പൂമുഖം LITERATUREകഥ സഹദേവൻ സന്തോഷിക്കാൻ തുടങ്ങിയത്

സഹദേവൻ സന്തോഷിക്കാൻ തുടങ്ങിയത്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“സീതിയുടെ പെട്ടിക്കടയിൽനിന്നു കാലിച്ചായ കുടിച്ചു നാലാം ഗേറ്റിലെ റയിൽപ്പാത മുറിച്ചുകടക്കുന്നതിനിടയിൽ ഗോപാലേട്ടൻ ബീഡിക്കു തീ കൊളുത്തി. അല്ലെങ്കിലും റെയിൽ പാളത്തിനരികിലെ ബീഡി ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ!”

സഹദേവൻ വായന നിർത്തി വാരിക മുറിയുടെ മൂലയിലേക്ക് ഒരേറു കൊടുത്തു. ഈ കഥ മാത്രമല്ല, ല്ലവൻ എഴുതിയ ഒരു കഥയും മേലാൽ വായിക്കില്ല എന്നൊരു പ്രതിജ്ഞയും എടുത്തു. “ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ” പോലും! ഗോപാലേട്ടന്റെ പതിവുകൾ വായനക്കാരൊക്കെ അറിഞ്ഞിരിക്കണം എന്ന് അങ്ങ് തീരുമാനിച്ചു, വിധി പ്രസ്താവിച്ചിരിക്കുകയാണ്. ആരാണീ ഗോപാലേട്ടൻ, പതിവുകളൊക്കെ എല്ലാവരും അറിഞ്ഞിരിക്കാൻ!

കാര്യങ്ങളിൽ ഇത്തരം നിലപാടുകൾ അയാൾ എന്നും വച്ചുപുലർത്തിയിരുന്നു. വായനയിൽ മാത്രമല്ല, ജീവിതത്തിലെ പല കാര്യങ്ങളിലും അയാൾ അങ്ങനെതന്നെ. ഇതുകാരണം ജീവിതം പൊതുവെ ലളിതവും മനോഹരവുമായ ഒരു സംഭവമാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പാടില്ല എന്ന് തോന്നുന്നത് ചെയ്യില്ല എന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി ചെയ്‌താൽ മതിയല്ലോ!

എന്റെ അറിവിനേയോ അറിവില്ലായ്‌മയെയോ പറ്റി ഒരു മുൻവിധി എടുക്കാൻ എന്നെ ഒട്ടും അറിയാത്ത അവന് എന്തധികാരം? അത് ശുദ്ധ അഹങ്കാരം,” വാരിക വലിച്ചൊരേറു കൊടുത്തിട്ടു കസേരയിൽനിന്നു എണീറ്റപ്പോൾ സഹദേവൻ ഉള്ളിൽ പറഞ്ഞു.

ഞായറാഴ്ച ആത്മരോഷം കൊള്ളുന്നത് പൊതുവെ ഇഷ്ടമുള്ളകാര്യമല്ല. അന്ന് ഒഴിവുദിനത്തിലെ ആലസ്യത്തിനു പൂർണമായും കീഴടങ്ങുന്നതാണ് അയാളുടെ പതിവ്. മോളുറങ്ങുന്ന സമയം നോക്കി അടുക്കളയിൽ കയറിയാൽ അടുപ്പിനടുത്തു നിൽക്കുന്ന ശൈലജയെ പിറകിൽ നിന്ന് കെട്ടിപ്പിടിക്കാം. പിൻകഴുത്തിലും, അടുപ്പിൽനിന്നു തട്ടിയ ചൂട് പടർന്ന അടിവയറ്റിലും ഉമ്മവെക്കാം. അവള് ശല്യം ഭാവിച്ചു പിടിച്ചുമാറ്റും. സാരമില്ല…

അതും കഴിഞ്ഞു പോർട്ടിക്കോയിലേക്കു നടക്കുന്നതിനിടയിൽ സഹദേവൻ സ്വയം ചോദിച്ചു: ഈയിടെയായി ആത്മരോഷം കുറേ കൂടുതലാകുന്നുണ്ടോ? പലതും പെട്ടെന്ന് സഹിക്കാൻ വയ്യാതെയാകുന്നല്ലോ… സഹിഷ്ണുതയുടെ അതിരുകൾ കൂടുതൽ കൂടുതൽ അടുത്തേക്ക് വരുന്നുണ്ടോ? മാക്സിമം ടോളറൻസ് ലെവൽ കുറയുന്നോ? എങ്കിൽ അതൊരു ശരിയായ പോക്കല്ലല്ലോ. ഇനിയത് കിളവനായി തുടങ്ങുന്നതിന്റെ ലക്ഷണമോ മറ്റോ ആണോ..!

തലേന്ന് പെയ്ത മഴയത്തു ഗേറ്റിനു വെളിയിൽ കണ്ട വെള്ളക്കെട്ട് അല്പംപോലും കുറഞ്ഞിട്ടില്ലെന്നു സഹദേവന് മനസ്സിലായി. വരാന്തയിൽ നിന്ന് നോക്കിയാൽ തന്നെ അത് പിടികിട്ടും. ഒരേ അകലത്തിൽ പൊങ്ങിയും താണും നീങ്ങുന്ന കുടത്തലപ്പുകൾ കണ്ടാൽ അറിയാം ആരോ റോഡിന്റെ അരികിൽകൂടി വെള്ളം തൊടാതെ ചാടി ചാടി നടന്നു പോകുന്നുണ്ട്.

അപ്പുറത്തെ ഓട മൂടി മണ്ണ് ഇറക്കിയിട്ടു ഒരാഴ്ച്ചയിലേറെയായി. പുതുതായി ഉയരുന്ന അപാർട്മെന്റ് കെട്ടിടത്തിന് പണിക്കുള്ള മണ്ണാണ്. അവരുടെ കോമ്പൗണ്ടിൽ ഇനി ഇടാൻ ഇടമില്ല. അതിനുള്ളിൽ ഇതിനകം ഇറക്കിയ കല്ലും കമ്പിയും തടിയുമൊക്കെ കൂനകൂടി കിടക്കുന്നു. ആദ്യം കൊണ്ടുവന്ന മണ്ണിന്റെ മല അകത്തു അതുപോലെ നിൽക്കുന്നു. അതിനു മുകളിൽ കേറിയിരുന്നു ആന്റോ മേസ്തിരി ബീഡി വലിച്ചു വിടുന്നത് ഇന്നലെയും കണ്ടിരുന്നു. അതിനിടയ്ക്കാണ് പുതിയ ലോഡ് വന്നത്. ആ വാർഡിലെ ആർക്കും അവിടത്തെ ഏർപ്പാടുകൾ മനസ്സിലായിട്ടില്ല. റോഡ് ശല്യപ്പെടുത്തരുതെന്ന് പല തവണ പറഞ്ഞു. കോൺട്രാക്ടറും പണിക്കാരും അളിഞ്ഞ ചിരിയും തന്നു അകത്തു മറയും. റോഡിൽ മണ്ണിറക്കുന്ന കാര്യം ചോദിച്ചപ്പോ ആന്റോ മേസ്തിരിക്കും ഒന്നും പറയാനില്ലായിരുന്നു. എഞ്ചിനീയർ സാറാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണു അയാൾ പറഞ്ഞത്. ഇന്ന് ചോദിച്ചാലും അതേ പറയൂ. അപ്പോപ്പിന്നെ ചോദിക്കാരിത്തിരിക്കുന്നതാണ് ബുദ്ധി എന്ന് അയൽക്കാർക്കെല്ലാം അറിയാം. എഞ്ചിനീയർ പിന്നെ ഗേറ്റിനകത്തേ കാർ നിർത്താറുള്ളു.

