ്ച് ടോസ്റ്റ് ഉണ്ടാക്കി.
–പെണ്ണ് അര്മാദിക്കട്ടെ!
ഉച്ചക്കലത്തേക്ക് ചിക്കനും ആല്ഫ്രെ ഡോ സോസും ഉണ്ടാക്കി.
-ആ ശവത്തിലു കുത്തി ജീവിക്കണേന്‍റെ സുഖം, വെറുതെ ഞാന്‍ ജീവിതം കളഞ്ഞാ കിട്ട്വോ?
കുറ്റി മുടിയില്‍ വിരലോടിച്ചു കാര്ത്തി ക ചോദിക്കുകയാണ്. സീസറിന്‍റെ ഒഴിഞ്ഞ ഗ്ലാസ് അവള്‍ മുന്നോട്ട് നീക്കി വെച്ചതും ബാര്‍ടെന്‍ഡര്‍ അടുത്തതെടുക്കാന്‍ അനുവാദം ചോദിച്ചു.
ഞാന്‍ സ്ട്രോകൊണ്ട് ലോംഗ് ഐലന്‍ഡ് ഐസ് ടീയില്‍ വെറുതെ കുത്തിയിളക്കിക്കൊണ്ടിരുന്നു. ബാര്‍സ്റ്റൂളില്‍ പാവാടവിട്ട് താഴേക്കൊഴുകുന്ന അവളുടെ കാലുകളിലേക്ക് നോക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല.