കഥാപാത്രം നമുക്കു നേരേ നടന്നടുക്കുന്നു. പിന്നീട്, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ ചിത്രം അവസാനിക്കുകയാണ്. എന്താണു സംഭവിച്ചിരിക്കുന്നത്? ? ആ ഭൂമിക കുലുങ്ങിയിട്ടുണ്ടോ? അതോ, അതു വീണ്ടും കാലചക്രത്തിനടിയില്‍പ്പെട്ട് പഴയതുപോലെ മറഞ്ഞിട്ടുണ്ടാവുമോ? തുടര്‍ന്ന്, കൊട്ടകയിലെ കുഞ്ഞുവെളിച്ചങ്ങള്‍ ഉണരുകയായി. ചലച്ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ തിരശ്ശീലയില്‍ തെളിയുകയായി.
‘സ്ഥല്‍’ (A Match) എന്ന സിനിമ അവസാനിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍ എന്ന എഞ്ചിനീയര്‍ ആദ്യമായി സംവിധാനം ചെയ്ത മറാഠി കഥാചിത്രം. ഈയിടെ അവസാനിച്ച ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രോത്സവ (TIFF) ത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രത്തിനാണ് മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC – Network for the Promotion of Asian Cinema) പുരസ്കാരം ലഭിച്ചത്. ചിത്രം വീണ്ടും മുംബൈയിലെ ജിയോ മാമി പോലുള്ള പല ചലച്ചിത്രമേളകളിലേയ്ക്കും കടന്നിരിക്കുന്നു.

നന്ദിനി ചിട്‌കെ
ഡോങ്കര്‍ഗാവ്, മഹാരാഷ്‌ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ്. സംവിധായകന്‍റെ ജന്മദേശമാണ്. ചുറ്റുവട്ടങ്ങള്‍ കര്‍ഷക-ആത്മഹത്യകള്‍ക്ക് കുപ്രസിദ്ധി കിട്ടിയ സ്ഥലങ്ങളാണ്. പരുത്തിക്കൃഷി പോലുള്ള ചെറുകിട പണികളൊക്കെ ചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ ഗ്രാമം. കാലം തെറ്റിയ ഒരു മഴയോ, വരള്‍ച്ചയോ, വിത്തുകളുടെ ഗുണമില്ലായ്‌മകളോ, ദാരിദ്ര്യമോ ഒക്കെ അവരുടെ ജീതത്തിന്‍റെ താളം തെറ്റിച്ചുകൊണ്ടിരിക്കും. അവിടെയാണ് ഈ കഥ നടക്കുന്നത്. ഒരു ഗ്രാമത്തിന്‍റേതായിട്ടുള്ള നന്മകളും തിന്മകളുമൊക്കെ അവിടെ കണ്ടെടുക്കാം. അവയ്ക്കിടയിലൂടെ അറിഞ്ഞും അറിയാതെയും നമ്മളുണ്ടാക്കുന്ന കടുംപിടിത്തങ്ങളുടെ ഇരുണ്ട ഹാസ്യനിര.
പെണ്ണുകാണാന്‍ വന്ന ഒരു ചെക്കനെ ഒരു പറ്റം പെണ്‍കുട്ടികള്‍ ചോദ്യങ്ങളാല്‍ നിര്‍ത്തിപ്പൊരിക്കുന്ന ഒരു രംഗത്തോടെ ചിത്രം ആരംഭിക്കുകയാണ്. ഇങ്ങനെയും ഒരു ചടങ്ങുണ്ടോ എന്നൊക്കെ നമ്മള്‍ അദ്ഭുതപ്പെട്ടുതുടങ്ങും. അതിക്രൂരന്മാരായ പോലിസുകാരെയോ മനുഷ്യപ്പറ്റില്ലാത്ത വില്ലന്മാരെയോ നായകന്‍ എടുത്തിട്ടലക്കുമ്പോള്‍ തീയേറ്ററില്‍ നിറഞ്ഞുപരക്കുന്ന കൈയ്യടിപോലെ നമ്മള്‍ സന്തോഷിക്കാന്‍ തുടങ്ങുമ്പോഴാണ് ആ രഹസ്യം പുറത്തുവരുന്നത്: അതങ്ങനെയല്ല, യഥാര്‍ത്ഥജീവിതത്തില്‍ നേരേ തിരിച്ചാണു സംഭവിക്കുന്നത്. ചെക്കനല്ല, പെണ്ണാണ് ഇരയാകുന്നത്.

ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍
സവിത ഒരു പാവപ്പെട്ട കുടുംബത്തിലെ കോളജ് വിദ്യാര്‍ത്ഥിനിയാണ്. ഡിഗ്രിക്കു പഠിക്കുന്നു. ഉപരിപഠനം നടത്തി ഒരു ജോലിയൊക്കെ സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടി. കുറച്ചു കറുത്തിട്ടാണ്. ഉയരം അഞ്ചടി രണ്ടോ മൂന്നോ ഇഞ്ച്. സൗന്ദര്യത്തിന്‍റെ പുതിയ അളവുകോലുകള്‍ക്കു പറ്റാത്ത ഒരു സാധാരണക്കാരി. അവളെ എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചയയ്ക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അങ്ങനെ വരുന്ന പല പെണ്ണുകാണലുകള്‍ക്കു മുമ്പിലും അവള്‍ സ്ഥിരം ചോദ്യങ്ങള്‍ക്കുള്ള സ്ഥിരം ഉത്തരങ്ങള്‍ നല്‍കുന്നു. അറിയിക്കാമെന്നു പറഞ്ഞുപിരിയുന്ന പലരും ആ വഴികള്‍ മറക്കുന്നു. സുപ്രധാനമായ ഒരു പരീക്ഷപോലും മാതാപിതാക്കളുടെ നിര്‍ബ്ബന്ധം മൂലം ഉപേക്ഷിച്ച് അവള്‍ അണിഞ്ഞൊരുങ്ങി ചോദ്യങ്ങള്‍ക്കുമുമ്പില്‍ സ്ഥിരം ഉത്തരങ്ങളുമായി ഇരുന്നുകൊടുക്കുന്നുണ്ട്. അങ്ങനെ, സ്ത്രീധനപ്രശ്നത്തിന്മേല്‍ അതും തട്ടിത്തകരുമ്പോള്‍ അവള്‍ എല്ലാം കൊണ്ടും പരാജയപ്പെടുകയാണ്. വീണ്ടും ഒരു പെണ്ണുകാണലിനായി വന്നവര്‍ക്കു വേണ്ടി ഇരിക്കുമ്പോളുണ്ടാകുന്ന സംഭവമാണ് ഈ കുറിപ്പിന്‍റെ ആദ്യം വിവരിക്കപ്പെട്ട, ചിത്രത്തിലെ അവസാനരംഗം.
പുരുഷാധിപത്യവും സമൂഹ്യസമ്മര്‍ദ്ദങ്ങളും ഇടങ്കോലിടുന്ന ഗ്രാമ്യജീവിതത്തിന്‍റെ മറ്റുവ്യാപാരങ്ങള്‍ അവിടെ പതിവുപോലെ നടക്കുന്നുണ്ട്. കര്‍ഷകകുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നു വലുതായാലും ആണിനും പെണ്ണിനും വെവ്വേറെ ലോകങ്ങളിലൂടെയാണ് കടന്നുപോകേണ്ടത്. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പോലും സമാനങ്ങളല്ല. ആണിനു നല്ലൊരു ജോലി കൂടിയുണ്ടെങ്കില്‍ വിലപേശല്‍സാധ്യത കൂടുതലാണ്. രണ്ടിലും കാണുന്ന ഒരു സമാനതയുണ്ട്. അവിടെ ആണുങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും പെണ്ണുങ്ങള്‍ വാതില്‍മറവിലോ അടുക്കളയിലോ ഒക്കെയായി നിന്ന് അനുസരിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലെ ഗ്രാമങ്ങള്‍ പറയുന്ന കഥയാണ്. അവിടെ ദേശവ്യത്യാസങ്ങളില്ല. ആചാരസംരക്ഷണങ്ങളുടെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ കാണുകയുള്ളു. സമൂഹത്തിന്‍റെ തുറിച്ചുനോട്ടങ്ങളില്ലാത്ത ഇടങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ ഇവര്‍ ഇടപഴകുന്ന കാഴ്ചകള്‍ കാലത്തിന്‍റെ ദ്രുതചലനങ്ങളോടൊപ്പം ഓടിയെത്തുന്നില്ലെങ്കിലും ഇഴഞ്ഞിഴഞ്ഞു പ്രത്യക്ഷമാകുന്നത് ശുഭസൂചകങ്ങളാവുന്നുണ്ട്.