ചെടി നനയ്ക്കാൻ ഹോസ് എടുത്തു നടക്കുന്നതിനിടയിൽ സഹദേവൻ സ്വയം തീരുമാനം എടുത്തു. ഇല്ല, ഇന്നിനി ചൂടാവുകയില്ല. ഇനി നാളെ ഓഫീസിൽ പോകുന്നത് വരെ എല്ലാം ക്ഷമയോടെ നേരിടും. തമ്പിയദ്ദ്യം പറഞ്ഞതാണ് ഓർമ വന്നത്. എന്ത് കണ്ടാലും കേട്ടാലും മൂന്ന് തവണ ദീർഘനിശ്വാസം വിട്ടാൽ ഉള്ള് തണുക്കും. നെഞ്ചിലെ മിടിപ്പ് സമാധാനത്തിലായിരിക്കും. എന്നിട്ടേ പ്രതികരിക്കാവൂ. അത് ഗുണമേ ചെയ്യൂ.

ഈയിടെയായി ദീർഘനിശ്വാസം വിട്ടുവിട്ട് ഒരു വകയായി. എടുത്ത വാക്കിനു ആത്മരോഷം തിളച്ചു ഓരോന്ന് ചോദിക്കുകയും ഉടക്കുകയും ചെയ്തു ആകെ ഒരു റബലിൻറെ പരിവേഷമാണ് തനിക്കു എന്ന് അയാൾക്കറിയാം..വെറുതെ വയ്ക്കുന്ന ഉണ്ടയില്ലാ വെടികളാണ് തന്റെ ആത്മരോഷ സ്‌ഫോടനങ്ങൾ എന്നും തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതു പ്രകോപനത്തിലും കുലുങ്ങാത്ത നല്ലൊരു മനുഷ്യനാണ് വടക്കേ നടയിൽ താമസിക്കുന്ന തമ്പിയദ്ദ്യം. തന്തയ്ക്കു വിളിച്ചാലും പുഞ്ചിരിക്കുന്ന ശുഭ്ര വസ്ത്രാങ്കിതൻ. തനിക്കു അതുപോലെ ആകാൻ കഴിയുകയില്ല എന്ന് സഹദേവന് നല്ലതുപോലെ അറിയാം. മനസ്സിലെങ്കിലും പൊട്ടിത്തെറികൾ നടക്കുന്നുണ്ട്. കഥാകൃത്തിന്റെ അഹങ്കാരം അങ്ങനെയൊരു അമിട്ടിനാണ് രാവിലെ തീ കൊളുത്തിയത്. എന്തൊക്കെയായാലും ഈ ഒഴിവു ദിവസം സമാധാനമായി ഇരിക്കാൻതന്നെ അയാൾ ഉറച്ചു.

അടുത്ത നിമിഷം തന്നെ ആ ഉറപ്പു പൊളിയുകയും ചെയ്തു.

ടീ ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. ഹോസ് കൈമാറി പിടിച്ചുകൊണ്ടു ഫോൺ എടുക്കുന്നതിനിടെ അത് കൈയിൽ നിന്ന് വീണു വെള്ളം അനിയന്ത്രിതമായി നാലുപാടും ചീറ്റി. ഗേറ്റിനപ്പുറത്തുകൂടി കടയിൽ പോവുകയായിരുന്ന ശിവൻ പിള്ളയുടെ മേലേക്കും വെള്ളം പൊടിമഴ പോലെ വീണു. ശിവൻ പിള്ള വളരെ പ്രചാരമുള്ള രണ്ടക്ഷര തെറി ഉറക്കെ ആത്മഗതം ചെയ്തു. അത് തന്നെ മാത്രം ഉദ്ദേശിച്ചാണെന്നു സഹദേവന് മനസ്സിലായി. കാരണം തന്റെ ഗേറ്റിനോട് ചേർന്ന് മൂത്രം ഒഴിക്കുന്നത് മുടങ്ങാത്ത അനുഷ്ഠാന കല ആക്കിയ അയാളെ തെറി വിളിക്കുകയും അയാൾ തിരിച്ചു വിളിക്കുകയും ചെയ്യുന്നത് പതിവാണ്. വിട്ടു കൊടുത്തില്ല. തിരിച്ചും ഉറക്കെ ആത്മഗതം ചെയ്തു.

ഇങ്ങനെയൊന്നും അല്ലായിരുന്നു പണ്ടൊക്കെ. എല്ലാവരോടും നല്ല വാക്കുകൾ മാത്രം പറഞ്ഞിരുന്നു എന്നുമാത്രമല്ല ഉള്ളും എപ്പോഴും ശാന്തമായിരുന്നു. സഹിക്കാൻ വയ്യാത്തത് ചുറ്റും സംഭവിക്കുമ്പോഴും ചുമ്മാ കേറി ദേഷ്യം പിടിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലും നാട്ടിലും സർവ സമ്മതനായ ഒരു കക്ഷിയായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നു എന്ന് ഇപ്പോൾ വിശ്വസിക്കാൻ പോലും വയ്യ.

ഓഫീസിലേക്ക് പോകാൻ പിറ്റേന്ന്‌ തൻ്റെ മടിയൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന താളത്തിനൊത്തു സഹദേവൻ ഉള്ളിൽ പ്രതിജ്ഞ എടുത്തു: ഇല്ല, ഇന്ന് മൊത്തം കൂൾ ആയിരിക്കും. റോഡിൽ ആരെന്തു ചെയ്താലും, ഓഫീസിൽ ഡിവിഷണൽ മാനേജരോ അവനെ മസ്കിയടിച്ചു പിറകെ തൂങ്ങുന്ന അവന്റെ എർത്തുകളോ എന്തു പോക്രിത്തരം പറഞ്ഞാലും, ചെയ്താലും ഒരു പ്രശ്നവും ഇല്ല. താനായിട്ട് ഉടക്കുന്ന പരിപാടിയില്ല. അങ്ങോട്ടൊരു തെറി പറഞ്ഞു പ്രകോപിപ്പിക്കുന്ന സംഭവം ഉണ്ടാകില്ല. ബുദ്ധഭഗവാന്റെ രൂപമാണ് മനസ്സിൽ തെളിഞ്ഞത്.

