പൂമുഖം LITERATUREകഥ വില്ലു വണ്ടി

വില്ലു വണ്ടി

നഗരഹൃദയത്തിലെ തിരക്ക് പിടിച്ച സ്ഥലത്ത് വാസ്തുശില്‍പ്പഭംഗിയില്‍ ശ്രദ്ധേയമായ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ബാങ്കായിരുന്നു അത്. മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിലെ കുടുംബം ബാങ്കില്‍ വന്നാല്‍ ലോണ്‍ തരാമെന്ന് സന്തോഷത്തോടെ പറയുന്നത് കാണാം.

”എന്തേ…എവിടേക്കാ വലിഞ്ഞു കയറി പോകുന്നത് ”. അകത്തേക്കുള്ള പ്രവേശനം തടഞ്ഞു കൊണ്ട് അമ്മയോടും മകളോടും പട്ടാള വേഷം ധരിച്ച കാവല്‍ക്കാരന്‍ ചോദിച്ചു.

കാവൽക്കാരന്‍റെ നെഞ്ചില്‍ നക്ഷത്രങ്ങളും അരയില്‍ റിവോള്‍വറും കാണാം.

”ഇവള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ ലോണിന് വേണ്ടി വന്നതാ..”

കാവല്‍ക്കാരനെ താഴ്ന്ന് വണങ്ങിയാണ്‌ അമ്മ പറഞ്ഞത്.

”ഇവിടെ നിന്നും പോകുന്നവര്‍ക്കും വരുന്നവര്‍ക്കും വാരിക്കോരി ലോണ്‍ കൊടുക്കുന്നില്ലാ എന്ന കാര്യം അറിയില്ലേ..”

കാവല്‍ക്കാരന്‍ ചോദിച്ചതിന് അമ്മയും മോളും മറുപടി പറയാതെ ദയനീയമായി കുറേനേരം നോക്കി നിന്നു.

കാവല്‍ക്കാരന്‍ തുറന്നു തന്ന വാതിലിലൂടെ ശീതീകരിച്ച ഇടത്തിലേക്ക് അമ്മയും മകളും അകത്തേക്ക് പ്രവേശിച്ചു. മച്ചകത്ത് നക്ഷത്രങ്ങള്‍ തിളങ്ങുന്നത് കാണാം. എല്ലാവരും അവരവരുടെ കാര്യത്തിന് വേണ്ടി തിരക്കിലാണ്. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ചുമരില്‍ ഘടിപ്പിച്ച സ്റ്റാന്‍ഡില്‍ കൈത്തണ്ട വെച്ച് നിരനിരയായി നിന്ന് പണകടലാസ്സ് പൂരിപ്പിക്കുന്നവര്‍. നോട്ട് എണ്ണുന്നതിന്‍റെയും പ്രിന്‍ററിന്‍റെയും നേര്‍ത്ത ഒച്ച. നീണ്ട കൌണ്ടറിന് അപ്പുറത്ത് നിര നിരയായി ഇരിക്കുന്ന ബാങ്കിന്‍റെ കാര്യസ്ഥന്മാരുടെ മുന്നിലെ സ്ക്രീനിലെ അക്കങ്ങളുടെ പെരുക്കവും തിളക്കവും നോക്കി നൃത്തം ചെയ്യുന്ന കൈവിരലുകള്‍.

ബാങ്ക് മാനേജറുടെ മുറി എവിടെയാണ് എന്ന് എത്ര പരതി നടന്നിട്ടും അമ്മയ്ക്കും മകള്‍ക്കും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.

അടുത്ത് നില്‍ക്കുന്ന മാഡത്തിനോട് ”എവിടെയാ മാനേജറുടെ മുറി എന്ന് ചോദിച്ചപ്പോള്‍ അമ്മയെയും മകളെയും തുറിച്ചു നോക്കി കേള്‍ക്കാത്ത മട്ടില്‍ അപ്പുറത്തേക്ക് മാറി നിന്നു.

