ചാവക്കാടിനും
പൊന്നാനിക്കുമിടയിൽ
ഒരു യാത്രയുടെ വേവിൽ
ജുമുഅ നമസ്കാര സമയത്ത്
വിജനമായ റോഡിൽ
വഴിയറിയാതെയുഴലുന്ന
ഒരു ശബ്ദത്തെ കണ്ടുമുട്ടി.
ആക്ഷേപമോ
അപേക്ഷയോ
വ്യാക്ഷേപകമോ
‘തിട്ടമതാർക്കറിയാം ‘ മട്ടിൽ
അസ്സൽ
പരിഭ്രമമുഖം
കൂടെക്കൂട്ടി;
ഉമർഖാസിയും
മക്തി തങ്ങളും
നടന്ന
ഭാഷാസമരവഴികളിലൂടെ …
അയ്യോ! ബസ്സു വന്നു പോയ്
അയ്യോ! പോവല്ലേ പോവല്ലേ …ദേവി
അയ്യോ ! ഓർക്കുക വല്ലപ്പോഴും
അയ്യോ ! മാതുലാ പൊറുത്താലും
മുറിച്ചുകടക്കാൻ
നാൽവരികൾ,
വഴിക്കവിതകൾ
ബസ്സിറങ്ങി
വീഴാൻ പോയ
ടീച്ചറെ നോക്കി
പണ്ടേതോ
കിളി പറഞ്ഞ മൊഴിയിൽ
പര പര പരമ പാഹിമാം പരതുന്നു
നെറ്റിയിൽ കൈത്തലം നിഴലാക്കി
അയ്യോ !വെയിൽ.
നാട്ടു പേരിലുണ്ടെങ്കിലും
നേരിലില്ലാത്ത ടീച്ചറെത്തേടി
ഒരു ഉളുപ്പുമില്ലാതെയെത്തുന്നു
അയ്യോ!
എരി ചിന്നി
കണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾ
ദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്
തിരൂർക്കുള്ള ബസ്സ് കേറുന്നു
അയ്യോ ! നിഴൽ.
*അയ്യോട്ടിച്ചിറ – മലപ്പുറം ജില്ലയിൽ വെളിയംകോട് അടുത്തുള്ള ബസ് സ്റ്റോപ്പ് . ബസ്സിറങ്ങുമ്പോൾ വീഴാൻ പോയ ടീച്ചറെ നോക്കി ബസ്സിലെ ക്ലീനർ അയ്യോ ടീച്ചറേ എന്ന് ഉച്ചത്തിൽ. ബസ് സ്റ്റോപ്പിന് അയ്യോട്ടിച്ചിറ എന്ന് പേരു വന്നതെന്ന് പ്രചാരത്തിലുള്ള പുതുകാല സ്ഥലനാമ യുക്തികൾ!
വൈലോപ്പിളി, ചങ്ങമ്പുഴ, പി ഭാസ്കരൻ , സച്ചിദാനന്ദൻ എന്നിവരുടെ വരികൾ അയ്യോ ! എന്ന വ്യാക്ഷേപകത്തോട് ഘടിപ്പിച്ച അക്ഷന്തവ്യമായ അപരാധം പൊറുക്കുക.
-പ്രസാദ് കാക്കശ്ശേരി
കവർ : ജ്യോതിസ് പരവൂർ