ശൈലജ പിറകിൽ കേറി ഇരുന്നപ്പോൾ പതിവുപോലെ ഇരിപ്പ് അഡ്ജസ്റ്റുചെയ്യാൻ കുറേ ഇളകിയാടി. ബൈക്ക് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞു. ക്ഷമിച്ചു. നോ പ്രോബ്ലം. സഹദേവൻ കാലു നിലത്തു അമർത്തി കൈയിൽ ബൈക് ഒതുക്കി അവൾക്കു സൗകര്യം ചെയ്തു. ഒരു നിയന്ത്രണവുമില്ലാതെ, തോന്നിയതുപോലെ പായുന്ന ട്രാഫിക്കിൽ ശൈലജ എന്തോ പറഞ്ഞതൊക്കെ ഹെൽമെറ്റിൽ തട്ടി തെറിച്ചുപോയി. ചൂടുപിടിച്ചുവരുന്ന തെളിഞ്ഞ പകലും, ഉണർന്നു ജീവൻ വയ്ക്കുന്ന നഗരത്തിന്റെ തുടിപ്പും അയാളെ ആഹ്ലാദിപ്പിച്ചു. പൊളിഞ്ഞു തൂങ്ങുന്ന പാലത്തിലെ ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോളും അതായിരുന്നു മാനസികാവസ്ഥ. ബ്ലോക്ക് വെട്ടിച്ചു ഫുട്‍ പാത്തിൽ ഇരച്ചു കേറി പാഞ്ഞ ഫ്രീക്കൻ സ്‌ളാബിനിടയിലെ വിടവിൽ തട്ടി തലയടിച്ചു തെന്നി വീണത് കണ്ടപ്പോൾ അയാൾക്ക് ഭയങ്കര സന്തോഷം തോന്നി.

ബാങ്കിന് മുൻപിൽ ഇറക്കിയപ്പോൾ ശൈലജ നേരത്തെ ഹെൽമെറ്റിൽ തട്ടിപ്പോയത് ആവർത്തിച്ചു, “വൈകിട്ട് സ്കൂൾ ബസ് അതുവഴി വരില്ല. മോൾ ഇവിടെ ഇറങ്ങാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഓട്ടോയിൽ വന്നോളാം.”

ഒരു പ്രശ്നവുമില്ല. സഹദേവൻ ബൈക്ക് വിട്ടു. അപ്പൊ, വൈകിട്ട് ബൈക്ക് ജംഗ്ഷനിൽ വയ്ക്കുന്നു, ബാറിൽ ഷിബുഭായ്, പ്രദീപൻ, ജെയിംസ് എന്നിവരോട് നർമ സല്ലാപം. ഓഫീസിൽനിന്നു രാജീവനേം കേറ്റാം. ആഹ്ലാദം തുടരുന്നതിൽ അയാൾക്ക് തന്നോട് തന്നെ ഒരു മതിപ്പു തോന്നി.

വേ ബിൽ പണിക്കിടയിലാണ് സഹപ്രവർത്തകൻ ഉത്തമൻ ഒരു കൈയിൽ ലഡ്ഡുവും മറ്റേ കൈയിൽ നോട്ടീസുമായി വന്നത്. ചന്ദനക്കുറി അയാളുടെ നെറ്റിയും കടന്നു ഭിത്തിയിലേക്കും അതുവഴി മുറ്റത്തേക്കും നീളുന്നതുപോലെ തോന്നി അയാൾക്ക്. ലഡ്ഡു തിന്നുകൊണ്ടിരിക്കുമ്പോൾ നോട്ടീസ് മുന്നിലേക്ക് നീണ്ടുവന്നു. അതിനു പിറകിൽ ഉത്തമന്റെ ഐശ്വര്യമുള്ള ചിരിയും ഉണ്ടായിരുന്നു. അമ്പലത്തിലെ ഉത്സവത്തിന്റെ അറിയിപ്പാണ്. പിരിവാണ്.

നോ പ്രോബ്ലം. അതിനെന്താ. നല്ല കാര്യം. അപ്പൊ, ദേ വരുന്നു:

“ഇത്തവണ ആന ചെലവ് കൂടുതലാ. ഫണ്ടൊന്നും മതിയാകുന്നില്ല. അതുകൊണ്ട് ചെറിയൊരു നമ്പർ കളിച്ചു. സഹദേവനോടായതുകൊണ്ട് പറയുവാണ്. വേറെ ഇവിടെ ഒരുത്തനോടും പറയാൻ കൊള്ളത്തില്ല. അതായത്, ആനേം പ്രെഗ്നൻസീം കൂടെ അങ്ങ് ലിങ്ക് ചെയ്തു…!”

സഹദേവന്റെ തൊണ്ടയിൽ ലഡ്ഡു കുരുങ്ങി. ഒന്ന് തുമ്മി. ഉത്തമനെ അന്തംവിട്ടു നോക്കി.

“എന്നുവച്ചാൽ, ഒരു കുഞ്ഞിക്കാല് കാണാൻ യോഗമില്ലാത്ത കുടുംബങ്ങൾ ആനയെ സ്പോൺസർ ചെയ്‌താൽ ഒരു മാറ്റമൊക്കെ ഉണ്ടാവും എന്നങ്ങു പറഞ്ഞു. തൊഴാൻ വരുന്നവർ വഴി സംഗതി നാട്ടിലും അയൽ നാട്ടിലും പരന്നു. ഇപ്പൊ ക്യൂ ആണ്. ബാക്കിയുള്ള പണം അന്നദാനത്തിനു ഉപയോഗിക്കും!”

ഉത്തമനെ തോളത്തുതട്ടിക്കൊണ്ടു പഴ്സ് എടുത്തു.

സത്യത്തിൽ സഹദേവനുതന്നെ അത്ഭുതം തോന്നി. ഇന്നിനി ഡിവിഷണൽ മാനേജർ സുരേന്ദ്രൻസാറിനോട് ഉടക്കണമെന്നു വിചാരിച്ചാൽ പോലും അത് സാധിക്കില്ല എന്നയാൾക്ക്‌ ഉറപ്പായിരുന്നു!

അതൊരു ഭയങ്കര മാറ്റമായിരുന്നു. കാരണം, സുരേന്ദ്രൻസാറിനോട് ഉടക്കുന്നതു ഏതാണ്ട് നിത്യത്തൊഴിലായതു പോലെയായിരുന്നു അയാൾക്ക്. തിരിച്ചു പറഞ്ഞാൽ, സഹദേവന് ഉടക്കാൻ തോന്നുന്നത് മാത്രമേ സുരേന്ദ്രൻ ചെയ്യാറും പറയാറുമുള്ളൂ എന്നാണു സഹപ്രവർത്തകർ പറഞ്ഞു വന്നത്!