‘അമ്മേ..അവിടെയാ അയാളുടെ മുറി ”

ഒച്ച ഉയര്‍ത്തി പറയുന്നത് കേട്ട് ബാങ്കിലുള്ളവരും കാര്യസ്ഥന്മാരും തല ഉയര്‍ത്തിയും ചെരിച്ചും അവരെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

”ഓണം കേറാ മൂലയില്‍ നിന്നാ വരുന്നതെന്ന് അറിയിക്കാതെ ഇവറ്റകള്‍ക്ക് ഉറക്കം വരില്ല. ”വെല്‍ ഡ്രസ്സ്‌ ചെയ്ത ഒരു ചെറുപ്പക്കാരന്‍ അടുത്ത് നില്‍ക്കുന്നവരോട് പറഞ്ഞപ്പോള്‍ എല്ലാവരും തലകുലുക്കി ശരിവെച്ചു.

മാനേജറുടെ ക്യാബിന്‍റെ മുന്നില്‍ ഏറെനേരമായി അമ്മയും മകളും നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഗ്ലാസ്‌ ഡോര്‍ തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ പിറകില്‍ നിന്നും വന്നവര്‍ ”എക്സ്ക്യൂസ് മീ …”എന്ന് പറഞ്ഞ് അവരെ മാറ്റി നിര്‍ത്തി അകത്തേക് കയറും. കണ്ണാടിക്കൂട്ടില്‍ കഴിയുന്ന മാനേജര്‍ അകത്തേക്ക് കയറി വന്നവരോട് കഴുതയെ പോലെ ഇളിക്കുകയും വിശന്ന സിംഹത്തെ പോലെ അലറുകയും ഒട്ടകത്തെ പോലെ വായ അനക്കുകയും കുറുക്കനെ പോലെ തല ചൊറിഞ്ഞ് നോക്കുകയും നായയെ പോലെ മണപ്പിക്കുകയും ചെയ്യുന്നത് അവര്‍ കാണുന്നുണ്ട്.

”മോളെ നമ്മളിവിടെ മോഷ്ടിക്കാന്‍ അല്ലല്ലോ വന്നത്. നീയെന്തിനാ പേടിക്കുന്നത്. വാതില്‍ തുറന്ന് അകത്തേക്ക് കയറി കാര്യം പറയാ ..”

മകളോട് അമ്മ പറഞ്ഞപ്പോള്‍ തൊട്ടരികില്‍ മാനേജറെ കാണാന്‍ കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കണ്ണുകള്‍ കൊണ്ട് ”നിങ്ങള്‍ നിരീക്ഷണത്തിലാണ് ”എന്ന ചുകന്ന കണ്ണുകളുള്ള ചലിക്കുന്ന ക്യാമറ കാണിച്ചു കൊടുത്തു.

”നമസ്തേ സാറെ…”അമ്മയും മകളും കൈക്കൂപ്പി പറഞ്ഞപ്പോള്‍ തല ഉയര്‍ത്തി മാനേജര്‍ അവരെ നോക്കി എന്താ കാര്യം എന്ന് തല അനക്കി ചോദിച്ചു.

അമ്മയും മകളും മാനേജറെ വീണ്ടും തൊഴുതു.

”പഠിക്കുന്ന കുട്ടിയെ വീട്ടിലിരുത്തുന്നത് ശരിയല്ലാ എന്ന് മാര്‍ക്ക്‌ലിസ്റ്റ് നോക്കി മാഷ്‌ പറഞ്ഞത് കൊണ്ടാണ് ആരാന്‍റെ അടുക്കളയിലെ ആട്ടും തുപ്പും ചീത്ത വിളിയും പുലയാട്ടും കേട്ട് പാത്രങ്ങളും കക്കൂസും കുളിമുറിയും കഴുകിയും തുടച്ചും അടിച്ചു വാരിയും കിട്ടുന്ന കാശില്‍ നിന്നും മിച്ചം വെച്ചിട്ടാ ഇവളെ ഇത്രവരെ പഠിപ്പിച്ചത്. ഇവള്‍ക്ക് അപ്പനില്ല. ഇവളുടെ അപ്പനെ നിങ്ങള്ക്ക് അറിയുമോ എന്നറിയില്ല. വലിയ വാര്‍ത്തയും ചിത്രവുമൊക്കെ അതിയാന്‍റെ ഉണ്ടായിരുന്നു.കോളനിയുടെ മുകളിലൂടെ കറണ്ട് കമ്പി വലിക്കുന്നതിനെതിരെയുള്ള സമരത്തില്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മാഹുതി ചെയ്തയാളുടെ മോളാ…അതിയാന്‍ രക്ഷപെട്ടു. ഇവിടെത്തെ ഒന്നും അനുഭവിക്കേണ്ടല്ലോ. പരീക്ഷാ ഫീസ്‌ അടച്ചിട്ടില്ലെങ്കില്‍ അടച്ച പൈസയും പഠിപ്പും നഷ്ടമാകും. വിദ്യാഭ്യാസ ലോണിനെ കുറിച്ച് മെമ്പറാ പറഞ്ഞുതന്നത്. വേറെ വഴി ഇല്ല. മോന് ഞങ്ങളെ രക്ഷിക്കണം.”

