പൂമുഖം LITERATURE പ്രവാസിലോകങ്ങള്‍; പെണ്‍രചനകളില്‍

പ്രവാസിലോകങ്ങള്‍; പെണ്‍രചനകളില്‍

നിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്‍റെ ഒരു തണുപ്പ് നിറഞ്ഞുനില്‍ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരം ഒരെഴുത്തിന്‍റെ വഴിയില്‍ ആണിന്‍റെ ആഖ്യാനവും വീക്ഷണവും പെണ്ണിന്‍റെ ആഖ്യാനവും വീക്ഷണവും തമ്മില്‍ വ്യത്യാസമുണ്ട്. ഭാര്യ/അമ്മ/സഹോദരി എന്നീ സാമൂഹ്യപദവികള്‍ക്കുള്ളില്‍ നില്‍ക്കുമ്പോഴും അവര്‍ പ്രതികൂല സാഹചര്യങ്ങളില്‍ അവരെ ഭീതിപ്പെടുത്തുന്ന ചില ഘടകങ്ങളോടുമുള്ള സമരത്തിലാണ്. അതില്‍ ഭാഷയും സംസ്കാരവും പോലും ഘടകങ്ങളാവുന്നുണ്ട്. സ്ത്രീകളുടെ പരിചിത വലയങ്ങള്‍ പരിമിതങ്ങളാവാം. അതുകൊണ്ട് വലിയ രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചകളൊന്നും അവിടെ സംഭവിക്കുന്നില്ല. പക്ഷേ കുടുംബം എന്ന ഘടകം കൂട്ടിയോജിപ്പിക്കാനും അതിനെ പുതിയ സാഹചര്യങ്ങള്‍ക്കൊപ്പം രൂപപ്പെടുത്താനും അവര്‍ സഹിക്കുന്ന പങ്കപ്പാടുകള്‍ തന്നെയാണ് പലപ്പോഴും പ്രവാസത്തിലെ പെണ്ണെഴുത്തിന്‍റെ പ്രമേയങ്ങള്‍ എങ്കിലും വൈവിധ്യമാര്‍ന്ന രചനാലോകങ്ങള്‍ അവര്‍ തുറന്നിടുന്നുണ്ട്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും അവരുടെ പ്രാരബ്ധങ്ങളുടെയും ഇടയില്‍ ഞെരുങ്ങുകയും മറുനാട്ടില്‍ മറ്റൊരു സംസ്കാരത്തില്‍ വളരുന്ന മക്കളെ നേര്‍വഴി നടത്തുകയും അതിനിടയില്‍ സാമൂഹ്യമായ പദവികള്‍ കാത്തുസൂക്ഷിക്കാ നുള്ള പെടാപ്പാടില്‍ എത്തുകയും ചെയ്യുന്ന കഥാപാത്രങ്ങളെ പ്രവാസികളായ എഴുത്തുകാരികളൊക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മൂന്ന്‍ എഴുത്തുകാരികള്‍ നമുക്കുണ്ട്. നീന പനയ്ക്കല്‍, നിര്‍മ്മല, റിനി മമ്പലം എന്നിവര്‍. അമേരിക്കന്‍ ജീവിതവും കേരളത്തിലെ ജീവിതവും ഒരേ കൃതിയില്‍ ഒരുപോലെ കഥാതന്തുവായി സ്വീകരിക്കുന്ന എഴുത്തുകാരിയാണ് നീന പനയ്ക്കല്‍. ‘സ്വപ്നാടനം’, ‘മല്ലിക’ ‘നീലമിഴികള്‍ നിറമിഴികള്‍’ എന്നീ നോവലുകളിലെല്ലാം പ്രമേയവും അവതരണവും ഇങ്ങനെത്തന്നെയാണ്. ബിന്ദു ,ബീന എന്ന രണ്ട് ഇരട്ടക്കുട്ടികളുടെ കഥയാണ് സ്വപ്നാടനം. ഒരാള്‍ കേരളീയ സംസ്കാരത്തിലും മറ്റെയാള്‍ അമേരിക്കന്‍ സംസ്കാരത്തിലും വളരുന്നു. അമേരിക്കയില്‍ വളരുന്ന ബീനയ്ക്ക് സ്വതന്ത്ര