പൂമുഖം പുസ്തകപരിചയം ചില സാധാരണ മനുഷ്യർ

ചില സാധാരണ മനുഷ്യർ

പ്രിയ സുഹൃത്തും അടയാളം ഖത്തറിന്റെ സജീവ പ്രവർത്തകനുമായ ശ്രീ കൊളച്ചേരി കനകാംബരന്റെ ‘ചില സാധാരണ മനുഷ്യർ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്. ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഇത് സാധാരണ മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണ്. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ചുറ്റും എവിടെയും കാണാവുന്ന മനുഷ്യർ. മലബാറിലെ പ്രത്യേകിച്ച് ഉത്തര മലബാറിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ യഥാർത്ഥ തുടിപ്പുകളാണ് ഈ കഥകളിലുള്ളത്. ഇതിൽ പലതരത്തിലുള്ള മനുഷ്യർ കടന്നു വരുന്നുണ്ടെങ്കിലും അവരെല്ലാവരും പൊതുവായി അനുഭവിക്കുന്ന വേദനകളും, അന്തഃസംഘർഷങ്ങളുമൊക്കെ ഒരു പോലെയുള്ളതാണ് എന്ന് കാണാൻ കഴിയും.

ലാളിത്യമാണ് ഈ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയാം. ഏതൊരു വായനക്കാരനും ആദ്യവായനയിലൂടെത്തന്നെ, ഏറ്റവുമെളുപ്പം കഥാപാത്രങ്ങളിലേക്കെത്താൻ കഴിയുന്ന വിധമാണ് ഈ കഥകളുടെ രചന നിർവഹിച്ചിരിക്കുന്നത്. ഒട്ടും തന്നെ ദുരൂഹമല്ലാത്ത അവതരണ ശൈലിയാണുള്ളത്. അതി ഗഹനമായ ആശയങ്ങൾക്കോ ആഖ്യാനങ്ങൾക്കോ കഥാകൃത്ത് മിനക്കെട്ടിട്ടില്ല. വളരെ സാധാരണമായ സാമൂഹിക സാഹചര്യങ്ങളെ അതീവ ലളിതവും ഹൃദ്യവുമായ ഭാഷയിൽ, നേരിട്ടു വായനക്കാരനുമായി സംവദിക്കുന്ന ഒരെഴുത്തു രീതിയാണ് ഈ കഥകളിലുടനീളമുള്ളത്. പ്രാദേശികമായ നാട്ടുഭാഷയുടെ സൗന്ദര്യം എഴുത്തിൽ വിളക്കിച്ചേർക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുമുണ്ട്. കനകാംബരൻ ജീവിച്ചു വളർന്ന സാമൂഹ്യ പരിസരം അതിനു സഹായിച്ചിരുന്നിരിക്കണം.

20 വർഷങ്ങളിലായി പല സന്ദർഭങ്ങളിൽ എഴുതിയ 18 കഥകളുടെ സമാഹാരമാണിത്. ഇതിലെ മിക്കവാറും കഥാപാത്രങ്ങളും ഏതെങ്കിലുമൊക്കെ തരത്തിൽ പ്രവാസ ജീവിതത്തിന്റെ സംഘർഷങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നവരാണ് എന്ന് കാണാം. ഇന്ത്യയിലെ തന്നെ ഭുജ്, ദൽഹി തുടങ്ങിയ പല നഗരങ്ങളിലും ഉപജീവനാർത്ഥം പ്രവാസിയായി മാറുന്ന മനുഷ്യർ ഈ കഥകളിലുണ്ട്. അതുപോലെ തന്നെ രാജ്യത്തിനു പുറത്ത് സിലോണിലും മലേഷ്യയിലും സിങ്കപ്പൂരിലും, മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളിലും പ്രവാസിയായി ജീവിക്കുന്ന മനുഷ്യരുമുണ്ട്. അവരുടെയൊക്കെ അസ്തിത്വസംബന്ധിയായ ആശങ്കകളും, ആകുലതകളും ഒരുപക്ഷെ മിക്കവാറും കഥകളിൽ ഒരടിസ്ഥാന ഭാവമായിത്തന്നെ നമുക്ക് ദർശിക്കാനാകും. പ്രവാസി വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ മലബാറിലെ സാമൂഹിക പരിസരങ്ങളിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത ഈ എഴുത്തിൽ അതുണ്ടാവുക സ്വാഭാവികവുമാണ്.