ഓഫീസിലേക്ക് വിളിപ്പിച്ചിട്ടു ചെന്ന് കേറുമ്പോ എന്നും കാണുന്ന സീൻ ഒന്നുതന്നെയായിരുന്നു. പറയാൻ മുരടനക്കി പെട്ടെന്ന് മേശയുടെ അരികിൽ വച്ചിരിക്കുന്ന വേസ്റ്റ് ബാസ്കറ്റ് എടുത്ത് അതിലേക്കു കാർക്കിച്ചു തുപ്പാണ്. ഒരു ലോഡ് കഫം കാണും ഓരോ തുപ്പിനും. സഹദേവനാണെങ്കിൽ വായിൽ വരുന്ന തെറി പറയാൻ അതിൽ കൂടുതൽ ഒന്നും വേണ്ടിയിരുന്നില്ല.

എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു ഒന്ന് ചൊറിയുവാനാണ് വിളിപ്പിക്കുന്നത് എന്ന് അയാൾക്കു നന്നായി അറിയാം. തന്നെ കണ്ണെടുത്താൽ കണ്ടുകൂടാത്ത മനുഷ്യനാണ് സുരേന്ദ്രൻ എന്ന് പുള്ളിക്കാരൻ ട്രാൻസ്ഫറായി വന്ന അന്ന് തന്നെ സഹദേവന് മനസ്സിലായിരുന്നു. തന്റെ നടപ്പും, ഇരിപ്പും, ഉറക്കെയുള്ള സംസാരവുമൊക്കെ സുരേന്ദ്രൻ വെറുക്കുന്നെണ്ടെന്ന് അറിഞ്ഞപ്പോ മുതൽ അതൊക്കെ ഒന്നുകൂടി തിരുമ്മി കയറ്റാൻ അയാൾ ശ്രദ്ധിക്കുമായിരുന്നു!

പലതവണ രാജീവൻ ചോദിച്ചു: “എന്റെ സഹദേവാ, അയാളെ വെറുതെ വിടെടാ. എന്തിനാണ് വെറുതെ പ്രകോപിക്കുന്നതു?! അയാൾക്ക് വേണമെങ്കിൽ ചുമ്മാ വിനോദത്തിനു വരെ നിനക്കിട്ടു പണിതരാൻ പറ്റും, അറിയാമോ?

അയാൾ അത് പുച്ഛിച്ചു തള്ളും. ന്യായമായി ചെയ്യാനുള്ളത് കൃത്യമായി ചെയ്യും, പറയാനുള്ളത് ഓപ്പണായി പറയും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. അതൊരു ക്ലൂ ആയിട്ടെടുത്താണ് നിത്യവും പാര വയ്ക്കുന്നവനും, ഡിഎമ്മിന്റെ വിശ്വസ്ത എർത്തുമായ ഓഫീസ് അസിസ്റ്റൻറ് വിജയൻ അയാൾക്കിട്ടു പാര പണിഞ്ഞുകൊണ്ടിരുന്നത്. വെളീൽ രാമേട്ടന്റെ മസാല ചായയ്‌ക്കു ചുറ്റും കൂടുന്നവരോടൊക്കെ എന്ത് കമന്റടിച്ചാലും വിജയൻ വളരെ കൃത്യമായി അത് സുരേന്ദ്രൻസാറിന്റെ ചെവീലെത്തിക്കും. സാറ് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി സഹദേവനെ മുറീൽ വിളിപ്പിച്ചുകഫം തുപ്പും. ഒരിക്കൽ സഹദേവൻ ഒരൊറ്റ ചോദ്യം ചോദിച്ചു: “ഇക്കണക്കിനു സാറിന്റെ ഭാര്യേം പിള്ളേരും അടുത്ത് വരുമ്പോളേ കഫം നാറുമല്ലോ …!”

പിറ്റേന്ന് സുരേന്ദ്രൻ സഹദേവനെ കസ്റ്റംസ് ക്ലിയ റൻസിന് വിട്ടു. ചുട്ടുപൊള്ളുന്ന പോർട്ട് യാർഡിൽ ദിവസം മുഴുവൻ അലഞ്ഞു തിരിച്ചു വരുമ്പോളേക്ക് ഓഫീസിൽ എല്ലാവരും പോയിരുന്നു. ഫയല് ചെയ്യാനുള്ളത് കീ ഇൻ ചെയ്തു സേവ് ചെയ്തു ഇറങ്ങുന്നതിനു മുൻപ് സുരേന്ദ്രൻ സാറിൻറെ മുറിയിൽ കയറി. പിറ്റേന്ന് തുപ്പാനായി പേപ്പറിട്ട് ക്ലീൻ ആക്കി വച്ചിരിക്കുന്ന വേസ്റ്റ് ബാസ്കറ്റിൽ അയാൾ ശബ്ദായമാനമായി തുപ്പി. സാറ് രാവിലെ വരുമ്പോളേ കണ്ടു കാര്യം മനസ്സിലാക്കി. വിജയനെ വിളിപ്പിച്ചു. വിജയൻ ചിരിച്ചുകൊണ്ട് ചുമ്മാ നിന്നു!

അങ്ങനെയൊക്കെയുള്ള സഹദേവൻ അന്ന് ഓർത്തു: എന്ത് മാറ്റം! സാധാരണ നിലയിൽ ഒരു തർക്കുത്തരത്തിൽ തുടങ്ങി നല്ല ഉടക്കിൽ എത്തേണ്ട സംഭവമാണ് ഉത്തമന്റെ പിരിവ്. അതിനു പകരം ഇതാ ആഹ്ലാദം, സമാധാനം. പരീക്ഷണത്തിൻറെ ഒരു പടിയും കൂടി കടന്നിരിക്കുന്നു.

ഈയിടെ ഒരു ഉച്ചയ്ക്ക് അകത്തെ സുഖിപ്പിക്കൽ ചിരി കഴിഞ്ഞു പുറത്തുവന്നു സഹദേവനെ നോക്കി ആക്കിയൊന്നു ചിരിച്ച വിജയനെ, അവന്റെ പിതാവിനെക്കുറിച്ചും മരിച്ചു മണ്ണടിഞ്ഞ പിതൃക്കളെ കുറിച്ചുമൊക്കെ ഓർമപ്പെടുത്തി ഒരു പരുവത്തിലാക്കിയതാണ് ഏറ്റവും അടുത്ത് നടന്ന സംഭവം. അതിന്റെ പേരിൽ എപ്പോ വേണമെങ്കിൽ അതിനു അകത്തുനിന്നു വിളി വരാം. അത് ഇന്ന് ആകരുതെ എന്നെ സഹദേവന് പ്രാർത്ഥന ഉണ്ടായിരുന്നുള്ളു. കാരണം ഇന്ന് ഒടക്കില്ലെന്ന പ്രതിജ്ഞയിലാണ്.

ആത്മഗതം തീരുന്നതിനു മുൻപേ അകത്തു നിന്നും വിളി വന്നു. രാജീവനും സിന്ധുവും കമ്പ്യൂട്ടറിൽ നിന്ന് തലപൊക്കി ചിരിയോടു ചിരി. അകത്തു കേറി അവനെ തട്ടിയേക്കാൻ പ്രേമചന്ദ്രൻ കൈകൊണ്ടു ആംഗ്യം കാണിച്ചു

പക്ഷേ ഡിഎമ്മിന്റെ ആക്രമണം സഹദേവൻ പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു. പണ്ട് തൊടുത്ത ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ കൂരമ്പിലൊരെണ്ണം തനിക്കു നേരെ വരുന്നോ എന്ന് അയാൾ സംശയിച്ചു.

“അതായത് … സഹദേവൻ ജോലികളെല്ലാം കൃത്യമായി ചെയ്യും …. “

ഡിഎമ്മിന്റെ ആദ്യത്തെ വെടിയാണ്. ഒഴിയണോ വേണ്ടയോ എന്ന് അടുത്ത വെടികൾ വന്നിട്ട് തീരുമാനിക്കും .

“കൃത്യമായി വരും, കൃത്യമായി പോകും,” സുരേന്ദ്രൻ തുടർന്നു.

സഹദേവന്റെ കണ്ണുകൾ രാപ്പിടിയന്റെ മുന്നിലെ ഇരയുടേത് പോലെയായി. പിടി വീഴും എന്ന് മാത്രം ഉറപ്പ് .

“അതാണ് കുഴപ്പം. ഈ കൃത്യത ഇവിടെ ശരിയാകില്ല. അളന്നു തൂക്കി വിളമ്പിയാൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങുകയില്ല. ഇഷ്ടം പോലെ വിളമ്പണം … ആ വിജയനെ കണ്ടു പഠിക്കണം. അതിരാവിലെ ഇവിടെ എത്തും. അങ്ങനെ എത്തേണ്ട കാര്യമില്ല, എന്നാലും എത്തും. വൈകിട്ട് ഞാൻ ആണ് അവസാനം പോകുന്നത്. അതും കഴിഞ്ഞേ വിജയൻ പോവുകയുള്ളു. സഹദേവൻ അത് കാണാൻ സാധ്യതയില്ല. അതിനിടയ്ക്ക് താൻ ഇവിടെനിന്നിറങ്ങി നാട്ടുകാരോടൊക്കെ ഉടക്കി ബാറിലെത്തിയിരിക്കും…!”

അതൊരൊറ്റ ശ്വാസത്തിൽ വന്നുകേറി.

ഉള്ളിലെന്തോ പൊട്ടിത്തെറിക്കുന്നതുപോലെ അയാൾക്ക് തോന്നി. പിന്നെ ഇരുട്ടായി. ഇരുട്ടിൽ നിന്നുകൊണ്ട് സഹദേവൻ മറുശ്വാസത്തിൽ വിശദീകരണം നൽകി

“സാറിനു തെറ്റി,” അയാൾ പറഞ്ഞു, ” ഞാൻ ബാറിലേക്കല്ല പോകാറ്. അവന്റെ കെട്ടിയവളുടെ അടുത്തേക്കാ…അവനോടു ഇനീം കുറച്ചുകൂടെ പതുക്കെ പോയാൽ മതിയെന്ന് സാറ് ഒന്ന് പറഞ്ഞേക്കുമോ?!!”

ഡിഎമ്മിന്റെ മുഖം കാണാൻ നിൽക്കാതെ അയാൾ മുറിയിൽ നിന്ന് ഇറങ്ങി.

താമസിച്ചില്ല. ലഞ്ചിന്‌ മുൻപ് ട്രാൻസ്ഫർ ഓർഡർ കിട്ടി. ചിമ്പു. അരുണാചൽ പ്രദേശ് തലസ്ഥാനം ഇറ്റാനഗറിൽ നിന്ന് ഏതാണ്ടൊരു ഒരു മണിക്കൂർ തെക്ക്.

നല്ല സ്ഥലമാണെന്ന് ഷിബുഭായ് വൈകിട്ട് ബാറിൽ വച്ച് പറഞ്ഞു. പുള്ളിക്കാരന്റെ അളിയൻ ഇറ്റാനഗറിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ കോൺട്രാക്ടർ ആയിരുന്നു. ജെയിംസും പ്രദീപനും രാജീവനും ഇടയ്ക്കിടയ്ക്ക് ചിരിക്കുകയും ഇടയ്ക്കിടയ്ക്ക് സീരിയസ് ആവുകയും ചെയ്തുകൊണ്ടിരുന്നു. സഹദേവൻ ഇടയ്ക്കിടയ്ക്ക് അക്ഷോഭ്യനായി, ഇടയ്ക്കിടയ്ക്ക് ഭാവിയിലേക്ക് നോക്കി.

പ്രേമചന്ദ്രൻ മൊബൈലിലെ ഗൂഗിൾ മാപ്പിൽനിന്നു കണ്ണെടുത്തുകൊണ്ടു പറഞ്ഞു,

“ശ്ശെടാ, അങ്ങനൊരു ബ്രാഞ്ച് ഉണ്ടോ എന്നത് പോട്ടെ…അങ്ങനൊരു സ്ഥലം ഉണ്ടോ എന്ന് തന്നെ ഇപ്പോളാണ് അറിയുന്നത്!”

സഹദേവൻ അക്ഷോഭ്യതയുടെ ഒരു നിമിഷത്തിൽ പറഞ്ഞു,”ഞാൻ അവിടെ ചെന്നില്ലെങ്കിൽ അവിടത്തെ കാര്യങ്ങൾ ഒന്നും ശരിയാകില്ലെന്നു സുരേന്ദ്രൻ!”

രാത്രി ടെലിവിഷൻ നിർത്തിയ ശൈലജയുടെ മുഖം സ്വാഭാവികമായും കറുത്തു. “സഹദേവന്റെ സ്വഭാവം മാറില്ല. എന്ത് ചെയ്യാനാണ്!”

ചിമ്പു അയാൾ വിചാരിച്ചപോലെ അല്ലായിരുന്നു. വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു കൊച്ചു ഗ്രാമം. പട്ടാള ക്യാമ്പുകളാണ് കൂടുതലും. അതിർത്തി അടുത്തെവിടെയോ ഉള്ളതുപോലൊരു തോന്നലാണ് ആദ്യം അനുഭവപ്പെട്ടത്‌. ഒരു മെഡിക്കൽ ഷോപ്പിൻറെയും പലചരക്കു കടയുടെയും മുകളിലുള്ള നിര മുറികളിൽ ഒന്നിൽ അയാൾ കൂടു കെട്ടി.

