പൂമുഖം Travelയാത്ര കെമാലും ഫ്യുസുനും ഒരു മ്യുസിയവും

കെമാലും ഫ്യുസുനും ഒരു മ്യുസിയവും

ഓരോ നിമിഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഓര്‍മ്മത്തുണ്ടുകളുടെ സമാഹാരമാണ് ജീവിതം. കണ്ടും കേട്ടും അനുഭവിച്ചും ഇടപഴകുന്ന ചുറ്റുപാടുകള്‍ ഏതെങ്കിലും തരത്തില്‍ പരിഷ്കരിക്കപ്പെടുമ്പോള്‍ പരോക്ഷമായെങ്കിലും മനസ്സ് പ്രതിഷേധിക്കും. അത്തരം മാറ്റങ്ങൾ ഓര്‍മ്മകളെ കയ്യേറ്റം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണത്. ഓര്‍മ്മകള്‍ക്ക് മുറിവ് തട്ടുമ്പോൾ എന്‍റെ ഒരംശം തന്നെയാണ് വികലമാകുന്നത് – ഇല്ലാതാവുന്നത്.

ഒര്‍ഹാന്‍ പാമുക്കിന്‍റെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍ ബുദ്ധിമുട്ടില്ല. പണ്ട് താമസിച്ചിരുന്ന വീടോ നാടോ സന്ദര്‍ശിക്കുമ്പോള്‍ ഈ നഷ്ടം അനുഭവിക്കാത്തവരുണ്ടാവില്ല.
ഓർമ്മകളുടെ ഒരു തീവ്രാരാധകനാണ് ഇതെഴുതുന്നയാളും.

ഇസ്താംബൂളിൽ എത്തിയതിന്‍റെ പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങൾ Masumiyet Müzesi എന്ന് ടര്‍ക്കിഷ് ഭാഷയില്‍ പേരുള്ള Museum of Innocence കാണാനെത്തി. നോബൽ സമ്മാനജേതാവായ പാമുക് സ്വന്തം നോവലിന്‍റെ തന്നെ പേരാണ് മ്യൂസിയത്തിനിട്ടിരിക്കുന്നത്. ഒമ്പത് വര്‍ഷങ്ങളിലൂടെ സമാഹരിച്ച സ്മരണികകള്‍ നാല് നിലകളുള്ള കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഒറ്റയ്ക്ക് പണിതെടുത്ത മ്യൂസിയത്തിന് ഒരുപാട് സവിശേഷതകളുണ്ട്.


പല നാടുകളിലായി കുറേയേറെ മ്യൂസിയങ്ങള്‍ പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ട്. പേരില്‍ ആ വാക്കില്ലെങ്കിലും ഒരു കാലത്തിന്‍റെ ഒരു ജീവിതത്തിന്‍റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ഒട്ടേറെ ‘സ്മാരക’ങ്ങളില്‍ അദ്ഭുതാദരങ്ങളോടെ ചുറ്റിനടന്നിട്ടുണ്ട്.
ഷാര്‍ലറ്റ്-എമിലി-ആന്‍-ബ്രോണ്ടി സഹോദരിമാര്‍, വില്യം വേഡ്സ്വര്‍ത്ത്, ചാള്‍സ് ഡിക്കന്‍സ്, ജോണ്‍ കീറ്റ്സ്, ഐസക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, വിര്‍ജീനിയ വൂള്‍ഫ്, ഷേക്സ്പിയർ എന്നിവരുടെ നല്ല നിലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വീടുകള്‍ ഇവിടെ, യു കെ യില്‍ വിസ്തരിച്ചു കാണാന്‍ കഴിഞ്ഞവയില്‍ ചിലവയാണ്. അവരുടെ സ്വീകരണമുറികളിലും വൈന്‍ സെല്ലറുകളിലും കിടപ്പറകളിലും വരെ നടന്ന് കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നത് എന്തെന്ന് അനുഭവിച്ചു തന്നെ അറിയണം.

ഇപ്പറഞ്ഞ ഉദാഹരണങ്ങളിലൊക്കെ, പ്രസിദ്ധരായി ജീവിച്ചുമരിച്ച അന്തേവാസികളുടെ ശേഷിപ്പുകള്‍ ആണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് വേണ്ടി അവ ഭദ്രമായി ശേഖരിച്ച് സൂക്ഷിച്ച് വെച്ചത് അവര്‍ക്ക് ശേഷം വന്ന കരുതലുള്ള തലമുറകളാണ്.