അത്തരത്തിൽ പ്രവാസ ജീവിതത്തിന്റെ നോവ് നേർക്കുനേർ ചിത്രീകരിക്കുന്ന കഥയാണ് ‘മേള’. അതിൽ പ്രശാന്തൻ എന്ന പ്രവാസിയായ മകനു വേണ്ടിയുള്ള ശ്രീദേവി എന്ന അമ്മയുടെ കാത്തിരിപ്പുണ്ട്‌. കുടുംബത്തിന്റെ വലിയ പ്രയാസങ്ങൾ ഒറ്റയ്ക്ക് പേറേണ്ടി വന്ന അനേകം പ്രവാസികളുടെ ഒരു പ്രതിനിധിയായിട്ടാണ് പ്രശാന്തനെ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലിരുന്ന് നാം സ്വപ്നം കാണുന്ന തിളങ്ങുന്ന ഒരു ഗൾഫുണ്ട്, എന്നാൽ യഥാർത്ഥത്തിൽ മഹാഭൂരിപക്ഷം അനുഭവിക്കുന്ന അത്രയൊന്നും തിളക്കമില്ലാത്ത ഒരു ഗൾഫുമുണ്ട്. ആ വലിയ വിഭാഗം സമൂഹത്തെയാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും പ്രതിനിധീകരിക്കുന്നത്. ആൾക്കൂട്ടങ്ങളിൽ കുട്ടികളെ രസിപ്പിച്ചു നടക്കുന്ന മുഖമില്ലാത്ത ബൊമ്മക്കൂട്ടങ്ങളിൽ ഒരാൾ താനാണെന്ന് സ്വന്തം അമ്മയോടെങ്ങിനെ പറയുമെന്നു ആകുലപ്പെടുന്ന പ്രശാന്തൻ കഥ വായിച്ചു കഴിഞ്ഞാലും നമ്മളിൽ നിന്ന് ഇറങ്ങിപ്പോകില്ല.

തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയാണ് ‘മാലാപ്പറമ്പിലെ പെണ്ണുങ്ങൾ’. ഒരു കൂട്ടം പെണ്ണുങ്ങളുടെ സമ്മർദ്ദ സമരത്തിന്റെ കഥയാണിത്. മാലാപ്പറമ്പിലെ വരൾച്ചയാണ് വിഷയം. നിത്യോപയോഗത്തിന് വെള്ളം എത്തിച്ചു തന്നില്ലെങ്കിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യില്ല എന്ന് ഒരു സ്ത്രീ പ്രഖ്യാപിക്കുന്നു. അതിനെ വലിയ ഗൗരവത്തിലെടുക്കാൻ രാഷ്ട്രീയ നേതാക്കളും പ്രാദേശിക ഭരണകൂടങ്ങളും കൂട്ടാക്കിയില്ല. പിന്നീട് അത് മാലാപ്പറമ്പിലെ മുഴുവൻ സ്ത്രീകളുടെയും ഒരുമിച്ചുള്ള ശബ്ദമായി മാറുകയും അവരുടെ സമരത്തിന് വിജയം കാണുകയും ചെയ്യുന്നതാണ് കഥയുടെ രത്നച്ചുരുക്കം. ഒറ്റവായനയിൽ വലിയ പ്രത്യേകതയൊന്നുമില്ലാത്ത ഒരു കഥയായി തോന്നാമെങ്കിലും, ഒരുമിച്ചു നിന്നാൽ നേടിയെടുക്കാൻ പലതുമുണ്ടെന്ന രാഷ്ട്രീയ സത്യത്തെ അടിവരയിടുന്നതാണ് ഈ കഥയുടെ ഗുണപാഠം. നമ്മുടെ സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതിന് ഏറെ പ്രസക്തിയുമുണ്ട്.

