25000 രൂപ ബഡ്ജറ്റിൽ നിർമിച്ച സിനിമയായിരുന്നു പോരാട്ടം. ആ സിനിമയിലൂടെ ആണ് സംവിധായകൻ ബിലഹരി കെ രാജ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന അല്ലു രാമേന്ദ്രൻ എന്ന സിനിമയുമായി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകൻ ആയി വരുന്ന സിനിമകളുടെ വ്യത്യസ്തമായ പേരുകൾ സിനിമ ശ്രദ്ധിക്കുന്ന ട്രോളന്മാർക്കു വലിയ കൗതുകമുണ്ടാക്കുന്ന വിഷയമാണ്. തട്ടിൻപുറത്ത് അച്യുതൻ, ജോണി ജോണി എസ് അപ്പ, മാംഗല്യം തന്തുനാനേന, കുട്ടനാടൻ മാർപാപ്പ, ദിവാൻജിമൂല ഗ്രാൻഡ് പ്രീ തുടങ്ങീ അദ്ദേഹത്തിന്റെ ചില സമീപകാല സിനിമകളെ പോലെ അള്ളു രാമേന്ദ്രനും വിചിത്രമായ പേര് കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ഗെറ്റ് അപ്പോടെ ഉള്ള ട്രെയിലറും ശ്രദ്ധിക്കപ്പെട്ടു. കൃഷ്ണ ശങ്കറും അപർണ ബാലമുരളിയും ചേർന്നുള്ള ബസിലെ രംഗങ്ങളും പാട്ടും സിനിമയെ സംബന്ധിച്ച പ്രതീക്ഷകൾ ഉയർത്തി. ഇവരെ കൂടാതെ ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി, സലിം കുമാർ, ചാന്ദ്നി ശ്രീധരൻ, ധർമജൻ, കൊച്ചുപ്രേമൻ തുടങ്ങീ ഒരു വലിയ താര നിര സിനിമയിൽ ഉണ്ട്.
രാമചന്ദ്രൻ (കുഞ്ചാക്കോ ബോബൻ) പോലീസിൽ ഡ്രൈവർ ആണ്. അച്ഛനും (കൊച്ചുപ്രേമൻ ) ഭാര്യ വിജിയും (ചാന്ദിനി ശ്രീധർ) അനിയത്തി സ്വാതിയും ( അപർണ ബാലമുരളി ) അടങ്ങിയതാണ് അയാളുടെ കുടുംബം. പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരൻ ആണ് രാമചന്ദ്രൻ. അത് കൊണ്ട് തന്നെ വളരെ ആത്മാർത്ഥത ഉള്ള മിത്രങ്ങൾ അയാൾക്കില്ല. പെട്ടന്ന് അയാൾ ഓടിക്കുന്ന വാഹനങ്ങൾക്ക് അള്ളു വെക്കപ്പെടുന്നു. ആദ്യം യാദൃശ്ചികമായി തോന്നിയ ഈ സംഭവം പിന്നീട് നിത്യ സംഭവമാകുന്നു. അള്ളൂ രാമേന്ദ്രൻ എന്ന് നാട്ടുകാർ പരിഹസിച്ചു വിളിക്കുന്ന അവസ്ഥയിലേക്ക് ഈ അള്ളു വെക്കൽ വളരുന്നു. സ്ഥിര ശത്രുക്കൾ ഒന്നുമില്ലാതിരുന്ന ഇയാൾ ഇതിനു പിന്നിൽ ആര് എന്ന് കണ്ടു പിടിക്കേണ്ടി വരുന്ന നിർബന്ധിത സാഹചര്യത്തിൽ എത്തുന്നു. സർവിസിൽ നിന്ന് ലീവ് എടുത്ത് അയാൾ ഇതിനു പിന്നിലെ പ്രതിയെ കണ്ടത്താൻ തുനിഞ്ഞിറങ്ങുന്നു. ചുറ്റുമുള്ളവരുടെ പരിഹാസം അയാളെ കൂടുതൽ അസ്വസ്ഥനാക്കുന്നു. ഭ്രാന്തമായ ഒരു മാനസികാവസ്ഥയിലേക്കും നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യത്തിലേക്കും അയാൾ അടിപ്പെടുന്നു. ഇതിനിടയിൽ അയാളുടെ സഹോദരി സ്വാതി നാട്ടിലെ തൊഴിൽ രഹിതൻ ആയ ജിത്തുവുമായി (കൃഷ്ണ ശങ്കർ )പ്രണയത്തിൽ ആകുന്നു. കൂട്ടുകാർക്കൊപ്പമുള്ള ഫുട്ബോൾ കളിയും തൊഴിൽ അന്വേഷണവുമായി നടക്കുന്ന ആളാണ് ജിത്തു. ഇവരുടെ വിവാഹം രണ്ടു വീട്ടുകാരും സമ്മതിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു.ഇത് രാമചന്ദ്രന് താത്കാലികമായ സന്തോഷം നൽകുന്നു. അപ്പോൾ ആണ് രാമചന്ദ്രൻ യാദൃശ്ചികമായി തനിക്കു അള്ളു വെക്കുന്ന ആളെ കണ്ടെത്തുന്നത്. തുടർന്ന് നടക്കുന്ന കാര്യങ്ങളിലൂടെ അനുപ് അള്ളു രാമേന്ദ്രൻ വികസിക്കുന്നത്. രാമേന്ദ്രന്റെ വിചിത്ര പ്രതികാര രീതികളും പ്രതിയുടെ സാഹചര്യവും ഒക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
കുഞ്ചാക്കോ ബോബൻ സിനിമകൾക്ക് ഒരുപാട് കാലമായി ഒരു സ്ഥായി സ്വഭാവമുണ്ട്. പ്ലോട്ടുകൾ മുതൽ എല്ലാത്തിലും വരുന്ന ഈ സാമ്യത ഒരു കൂട്ടം സിനിമാ പ്രേമികൾ കുറച്ചു കാലമായി പല വഴിക്കു ചൂണ്ടി കാണിക്കാറുള്ളതാണ്. ആ സ്ഥായി ഭാവം ഒരു വിഭാഗം പ്രേക്ഷകരെ അദ്ദേഹത്തിൻറെ സിനിമകളിൽ നിന്ന് അകറ്റാറുണ്ട്. ആ അകൽച്ച നിത്യ ചർച്ചയായിരിക്കുന്ന സമയത്താണ് അള്ളു രാമേന്ദ്രൻ തീയറ്ററുകളിൽ എത്തുന്നത്. ആ സ്ഥായി ഭാവത്തെ കുഞ്ചാക്കോ ബോബൻ ഏറെക്കാലത്തിനു ശേഷം മറികടന്ന സിനിമയാണ് അള്ളു രാമേന്ദ്രൻ എന്ന് പറയാം. പതിവ് പ്രണയ, കുടുംബ ട്രാക്കിൽ നിന്ന് സിനിമയിലെ സുരക്ഷിത താവളത്തിൽ നിന്ന് അയാൾ മാറി നടന്ന കാഴ്ച ആണ് ഈ സിനിമയുടെ ഒരു പോസിറ്റിവ് വശം എന്ന് പറയാം. കുറച്ചു കൂടി ആത്മവിശ്വാസമുള്ള ഡയലോഗ് ഡെലിവറിയും ഒക്കെ കൊണ്ട് സിനിമയെ സജീവമാക്കുന്നുണ്ട് കുഞ്ചാക്കോ ബോബൻ. വളരെ ബാലൻസ്ഡ് ആയി കഥയെ മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നിസഹായതയും രോഷവും പകയും ഒക്കെ കൊണ്ട് പോകുന്ന ഒരു നായക കഥാപാത്രത്തെ അതിശയോക്തികൾ ഇല്ലാതെ അദ്ദേഹം സ്‌ക്രീനിൽ എത്തിക്കുന്നു. ശബ്ദ വിന്യാസത്തിലെ വെല്ലുവിളികളും കുഞ്ചാക്കോ ബോബൻ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഹൌ ഓൾഡ് ആർ യു വിനു ശേഷം ഒരു നടൻ എന്ന നിലക്കുള്ള വെല്ലുവിളി സ്വീകരിച്ചു വളരെ വിജയകരമായി അദ്ദേഹം സ്‌ക്രീനിൽ എത്തിച്ചു. പല അടരുകളും ആശയ കുഴപ്പങ്ങളും ഉള്ള കഥാപാത്രത്തെ അദ്ദേഹം അധികം അഭിനയിച്ചു കണ്ടിട്ടില്ല. വിചിത്രമായ പേരുകൾ ഉള്ള സിനിമകളിലെ വിചിത്രമായ ഒരേ വഴിയിൽ സഞ്ചരിക്കുന്ന കഥക്കൊപ്പം നീങ്ങുക ആയിരുന്നു അദ്ദേഹം. ഇതിന്റെ പേരിൽ അദ്ദേഹം നിരന്തരമായി വിമര്ശിക്കപ്പെട്ടിരുന്നു. ആ വിമർശനങ്ങളെ മറികടന്ന കുഞ്ചാക്കോ ബോബൻ സിനിമ ആണ് അള്ളു രാമേന്ദ്രൻ.