ഇന്ത്യയിലും പുറംനാടുകളിലുമായി സന്ദര്‍ശിക്കാനായ അസംഖ്യം ചരിത്രസ്മാരകങ്ങളുടെ കഥയും അതുതന്നെ
കഥാപാത്രങ്ങള്‍ ഭാവനാസൃഷ്ടി മാത്രമാണെന്ന് എഴുത്തുകാരും ചലച്ചിത്ര നിര്‍മ്മാതാക്കളും മുന്‍കൂര്‍ ജാമ്യമെടുക്കാറുണ്ട്. ഇതില്‍ നിന്ന് മാറി ഭാവനാസൃഷ്ടികളായ തന്‍റെ കഥാപാത്രങ്ങളെ വായനക്കാര്‍ അങ്ങനെയല്ലാതെ കാണണമെന്ന എഴുത്തുകാരന്‍റെ ആഗ്രഹമാണ് ഒരു കാഴ്ചബംഗ്ലാവാ’യി വളര്‍ന്നത്.

“I wanted to collect and exhibit the ‘real’ objects of a fictional story in a museum and to write a novel based on these objects,”

നോവലിന്‍റെ 83 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്ന 83 അറകൾ – അവയിൽ ശേഖരിക്കപ്പെട്ടിരിക്കുന്നത് ‘ഇവിടെ ജീവിച്ച’ ഫ്യൂസുന്‍ എന്ന ‘കാല്‍പ്പനിക’ കഥാപാത്രം നിത്യജീവിതത്തില്‍ എടുക്കുകയും പെരുമാറുകയും മറ്റേതെങ്കിലും തരത്തിൽ ബന്ധപ്പെടുകയും ചെയ്ത വസ്തുക്കൾ! കളിപ്പാട്ടങ്ങള്‍, പോസ്റ്റ്കാര്‍ഡുകള്‍, തീപ്പെട്ടികള്‍, ഉടുപ്പുകള്‍, സിനിമാ പരസ്യങ്ങള്‍ എല്ലാമുണ്ട് കൂട്ടത്തില്‍.


ഫ്യൂസുന്‍ വലിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ 4213 സിഗററ്റ് കുറ്റികള്‍, വര്‍ഷങ്ങള്‍ രേഖപ്പെടുത്തി, കുത്തനെ നിര്‍ത്തിയ, വലിയ ചതുര ഫ്രെയ്മിട്ട കണ്ണാടിക്കൂടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു !

സ്വപ്നത്തില്‍ കണ്ട പൂ, ഉന്നര്‍ന്നുകഴിഞ്ഞപ്പോള്‍ തൊട്ടടുത്ത് ശയ്യയിൽ കാണുന്ന പഴയ കഥാപാത്രത്തെ ഓര്‍മ്മിക്കുന്നുണ്ട് ഒരു അഭിമുഖത്തില്‍ പാമുക്. നിഴലില്‍ നിന്ന് വസ്തു രൂപപ്പെടുന്ന മറ്റൊരുദാഹരണം ലോകത്തുണ്ടോ എന്നറിയില്ല. കഥകൾക്കും നോവലുകൾക്കും ചലച്ചിത്രങ്ങളായും നാടകങ്ങളായും ദൃശ്യാവിഷ്ക്കാരം ലഭിക്കാറുണ്ട്. ഒരു പടി കൂടി കടന്ന് ത്രിമാനസ്വഭാവമുള്ള യഥാര്‍ത്ഥവസ്തുക്കളായി അവ മുന്നിലെത്തുകയാണ് ഇവിടെ.
സമ്പന്നകുടുംബാംഗങ്ങളാണ് കെമാലും സിബെലും. അവരുടെ വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രമുള്ളപ്പോള്‍ ആണ് കഥ തുടങ്ങുന്നത്. അവിചാരിതമായി കണ്ടുമുട്ടുന്ന ഫ്യൂസുനില്‍ കെമാല്‍ ആകൃഷ്ടനാവുന്നു. ഫ്യൂസുന്‍ ദരിദ്രയും അകന്ന ബന്ധുവുമാണ്. പല തവണ ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിട്ടും അതിനെ പ്രണയമായി അയാള്‍ അംഗീകരിച്ചിരുന്നില്ല. സിബെലുമായൂള്ള ദാമ്പത്യത്തിന് സമാന്തരമായി കൊണ്ടുനടക്കാവുന്ന ഒരു രഹസ്യബന്ധം മാത്രമായിരുന്നു മനസ്സില്‍. വിവാഹനിശ്ചയത്തില്‍ പങ്ക് കൊണ്ടതിന് ശേഷം ഫ്യൂസുന്‍ അപ്രത്യക്ഷയാവുന്നു.അപ്പോഴാണ് അവളുമായി താന്‍ എത്ര അടുത്തുകഴിഞ്ഞിരുന്നു എന്നയാള്‍ തിരിച്ചറിയുന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കുന്നില്ല. ഫ്യൂസുനുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്ന ഭ്രാന്തമായ ഒരു യാത്ര തുടങ്ങുന്നു കെമാല്‍. അയാളുടെ ജീവിതത്തിലേയ്ക്ക് ഫ്യൂസുന്‍ തിരിച്ചുവരുന്നുണ്ട് – മറ്റൊരാളുടെ ഭാര്യയായും – പിന്നീട് വിവാഹമോചിതയായി അയാളുമായി വിവാഹത്തിന് തയ്യാറായും. കാലം കാത്തുവെച്ചിരുന്ന ദുരന്തത്തിലേയ്ക്കാണ് പക്ഷേ കഥ നീങ്ങുന്നത് .
തന്‍റെ ജീവിതകഥ എഴുതാൻ കെമാൽ, ഒർഹാൻ പാമുക് എന്ന എഴുത്തുകാരനോട് അപേക്ഷിക്കുന്നു. കഥ കെമാലിന്‍റെ പക്ഷത്തുനിന്ന് അയാളുടെ അനുവാദത്തോടെ ഉത്തമപുരുഷന്‍റെ കാഴ്ചപ്പാടില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത്. ആ കെമാല്‍ ആവട്ടെ ഒര്‍ഹാന്‍ പാമുക് സൃഷ്ടിച്ച കഥാപാത്രവുമാണ്.

