പൂമുഖം LITERATUREകവിത പോക്കുവെയിലിൽ

പോക്കുവെയിലിൽ

പോക്കുവെയിലിൽ
കിളികളെത്തേടി
കാട് കേറി
കാൽ കുഴഞ്ഞു

മരങ്ങൾ പൂത്തതിൻ
മണം, പരപ്പുകൾ
പടർന്ന പച്ചയാൽ
പുതച്ചുറങ്ങുന്നു

കരിമ്പാറക്കണ്ണ് തുറന്ന്
നിശ്ശബ്ദം
പതിഞ്ഞു
നോക്കുന്നുണ്ട് അഗാമകൾ*

ഒരു മാന്‍കൂട്ടം
ഒരു മുയൽച്ചെവി
ഭയന്ന് പുൽത്തുരുത്തായ്
പരിണമിച്ചു

വിദൂരത്തൊരു ചില്ല
വരച്ചു വേലിത്തത്ത
അവിടേയ്‌ക്കൊരു പൂന്തത്ത
പറന്നിറങ്ങുന്നു
അത് മേഘമായ് മാറി
ക്യാമറക്കണ്ണിൽ

കുഴഞ്ഞ കാൽ പാറ
പ്പുറത്ത് നീട്ടിവച്ചിരുന്നു
കാറ്റപ്പോൾ വിയർപ്പു
നക്കുന്ന കടുവയായ്‌.

*പാറയോന്ത്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like