ഒരു ടോം ജെറി കളി പോലെയാണ് സിനിമയുടെ കഥ നീങ്ങുന്നത്. ഇരയും വേട്ടക്കാരനും മാറി മാറി വരുന്ന ഒരു വേട്ടയാടലിന്റെ കഥ കൂടി ആണ് അള്ളു രാമേന്ദ്രൻ. അത്രയൊന്നും വലിയ ക്യാൻവാസിൽ എടുത്ത പക ഒന്നുമില്ല സിനിമയിൽ. തികച്ചും സാധാരണക്കാരായ രണ്ടു പേർ തികച്ചും സാധാരണം എന്ന് തോന്നിയേക്കാവുന്ന രണ്ടു പ്രതികൂല സാഹചര്യങ്ങളിൽ പ്രതികരിക്കുന്ന അവസ്ഥയിലൂടെ ആണ് കഥ മുന്നോട്ട് നീങ്ങുന്നത്. വലിയ ഒരു ബ്രഹ്മാണ്ഡ കാരണം കൊണ്ട് വീട്ടേണ്ട ഒന്നല്ല പക എന്നും അത് തികച്ചും അപക്വമായ വൈകാരിക സാഹചര്യങ്ങളിൽ തോന്നുന്ന ഒന്നാണെന്നും സിനിമ പറയുന്നുണ്ട്. പിന്നീട് ചിന്തിക്കുമ്പോൾ സ്വയം ബാലിശമെന്നും അബദ്ധമെന്നും ഒക്കെ തോന്നാവുന്ന താത്ക്കാലിക ദേഷ്യത്തെ ആണ് സിനിമ എടുത്തു കാണിക്കുന്നത്. നായകൻ വില്ലൻ എന്നൊക്കെയുള്ള അവസ്ഥകളെയും സിനിമ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. അള്ളൂ വെക്കുന്നവനും കൊള്ളുന്നവനും മാറി മാറി ഇരയും വേട്ടക്കാരനും ആകുന്നുണ്ട്. ശരിയും തെറ്റും എന്നൊക്കെയുള്ള വലിയ താത്വിക അന്വേഷണത്തിനൊന്നും പലപ്പോഴും സിനിമ മിനക്കെടുന്നില്ല. ഒരു ത്രില്ലർ സ്വഭാവ൦ പൂർണമായി സിനിമക്കില്ല. ത്രില്ലർ, പ്രതികാര അംശങ്ങൾ സിനിമ പേറുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ഒരു ഇഴക്കക്കുറവ് അതിനു അനുഭവപ്പെട്ടു. മൂന്നു പേര് ചേർന്ന് എഴുതിയ തിരക്കഥ രണ്ടാം പകുതിയോടെ ദുർബലമായി തീരുകയും ചെയ്തു. പിന്നീട് സിനിമക്കു ദിശ എങ്ങോട്ടെന്ന് അറിയാത്ത ഒരു പതർച്ച ഉണ്ടായി. ആർക്കും ഊഹിക്കാവുന്ന കണ്ടു ശീലിച്ച കുറെ കഥകളുടെ ആവർത്തനമാണ് അള്ളൂ രാമേന്ദ്രനും മാറി. മുഖ്യ കഥാപാത്രങ്ങൾ എല്ലാവരുടെയും അഭിനയമൊഴിച്ചു പല രാമങ്ങളിലും ഒന്നും ഇല്ലാതായി. പ്രവചനീയമായ കഥാഗതി എന്നത് പറഞ്ഞു പഴകിയ ഒരു ആസ്വാദന വാക്കാണ്.പക്ഷെ അത് തന്നെ ആവർത്തിക്കേണ്ടി വരുന്നു.