നോവലില്‍ ഇരുപത്തിനാലാം അദ്ധ്യായത്തില്‍ കെമാലിന്‍റെ വിവാഹനിശ്ചയച്ചടങ്ങില്‍ അതിഥിയായി എത്തുന്നു എഴുത്തുകാരന്‍:

‘Sitting with his beautiful mother, his father, his elder brother, his uncle and his cousins was the chain-smoking twenty-three-year-old Orhan, nothing special about him beyond his propensity to act nervous and impatient, affecting a mocking smile.’

2008 ല്‍ നോവല്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തയ്യാറാവുന്നത്. കഥയില്‍ ഫ്യൂസുനും കുടുംബവും കാല്‍ നൂറ്റാണ്ട് ജീവിച്ച ടിംബര്‍ ടൌണ്‍ഹൌസ് മ്യൂസിയമാക്കാനായി വിലയ്ക്ക് വാങ്ങുന്നത് കെമാല്‍ ആണ് . യഥാര്‍ത്ഥത്തില്‍ മ്യൂസിയം എന്ന ലക്ഷ്യവുമായി 1999 ല്‍ കെട്ടിടം സ്വന്തമാക്കുന്നത് ഒര്‍ഹാന്‍ പാമുക്കും.

പുസ്തകത്തിന്‍റെ എണ്‍പത്തി മൂന്നാം അദ്ധ്യായത്തില്‍ കെമാല്‍ എഴുതുന്നു :

‘From the next paragraph until the end, it will, in essence, be Orhan Bey who is telling the story.’
അടുത്ത ഖണ്ഡിക ഇങ്ങനെ തുടങ്ങുന്നു:
Hello, this is Orhan Pamuk! With Kemal Bey’s permission I shall begin by describing my dance with Füsun.
( കഥയിലെ നായികയാണ് ഫ്യൂസുൻ! )

(ടര്‍ക്കിഷ് ഭാഷയില്‍ ബഹുമാനസൂചകമായി പേരിനോട് ചേര്‍ക്കുന്നതാണ് Bey .നേരിട്ടുള്ള സംഭാഷണത്തില്‍ അത് bey ആവും
പത്തൊമ്പതാം നൂറ്റാണ്ടിൽ പണിത, 1999 ൽ മാത്രം ഒർഹാൻ പാമുക് സ്വന്തമാക്കിയ ഈ കെട്ടിടം നാല് നിലകളിൽ നമുക്ക് മുന്നിൽ തുറക്കുന്ന ഒരു നോവലാണ്. കെമാലും ഫ്യൂസുനും ഇവിടെ ചെലവഴിച്ചു എന്ന് എഴുത്തുകാരന്‍ അവകാശപ്പെടുന്ന കാലത്ത് സത്യത്തില്‍ ഇവിടെ ജീവിച്ചിരുന്നവരെ കുറിച്ച് ഞാനാലോചിച്ചു. ചിത്രത്തില്‍ നിന്ന് മാഞ്ഞുപോയവര്‍! ചരിത്രം വളച്ചൊടിക്കുന്നവരെ കുറിച്ചും തിരുത്തുന്നവരെ കുറിച്ചുമൊക്കെ ഒരുപാട് ആശങ്കകള്‍ കൊണ്ടുനടക്കുന്ന തലമുറയാണ് നമ്മുടേത്.