ഒറ്റപ്പെടൽ ആയിരുന്നു ഭയങ്കരം. പിന്നെ, ആഹാരവും.

ഓഫീസിലാകട്ടെ മലയാളികൾ ആരുമില്ല. എന്ന് മാത്രമല്ല, ആരും തന്നെയില്ല. ആകെ ഉള്ളത് ഒരു അസംകാരൻ പ്രീതം. കമ്പനിയുടെ ഒരു പുതിയ ഏജൻസി അവിടെ വേണോ വേണ്ടയോ എന്ന് പഠിക്കാനായി തുറന്ന ഒരു മുറി. അതിനായി നമ്മൾ ഒന്നും ചെയ്യേണ്ടതില്ല, നാട്ടുകാർ ചെയ്തോളും എന്ന ചിന്താഗതിക്കാരനാണ് പ്രീതം. ഭൂപെൻ ഹസാരികയുടെ മനോഹരമായ ഗാനങ്ങൾ നന്നായി പാടും അവൻ. അത് കേൾക്കാൻ സഹദേവന് ഒട്ടു തോന്നിയിട്ടുമില്ല.

ടൌൺ കണ്ടും മലയാളിയെ തപ്പിയും നടക്കുന്നതിനിടെ ദിവസവും പല തവണ വീട്ടിലേക്കു വിളിക്കും. രമേശൻ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നു അറിയുന്നത് തന്നെ സമാധാനം ആകേണ്ടതാണ്. പക്ഷേ, അങ്ങനെ ഒന്നും ആയില്ല.

അങ്ങനെ ഒരു വൈകിട്ട് നടന്നു നടന്നു അയാൾ ദിക്‌റോങ് പുഴക്കരയിൽ എത്തി. പാറകളിൽ തട്ടിയും തട്ടാതെയും ഒരു ധൃതിയും ഇല്ലാതെ ഒഴുകുന്ന പുഴ. ദൂരെ ഹിമാലയ നിരകളിലേക്കു വഴി കാട്ടുന്ന മലകളും കാടുകളും.

വേറെ എങ്ങോട്ടേക്കോ ഉള്ള വഴിയാണെന്ന് വിചാരിച്ചു നടന്നു. എന്തായാലും വന്ന സ്ഥിതിക്ക് കുറച്ചു നേരം പുഴക്കരയിൽ ഇരിക്കുമ്പോഴാണ് ആരുടെയോ ഉറക്കെയുള്ള ചിരി കേട്ടത്. നോട്ടം അവിടേക്കു എത്തുന്നതിനു മുമ്പേ നീട്ടിയൊരു വിളി അക്കരെവരെ മുഴങ്ങി…

“എന്റെ കർത്താവേ, ഈ സന്തോഷത്തിന്റെ പാനപാത്രം നീ എടുത്തോണ്ടു പോയേക്കല്ലേ!” നല്ല ഒന്നാന്തരം മധ്യതിരുവിതാംകൂർ മലയാളം! അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ശബ്ദത്തെ പിന്തുടർന്ന സഹദേവനെ കാത്തെന്നപോലെ അവർ ഇരിപ്പുണ്ടായിരുന്നു. പാറയുടെ മറവിൽ മരച്ചുവട്ടിൽ നാലുപേർ. അവർക്കു നടുവിൽ എന്തിനും പോന്ന മദ്യക്കുപ്പിയും ഗ്ലാസുകളും അനുസാരിയും. അവരിൽ അവൻ ആരാണെന്നു സഹദേവന് ഒരു സംശയവും തോന്നിയില്ല. ആ ചിരി കണ്ടാലറിയാം. എന്നും രണ്ടു നേരം കുളിക്കുന്ന ചിരി. മറ്റു മൂന്നുപേരാണ് അയാളെ അത്ഭുതപ്പെടുത്തിയത്. അവരാരും മലയാളികളല്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി.

മടിയില്ലാതെ, ഇത്ര പെട്ടെന്ന് പരിചയപ്പെടണമെങ്കിൽ അത് മലയാളിക്കേ പറ്റൂ എന്ന് ഉള്ളിൽ തോന്നിക്കഴിയും മുൻപേ ഒരു ഗ്ലാസ് അയാളുടെ നേർക്ക് നീണ്ടു. മൂവരിൽ ഒരുവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞതിൽ ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ടെന്നു സഹദേവന് തോന്നി.

“ആ, സെയിം സെയിം ..?!”

പിന്നീട് മുറിയിൽ എത്തിയപ്പോൾ അലക്സ് പറഞ്ഞു: “അവമ്മാരെ ആറിന്റെ കരയിലിരുന്നു മദ്യപിക്കുന്നതിന്റെ സുഖം ഞാനാ പഠിപ്പിച്ചേ. ഇപ്പൊ അവിടെ മതി, ആറ്റിലെ വെള്ളോം!

ഓണം കേറുന്നത് പോയിട്ട് ഓണം എന്ന് കേട്ടിട്ടുകൂടി ഇല്ലാത്ത ഈ മൂലയിൽ ഇയാൾക്ക് എങ്ങിനെ ഇത്ര സന്തോഷമായി കഴിയാൻ പറ്റുന്നു! സഹദേവൻ അത് ചോദിക്കാതെ തന്നെ അലക്സ് പറഞ്ഞു:

“അതേയ്, അതൊരു സമീപനത്തിന്റെ പ്രശ്നമാ. സന്തോഷിക്കാതെ ഇരുന്നാൽ വല്ല പ്രയോജനോം കിട്ടുമെങ്കിൽ അങ്ങനെ ഇരിക്കാം. അല്ലെങ്കിൽ, ചുമ്മാ ഹാപ്പിയായി കഴിയുക. അത്രേയുള്ളു.”

സഹദേവന് പിന്നെയും സംശയമായിരുന്നു. ഹാപ്പിയായിട്ടിരിക്കാൻ അറിയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. പക്ഷേ, ഈ ഇടപാട് ഒരു കളിയുടെ ഭാഗമാണ്.