പലപ്പോഴും ഒരു ഷോർട്ട് ഫിലിം വലുതാക്കിയ പോലുള്ള കാഴ്ച്ചാനുഭവം സിനിമ തന്നിരുന്നു. ആഘോഷിക്കപ്പെട്ട പലസോഷ്യ മീഡിയ ഹിറ്റ് ചെറു സിനിമകളുടെ പാത അള്ളൂ രാമേന്ദ്രനും പിന്തുടർന്ന പോലെ തോന്നി. അര മണിക്കൂർ കൊണ്ട് പറഞ്ഞവസാനിപ്പിക്കാവുന്ന കഥയെ രണ്ടു മണിക്കൂർ ആക്കാൻ കഷ്ടപ്പെടും പോലെ തോന്നി ചില സന്ദര്ഭങ്ങളും സാഹചര്യങ്ങളും കണ്ടപ്പോൾ. അത്തരം മേക്കിങ് രീതി ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് ആത്യന്തികമായി ഉത്തരമൊന്നുമില്ല. പക്ഷെ ഈ സിനിമയിലെ പല രംഗങ്ങളും അതിന്റെ പ്രധാന തീമിന് ദൈർഘ്യം കൂടാൻ ഒരു ബന്ധവുമില്ലാതെ നിൽക്കുന്നവയാണ്. പോലീസുകാരിയുടെ വിവാഹം, വണ്ടി വെക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ, ചാന്ദിനിയുടെ കഥാപാത്രം, സലിം കുമാറിന്റെ ചില ഹാസ്യ രംഗങ്ങൾ ഒക്കെ ഇതിനു ഉദാഹരണമാണ്. ആക്കിലപറമ്പൻ മാതൃകയിൽ ഉള്ള ശ്രീനാഥ് ഭാസിയുടെ കഥാപാത്രം വളരെ നല്ല രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഫെസ്ബൂക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വളരെ സജീവമായി ഉപയോഗിക്കുന്ന ഒരു വിഭാഗം കാണികളെ മാത്രം ലക്‌ഷ്യം വച്ച പോലെ തോന്നി. കോമഡികളിൽ പലതും ഇവിടെ കാലങ്ങളായി നിലനിൽക്കുന്ന പ്രേക്ഷകരിൽ ഒരു ചലനവും ഉണ്ടാക്കാത്ത രംഗങ്ങളുടെ ആവർത്തനമാണ് തോന്നി. സിനിമക്ക് കൈവരുമായിരുന്ന സ്പൂഫ് മാതൃകയെ സിനിമ സ്വയം തള്ളിക്കളഞ്ഞതും ഇത്തരം അവസരങ്ങളിൽ ആണ്. പശ്ചാത്തല സംഗീതത്തിന്റെയും പാട്ടുകളുടെയും ഒക്കെ അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ ആണ്. സലിം കുമാർ തന്നെ എത്രയോ തവണ ചെയ്ത കഥാപാത്രങ്ങളെ കണ്ടാണ് അദ്ദേഹത്തിൻറെ ഓരോ സംഭാഷണവും പ്ലാൻ ചെയ്തത് എന്ന് തോന്നും ചില രംഗങ്ങൾ കണ്ടാൽ. രണ്ടു പേർക്കിടയിലെ പകയും സിനിമയിൽ നിന്ന് ഇടയ്ക്കു കൈവിട്ടു പോയത് അവിടെയൊക്കെ ആണ്.
തീർത്തും വ്യത്യസ്തമായ അനന്ത സാധ്യതകൾ ഉണ്ടായിരുന്ന ഒരു കഥാഗതിയെ പാതിയിൽ വിട്ടു എങ്ങോട്ടൊക്കെയോ സഞ്ചരിച്ച ഒരു സിനിമാനുഭവമാണ് വ്യക്തിപരമായി അള്ളു രാമേന്ദ്രൻ.
എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.