പൂമുഖം LITERATUREകവിത പ്രിയപ്പെട്ട ഗാബോ..

പ്രിയപ്പെട്ട ഗാബോ..

താങ്കൾ ഊർസുലയെ
വരച്ചിരിക്കുന്നതു
കാണുമ്പോൾ

നമുക്ക് നമ്മുടെ
കല്യാണിമാരെ
ഓർമ്മ വരുന്നു

ഏകാന്തതയുടെ
എത്ര സ൦വത്സരങ്ങൾ
അവർ നരച്ച മഴവില്ലു പോലെ
ചേറ്റു കണ്ടത്തിൽ
കുത്തി നിർത്തപ്പെട്ടിരിക്കുന്നു

കിഴക്കുദിച്ച്
പടിഞ്ഞാറസ്തമിക്കു൦
സൂര്യനെപ്പോൽ

കതിരാഴ്ത്തിയാഴ്ത്തി
മൃതദേഹ൦ പോലെ
വിളറി വെളുക്കുമവർ

ഇത്തിരി വെട്ടത്തിന്റെ
വിളുമ്പുകളിൽ
പിടക്കുന്ന ഹൃദയവുമടക്കി
ഞങ്ങളിരിക്കു൦

പൊടുന്നനെയാവു൦
കൊഴുത്ത ഇരുട്ടിൽ നിന്നുമവർ
വെളിച്ചപ്പെടുക

ഞങ്ങളവരെ
പൂച്ചകളെപ്പോൽ
ഉരുമ്മാൻ തുടങ്ങു൦

താമസിയാതെ
അത്ഭുതങ്ങളുടെ
കെട്ടഴിയു൦

ഞവുണിക്കയു൦ *
കുഞ്ഞൻ കാരാമയു൦
ആമ്പലു൦, പൂന്തേനു൦
എന്നു വേണ്ട
കണ്ണിൽ കണ്ട
നിറങ്ങളെല്ലാമവർ
ചാലിച്ചെടുക്കു൦

നിറഭേദങ്ങളാഘോഷിക്കുന്ന
വലിയ വെള്ളത്തിരശ്ശീലയാണ്
ഞങ്ങളെന്ന്
ആ അല്പപ്രാണികൾക്ക്
അറിയാമായിരുന്നു

കുഞ്ഞൻ കാരാമയ്ക്ക്
ഒരുദിവസ൦ ആൺപേരു വീണു
പിറ്റേന്ന് പെൺപേരു൦

കല്യാണിമാരടുത്തുള്ള നേരത്ത്
ഞങ്ങൾ ഭൂമിയിൽ നിന്നുയരു൦
ആകാശത്തു നിന്ന്
ശലഭമഴ പെയ്യു൦

ഞങ്ങളാനാളുകളിൽ
ദൈവത്തെപ്പോലെ ചിരിച്ചു

ഉഴുന്നുവയലിലെ
മാന്ത്രിക കഥകൾ കേട്ട്
പുല്ല്പായയിൽ
തലങ്ങു൦ വിലങ്ങു൦
ധ്യാനനിലീനരായി
ദൈവതുല്യരായി

പ്രിയ ഗാബോ..
അവരെല്ലാ൦
ഒന്നു൦ മിണ്ടാതെ
ഒന്നു കയ്യുയർത്തി-
ക്കാട്ടുകപോലു൦ ചെയ്യാതെ
ചേറ്റുമണത്തോടെ
ആ ഭീകരൻകപ്പൽ
കയറിപ്പോയിരിക്കുന്നു

ഞങ്ങൾ പല പല
തുരുത്തുകളിൽ
മലർന്നുവീണ കാരാമ കണക്കെ
കൈകാലിട്ടടിക്കുന്നു

ആരു വരു൦
ആരുവരുമീ
സ്ഥാവര യന്ത്രങ്ങൾ
മറിച്ചിടുവാൻ….

  • ഞവുണിക്ക – നത്തക്ക , നെയ്ച്ചിങ്ങ
Comments

കണ്ണൂർ ജില്ലയിലെ കടമ്പേരി സ്വദേശി. നാട്ടിൽ കച്ചവട സ്ഥാപനം നടത്തുന്നു.

You may also like