പൂമുഖം LITERATUREകവിത അറ്റവേരിൽ

അറ്റവേരിൽ

1
അറ്റവേരിൻ കടയ്ക്കൽ
ഇട്ടുമൂടുന്നു നോവുകൾ

ഉച്ചവാടിപ്പടിയിറങ്ങുന്നു
പച്ച പാതിവരണ്ട നിലങ്ങൾ

ഒച്ചയില്ല…
ഒളികണ്ണയച്ചൊരു
നോട്ടമില്ല.
അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്.

നഗ്നമാണ്
അകം പുറം കായ്ക്കാത്ത
ഭഗ്നസ്വപ്നങ്ങൾ
ഉണങ്ങിയ പാഴ്മരം.

എങ്ങുമില്ലാത്തണൽ
ചുവടുഴിഞ്ഞ് ഖിന്നനിവൻ
നിന്നെയോർക്കുന്നു ധാത്രി.

2
കുടിയിറങ്ങി-
ത്തിരിഞ്ഞുനില്ക്കുന്നുവോ
ഉടലറുത്ത
തലകൾക്കു താങ്ങായ്.

എവിടെയും
അറ്റവേര്
അസ്വസ്ഥഹൃദയമേ
നിവർന്നിങ്ങെണീക്കാം

മറുവഴി-
ക്കെരികണ്ണുപായിച്ച്
കവലയിലുണ്ടിവ-
നെന്നുമനാഥൻ.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like