പൂമുഖം CINEMA മേരാ നാം ഷാജി

മേരാ നാം ഷാജി

 

ലയാള സിനിമാ പ്രേക്ഷകർ നാദിർഷയെ കണ്ടു തുടങ്ങിയിട്ട് ഇരുപത് വർഷമെങ്കിലും ആയിക്കണം. മിമിക്രിയിലും അഭിനയത്തിലും പാട്ടെഴുത്തിലും ഒക്കെ തൊടുന്നതൊക്കെ വിജയമാക്കുന്ന ആൾ എന്ന വിശ്വാസം അയാളെ ചുറ്റി പറ്റി ഇപ്പോഴും ഉണ്ട്. സംവിധാനത്തിലേക്ക് കൈവച്ചപ്പോഴും നാദിർഷ ഇൻഡസ്ട്രി ഹിറ്റുകൾ തന്നെയാണ് സൃഷ്ടിച്ചത് എന്ന് പറയാം. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃഥ്വിക്ക് റോഷനും ഒക്കെ സമ്മാനിച്ച വിജയത്തിന്റെ തുടർച്ച എന്ന സാധ്യതയിലേക്കാണ് ആണ് നാദിർഷായുടെ മൂന്നാമത്തെ സംവിധാന സംരംഭം കടന്നു വരുന്നത്. മീരാ നാം ഷാജി മൂന്നു ഷാജിമാരുടെ കഥയാണ് പറയുന്നത് എന്ന് ആദ്യ പോസ്റ്റർ മുതൽ പറഞ്ഞിരുന്നു.ഇതുണ്ടാക്കിയ കൗതുകം തീയറ്ററുകളിലേക്ക് എത്താൻ കുറെ കാണികൾക്ക് എങ്കിലും പ്രതീക്ഷ നൽകിയിരുന്നു. ഉത്സവക്കാലത്തെ സജീവമായ തീയറ്ററുകളിലേക്ക് ആണ് സുധ ഹാസ്യം വാഗ്ദാനം ചെയ്ത ഈ സിനിമ എത്തുന്നത്. ആസിഫ് അലി, ബിജു മേനോൻ,ബൈജു, ശ്രീനിവാസൻ, ധർമജൻ, ഗണേഷ് കുമാർ, സുരഭി ലക്ഷ്മി, നിഖില വിമൽ എന്നിവർ പ്രധാന താരങ്ങൾ ആവുന്നു. വിഷ്ണുവും ബിപിനും ചേർന്നെഴുതിയ കഥക്ക് ദിലീപ് പൊന്നൻ തിരക്കഥ എഴുതുന്നു. വിനോദ് ഇല്ലംപള്ളിയുടേതാണ് ക്യാമറ.