മെമ്പര്‍ പറഞ്ഞു തന്നത് അതേപടി ഒറ്റ ശ്വാസത്തില്‍ മാനേജറോട് അമ്മ കൈക്കൂപ്പി പറഞ്ഞു.

അമ്മയുടെ പറച്ചില്‍ കേട്ട് ബാങ്ക് മാനേജര്‍ ചിരിച്ചു.

”മന്ത്രിയും മെമ്പറും അങ്ങനെയൊക്കെ പറയും. അവര് ജാമ്യം നില്‍ക്കുമോ. അങ്ങനെ വഴിയെ പോകുന്നവര്‍ക്കൊക്കെ ഇവിടെ നിന്നും കാശ് വാരികൊടുത്താല്‍ വാമനന്‍ വന്ന് എന്നെ ചിവിട്ടി താഴ്ത്തും.”

താൻ പറഞ്ഞത് വലിയ കാര്യം അല്ലേ എന്ന മട്ടില്‍ അമ്മയെയും മകളെയും നോക്കി ശരീരം അനക്കി കറങ്ങുന്ന കസേരയിലൂടെ കുറച്ചപ്പുറത്ത്‌ നീന്തി പേന എടുത്ത് അതിന്‍റെ അറ്റത്ത്‌ കൈവിരല്‍ വെച്ച് ടക് എന്ന് ഒച്ചയുണ്ടാക്കി.

”വേറെ വഴി ഇല്ലാഞ്ഞിട്ടാ..പലിശയും പിഴ പലിശയും മുതലും കൃത്യമായി അടക്കും.”

അമ്മയുടെ പറച്ചിലൊക്കെ ശരിയാണ് എന്ന കാര്യം അറിയാം എന്ന മട്ടില്‍ മാനേജര്‍ തലയനക്കി.

”ഞാന്‍ ഇവിടെ ബ്ലേഡ് കമ്പനി അല്ല നടത്തുന്നത്.ഇത് ഒരു റെപ്യുറ്റട് ബാങ്ക് ആണ്.”

വലിയ അഭിമാനിയെ പോലെ അവരെ മാനേജര്‍ നോക്കിയശേഷം തുടര്‍ന്നു. ”നിങ്ങളുടെ മക്കള്‍ ജോലി നേടിയാല്‍ ഞങ്ങളുടെ മക്കള്‍ എന്താ ചെയ്യുക. നിങ്ങളുടെ മക്കള്‍ രോഗിയാകുക. ഞങ്ങളുടെ മക്കള്‍ ചികിത്സിക്കും. നിങ്ങളുടെ മക്കള്‍ കള്ളന്മാരും കൊള്ളക്കാരും കൊലപാതകിയും ആകുക. ഞങ്ങളുടെ മക്കള്‍ വക്കീലാകും. നിങ്ങളുടെ മക്കള്‍ വാര്‍പ്പ് ജോലിക്കാരാകുക. ഞങ്ങളുടെ മക്കള്‍ എഞ്ചിനീയര്‍ ആകും. നിങ്ങള്‍ വോട്ട് ചെയ്യുക ഞങ്ങളുടെ മക്കള്‍ മന്ത്രിയാകും. വല്ല്യ ജോലി കിട്ടണം എന്ന് ആഗ്രഹിക്കരുത്. എല്ലാ ജോലിക്കും മൂല്യമുണ്ട്. ഇപ്പോള്‍ തന്നെ വീട്ടുജോലിക്ക് ആളെ കിട്ടുന്നില്ല. നിങ്ങളൊക്കെ പഠിക്കുന്നത് കൊണ്ടാ. നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ മോളെയും കൂട്ടുക. നിങ്ങളുടെ വരുമാനം കൂടും. അത് ബാങ്കില്‍ ഇടുക.വളരും.”