” സഹദേവ, അതുകൊണ്ടു ഒരു കാര്യവുമില്ല,” മിട്ടൂന്റെ ചായക്കടയിൽ നിന്നിറങ്ങി ബസ്റ്റോപ്പിലേക്കു നടക്കുമ്പോ അലക്സ് പറഞ്ഞു. “നിങ്ങള് വിചാരിച്ചാൽ ഈ ട്രാൻസ്ഫർ തിരിച്ചു കൊടുക്കാൻ പറ്റത്തില്ല. നിങ്ങളുടെ സന്തോഷം കെടുത്തുക, ദ്രോഹിക്കുക, അങ്ങനെ സന്തോഷിക്കുക, അതാണ് നിങ്ങളുടെ ബോസ്സിന്റെ അവതാര ലക്ഷ്യം. നിങ്ങളുടെ ഓരോ ദേഷ്യവും അയാളുടെ വിജയമാ, അറിയാമോ? അയാള് മാത്രമല്ല. നിങ്ങൾ ഒരു പാരയുടെ കാര്യം പറഞ്ഞില്ലേ, അവനും!”

സഹദേവൻ ഞെട്ടിപ്പോയി. അതൊരു ഭയങ്കര ശരിയാണല്ലോ. നാട്ടിൽ നിന്നൊരു പൊട്ടിച്ചിരി ഉള്ളിൽ കേട്ടോ?

ബസ്സു വന്നു, ഡിക്റോങിന് അക്കരെയുള്ള താമസ സ്ഥലത്തേക്ക് അലക്സ് പോയിക്കഴിഞ്ഞിട്ടും അയാൾ കുറെ നേരം ആ ആലിൻചുവട്ടിൽ നിന്നു. കാറ്റിൽ ആലിന്റെ ചിലങ്കകൾ കിലുങ്ങി. അയാൾ മുകളിലേക്ക് നോക്കി. മെല്ലെമെല്ലെ വ്യക്തമായി തെളിയുന്ന ഒരു തിരിച്ചറിവും ഈ പേരാലും ചുമ്മാതൊരു യാദൃശ്ചികത ആണെന്ന് അയാൾ തീരുമാനിച്ചു!

അലക്സിന്റെ താവളവും ഒരു നിരപ്പുര തന്നെയായിരുന്നു. മുറിയിൽ നിരനിരയായി അടുക്കി വച്ച ഒഴിഞ്ഞ മദ്യക്കുപ്പികളും അലക്ഷ്യമായി വച്ചിരിക്കുന്ന പുസ്തകങ്ങളും. വരാന്തയിൽ നിന്നാൽ മലനിര കാണാം.

കൂട്ടുകക്ഷികൾ മൂന്നുപേരും പരസ്പരവും, പിന്നെ അലെക്സിനോടും, ഹിന്ദി ഇടയ്ക്കുമാത്രം കലർത്തിയ ആസ്സാമീസിലായിരുന്നു സംസാരം. അയാളെ അത്ഭുതപ്പെടുത്തിയത് അലക്സിന്റെ അക്ഷോഭ്യത ആയിരുന്നു. ഇതെങ്ങിനെ മനസ്സിലാകുന്നു എന്ന് സംശയിച്ചപ്പോൾ അലക്സ് പറഞ്ഞു:

“മനസ്സിലാകുന്നില്ല. അപ്പൊ പിന്നെ പ്രശ്നമില്ലല്ലോ. അത് മാത്രമല്ല, മനസ്സിലാകാത്ത ഭാഷകൾക്കിടയിലും കാണാൻ പറ്റാത്ത ഒരു നൂലിഴ ബന്ധം കിടക്കുന്നു. അത് അനുഭവിക്കാനേ പറ്റൂ.”

നേരം തണുത്ത നിലാവുമായി വേഷം മാറി. അലക്സ് രണ്ടു ഗ്ലാസും നിറച്ചു വരാന്തയിലേക്ക് വരുന്നതാണ് കണ്ടത്. അരിച്ചുകയറുന്ന തണുപ്പിനെ മറ്റൊരു പെഗ്ഗിൽ ആവാഹിച് അലക്സ് പറഞ്ഞു.

“ഞാനും ഏതാണ്ട് സഹദേവന്റെ ലൈനിലാ. പണി തുടങ്ങീട്ട് കൊല്ലം കൊറേ ആയി, ജോലീടെ കാര്യത്തിൽ ഒരുത്തനും എന്നെ ഒരു ചുക്കും ചെയ്യത്തില്ല. പക്ഷേ, ചൊറിയാൻ വന്നാൽ വിടത്തില്ല.

അലക്സിൻറെ തോളിനു മേൽ അയാൾ സ്വന്തം മുഖം കണ്ടു.

അലക്സ് തുടർന്നു: “താൻ ഒരു പാരയെ തെറി പറഞ്ഞു. ഞാൻ ഒരുത്തനെ ബോസ്സിന്റെ മുന്നിലിട്ട് തല്ലി. ഇനീം തല്ലുമെന്നു നോട്ടീസും കൊടുത്തു. അപ്പൊ പിന്നെ അയാൾ എന്ത് ചെയ്യും, പാവം! ഇറ്റാനഗർ നന്നാക്കാൻ അയച്ചു. ഞാനായിട്ട് അവിടം ഒരുപാടങ്ങ് നന്നായിപ്പോകരുതെന്ന് ഞാനും തീരുമാനിച്ചു. മനസ്സിലായല്ലോ. ചിമ്പുവിലാണ് കുറച്ചുകൂടി നല്ല ആമ്ബ്യൻസ് . അതുകൊണ്ടു ഇവിടെ മുറി എടുത്തു. ഉള്ള കാര്യം പറയാമല്ലോ, സന്തോഷമായിട്ടു കൂടുന്നു. നല്ല ശമ്പളം. എത്ര ശ്രമിച്ചാലും ഇഷ്ടംപോലെ മിച്ചം വരുന്നു. നാട്ടിൽ ഭാര്യ അധ്യാപിക. ഇവിടെ വാടക, ഇലക്ട്രിസിറ്റി ബില്ല്, മൊബൈൽ ബില്ല്, ഇന്റർനെറ്റ് ബില്ല് എല്ലാം ഓഫീസിൽ നിന്ന് വേറെ വരുന്നു. മദ്യത്തിന് മദ്യം, വായനയ്ക്ക് വായന. മലയ്ക്ക് ഹിമാലയം – ഇതിൽ കൂടുതൽ ഒരുത്തനു എന്ത് വേണം! ഇതിനൊക്കെ പുറമെ, എനിക്കിട്ടു പണിഞ്ഞ ബോസ്സിന്റെ അങ്കലാപ്പ്. എന്നുവച്ചാൽ, ഞാൻ ഇപ്പൊ വിളിച്ചു കാലിൽപിടിച്ചു മാപ്പു ചോദിച്ചു ട്രാൻസ്ഫർ അപേഷിക്കുമെന്നു വിചാരിച്ചു പുള്ളിക്കാരൻ ഇരിപ്പാണ്. ഞാൻ വിളിക്കുമോ? എന്തിനു വിളിക്കണം! ഇവിടെ സമാധാനം സന്തോഷം!! സന്തോഷിക്കാതെ ഞാൻ വിടത്തില്ല!!”

