പൂമുഖം LITERATUREകവിത മറവിയുടെ രാജ്യം

മറവിയുടെ രാജ്യം

ശരിയാണ്, ചിലതൊന്നും
മാറിയിട്ടില്ല
പക്ഷികളുടെ
ആകാശപ്പറക്കലുകൾ
മരക്കൊമ്പുകളിലെ
അവയുടെ കൂടുകൾ
പടിഞ്ഞാറോട്ടൊഴുകുന്ന
മെലിഞ്ഞ നദി
പട്ടണത്തെരുവുകളിൽ
കുത്തിയൊലിച്ച രക്തത്തിൻ്റെ
ഉണങ്ങിയ പാടുകൾ
ഊഹക്കച്ചവടങ്ങളുടെയും
ചൂതാട്ടങ്ങളുടെയും
കുടുസ്സുമുറികൾഒക്കെയും
അതു പോലെ തന്നെ

ലോകം ഒരു വട്ടം ചുറ്റി
ഞാൻ തിരിച്ചുവരുമ്പോഴേക്കും
അതൊന്നും മാറുന്നില്ല.
ഇനി നൂറുവട്ടം ചുറ്റിവരുമ്പോഴേക്കും
ഇതു തന്നെയാവും സ്ഥിതി

പക്ഷെ മനുഷ്യർ മാറിപ്പോയി
ഞാനും മാറിപ്പോയോ ?
സത്യമാണ്,
എൻ്റെ വേഷവും പെരുമാറ്റവും
അല്പം മാറിയിട്ടുണ്ടാകാം
പക്ഷെ എൻ്റെ കാഴ്ചപ്പാടും ലോകവീക്ഷണവും
വലുതായൊന്നും മാറിയതായി തോന്നുന്നില്ല
എന്നിട്ടും ഞാൻ
തിരിച്ചറിയാൻ പറ്റാത്ത വിധമായോ ?

ഇവിടെ മുന്നിൽ കാണുന്ന
എതിരെ വരുന്ന
ആർക്കും തന്നെ
എന്നെ മനസ്സിലായതിൻ്റെ
ലക്ഷണമില്ല
എനിക്കും പലരെയും പിടികിട്ടിയില്ല.

ഞാൻ ഒന്ന് പോയി വരുമ്പോഴേക്കും
നാട് എങ്ങനെ ഇത്രയും മാറിപ്പോയി !
എൻ്റെ പരിചിതരായ മനുഷ്യർ എവിടെപ്പോയി?
അവരൊക്കെയും നാടുവിട്ടു
യാത്ര പോയോ?
അതോ വധിക്കപ്പെട്ടോ?
പ്രളയം വന്ന് മരണത്തിന്റെ
ആഴങ്ങളിലേക്കാണ്ടു പോയോ ?

ഈ കവലയ്ക്കു തൊട്ടപ്പുറത്തെ
കെട്ടിടത്തിലാണ്‌ ഞാൻ താമസിച്ചിരുന്നത്

പൂമരങ്ങൾ അതിരിട്ട
ആ പഴയ വീട്ടിൽ
എത്രയോ വർഷങ്ങൾ
ഞാൻ എൻ്റെ കുടുംബത്തോടൊപ്പം താമസിച്ചു.
ചെടികൾ നട്ടുപിടിപ്പിച്ചും
മരങ്ങളെയും പക്ഷികളെയും പരിപാലിച്ചും
വായിച്ചും എഴുതിയും
ഉറങ്ങിയും സ്വപ്നം കണ്ടും
ഞാൻ കഴിഞ്ഞു

സഹവാസവും പങ്കുവെയ്ക്കലും കൊണ്ട് മനുഷ്യർ
ബന്ധുക്കളാകുന്നുവെന്നും അവർക്കിടയിൽ വെറുപ്പു
വിതയ്ക്കരുതെന്നും ഞാൻ എഴുതി

ഇരുളിൻ്റെ മറവിൽ
എന്നെത്തേടി വന്നവർ
എൻ്റെ കുടുംബാംഗങ്ങളെ
നിഷ്ഠൂരമായി കൊലചെയ്തു

നഗരത്തിൽ പലരും
അന്ന് അങ്ങനെ വധിക്കപ്പെട്ടതായി
അറിഞ്ഞു

ഞാൻ ആ സമയം സ്ഥലത്തില്ലാത്തതിനാൽ
മരണത്തിൽ നിന്നും ഒഴിവായി
പക്ഷെ നിരന്തരമായ ഭീതി
എങ്ങും തളം കെട്ടി നിന്നു

പിന്നെ അധികം കാലം
ഇവിടെ നിൽക്കാൻ എനിക്കായില്ല
ഞാൻ എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടു
സമ്മതിക്കുന്നു
അതൊരു പലായനംതന്നെയായിരുന്നു.

പക്ഷെ ഞാനെൻ്റെ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു

ഇന്നു നോക്കുമ്പോൾ പക്ഷേ
എൻ്റെ വീട് അവിടെയില്ല
ഞാൻ പുറപ്പെട്ടു പോയപ്പോൾ ഉണ്ടായിരുന്ന പഴയ കെട്ടിടം
അപ്രത്യക്ഷമായിരിക്കുന്നു
എല്ലാ ഋതുക്കളിലും പൂവിട്ടിരുന്ന അപൂർവ്വ മരങ്ങളും

അവിടെ വേറെ കെട്ടിടങ്ങൾ വന്നിരിക്കുന്നു
ഞാൻ ശ്രദ്ധിച്ചു
അവിടെ അപരിചിതരായ ആളുകൾ
പുതിയ വ്യാപാരങ്ങൾ നടത്തുന്നു