‘സ്ഥല്‍’ ഒരു സ്വതന്ത്രസിനിമയാണ്. വീട്ടിലും സമൂഹത്തിലും നാം എങ്ങനെയൊക്കെ പെരുമാറുന്നു എന്നു കാണിച്ചു തരുന്ന ഒരു നിലക്കണ്ണാടിയാണത്. നമുക്ക് നമ്മളെ എങ്ങനെയൊക്കെ സൗന്ദര്യവല്‍ക്കരിക്കാമെന്നും സംസ്ക്കരിച്ചെടുക്കാമെന്നും അത് നമ്മളെത്തന്നെ കാണിച്ചുതരുന്നുണ്ട്. അതിനായുള്ള ഉള്‍പ്രേരകങ്ങളും സൂത്രവാക്യങ്ങളുമറിയാവുന്ന ഒരു സംവിധായകന്‍ ഈ ചിത്രത്തിനുണ്ട്. ഒരു സഹജീവി എന്ന നിലയില്‍ സമൂഹത്തോടു ചിലതൊക്കെ പറയാനും കാണിച്ചുകൊടുക്കാനുമുള്ള ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുന്നുണ്ട്.

നമുക്കു നേരിട്ടുചെന്ന് അനുഭവിച്ചറിയാന്‍ കഴിയാത്ത ഭൂമികകളിലൂടെ ഏറ്റവും ചുരുങ്ങിയ ചിലവില്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുക എന്ന ഒരു ചുമതല ചലച്ചിത്രങ്ങള്‍ക്കുണ്ട്. ‘സ്ഥല്‍’ ആ നിലയ്ക്ക്, അത്തരം സ്ഥലികളിലൂടെ ഒരു വാര്‍ത്താചിത്രമെന്നോണം കടന്നുപോകുന്നുണ്ട്. ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നാം മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാം നേരിട്ടുതന്നെ പറക്കേണ്ടുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ വിഹായസ്സുകള്‍ കാട്ടിത്തരുന്നുണ്ട്.
ഒരു ഗ്രാമം പൂര്‍ണ്ണമായി ഈ ചിത്രനിര്‍മ്മിതിയില്‍ കൂടെയുണ്ടായിരുന്നു. അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളും വിദര്‍ഭയുടെ മറാഠി സംസാരിക്കുന്നവരും. തഴക്കം വന്ന അഭിനേതാക്കളെപ്പോലെയായിരുന്നു, അവരെല്ലാം. പരസ്പരം അറിയുന്നവരും ബന്ധുക്കളുമൊക്കെ ആയിരുന്നതിനാല്‍ അഭിനയം അവരെ സംബന്ധിച്ചിടത്തോളം ആയാസരഹിതമായിരുന്നു. നന്ദിനി ചിട്‌കെയാണ് കഥാനായികയായ സവിതയുടെ വേഷത്തില്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. സവിതയുടെ അച്ഛനായി വരുന്ന താരാനാഥ് ഖിരാട്‌കര്‍ ആണ് മത്സരിച്ചു മുന്നില്‍ നില്‍ക്കുന്ന മറ്റൊരു നടന്‍. സവിതയുടെ സഹോദരനായി വരുന്ന സുയോഗ് ധവാസും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഛായാഗ്രാഹകനായ മനോജ് കര്‍മാക്കറും ചിത്രസന്നിവേശകനായ അഭിജിത് ദേശ്‌പാണ്ഡേയും ഈ ചിത്രത്തെ മികച്ചവയുടെ നിരയിലേയ്‌ക്കെത്തിക്കാന്‍ യത്നിച്ചിട്ടുണ്ട്.
ഒരു ബന്ധുവിന്‍റെ പെണ്ണുകാണല്‍ച്ചടങ്ങിനായി പോകേണ്ടിവന്നതും അതിനെത്തുടര്‍ന്ന് മനസ്സില്‍ കുരുത്ത ആശയങ്ങളുമാണ് സംവിധായകനെ ഈ സിനിമയുടെ നിര്‍മ്മാണത്തിലേയ്‌ക്കെത്തിച്ചത്. മുമ്പ് ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി Guilty Minds എന്ന മറാഠി വെബ് സീരീസ് ചെയ്തിട്ടുള്ള ജയന്ത് സൊമാല്‍ക്കറിന്‍റെ ആദ്യകഥാചിത്രമാണ് ‘സ്ഥല്‍’. നിറവും, ആകാരവും, കുടുംബമഹിമയും, വിദ്യാഭ്യാസവുമെല്ലാം മുന്‍നിര്‍ത്തി സ്ത്രീ വിവാഹക്കമ്പോളത്തില്‍ കച്ചവടവസ്തുവായി തുടരുന്നത് പുരുഷനിയന്ത്രിതസ്ഥലികളില്‍ സര്‍വ്വസാധാരണമാണെങ്കിലും ‘സ്ഥല്‍’ ചില കാണാക്കാഴ്‌ചകള്‍ നമ്മെ പുതുമയോടെ കാട്ടിത്തരുന്നുണ്ട്.