സഹദേവനെ ചുറ്റി ഒരു കൊച്ചു മലങ്കാറ്റ് നദിക്കക്കരയിലേക്കു പോയി.

പിറ്റേന്ന് രാവിലെ ഒരു മൂളിപ്പാട്ടോടെ അയാൾ കട്ടൻ ചായ തിളപ്പിച്ചു കപ്പുമായി വരാന്തയിലേക്ക് ഇറങ്ങി. ഇതിനുമുമ്പ് മൂളിപ്പാട്ടു മൂളിയ സംഭവംതന്നെ മറന്നുപോയിരുന്നു.

സഹദേവന് സ്വയം അവജ്ഞ തോന്നി. വെറുത്തും വെറുപ്പിച്ചും ജന്മം പാഴാക്കിക്കളഞ്ഞല്ലോ. ഹിമാലയത്തിൻറെ ഈ വടക്കുകിഴക്കൻ ചരിവിൽ ആഹ്‌ളാദ ഭരിതനായി സഹദേവൻ ശേഷംകാലം ജീവിക്കുന്നു എന്ന് അറിയുന്ന ഡിഎമ്മിന്റെ യും എർത്ത് വിജയൻറെയും ഞെട്ടൽ മനസ്സിൽ കണ്ടപ്പോൾ അയാൾക്ക് ചിരി പൊട്ടി!

വീട്ടിലേക്കു വിളിക്കുമ്പോ സഹദേവൻറെ ശബ്ദത്തിലാകെ ആഹ്ളാദം വിതറിയിരിക്കുന്നത് തിരിച്ചറിഞ്ഞ ശൈലജയുടെ അമ്പരപ്പ് മനസ്സിലായി. അയാൾ ചിരിച്ചു.

“അച്ഛൻ എന്നാ വരുന്നേ? അവിടെ നിക്കാൻ സങ്കടം ഇല്ലേ,” മോള് ചോദിച്ചപ്പോ അയാൾക്ക് അവളെ കാണണം എന്ന് തോന്നി. ഇവിടം നല്ല സ്ഥലമാണെന്നും ഹിമാലയം അടുത്താണെന്നും താൻ ഇവിടെ നിന്നാൽ നിനക്കും ഇവിടെ വന്നു ഹിമാലയം കാണാമെന്നും പറഞ്ഞപ്പോൾ മോൾക്ക് സമാധാനം.

അങ്ങനെയാണ് സഹദേവന് ഫാമിലിയ്ക്ക് ഒരു വെക്കേഷൻ ബ്രേക്ക് ആയിക്കളയാം എന്ന് തോന്നിയത്. പത്തുദിവസം അവർ വന്നു പോയ ഇടവേള സഹദേവനെ മറ്റൊരു ലെവലിൽ എത്തിച്ചു. മുറിയുടെ അസൗകര്യം പോലും സ്വർഗ്ഗമായിരുന്ന ദിവസങ്ങളായിരുന്നു.

അവധി കഴിഞ്ഞു സ്‌കൂൾ തുറക്കുന്നതിനു മുൻപ് അവർ മടങ്ങിയിട്ടും സന്തോഷത്തിന്റെ ഓളങ്ങൾ അയാളെ പൊതിഞ്ഞു നിന്നു. ഒരു ബാങ്ക് ട്രാൻസ്ഫർ നോക്കണോ എന്ന് ശൈലജ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോ സഹദേവൻ പറഞ്ഞു, ” വേണ്ട. ഇവിടേന്നും പോയേക്കും … അവിടേം നമുക്ക് അടിച്ചു പൊളിയ്ക്കണ്ടേ?!! “

ഒരു വലിയ പൊട്ടിച്ചിരി അവർ കയറിയ ട്രെയിനിനു പിറകെ പോയി.

സ്റ്റേഷനിൽ നിന്ന് മടങ്ങി എത്തിയപ്പോൾ ഞായർ കുളിരിൽ ഒന്നുകൂടി കേറി കിടക്കാനാണ് സഹദേവന് തോന്നിയത്. എന്തുകൊണ്ട് ആയിക്കൂടാ? കിടക്കും, വേണമെങ്കിൽ പാട്ടും പാടും! നീ പോടാ, ചന്ദ്രപ്പാ!!

ഒരു കൊച്ചു ചിരി അയാളോടൊപ്പം പുതപ്പിനുള്ളിൽ കയറി അയാളെ കെട്ടിപിടിച്ചു കിടന്നു.

അടുത്തയാഴ്ച വിളിക്കുമ്പോൾ റോഡിൽ വിജയനെ കണ്ട കാര്യം ശൈലജ പറഞ്ഞു. സഹദേവൻ ചിമ്പുവിൽ ഹാപ്പിയായി കൂടുന്നു എന്ന് കേട്ടതും അവന്റെ ചിരി മാഞ്ഞു പോലും!

പിറ്റേന്ന് അലക്സിന്റെ ഫോൺ വന്നു. അവനു അടുത്ത ട്രാൻസ്ഫർ. ബിഹാറിലെ ബെഗുസരായ് നന്നാക്കാൻ. അവിടെ മദ്യനിരോധനമായതുകൊണ്ട് അവൻ തകർന്നു തരിപ്പണമാകും എന്നാണു ബോസ്സിന്റെ കണക്കുകൂട്ടലത്രേ! അവിടെ മദ്യം ഹോം ഡെലിവറി ആണെന്ന് അവന്മാർക്ക് അറിയില്ലത്രേ!

ഉച്ച കഴിഞ്ഞപ്പോ ഫോൺ.

ഡിഎം സുരേന്ദ്രൻസാർ!

വിശേഷങ്ങൾ ചോദിച്ചപ്പോ മറുപടിയിലെ ആഹ്ലാദത്തിന്റെയും പൊതുവെയുള്ള സുഖത്തിന്റെയും ധ്വനി ബോസിനെ അസ്വസ്ഥനാക്കിയെന്നു സഹദേവന് തോന്നി. അൽപ നേരത്തേക്ക് നിശ്ശബ്ദതകൂടി ആയപ്പോൾ അയാൾക്ക് ഉറപ്പായി ഡിഎമ്മിന്റെ കുരു പൊട്ടിയിരിക്കുന്നു!

“വല്ലാതെ ബുദ്ധിമുട്ടാണെങ്കിൽ തെക്കേ ഇന്ത്യയിൽതന്നെ വേറെ എവിടെങ്കിലും ഓപ്പണിങ് ഉണ്ടോ എന്ന് നോക്കാം!”

സഹദേവന് ചിരി പൊട്ടി.

“ഓ, വേണ്ട!”

സുരേന്ദ്രൻസാറിൻറെ അന്തംവിട്ട നിശ്ശബ്ദതയിലേക്ക് അയാൾ ഒരു ലോഡ് പൊട്ടിച്ചിരി വാരിയെറിഞ്ഞു.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like