ബുദ്ധിയും പുച്ഛവും അഹങ്കാരവും മുന്നിട്ടു നില്‍ക്കുന്നു. ബിന്ദുവാകട്ടെ അനുസരണയിലും ദൈവഭക്തിയിലും വളരുന്നു. ബീനയുടെ തന്നിഷ്ടവും അമേരിക്കന്‍ ജീവിത സാഹചര്യങ്ങളും അവളെ കൊണ്ടെത്തിക്കുന്ന ചതിക്കുഴികളാണ് നോവലിന്‍റെ പ്രമേയം. സാന്‍ഡ് വിച്ച് ജെനറേഷന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു തലമുറ എങ്ങനെയാണ് തങ്ങളുടെ പാതി ഇന്ത്യന്‍ സ്വഭാവങ്ങളെ മറികടക്കാന്‍ ശ്രമിച്ചതെന്നും ആ സാഹസം അവരെ എങ്ങനെയാണ്  ജിവിത പരാജയത്തില്‍ എത്തിച്ചതെന്നും ഈ നോവല്‍ പറയുന്നു. ‘മല്ലിക’ വളരെ അസാധാരണവും അവിശ്വസനീയവുമായ ഒരു കഥയാണ്. പഠിക്കണം എന്ന ആഗ്രഹത്തിന് മേല്‍ ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടിവന്ന ഒരുപാട് ദുരന്തങ്ങളുടെ കഥയാണ് മല്ലിക. സങ്കീര്‍ണ്ണതകള്‍ ധാരാളം ഉണ്ടെങ്കിലും അവസാനപുറം വരെ ആകാംക്ഷയോടെ വായിച്ചുപോകാനാകും വിധമാണ് ഈ നോവലിന്‍റെ രചനാരീതി. ആഖ്യാനരീതിയുടെ ഒരുപാട് പരീക്ഷണങ്ങള്‍ ഇതിലുണ്ട്.
“നീല മിഴികള്‍, നിറമിഴികള്‍” എന്ന നോവലാകട്ടെ ജനിതക ശാസ്ത്രത്തിൻറെ  അതി സങ്കീര്‍ണ്ണമായ അവസ്ഥകള്‍ ഓരോ മനുഷ്യ രെയും എങ്ങിനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവളാണ് കഥാനായികയായ ഷീബ. അവളെ പറ്റി ഭര്‍ത്താവ് ബഞ്ചമിന് അല്ലെങ്കിലേ  അഹങ്കാരി എന്നൊരു പരാതിയുണ്ടായിരുന്നു. അതിനിടയിലാണ് അവള്‍ നീല കണ്ണുകളും ചെമ്പന്‍ മുടിയുമുള്ള ഒരു കൊച്ചിനെ പ്രസവിക്കുന്നത്. അതോടെ ഒരൊറ്റ വാക്കുപോലും പറയാതെ ബഞ്ചമിന്‍ മൂത്ത മകളെയും കൊണ്ട് കേരളത്തിലേക്ക് പോരുന്നു. ഷീ ബക്ക് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നു. പക്ഷെ അന്തസ്സിൻറെ യും, ആഭിജാത്യത്തിൻറെ യും പേരില്‍ സ്വന്തം അമ്മ പോലും അവളെ തള്ളിക്കളയുന്നു. കുഞ്ഞിൻറെ  നീലക്ക ണ്ണുകളുടെ പേരില്‍ എല്ലായിടത്തും പരിഹാസ്യയാവുന്ന ഷീബ മലയാളി സമൂഹത്തെ പൂര്‍ണ്ണമായും വിട്ടുകൊണ്ട് ഒറ്റയ്ക്ക് മകനുമൊത്ത് ജീവിക്കുന്നു. പട്രീഷ എന്നൊരു കൂട്ടുകാരിയെ അവിചാരിതമായി കണ്ടെത്തിയതാണെങ്കിലും  അവളുടെ വലിയ സഹായങ്ങള്‍ പിന്നീടുള്ള ജീവിതത്തിൽ  ഷീബക്കൊരു താങ്ങാവുന്നുണ്ട്. ചില പ്രലോഭനങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും അവള്‍ അതിലൊന്നും ഭ്രമിക്കുന്നില്ല.