ഷാജി ഉസ്മാൻ എന്ന കോഴിക്കോടുകാരൻ ഗുണ്ടയുടെ ജീവിതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ബിജു മേനോൻ ആണ് ഷാജി ഉസ്മാൻ ആവുന്നത്. സമാന്തരമായി കൊച്ചിക്കാരൻ തൊഴിൽ രഹിതൻ ഉടായിപ്പ് ഷാജി ജോർജിന്റെയും (ആസിഫ് അലി) തിരുവനന്തപുരത്തുള്ള ടാക്സി ഡ്രൈവർ ഷാജി സുകുമാരന്റെയും (ബൈജു) ജീവിതവും സിനിമ വരച്ചു കാട്ടുന്നു. സ്വാഭാവികമായും ഇവർ മൂന്നു പേരും യാദൃശ്ചികമായി പരസ്പര ബന്ധിതമായ ഒരു കുരുക്കിൽ പെടുന്നു. അങ്ങനെ കൊച്ചിയിൽ വച്ച് ഈ ഷാജിമാരും പിന്നെ എങ്ങനെയൊക്കെ തങ്ങളുടെ ജീവിതത്തിലെ നിർണായകമായ കുരുക്കുകൾ അഴിക്കുന്നു എന്നത്തിലാണ് കഥ നീങ്ങുന്നത്. ഇവരുടെ കുടുംബവും ജീവിതവും ഇതിനിടയിൽ എപ്പോഴൊക്കെയോ വന്നു പോകുന്നുണ്ട്. സ്ഥിരം നായകന്റെ കൂട്ടുകാരനായ ധർമ്മജന് മേരാ നാം ഷാജിയും ഒരു മോചനം നൽകുന്നില്ല. ഷാജി ജോര്ജും നീനയും (നിഖില വിമൽ)തമ്മിൽ ഉള്ള സങ്കീർണമായ പ്രണയവും സിനിമയുടെ ഒരു ഉപകഥ ആണ്. മൂന്നു നാടുകളിലെ മൂന്നു ഭാഷ സംസാരിക്കുന്ന തികച്ചും വ്യത്യസ്തമായ സാമൂഹ്യ പരിസരങ്ങളിൽ ജീവിക്കുന്ന മൂന്നു ഷാജിമാരെ കൂട്ടി മുട്ടിച്ചു പ്രേക്ഷകരെ കോമഡി ട്രാക്കിലൂടെ കൊണ്ടുപോകുക എന്ന തന്ത്രം ആണ് നാദിര്ഷയും സംഘവും, ഇവിടെയും പയറ്റാൻ ശ്രമിച്ചത്. ആ രീതിയിൽ തന്നെയാണ് സിനിമ തുടങ്ങുന്നതും. വിജയിക്കാൻ സാധ്യതയുള്ള വേഷ പകർച്ചകൾ മൂന്നു പ്രധാന കഥാപാത്രങ്ങൾക്കും നൽകി അവരുടെ പൂർവകാല വിജയ മാതൃകകൾ കെട്ടിലും മട്ടിലും പിന്തുടരുക എന്ന മലയാള സിനിമയുടെ സ്ഥിരം ശൈലി തന്നെയാണ് മീരാ നാം ഷാജിയിലും പരീക്ഷിക്കപ്പെടുന്നത്. റിസ്കുകൾ കുറഞ്ഞ വിജയ സാധ്യതക്ക് പുറകെ പോയി എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു ശൈലി ആണിത്. സിനിമ തുടങ്ങുന്നത് തന്നെ അത്തരം സൂചനകൾ വച്ച് കൊണ്ടാണ്.

ഈ പരീക്ഷണം പല ഇടങ്ങളിലും അത്ര കണ്ടു വിജയിച്ചതായി തോന്നിയില്ല. രണ്ടാം വരവിൽ ബിജു മേനോൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളുടെയും ഒരു മിശ്രണമാണ് കോഴിക്കോട്ടുകാരൻ ഷാജി ഉസ്മാൻ. തല്ലു, ഗുണ്ടായിസം, മണ്ടത്തരം, നന്മ തുടങ്ങി വസ്ത്രങ്ങൾ പോലും ഒരേ രീതിയിൽ ഉള്ളതാണ്. ആവർത്തന വിരസം എന്ന് നിർദയം വിളിക്കാവുന്ന സീക്വൻസുകൾ ആണ് അയാൾ സിനിമയിൽ ഉടനീളം അവതരിപ്പിക്കുന്നത്. കോഴിക്കോട് ഭാഷ വഴങ്ങാത്തതിനെ ബുദ്ധിമുട്ട് സംഭാഷണങ്ങളിൽ ഉടനീളം ബിജു മേനോനെ അലട്ടും പോലെ തോന്നി. ഗവിയും പാലക്കാടൻ ഭാഷയും ഒക്കെ ഹിറ്റ് ആയതിന്റെ ഹാങ്ങ് ഓവർ ഈയടുത്ത് വന്ന പടയോട്ടത്തിൽ പോലും അയാൾക്കുണ്ടായിരുന്നു. ഭാഷയിലെ ശൈലീ വകഭേദങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിലും കാണുന്നവർക്കും ആ ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സിനിമയിൽ മലബാറുകാർ അല്ലാത്ത നടീനടന്മാർ ആ ഭാഷ കൈകാര്യം ചെയ്തത് അരോചകമായിട്ടാണ് . സാൾട്ട് ആൻഡ് പെപ്പർ പോലുള്ള, അനുരാഗ കരിക്കിൻവെള്ളം പോലുള്ള നിരവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ച അലസനായ ചെറുപ്പക്കാരന്റെ തുടർച്ചയാണ് ഷാജി ജോര്ജും. സംഭാഷണങ്ങളിൽ പോലും സാമ്യത വന്നിരുന്നു. സ്ക്രീൻ സ്പേസ് പങ്കിടേണ്ടി വന്നത് കൊണ്ടാവാം അതിൽ കൂടുതൽ ഒന്നും അയാൾക്ക് ചെയ്യേണ്ടി വരാഞ്ഞത്. ബൈജുവിന്റെ ഷാജി സുകുമാരൻ ആണ് സിനിമയെ കുറച്ചൊക്കെ ചലിപ്പിക്കുന്നത്. സംഭാഷണങ്ങളിൽ ചലനങ്ങളിൽ ഒക്കെ ഉള്ള അനായാസത കണ്ടിരിക്കാൻ രസമുണ്ട്. ധർമജനും തന്റെ തന്നെ നിരവധി കഥാപാത്രങ്ങളുടെ പലവിധ തുടർച്ചയിൽ നിന്ന് സൃഷ്ഠിക്കപ്പെട്ട കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെയും തുടർച്ച ആവർത്തന വിരസമാണ്. നിഖില വിമലിന്റെ സാന്നിധ്യം സിനിമയിൽ അനുഭവപ്പെട്ട ഇല്ല. സഖാവ് ട്രെൻഡിങ് ആണ് എന്ന് കരുതി വന്ന കഥാപാത്രത്തെ പോലെ തോന്നി ഗണേഷ് കുമാറിന്റെ ഡൊമിനിക്ക്. പറയാത്ത കഥയോ കഥാ സന്ദര്ഭങ്ങളോ ലോകത്തില്ല എന്ന് പറയാറുണ്ട്. അപ്പോൾ സംഭവിക്കേണ്ട മേക്കിങ്ങിലെ കൗതുകം ഒരിടത്തും കണ്ടില്ല. പല കാലത്തെ പല സിനിമകളിലെ രംഗങ്ങൾ കോപ്പി പേസ്റ്റ് ചെയ്ത പോലത്തെ അനുഭവമായിരുന്നു പലയിടത്തും. വളരെ അലസമായി കുറെ പൊതു താത്പര്യങ്ങൾ ഇതാണെന്നു ബോധ്യത്തിനു പുറകെ പോയി സംവിധായകനും തിരക്കഥാകൃത്തും ക്യാമറയും ഒക്കെ.സിനിമയുടെ കളർടോണിൽ പോലും ആ അലസത പ്രകടമാണ്. മൂന്നു കഥാപാത്രങ്ങൾക്കും ഒരേ ഇടം നൽകാനും കഥ വികസിപ്പിക്കാനും അവസാനം എങ്ങനെയെങ്കിലും പറഞ്ഞു നിർത്താനും ഒക്കെ ക്ലേശിക്കുന്ന അനുഭവമായിരുന്നു സിനിമക്ക് മൊത്തത്തിൽ തരാൻ ഉണ്ടായത്.

