പൂമുഖം CINEMA പ്രേതം 2

പ്രേതം 2

 

വളരെ ചെറിയ കാലം കൊണ്ട് ‘സ്വന്തമായ ശൈലി’ കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം നേടിയ ശങ്കർ. സ്വന്തമായി തിരക്കഥ എഴുതി, നിർമിച്ചു സംവിധാനം ചെയ്യുക എന്ന അധികമാരും സ്വീകരിക്കാത്ത വഴിയിൽ നടക്കുന്നത് കൊണ്ടാവാം ഈ ഇടം സാധ്യമായത്. എല്ലാ പ്രേക്ഷകരും ഒരു പോലെ കയയടിച്ചു സ്വീകരിക്കുമോ എന്നുറപ്പില്ലെങ്കിലും നിരന്തരം ഒരു അടയാളപ്പെടുത്താൽ അദ്ദേഹം നടത്തുന്നുണ്ട്. സ്വന്തം സിനിമകളുടെ വിജയ പരാജയ ഭാരങ്ങളും അദ്ദേഹം അധികം കൊണ്ട് നടക്കും പോലെ തോന്നിയിട്ടില്ല.വളരെ പെട്ടന്ന് തന്നെ ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്ക് പരകായ പ്രവേശം നടത്തുന്നു. അത് പോലെ തന്നെ വളരെ പെട്ടന്ന് തന്നെ സ്വന്തം സിനിമകളുടെ തുടർച്ചകൾ അദ്ദേഹം പുറത്തിറക്കുന്നു. അത്ര അധികം ‘മാസ്സ് ‘ ഇല്ലാത്ത ശാന്തമായി ഒഴുകുന്ന സിനിമകൾക്ക് തുടർച്ചകൾ ഉണ്ടാക്കുന്നത് വെല്ലുവിളി തന്നെയാണ്. അതിനെടുക്കുന്ന ചെറിയ കാലയവു മുതൽ എല്ലാം ചോദ്യം ചെയ്യപ്പെടാം.അത് കുടുംബങ്ങൾ തീയറ്ററുകളിലേക്ക് ഒഴുകുന്ന അവധിക്കാല റിലീസ് ആവുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് വിജയ സാധ്യതയോളം ശക്തി ഉണ്ടാവും. ഇത്തരം ഒരു ചിന്തയെ തള്ളി കളഞ്ഞാണ് രഞ്ജിത്ത് ശങ്കറിന്റെ സിനിമാ കരിയർ മുന്നോട്ട് നീങ്ങുന്നത്.പുണ്യാളൻ അഗർബത്തീസ് ആണ് ആദ്യം രണ്ടാം ഭാഗം പരീക്ഷിച്ചത്. വലിയ പരിക്കുകൾ ഇല്ലാതെ ഈ സിനിമ രക്ഷപ്പെട്ടു. രണ്ടാം ഭാഗം ഈടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന വുന്ന ചോദ്യങ്ങൾ ഈ സിനിമ നേരിട്ടിട്ടില്ല. അതിനു ശേഷം പ്രേതം രണ്ടാം ഭാഗവുമായി എത്തുന്നു. യാദൃശ്ചികമാവാം, ഈ രണ്ടു സീക്വലുകളിലും ജയസൂര്യ ആണ് കേന്ദ്ര കഥാപാത്രമാകുന്നത്. പുതിയ കാലത്ത് പ്രേക്ഷകർ ശ്രദ്ധിക്കുന്ന സ്വീകരിച്ച ഒരു കോമ്പിനേഷൻ ആണ് ഇവരുടേത്. ഞാൻ മേരിക്കുട്ടിക്കു ശേഷം ഇവർ ഒന്നിക്കുന്ന സിനിമ കൂടിയാണിത്. .