 അവസാനം ബെഞ്ചമിന് താനൊരു ജാരസന്തതിയാണെന്ന് വ്യക്തമാവുന്നു. ഇത്രകാലവും സ്വന്തമെന്നു കരുതി യതൊ ന്നും തൻറെതല്ലെന്നും തൻറെ  അമ്മക്ക് ഏതോ വിദേശിയില്‍ പിറന്ന മകനാണ്         താന്‍ എന്നും അറിയുന്നതോടെ അയാള്‍ ആകെ തകര്‍ന്നു പോകുന്നു. ഷീബയുടെ അടുത്തേക്ക് അവസാനം എത്തുന്നുണ്ടെങ്കിലും ദുരഭിമാനം മൂലം എല്ലാ സത്യങ്ങളും മറച്ചു വെയ്ക്കുകയാണ്. അമേരിക്കന്‍ മലയാളികളുടെ പൊതുവായ ചില സ്വഭാവ വിശേഷങ്ങള്‍ .കഥയിൽ  കടന്നു വരുന്നുണ്ട്. പരദൂഷണമാണ് മുഖ്യം. അസൂയ നിറഞ്ഞതും, പരിഹാസം  മുറ്റി യ തുമായ വാക്കുകളിലൂടെ എങ്ങിനെയാണ് ഒരാളെ അസ്ത പ്രജ്ഞനാ ക്കാനാവുന്നത്  എന്ന് മലയാളികളോളം അറിയാവുന്നവര്‍ ആരും ഇല്ലല്ലോ. ആനി  എന്ന കഥാപാത്രമാണ് ഏറ്റവും ശ്രദ്ധാര്‍ഹ, ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെ എങ്ങിനെ സംരക്ഷിക്കണം എന്നതിന്റെ മാതൃകയായി അവര്‍ നില്‍ക്കുന്നു. ശാസ്ത്ര നോവലല്ല എന്ന് ആമുഖത്തില്‍ എഴുത്തുകാരി പറയുന്നുണ്ടെങ്കിലും ആ വിശേഷണത്തിന് യോജിക്കുന്ന ഒരു കൃതിയാണിത്.
 അമേരിക്കന്‍ ജീവിതത്തിന്റെ വൈവിധ്യ പൂര്‍ണ്ണവും സങ്കീര്‍ണ്ണവും സഹതാപം തോന്നുന്നതുമായ ലോകമാണ് നിര്‍മ്മല ”പാമ്പും കോണിയും ” എന്ന നോവലിലൂടെ പരിചയപ്പെടുത്തുന്നത്. സാധാരണ എഴുത്തുകാരികള്‍ക്ക് സഹജമല്ലാത്തഹാസ്യത്തിന്റെ ഒരു അടിയൊഴുക്ക് നിര്‍മ്മലയുടെ രചനകളെ വേറിട്ടതാക്കുന്നുണ്ട്. വളരെ ലളിതമെന്നു തോന്നാമെങ്കിലും ഒട്ടും അനായാസമല്ല നിര്‍മ്മലയുടെ കൃതികളുടെ വായന.
