പൂമുഖം LITERATUREകഥ വർഗ്ഗീയത

വർഗ്ഗീയത

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല.

” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു.

” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി.

” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ട മത്സരം വേണം. കാടറിയണം, അംഗീകരിക്കണം നമ്മളാണ് മികച്ച ഓട്ടക്കാരെന്ന്…” അവർ ഒറ്റശ്വാസത്തിൽ പറഞ്ഞു.

” ആ ചതിയന്മാരുടെ വാക്കാണോ നിങ്ങൾക്ക് പ്രധാനം” അച്ഛന്മാർ വീണ്ടും തടസ്സം പിടിച്ചു.

“ആ സിംഹക്കുട്ടി പോലും പറഞ്ഞല്ലോ, മുഴുവൻ ആമകളെയും വിളിച്ച് ഒരു കൂട്ടയോട്ടം വെയ്ക്കാൻ… അവൻ ചതിയനാണോ, രാജകുംടുംബമല്ലേ…” എന്നൊക്കെ അലറിപ്പറഞ്ഞ് യുവാക്കൾ അവിടം വിട്ടു.

“ആമയെ ഓടിത്തോൽപ്പിക്കാനല്ല, ശത്രുക്കളിൽ നിന്നോടി രക്ഷപെടാനുള്ളതാണ് കാലുകളെന്നിവർക്കാര് പറഞ്ഞു കൊടുക്കും?!” വിഷണ്ണരായി നിന്ന മുയലുകൾക്ക് പിന്നിൽ മുത്തച്ഛൻ്റ ശബ്ദമുയർന്നു – “സിംഹത്തെ രാജാവായി കരുതുന്നവരോട് യുക്തിയെക്കുറിച്ച് പ്രസംഗിക്കരുത്. മുയലിനും സിംഹത്തിനും വേവ്വേറെ കാടുകളാണുള്ളതെന്നവർക്കറിയില്ല.”

മത്സരവേദിയിലേയ്ക്ക് ആവേശത്തോടെ നടന്നു നീങ്ങുന്ന മുയൽക്കുഞ്ഞുകളെ പിന്തുടർന്ന ഇരപിടിയൻ കണ്ണുകൾ കാട്ടിലെ ഇരുട്ടിലപ്പോൾ കൂടുതൽ തിളങ്ങി.

കവർ ഡിസൈൻ : ആദിത്യ

Comments
Print Friendly, PDF & Email

You may also like