പൊതുവെ അതീന്ദ്രിയ മാസ്സ് കൊണ്ട് അക്രമിക്കുന്നവരല്ല രഞ്ജിത്ത് ശങ്കർ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. സു സു സുധി വാത്മീകവും രാമന്റെ ഏദൻ തോട്ടവും ഞാൻ മേരികുട്ടിയും ഒക്കെ ശാന്തമായി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നവരാണ്. ഒരു പരിധി വരെ പുണ്യാളന്റെ ആദ്യ ഭാഗത്തിലും പരാജയങ്ങളിലൂടെ ഉള്ള യാത്രയാണ് നായകനെ നയിക്കുന്നത്. പ്രേതത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ജോൺ ഡോൺ ബോസ്കോ എന്ന ജയസൂര്യ കഥാപാത്രം പേര് മുതൽ എല്ലാം കൊണ്ടും മാസ്സ് അപ്പീൽ ഉള്ള നായകൻ ആണ്. അയാളുടെ ശരീര ചലനങ്ങളും സംഭാഷണങ്ങളും ഒക്കെ മറ്റു കഥാപാത്രങ്ങൾക്ക് മേൽ ആധിപത്യം പുലർത്തുന്ന ഒരു ഹീറോയുടേതാണ്. മെന്റലിസം പോലെ ഇപ്പോൾ ‘ട്രെൻഡിങ് ആയ ആളുകളിൽ കൗതുകമുണ്ടാക്കുന്ന ഒരു സംഭവത്തെ ആദ്യമായാണ് ഒരു മലയാളം സിനിമ പകർത്തുന്നത്. മെന്റലിസം അതി വേഗ കണക്കു കൂട്ടലുകൾ മുതൽ പ്രീ കോഗ്നിഷൻ വരെ ഉള്ള നിരവധി ശാസ്ത്രീയ മനഃശാസ്ത്ര സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒരു പെർഫോമിംഗ് ആർട്സ് ആണ്. പ്രത്യക്ഷത്തിൽ ഇതിനു പ്രേതവുമായോ ഹോററുമായോ വലിയ ബന്ധമൊന്നുമില്ല. പക്ഷെ ഇവയെ കണ്ണിചേർത്തു മുഷിപ്പിക്കാതെ കഥ പറയുന്നതിൽ ആദ്യ പ്രേതം വിജയിച്ചിരുന്നു. 2013 ൽ ഇറങ്ങിയ നൗ യു സീ മി ആണെന്ന് തോന്നുന്നു ചലച്ചിത്ര മേഖലയിൽ മെന്റലിസത്തിന്റെ സാധ്യതയെ ആഗോള പ്രശസ്തമായി ഉപയോഗിച്ചത്. അതിനു ശേഷം പ്രേതം പോലൊരു പരീക്ഷണം നടന്നതായി അറിയില്ല. ഇവിടെ ശ്രദ്ധേയമായ സിനിമയായി മാറുന്നതിനൊപ്പം തെലുങ്കിലേക്ക് റീ മേക്ക് ചെയ്യപ്പെട്ടു പ്രേതത്തിന്റെ ആദ്യ ഭാഗം. രാജു ഗാരി ഗാഥാ ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും വിജയമായിരുന്നു.പ്രേതം 2 ഇറങ്ങും മുന്നേ അതിനൊരു രണ്ടാം ഭാഗവും ഇറങ്ങി. ആദി യുടെയും മറ്റു ടെലിവിഷനിലെ സാനിധ്യം മെന്റലിസത്തെ കേരളത്തിൽ ജനകീയമാക്കുന്നുണ്ട്. ആദി തന്നെയാണ് പ്രേതത്തിന്റെ രണ്ടു ഭാഗത്തിലും രഞ്ജിത്ത് ശങ്കറിനെയും ജയസൂര്യയെയും സഹായിച്ചത്.