സാന്ഡ്വിച്ച് തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തലമുറയുടെ ദുഖങ്ങളാണ് നോവലിൻറെ  ഒരു തലം. അവരെ ആര്‍ക്കും മനസ്സിലാവുന്നില്ല, സ്വന്തം അസ്തി ത്വം എവിടെ എന്നറിയാതെ കുഴങ്ങുന്ന ആ കുട്ടികളാണ് പാമ്പിൻറെ  വായില്‍ അകപ്പെട്ട് കോണി കയറാതെ കുഴങ്ങുന്നവര്‍. കാ നഡയിലെ ഡോളര്‍ മരത്തില്‍ നിന്നും ഡോളര്‍ പറിക്കാന്‍ പോയവര്‍ക്കാണ്  നിര്‍മ്മല ഈ നോവല്‍ സമര്‍പ്പിക്കുനത്. സാലി എന്ന നേഴ്സാണ് കഥാഖ്യാതാവ്  . അവളുടെ അനാഥമായ ബാല്യത്തിന്റെയും കുടുംബം കരുപ്പിടിപ്പിക്കാനായി അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളുടെയും കഥയാണ് പാമ്പും കോണിയും . സാലി യിലൂടെ നാം പരിചയപ്പെടുന്ന അനേകം കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. മനസ്സുകൊണ്ട് മലയാളികളും, ജീവിതം കൊണ്ട് അമേരിക്കക്കാരുമാണവര്‍. ജീവിതത്തില്‍ ഒരുപാട് അപകര്‍ഷതാ ബോധങ്ങള്‍ പേറി നടക്കുകയും മക്കളെ ” നല്ല രീതിയില്‍” വളര്‍ത്താനായി അവരെ ശിക്ഷിക്കുകയും ചെയ്യുനവര്‍. വീടും അതിൻറെ  സകല ചുറ്റുപാടുകളും വെറുക്കുന്ന മക്കളാവട്ടെഎത്രയും വേഗം അവിടം വിട്ടു പോവാനാഗ്രഹിക്കുന്നു. എല്ലാ അമേരിക്കന്‍ മലയാളികളുടെയും കഥയാണ്‌ ഈ നോവല്‍ എന്ന് പറയാം. അവരുടെ പിശുക്കുകളുടെ, ചെറിയ സന്തോഷങ്ങളുടെ പൊങ്ങച്ചങ്ങളുടെ ഒക്കെ കഥയാണ്‌ ഈ നോവല്‍. പാമ്പിന്റെ വായിലൂടെ താഴോട്ട് പതിച്ചും കോണി കയറി മുകളിലെത്തിയും കിതച്ചും  അവര്‍ നേടുന്ന ഡോളറിന്റെയും അതുകൂട്ടി  വെയ്ക്കാന്‍ കാണിക്കുന്ന  വ്യഗ്രതകളുടെയും   കഥ എന്നും ഈ നോവലിനെ വിളിക്കാം.
”സ്ട്രോബറികള്‍ പൂക്കുമ്പോള്‍” എന്ന കുറിപ്പുകളിലൂടെയും .”ആദ്യത്തെ പത്ത് ”, ”നിങ്ങള്‍ എന്നെ ഫെമിനിസ്റ്റാക്കി” , ”മഞ്ഞ മോരും ചുവന്ന മീനും” എന്നീ കഥാ സമാഹാരങ്ങളിലൂടെയും പ്രവാസത്തിന്റെ പെണ്കാഴ്ച്ചകളും അനുഭവങ്ങളും നിര്‍മ്മല അവതരിപ്പിച്ചിട്ടുണ്ട്.
മൂന്നു കുടുംബങ്ങളുടെ കഥകള്‍ പറഞ്ഞുകൊണ്ട് അമേരിക്കന്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കുകയാണ് റിനിമമ്പലം ”അവിചാരിതം എന്ന നോവലില്‍. ഡോ. ശാലിനിയാണ്  ആഖ്യാതാവ്  . സാന്ഡ് വിച്ച് തലമുറയുടെ സംഘര്‍ഷങ്ങളാണ് ഇതിലും പ്രമേയം. ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് ഇതില്‍ പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്. മനസ്സുകൊണ്ട് മലയാളികളായ മാതാപിതാക്കള്‍ക്ക് ഒരിക്കലും ഇതൊന്നും അംഗീകരിക്കാനാവുന്നുമില്ല . കഠിനാദ്ധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഓടുന്നവരും സമ്പത്തില്‍ ആറാടി രമിക്കുന്നവരും  എന്നിങ്ങനെ രണ്ടു വിഭാഗങ്ങളേ യും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. മലയാളിയുടെ ദുരഭിമാന ബോധത്തിൻറെ  അനേകം ഉദാഹരണങ്ങളും.   ” റിട്ടേണ്‍ ഫ്ലൈറ്റ് ” എന്ന കഥാ സമാഹാരത്തിലൂടെ റിനി ഇതേ അവസ്ഥകള്‍ അതിരൂക്ഷമായി അവതരിപ്പിച്ചതുമാണ്.