സ്വാഭാവികമായ ഒഴുക്കു കളിൽ ആണ് ഹാസ്യത്തിന്റെ ജീവൻ. ആ ഒഴുക്ക് ഇല്ലാതായാൽ വല്ലാതെ മുഷിപ്പിക്കുന്ന വികാരമാണ് അത്. ഒരാളെ ചിരിപ്പിക്കാൻ ആണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് പറയുന്നതും അത് കൊണ്ടാവാം. മലയാള സിനിമ സ്വാഭാവിക ഹാസ്യത്തിന് പേര് കേട്ട ഇടമാണ്. നാദിര്ഷയുംവളരെ സമൃദ്ധമായ ഒരു ഹാസ്യ കാലത്തിന്റെ സൃഷ്ടി ആണ്. ആദ്യ രണ്ടു സിനിമകളിലും അത്തരം ഹാസ്യത്തിന്റെ ചേരുവകൾ ഇടക്കെങ്കിലും വന്നു പോയിരുന്നു. പാത്ര സൃഷ്ടിയിലും സാഹചര്യങ്ങളിലും ഒക്കെ ഉള്ള ആ സ്വാഭാവികത മേരാ നാം ഷാജിയിൽ ഒരിക്കലും കണ്ടില്ല. കുറെ സന്ദർഭങ്ങൾ ഏച്ചുകെട്ടി പ്രേക്ഷകരെ കണ്ടു മടുത്ത കാഴ്ചകളിലൂടെ കൊണ്ട് പോകും പോലെ ആണ് തോന്നിയത്. ഷാജി എന്ന പേരിന്റെ ഇവിടെ ഉള്ള ഉപയോഗവും അതിലൂടെ ഉണ്ടായേക്കാവുന്ന നർമങ്ങളും എല്ലാം പകുതി വഴിക്ക് ഉപേക്ഷിച്ചു സിനിമ എങ്ങോട്ടോ പോയ പോലെ തോന്നി. സിനിമയിലെ ഓരോ താരത്തെയും അവർ ചെയ്തു എപ്പോഴൊക്കെയോ ഫലിപ്പിച്ച കഥാപാത്രങ്ങളുടെ ഛായയിൽ ചുരുക്കി കെട്ടി ആണ് മീരാ നാം ഷാജി തുടങ്ങി അവസാനിക്കുന്നത്. നാദിർഷ കോമഡികൾക്ക് ഒരു ട്രേഡ്മാർക്ക് സ്വഭാവമുണ്ട്. സ്വാഭാവികതയും ജീവിത പരിചയവും ഒക്കെ ആണ് അത്. നിർഭാഗ്യ വശാൽ ഈ സിനിമയിൽ ഒരിടത്തു പോലും അത് പ്രകടമായില്ല. ഇപ്പോൾ കാണുന്ന ടി വി കോമഡി റിയാലിറ്റി ഷോ സ്വഭാവം ഉള്ള പ്രേക്ഷകർക്ക് ഓർക്കാൻ ഒന്നും തരാത്ത സിനിമ ആയി മാറി മേരാ നാം ഷാജി. ഭദ്രമായ കൂട്ടി ഇണക്കലുകളിൽ കൂടി മുന്നോട്ട് പോകുന്ന കഥാഗതിയുടെ പരിണാമവും സിനിമയിൽ കണ്ടില്ല. സിനിമയില്ലേ വില്ലന്മാർക്ക് യുക്തി വേണ്ട എന്ന് പറയാറുണ്ട്. പക്ഷെ ഈ പാർട്ണർ സ്വിയിപ്പിംഗ് പോലുള്ളസാഹചര്യം ഒക്കെ കാണികളിലേക്ക് എത്തിക്കുന്ന രീതി അതി വിചിത്രമാണ്. പെണ്ണുങ്ങൾ പ്രസവിക്കുന്നത് സംബന്ധിച്ച് നിരവധി പാട്ടുകളിലൂടെ ”സാമൂഹിക അവബോധം ” ഉണ്ടാക്കാൻ ശ്രമിച്ചിട്ടിട്ടുണ്ട് നാദിർഷ. കട്ടപ്പനയിലെ ഹൃതിക് രോഷനിലെ പാട്ടിലെ പച്ചമാങ്ങാ തീറ്റിക്കൽ വരെ എത്തി നിൽക്കുന്ന ആ പ്രസവ ആകുലത ഒരു നെടുനീളൻ മാസ്സ് ഡയലോഗ് ആയി സിനിമയിൽ ഉണ്ട്. രഞ്ജിനി ഹരിദാസിന്റെ കഥാപാത്രത്തോടാണ് ബിജു മേനോന്റെ കഥാപാത്രത്തിന് ആ മാസ്സ് ഡയലോഗ് പറയാൻ അവസരം ലഭിച്ചത്. പട്ടി മാത്രം പെറ്റാൽ പോരാ, നീയും പെറണം എന്ന മുന്നറിയിപ്പ് രഞ്ജിനി ഹരിദാസിനോട് വിശേഷമായും ഇവിടത്തെ ”ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളോട് ” പൊതുവായും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. പെണ്ണിന് അടി കിട്ടാത്തത് ആണിന്റെ വടിയുടെ എന്തോ കുറവ് കൊണ്ടാണെന്നു തിരിച്ചറിവ് നൽകുന്നുണ്ട്. .രഞ്ജിനി ഹരിദാസ് ഇവിടത്തെ ”അടക്കം ഇല്ലായ്മയുടെ ”, ”വഴി തെറ്റലിന്റെ ” ഒക്കെ ഒരു മദർ ഫിഗർ ആണ് പൊതുബോധത്തിനു. ആ പൊതുബോധത്തിന്റെ പ്രതിനിധി വന്നു അവരോടു പെറാൻ പറഞ്ഞത് കണ്ടു എത്ര പേര് ആത്മരതി അടയും എന്നറിയില്ല. ആ ആത്മരതിയോടു കൂടുതൽ ഒന്നും പറയാനും ഇല്ല.

കോമഡി കൊണ്ട് നിറച്ചു എന്ത് കാണിച്ചാലും കയ്യടി നേടും എന്ന അമിത ആത്മ വിശ്വാസത്തിൽ വന്ന ഒരു സിനിമ എന്ന അനുഭവമാണ് മേരാ നാം ഷാജി അടിമുടി തരുന്നത്

Comments

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like