പ്രേതം 2 വിലേക്ക് മടങ്ങി വന്നാൽ ജോൺ ഡോൺ ബോസ്കോ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ സാധ്യതകളെ മാത്രമാണ് രണ്ടാം ഭാഗത്തിൽ സിനിമ ഉപയോഗിച്ചത്. ഒന്നാം ഭാഗത്തിനെ കുറിച്ചു യാതൊരു അറിവും ഇല്ലാതെ കയറുന്നവർക്കും പൂർണമായും സിനിമയെ അനുഭവിക്കാൻ ഇത് കാരണം സാധിക്കുന്നുണ്ട്. ജോൺ ഡോൺ ബോസ്‌കോ എന്ന പാത്ര സൃഷ്ടി അതിനുള്ള സാധ്യത നൽകുന്നുമുണ്ട്. പ്രേതം 2 തുടങ്ങുമ്പോൾ ജോൺ ഡോൺ ബോസ്‌കോ ‘മംഗലശേരി ‘മനയിൽ ഒരു വിശ്രമ ചിക്തസയിലാണ്. കായ കല്പ ചിക്‌സയും മറ്റുമായി കഴിയുമ്പോഴാണ് അവിടേക്ക് നാല് ചെറുപ്പക്കാർ എത്തുന്നത്. ഒരു ടെലിഫിൽം ഷൂട്ട് ചെയ്യുകയാണ് അവരുടെ ലക്ഷ്യം. തപസ് (അമിത് ) എന്ന ചെറുപ്പക്കാരൻ ആണ് സംവിധായകൻ. രാമാനന്ദ് (സിദ്ധാർഥ് ശിവ) ജോഫിൻ (ഡൈൻ ഡേവിസ് ) അനു ( ദുർഗ കൃഷ്ണ) നിരഞ്ജന (സാനിയ ഇയ്യപ്പൻ )എന്നിവർ ആണിവർ. സിനിമാപ്രന്തന്മാർ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ആണിവർ. ലക്ഷ കണക്കിന് അംഗങ്ങൾ ഉള്ള ഭൂരിഭാഗം ഫേക്ക് ഐഡി കൾ ഉള്ള ഒരു കൂട്ടായ്മ ആണിത്. ഇവർ ആരും പരസ്പരം കണ്ടിരുന്നില്ല.ആദ്യമായി കണ്ടു ടെലിഫിലിം പിടിച്ചു അവരുടെ കൂട്ടയ്മയുടെ ഗെറ്റ് ടുഗെദറിന് പ്രദർശിപ്പിക്കുക എന്നതാണ് ഉദ്ദേശം. ഇങ്ങനെ കൗതുകങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിൽ ആണ് പ്രേതബാധയോട് സാമ്യം തോന്നുന്ന കുറെ സംഭവങ്ങൾ അവിടെ നടക്കുന്നത്. യാതൊരു മുന്പരിചയവും ഇല്ലാത്ത, തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വരുന്ന ഇവരിൽ ഓരോരുത്തരെയും പിന്തുടർന്ന് ആക്രമണഗണങ്ങൾ ഉണ്ടാക്കുന്ന ലക്‌ഷ്യം എന്താവും എന്ന് എല്ലാവരും അത്ഭുതപ്പെടുന്നു. സ്വാഭാവികമായും ജോൺ ഡോൺ ബോസ്‌കോ ഇതിനു പിന്നിലെ രഹസ്യം അന്വേഷിച്ചിറങ്ങുന്നു.തുടർന്നുണ്ടാകുന്ന വിചിത്രമായ സംഭവ വികാസങ്ങളിലൂടെ ആണ് പ്രേതം 2 വിന്റെ കഥാ ഗതി മുന്നോട്ട് നീങുന്നത്