ഇന്നു ഞാനിവിടെ വന്നു നില്ക്കുന്നു
പഴയ പരിചയക്കാരായ പലരെയും
കണ്ടുകിട്ടാനാകാതെ
കണ്ടുമുട്ടിയ ഒരാളുപോലുമെന്നെ തിരിച്ചറിയാത്തത്
എന്തു കൊണ്ടാണെന്നറിയാതെ

എന്നെ പരിചയമുള്ള ആരെയെങ്കിലും
കണ്ടെത്താനാവുമോയെന്ന് കരുതി ഞാൻ ചിലരെ
അന്വേഷിച്ചു ചെന്നു

വഴിക്കവലയിലെ
ഒരു പ്രത്യേക സ്ഥലത്ത്
എനിക്ക് എത്രയോ വർഷങ്ങളായി പരിചയമുണ്ടായിരുന്ന
പെട്ടിക്കടകാരനുണ്ടായിരുന്നു
ആ പെട്ടിക്കട ഞാൻ സന്ദർശിച്ചു.
പക്ഷെ ഞാൻ ചെല്ലുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നല്ല
അച്ഛൻ ഉടൻ വരുമെന്ന് അയാളുടെ മകനെന്നു
തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു
ഞാൻ കാത്തിരുന്നു
അല്പസമയം കഴിഞ്ഞ്
അയാൾ കയറി വരുന്നതു കണ്ട്
ഞാൻ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു
പക്ഷെ അയാൾക്ക് എന്നെ തീരെ പരിചയം കിട്ടിയില്ല
എന്നെപ്പോലൊരാളെ കണ്ടതായി ഓർക്കുന്നില്ലെന്ന്
അയാൾ പറഞ്ഞു.

പിന്നെ
തപ്പാലാപ്പീസിലെ
ശിപായിയെ ഞാൻ അന്വേഷിച്ചു
അയാൾ സർവീസിൽ നിന്നും പിരിഞ്ഞു പോയിരുന്നു
എനിക്ക് എത്രയോ കത്തുകളും പത്രമാസികകളും മണി ഓർഡറുകളും വന്നിരുന്ന തപ്പാലാപ്പീസ്
അവിടെയുള്ള ഒരാൾക്കും എന്നെയോ എൻ്റെ പഴയ വിലാസമോ
തിരിച്ചറിയാൻ കഴിഞ്ഞില്ല

ഇവിടെ സർവ്വരും
ഓർമ്മ നഷ്ടപ്പെട്ട പോലെ
പെരുമാറുന്നു

അവർ സത്യം തന്നെയാണോ പറയുന്നത്?
അതോ ഏതെങ്കിലും ഭീതിയിൽ മറവി
അഭിനയിക്കുകയാണോ?

മറവിക്കാർക്കിടയിൽ എനിക്കൊരാൾക്കു മാത്രം
ഓർമ്മകളുള്ള
വളരെ വിചിത്രമായ സാഹചര്യം

തകർന്ന തെരുവുകളിലൂടെ
ഞാൻ കടന്നു പോകുന്നു
പുതിയ കെട്ടിടങ്ങൾക്കരികിലൂടെ
പുതിയ കമ്പോളങ്ങളിലൂടെ
ഞാൻ കടന്നുപോകുന്നു
ദുരിതത്തിന്റെ ഇടനാഴികളിലൂടെ
ഞാൻ കടന്നുപോകുന്നു

കടന്നു പോകുന്നവഴികൾ
പഴയതു തന്നെയെന്നു വിശ്വസിക്കാനാവുന്നില്ല

എൻ്റെ നാടു തന്നെ
നാട്ടുകാർ തന്നെയെന്നതു വിശ്വസിക്കാനാവുന്നില്ല
അകം കുത്തിക്കീറി കുടൽ പുറത്തെടുക്കുന്ന
കൂർത്ത നോട്ടങ്ങൾ
എന്നെ പിന്തുടരുന്നു

എങ്കിലും ഞാനിനി
ഈ മണ്ണു വിട്ടു പോവുകയില്ല

മാറി മറഞ്ഞ വഴികളുടെ
പഴയ പേരുള്ള മണ്ണേ
ഞാൻ തിരിച്ചു വന്നിരിക്കുന്നു
നിന്നിൽ എൻ്റെ ഉപ്പും ലവണങ്ങളും അലിയിച്ചു കളയാൻ
ഒരിക്കൽ നഷ്ടപ്പെട്ട
നിൻ്റെ സ്നേഹം
തിരിച്ചെടുക്കാൻ

ദാരുണമായി വധിക്കപ്പെട്ട്
ബലിയാടുകളായി
മാറിയവരോടു നീതി പുലർത്താൻ
എന്നോടൊപ്പം പോരാടിയവരോടുള്ള കടപ്പാടു തീർക്കാൻ
എന്നെ പ്രേമിച്ചിരുന്നവളുടെ
ഓർമ്മകളോടൊത്തു കഴിയാൻ
ഞാൻ വന്നിരിക്കുന്നു

എവിടെയും ചടഞ്ഞിരിക്കാനായല്ല
എല്ലാം കീഴ്മേൽ മറിഞ്ഞു കിടക്കുന്ന
മറവിയുടെ ഈ രാജ്യത്ത്
കാണാതായ എൻ്റെ അടയാളങ്ങൾ കണ്ടെടുക്കാൻ
വെയിലിലും മഴയിലുമിട്ട്
അതു തുടച്ചു മിനുക്കി വെക്കാൻ മറവിയിലേക്ക്
കൂപ്പുകുത്തിയ
എൻ്റെ ജനങ്ങളുടെ ഓർമ്മകൾ കുത്തിയിളക്കിക്കൊണ്ട്
ഞാനിവിടെത്തന്നെയുണ്ടാകും.

പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like