അറേബ്യന്‍ മരുഭൂമിയുടെ ചൂടും, കാറ്റും  നിറഞ്ഞ പ്രവാസ നോവലാണ്‌ ഖദീജ മുംതാസിന്റെ ”ബർസ ” സൌദി അറേബ്യയിലെ പെണ്ജീവിതത്തെ അതിൻറെ  ആവരണങ്ങളത്രയും മാറ്റി നമുക്ക് കാണിച്ചുതന്ന ഒരു നോവലായിരുന്നു അത്. ഡോ. സബിതയാണ് കഥാഖ്യാതാവ്. അവുടെ ആശുപത്രി അനുഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വിദ്യാഭ്യാസമോ  ജീവിതത്തിന്‍റെ മേന്മ കളോ ഒന്നും സ്ത്രീക്കുവേണ്ടി മനുഷ്യന്‍ ഉണ്ടാക്കിയതും ദൈവത്തിൻറെത് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നതുമായ നിയമങ്ങള്‍ക്കൊന്നും ബാധകമ ല്ലെന്നു ഈ നോവല്‍ പറഞ്ഞുതരു ന്നു. ഭര്‍ത്താവ്, ഭര്‍തൃ സ്നേഹം എന്നീ വാക്കുകള്‍ എത്രയോ പൊള്ളയാണെന്ന് പഠിപ്പിച്ചു . സ്ത്രീ ആര്‍ക്കും എപ്പോഴും എങ്ങിനെയും സംശയി ക്കാവുന്ന ഒരു വസ്തുവാണെ ന്നതും ഓര്‍മ്മപ്പെടുത്തി. ഇസ്ലാമിക വിശ്വാസങ്ങളുടെ ഒരു തുറന്ന സംവാദം എന്ന നിലയിലും ഈ നോവല്‍ പ്രസക്തമാവുന്നുണ്ട്.
ദുബായിലെ ഫ്ലാറ്റ് ജീവിതത്തിന്റെ കാഠിന്യ ത്തിലും മരുഭൂമിയുടെ ഊഷരതയിലും മനസ്സില്‍ ഒരു പച്ചപ്പ്‌ സൂക്ഷിച്ചിരുന്നു  ഫാത്തിമ. പൊടുന്നനെ ഒരു ദിവസം അല്‍ ഐനിലെ തിലാപ്പിയ തടാകത്തിലേക്ക് മാഞ്ഞുപോയതാണ് അവള്‍ . ഒരു വിനോദയാത്രക്കൊടുവിലായിരുന്നു അത്. അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാനായിട്ടില്ല എന്ന് സ്വയം സമ്മതിക്കുന്ന ഭര്‍ത്താവ് ആസിഫ്, അയാൾക്ക് അവളുടെ മരണത്തിനു ശേഷം ലഭ്യമാവുന്ന കുറിപ്പുകളിലൂടെയാണ്  അവളെ പറ്റി ചിന്തിക്കാന്‍ തുടങ്ങുന്നത് തന്നെ. ഫ്ലാറ്റിന്റെ ഇത്തിരി ബാല്‍ക്കണിയില്‍ അവള്‍ വളര്‍ത്തിയിരുന്ന കുഞ്ഞു തോട്ടമായിരുന്നു അവളുടെ ജീവൻറെ  നിലനില്‍പ്പുതന്നെ എന്ന് ഇപ്പോള്‍ അയാള്‍ക്കറിയാം. അവരുടെ മകനായ ടിപ്പു ദുബായില്‍ വെച്ച് ”ഉമ്മുടു”വിന്റെ ചെടി ഭ്രാന്തുകളിലൊന്നും ചെര്‍ന്നിരുന്നവനല്ല. ചൂയിംഗത്തിനു പകരം പുതീനയില വായിലിട്ട് ചവക്കാനാവശ്യപ്പെടുമ്പോള്‍ അവൻ  അത് നിരാകരിക്കുന്നുമുണ്ട്.