വരിക്കാശ്ശേരി മന ആണ് മംഗലശേരി മന ആകുന്നത്. അവിടെ നടക്കുന്ന ഫാൻ ഫൈറ്റ് ഒക്കെ ആണ് ഹൊറർ മോഡിലേക്ക് എത്തും മുന്നേ അന്തരീക്ഷം ലഘു ആക്കാൻ ഉപയോഗിച്ചിട്ടുള്ളത്. ഫേസ്‌ബുക്കിലെ ഫേക്ക് ഐഡികൾ മുതൽ മോഹൻലാൽ മമ്മൂട്ടി ആരാധക യുദ്ധം വരെ ഉള്ളത് ആണ് ഈ സിനിമയിലെ തമാശകൾ. പ്രത്യക്ഷത്തിൽ നിഷ്കളങ്കവും നിർദോഷകരവുമാണ് ആ തമാശകൾ. സിനിമയുടെ മൂഡിനെ നില നിർത്താൻ ഇത് ഉപകരിച്ചിട്ടും ഉണ്ട്. പക്ഷെ സിനിമ കാണിക്കും പോലെ അത്ര ലളിതമല്ല ആ ആരാധക യുദ്ധങ്ങൾ എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ സിനിമയിലെ താര ആരാധക യുദ്ധങ്ങൾ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന സിനിമ തുടങ്ങും മുന്നേ ഉള്ള മുൻ‌കൂർ ജാമ്യം. തീർത്തും നിർദോഷ കരമായ ഈ തമാശയ്ക്ക് ഇത്തരം മുൻ‌കൂർ ജാമ്യം എടുക്കേണ്ടി വരുന്നത് അർദ്ധക വൃന്ദത്തിന്റെ ശക്തിയും ഒരു കലാകാരന്റെ ഗതികേടുമാണ്. ഫേസ്‌ബുക്കിൽ കാണപ്പെടുന്ന മംഗലശേരി നീലകണ്ഠനും കറുത്തമ്മയും ഒന്നും യഥാർത്ഥത്തിൽ അത്ര നിഷ്കളങ്കരല്ല. സിനിമയുടെ കഥാപരിസരത്തോട് എങ്കിലും ആ നിഷ്കളങ്കതയും സിനിമാ പ്രാന്തും പക്ഷെ യോജിച്ചു പോകുന്നുണ്ട്. പ്രേതം സിനിമയുടെ വ്യാജ പതിപ്പ് വന്ന ക്രൂരമായ വ്യക്ത്യാനുഭവത്തെയും രഞ്ജിത്ത് ശങ്കർ പ്രേതം 2 വിൽ ട്രോളുന്നുണ്ട്. പതിവിനു വിരുദ്ധമായി ലൈംഗികതയുടെ പ്രത്യക്ഷ പരോക്ഷ സാനിധ്യം ഉപയോഗിച്ച ഒരേ ഒരു രഞ്ജിത്ത് ശങ്കർ സിനിമ ആണ് പ്രേതം എന്ന് തോന്നിയിട്ടുണ്ട്. പ്രേതം 2 വിലും അത് തുടരുന്നുണ്ട്. മീ റ്റൂ മുതൽ സ്പാനിഷ് ഫ്ലൈ വരെ ഉള്ള തമാശകൾ ആണ് സിനിമയിൽ അധികവും. ഗ്ലോറിഫിക്കേഷനിൽ ഉപരി ‘യുവാക്കളുടെ സ്വാഭാവികത ‘ ലൈനിൽ ആണ് ഈ സിനിമയും അത് ഉപയോഗിക്കുന്നത്. വരിക്കാശേരി മനയെ , അവിടത്തെ ദുരൂഹമായ അന്തരീക്ഷത്തെ ഒക്കെ വളരെ മനോഹരമായി സിനിമ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും സിനിമയുടെ ഹൊറർ മൂഡ് നില നിർത്താൻ ഈ അന്തരീഷം സഹായിക്കുന്നുണ്ട്. കുറെ ആന്റിക്ക് പ്രകൃതി ഭംഗിക്കപ്പുറം സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്ന മോഡിലേക്ക് കാമറ ചലിക്കുന്നുണ്ട്.

ഒന്നാം പകുതിയുടെ സമാനമായ മറ്റൊരു കഥാഗതിയാണ് പ്രേത൦ 2 വിലും ഉള്ളത്. ഒരു പറ്റം ചെറുപ്പക്കാർ, അവരുടെ തമാശകൾ, അവിടേക്ക് എത്തുന്ന ദുരൂഹതകളും ജോൺ ഡോൺ ബോസ്‌കോയും എന്ന രീതിയിൽ തന്നെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. വളരെയധികം രസിക്കാവുന്ന, ഒരു വിജയിച്ച മലയാള സിനിമയുടെ എല്ലാ സൊ കാൾഡ് ചേരുവകളും ഉണ്ട് ഈ ഭാഗത്തിന്. പക്ഷെ പ്രധാന കഥാഗതിയുടെ ആഴത്തിലേക്ക് കടക്കും തോറും അത് വരെ സൃഷ്ടിച്ച അന്തരീക്ഷത്തെ സംവിധായകൻ പരിഗണിക്കാതിരിക്കും പോലെ തോന്നി. ഒരു പറ്റം വില്ലന്മാരെ അവതരിപ്പിച്ച രീതിയിൽ ആ ദ്യ ഭാഗത്തിലെ കയ്യൊതുക്കം തോന്നിയുമില്ല. ജോൺ ഡോൺ ബോസ്‌കോ തന്റെ രണ്ടാം വരവിൽ കുറച്ച കൂടി ശാന്തനും പക്വമതിയും ആണ്. ജയസൂര്യ വളരെ മനോഹരമായി , ആദ്യ ഭാഗത്തേക്കാൾ വിശ്വസനീയമായി രണ്ടാം ഭാഗത്തിലേക്ക് ഒഴുകി അഭിനയിക്കും പോലെ തോന്നി. സഹതാരങ്ങൾ വളരെ മനോഹരമായി അദ്ദേഹത്തെ പിന്തുണച്ചു. പ്രേതം ആദ്യ ഭാഗം ആസ്വദിച്ചവർക്ക് അതെ മോഡിൽ ഉള്ള ഒരു രണ്ടാം ഭാഗം ആസ്വദിക്കാവുന്നവർക്ക് വേണ്ടി ഉള്ള ഒരു അവധിക്കാല പാക്കേജ് ആണ് പ്രേതം 2 വും

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like