ഈ സമാഹാരത്തിൽ ഭാഷയുടെ വഴക്കങ്ങൾകൊണ്ടും, പ്രമേയപരമായ മൗലികത കൊണ്ടും മികച്ചു നിൽക്കുന്ന കഥയാണ് ‘മായനിക്കയുടെ ചിന്തകൾ’. ക്രാഫ്റ്റിലും ഈ കഥ എറെ മുന്നിലാണ് എന്ന് കാണാം. നീണ്ട കാലത്തെ പ്രവാസജീവിതം കൊണ്ട് ധാരാളം സമ്പത്തുണ്ടാക്കുകയും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുകയും അവർക്ക് വലിയ വീടുവെച്ചുകൊടുക്കുകയും മരുമക്കൾക്ക് വലിയ വാണിജ്യസ്ഥാപങ്ങൾ പണിതുകൊടുക്കുകയും ഒക്കെ ചെയ്യുന്ന മലബാറിലെ പ്രമാണിയെങ്കിലും, ഒരു സാധാരണ മനുഷ്യനെ ചുറ്റിപറ്റിയാണ് ഈ കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെ പല തരത്തിലുള്ള വ്യവഹാരങ്ങളോട് ബന്ധപ്പെട്ടു നിൽക്കുന്ന വിവിധ തലങ്ങളിലുള്ള മനുഷ്യരുടെ സ്വാഭാവികവും, അതീവ ഹൃദ്യവുമായ മനുഷ്യ ബന്ധങ്ങളെയാണ് ഈ കഥയിൽ വരച്ചിടുന്നത്. സവിശേഷമായ മലബാറിന്റെ വാമൊഴി വഴക്കങ്ങളെ സുന്ദരമായി വിളക്കിച്ചേർത്തിട്ടുള്ളതും ഈ കഥയിൽ തന്നെയാണ്.

കൊളച്ചേരി കനകാംബരൻ

അതുപോലെ പ്രണയവും, വിവാഹവും, വിവാഹ മോചനവുമൊക്കെ കേവലം വൈകാരികമോ, അല്ലെങ്കിൽ സഹതാപമോ ഉളവാക്കുന്ന കാര്യമായി മാത്രം അവതരിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ സ്വാഭാവിക സംഗതികൾ മാത്രമായി പറഞ്ഞുപോകുന്ന കഥയാണ് ‘പുതുവർഷം’ എന്ന കഥ. ഇതിൽ അത്ഭുതപ്പെടാനോ സകടപ്പെടാനോ ഒന്നുമില്ല. ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് ഈ കഥ അർത്ഥശങ്കയ്ക്കിടയില്ലാതെ സ്ഥാപിക്കുന്നു. ഈ സമാഹാരത്തിലെ സ്ത്രീപക്ഷ ആഭിമുഖ്യം പുലർത്തുന്ന കഥയെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘വാർദ്ധക്യത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്കാവില്ല. മകൾ, ഭാര്യ, അമ്മ, മുത്തശ്ശി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സ്ത്രീകൾ ജീവിക്കേണ്ടതെന്ന പിടിവാശി എന്തിനാണ് ?’ എന്ന് മാളവിക എന്ന കഥാപാത്രം പറയുമ്പോൾ ഇടിഞ്ഞു വീഴുന്നത് സമൂഹം പ്രത്യേകിച്ചും സ്ത്രീകൾക്ക് മുന്നിൽ തീർത്ത പല തരത്തിലുള്ള അദൃശ്യമായ കോട്ടകൾ തന്നെയാണ്.

എഴുത്തിലെ പുതിയ പരീക്ഷണങ്ങളോ, അതിഗൂഢ ആശയങ്ങളോ പ്രതീക്ഷിച്ച് ഈ പുസ്തകം വായിക്കാൻ ശ്രമിക്കുന്നവർ തെല്ലൊന്ന് നിരാശപ്പെടേണ്ടി വരും. ഈ പുസ്തകത്തിന്റെ അവതാരികയിൽ ഷീല ടോമി എഴുതുന്നുണ്ട്. “ഈ കഥകളിൽ അമാനുഷ കഥാപാത്രങ്ങളൊന്നുമില്ല. എല്ലാ ശക്തി ദൗർബല്യങ്ങളുള്ള സാധാരണ മനുഷ്യർ മാത്രമാണുള്ളത് “. ഈ കഥകൾ മലയാള സാഹിത്യത്തിൽ ഒരിടിമുഴക്കം സൃഷ്‌ടിക്കുമെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. എങ്കിലും നാട്യങ്ങളൊന്നുമില്ലാതെ, ഭാഷയിലെയും ആഖ്യാനത്തിലെയും ലാളിത്യം കൊണ്ടും മൗലികമായ രചനാ സൗകുമാര്യം കൊണ്ടും ഈ കഥകൾക്ക് തന്റേതായ ഒരിരിപ്പിടമുണ്ടായിരിക്കുമെന്ന കാര്യം ഉറപ്പിച്ചു തന്നെ പറയാൻ കഴിയും.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like