പക്ഷെ പഴം കഥകളിലൂടെ, സ്വന്തം ബാല്യകാല അനുഭവങ്ങളിലൂടെ ഫാത്തിമ അവനു നേടിക്കൊടുത്ത ഒരു അപര ലോകം ഉണ്ടായിരുന്നു. ആ ലോകമാണ് അമ്മയുടെ അഭാവത്തെ മറികടക്കുവാന്‍ അവനെ സഹായിക്കുനതും. അമ്മയുടെ വീട്ടിലെത്തുന്ന അവന്‍ ഈ ഭൂമിയുടെ നന്മകള്‍ ഒന്നൊന്നായി അറിഞ്ഞു തുടങ്ങുന്നു. കാഴ്ചകളിലൂടെ എന്നതിനേക്കാള്‍ അനുഭവങ്ങളിലൂടെയും  സ്പര്‍ശനത്തിലൂടെയും ഗന്ധങ്ങളിലൂടെയുമായിരുന്നു അത്. അത്തരം ഒരു ജീവിതത്തിലേക്ക് നടന്നു പോവാന്‍ അവനെ സഹായിക്കുന്ന ഒരുപാട് ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഉമ്മയുടെ ഉമ്മ നബീസിത്ത , തങ്കയമ്മ, വിനീത്, അമ്മാളു. അങ്ങനെ പച്ചപ്പിനെ സ്നേഹിച്ച കുറേപേര്‍. ചെടികളെ അവയുടെ പ്രത്യേകതകൾക്കൊപ്പം തിരിച്ചറിയുന്ന ടിപ്പു എന്ന കുട്ടി മറ്റൊരാളായി മാറുകയാണ്. അന്യം  നിന്നുപോകാവുന്ന സസ്യ ജന്തു ജാലങ്ങളെ പറ്റിയുള്ള അവൻറെ   ചിന്ത….. കാവിലെ ചെടികളും മരങ്ങളും കുന്നുകളുമൊക്കെ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമാവുന്ന അവസ്ഥ.. . . ദിനോസോര്‍ മ്യൂസിയങ്ങളെ പ്പോലെ സസ്യ മ്യൂസിയങ്ങളും! അതിനുള്ളിലെ കണ്ണാടി ചില്ലുകളില്‍ ചെടികളുടെ വേരുകള്‍ , മരപ്പട്ടകള്‍, ഉണങ്ങിയ ഇലകള്‍ ഹോ! സസ്യ രൂപങ്ങളെ   നോക്കി അതിശയിച്ചു നില്‍ക്കുന്ന കുറെ മനുഷ്യര്‍! അവനു ഭയം തോന്നി. ദുബായിലെ ഫ്ലാറ്റില്‍ ജീവിച്ചിരുന്ന കുട്ടി യില്‍ നിന്നും ഈ വികാരത്തിലെത്തിയ കുട്ടിയാണ് നോവലിനെ നിയന്ത്രിക്കുന്നത്. അവൻറെ  ഹെർ ബേ റിയത്തില്‍ ഇലകള്‍ കൂടുമെന്നും അവനു കിട്ടാതെ പോയതൊക്കെ ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതാണെ ന്നും നമുക്കറിയാം.
പ്രവാസ ജീവിതം നയിക്കുന്ന മറ്റു ചില എഴുത്തുകാരികളും നമുക്കുണ്ട്.  കഥാ പരമായ നോവല്‍ എന്ന വിശേഷണവുമായി മലയാളത്തിനു ” നടവഴിയിലെ നേരുകള്‍” പറഞ്ഞുതന്ന ഷെമി. ‘ “പുതിയ പെണ്ണ്”എന്ന കഥാ സമാഹാരത്തിലൂടെ ശ്രദ്ധേയയായ  റുബീന നവാസ്. ” മഗ്ദലീനയുടെ (എന്റെയും) പെണ്  സുവിശേഷം” എന്ന നോവലും ” അടിമവംശം” എന്ന കഥാസമാഹാരവും രചിച്ച രതീദേവി എന്നിവരും എടുത്തു പറയേണ്ടവരാണ്.
വീടും, വീടകങ്ങളും അവിടുത്തെ പെണ് ജീവിതങ്ങളും അതിൻറെ  വ്യസനങ്ങളു മാണ് ഈ പെണ് രചനകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. ഈ രചനകളിലൊന്നും രാഷ്ട്രീയം വലിയ ചർച്ചയാവുന്നില്ല. അതിനെ പറ്റി വേവലാതിപ്പെടുന്നില്ല. അവര്‍ ഇപ്പോള്‍ വഹിക്കുന്ന ഭാരങ്ങള്‍ ഒഴിഞ്ഞൊരു നേരം അവര്‍ക്കനുവദിക്കപ്പെടാത്തതാവാം.
Comments
Print Friendly, PDF & Email

You may also like