ഏതോ കഥയിൽ അന്യഗ്രഹജീവികൾ ചെയ്തതുപോലെ പെട്ടെന്നൊരു ദിവസം ലോകമെമ്പാടുമുള്ള കഥാപാത്രങ്ങൾ നമ്മുടെയൊക്കെ വീടുകൾ കൈയേറിയാലോ! അഭയാർത്ഥികളായി ഒരയഥാർത്ഥലോകത്ത് നമുക്ക് പുറത്ത് നില്‍ക്കേണ്ടിവന്നാലോ?
ഇസ്താംബുളിലെ തിരക്കേറിയ തെരുവുകൾക്കിടയ്ക്ക് ഒരിടവഴിയിൽ അനാർഭാടമായി നിൽക്കുന്ന മ്യൂസിയം ഏറ്റവും പ്രിയപ്പെട്ട ഇസ്താംബുൾ അനുഭവമായി.
നോവലും മ്യൂസിയവും സമാന്തരമായി മുന്നോട്ട് പോയ സൃഷ്ടികളാണെന്ന് എഴുത്തുകാരൻ പറയുന്നു. അന്യോന്യം ബന്ധപ്പെട്ടവയെങ്കിലും രണ്ടും സ്വതന്ത്ര അസ്തിത്വമുള്ളവയാണ്. മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കാന്‍ 1970-’80 കളുടെ മുദ്ര പതിഞ്ഞ വസ്തുക്കൾ കണ്ടെത്താൻ പാമുക്കിന് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ടാവില്ല എന്ന് ഇസ്താംബുൾ തെരുവുകളിൽ ചുറ്റി നടക്കുമ്പോൾ നമുക്ക് മനസ്സിലാവും. ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഒട്ടേറെ കടകൾ കണ്ടു.
പടിഞ്ഞാറൻ സംസ്കാരത്തിന്‍റെ അധിനിവേശമോ സ്വാധീനമോ അടർത്തിമാറ്റിയ ഇസ്താംബുളിന്‍റെ സ്വത്വമായി ഫ്യുസുനെന്ന സുന്ദരിയേയും ആ നഷ്ടബോധവുമായി ജീവിക്കുന്ന ഇസ്താംബുളായി കെമാൽ എന്ന നായകനേയും സങ്കൽപ്പിക്കാൻ തോന്നി എനിക്ക്.

Blue Mosque, Hagia Sophia, Basilica Cistern, Spice Market എന്ന Egyptian Market, Grand Bazar, Topkapi Palace, Bosphorus, ഇസ്താംബുളിന്‍റെ ഏഷ്യന്‍ ഭാഗം എന്നിവയെ കുറിച്ച് എഴുതാനുണ്ട്.

Museum of Innocence എന്നത് മറ്റൊരനുഭവമാണ്. അതിനൊപ്പം അവയെ ചേര്‍ത്ത് വെയ്ക്കാന്‍ ഒരു മടി.

ഏതോ കഥയില്‍ നിന്നെന്ന പോലെ അതിനടുത്ത ദിവസം രാത്രി ഞങ്ങള്‍ക്ക് മുന്നിലെത്തിയ അതിഥികളെ പരിചയപ്പെടുത്തി തത്ക്കാലം നിര്‍ത്താം. അലൌകികമായ എന്തോ ഒന്ന് അതിലുമുണ്ടായിരുന്നു.
ഇസ്താംബൂളില്‍ എത്തി മൂന്നാം ദിവസം രാത്രി. പകല്‍ മുഴുവന്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ടു. സ്വാദിഷ്ടമായ ടര്‍ക്കിഷ് അത്താഴത്തിന് ശേഷം ഫ്ലാറ്റില്‍ തിരിച്ചെത്തി. പിറ്റേന്നത്തേയ്ക്കുള്ള പരിപാടി തയ്യാറാക്കി. ഞങ്ങള്‍- അനുവും സുശീലയും ഞാനും- ഉറക്കത്തിലേയ്ക്ക് വീണുകഴിഞ്ഞിരുന്നു. ഡോര്‍ ബെല്ലിന്‍റെ ശബ്ദം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു.
സമയം പതിനൊന്നര മണി.

ഇസ്താംബൂളില്‍ ഞങ്ങളെ അറിയാവുന്ന ഒരേയൊരാള്‍ ഫ്ലാറ്റ് ഉടമയായ സ്ത്രീയാണ്. അവരുമായുള്ളത് മെയില്‍-ചാറ്റ്-ഫോണ്‍ വഴി മാത്രമുള്ള ബന്ധമാണ്. ഫ്ലാറ്റിന് മുന്നില്‍ ലോഹത്തകിടിട്ടടച്ച കോണ്‍ക്രീറ്റ് കുഴിയില്‍ നംബര്‍ ലോക്കിട്ട് പൂട്ടിവെച്ചിരിക്കുകയായിരുന്നു വീടിന്‍റെ താക്കോല്‍. അത് അതേ കുഴിയിലിട്ട് മൂടിയാണ് അഞ്ചുദിവസത്തിന് ശേഷം ഞങ്ങള്‍ മടങ്ങിയത്. അതില്‍ കൂടുതല്‍ ഒരു പരിചയം വീട്ടമയുമായി ഉണ്ടായിരുന്നില്ല. രാത്രി പതിനൊന്നര മണിക്ക് വിളിച്ചുണര്‍ത്താന്‍ അധികാരമുള്ള സൌഹൃദങ്ങളൊന്നും ഇസ്താംബൂളില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വാതിലിലെ ലെന്‍സിലൂടെ നോക്കി ആരാണെന്നും എന്ത് വേണമെന്നും അന്വേഷിച്ചു. രാത്രി എന്തായാലും വാതില്‍ തുറക്കില്ലെന്ന് അറിയിച്ചു. കുഴപ്പക്കാരല്ലെന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ആണ് പുറത്തുണ്ടായിരുന്നത്. നാലോ അഞ്ചോ നിലകളുള്ള ഫ്ലാറ്റിലേയ്ക്ക് കയറാനുള്ള പൊതുവാതില്‍ താക്കോലില്ലാതെ പുറത്തുനിന്ന് തുറക്കാനാവില്ല. അതുകൊണ്ട് താമസക്കാരനല്ലാത്ത ഒരാള്‍ക്ക് ഞങ്ങളുടെ വാതിലിന് മുന്നില്‍ എത്തിപ്പെടാനും കഴിയില്ല. ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ തന്നെ വീട്ടുടമയുമായി ചാറ്റ് വഴി ബന്ധപ്പെട്ടു. അത് ഏതോ ‘rogue neighbours’ ആവാനേ വഴിയുള്ളൂ എന്നും വാതില്‍ തുറക്കേണ്ടെന്നും ഫ്ലാറ്റ് മാനേജരെ വിളിച്ച് വേണ്ടത് ചെയ്യാം എന്നുമായിരുന്നു മറുപടി. വീടിനകത്ത് നിന്ന് ഇംഗ്ലീഷിലും പുറത്തുനിന്ന് ടര്‍ക്കിഷ് ഭാഷയിലുമായിരുന്നു സംഭാഷണം. സ്വാഭാവികമായും രണ്ടുപേര്‍ക്കും പറയുന്നതൊന്നും അന്യോന്യം മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഒരാള്‍ സംസാരിച്ചുകഴിഞ്ഞ് അല്‍പസമയം അന്തരീക്ഷം നിശബ്ദമായിരിക്കും. അത് കഴിഞ്ഞ് ബെല്‍ വീണ്ടും ശബ്ദിക്കും.
അതങ്ങനെ പത്തിരുപത് മിനുട്ട് തുടര്‍ന്നു. പിന്നെ അവര്‍ കാഴ്ചപ്പുറത്തുനിന്ന് മാഞ്ഞുപോയി.

കഥയുടെ ആദ്യഭാഗത്തില്‍‍ നിന്നെഴുന്നേറ്റ് ഞങ്ങളെ കാണാനെത്തിയ കെമാലും ഫ്യൂസുനുമായിരുന്നിരിക്കുമോ അവര്‍ ?

ഒടുവിലത്തെ പേജുകള്‍ നഷ്ടപ്പെട്ട ഒരു അപസര്‍പ്പക കഥപോലെ അവരാരായിരുന്നെന്നോ അവര്‍ക്ക് വേണ്ടിയിരുന്നതെന്തായിരുന്നെന്നോ അറിയാതെയാണ് ഞങ്ങളുടെ ഇസ്താംബുള്‍ ദിവസങ്ങള്‍ അവസാനിച്ചത്.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like