”അപ്പോള്‍…’ കൈക്കൂപ്പി ദൈവത്തിനോടെന്നപോലെ എങ്ങി കരഞ്ഞുകൊണ്ടാണ്‌ അമ്മ ചോദിച്ചത്.

”നിങ്ങള്ക്ക് പോകാം.ഇവിടെ എനിക്ക് കുറെ പണിയുണ്ട്.”എന്ന് പറഞ്ഞ് മാനേജര്‍ മുന്നിലെ സ്ക്രീനിലേക്ക് തല പൂഴ്ത്തി.

”ഇനി എന്താ ചെയ്യാ മോളെ ..”തിരക്ക് പിടിച്ച നഗരത്തിലൂടെ ധൃതിയില്‍ നാട്ടിലേക്കുള്ള ബസ്സില്‍ കയറി ഇരിക്കുമ്പോള്‍ മകളോട് അമ്മ സങ്കടത്തോടെ ചോദിച്ചു.

”മാനേജര്‍ പറഞ്ഞ പണിക്ക് അമ്മയുടെ കൂടെ വന്നാലോ.” ചിരിച്ചുകൊണ്ടാണ് അമ്മയോട് മകള്‍ ചോദിച്ചത്.

മകളുടെ മനസ്സില്‍ നിറയെ വിഷമം ഉണ്ട് എന്ന കാര്യം അമ്മക്ക് അറിയാം.

മകളെ അമ്മ തുറിച്ചു നോക്കി.

”ഇത്രകാലം പഠിച്ചത് ആരാന്‍റെ തീട്ടം വാരാനാണോ ..”

ഒച്ച ഉയര്‍ത്തിയ അമ്മയുടെ ചോദ്യത്തില്‍ നിറയെ വേദനയും സങ്കടവും രോഷവും ഒക്കെ ഉണ്ടായിരുന്നു.

”അന്നേരം മകള്‍ അമ്മയെ നോക്കി പൊട്ടിപ്പൊട്ടി ചിരിച്ചു.

”നിന്‍റെ ഒടുക്കത്തെ ചിരിയാ..”

അങ്ങനെ പറഞ്ഞുകൊണ്ട് മകളെ ചേര്‍ത്ത്പിടിച്ച് അമ്മ ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി.

വീട്ടിലേക്കുള്ള വഴിയിലേക്ക് കയറുമ്പോഴാണ് ഇടത് വശത്ത് നിന്നും അലങ്കരിച്ചതും ചിത്രപ്പ ണികള്‍ ഉള്ളതുമായ വില്ലുവണ്ടി മണി കുലുക്കി വരുന്നത് അമ്മയും മകളും കണ്ടത്. അവര്‍ നടത്തം നിര്‍ത്തി വില്ലുവണ്ടിയെയും വണ്ടിക്കാരനെയും നോക്കി നിന്നു. കരുത്തരായ കാളകളെയാണ് വണ്ടിയുടെ ഇരുവശവും കെട്ടിയിരിക്കുന്നത്. വെളുത്ത ബനിയനും വെളുത്ത മുണ്ടും ധരിച്ച വില്ലുവണ്ടിക്കാരന്‍റെ അരയില്‍ കഠാര തിരുകി വെച്ചിരുന്നു.

ഉയരങ്ങളിലെ ആകാശത്തിലേക്ക് കൈകള്‍ ഇരുവശത്തേക്കും ഉയര്‍ത്തി വില്ലുവണ്ടിക്കാരന്‍ പാടുകയാണ്.

”കേട്ടു ഗ്രഹിച്ചു കൊള്‍വിന്‍
സാധുക്കള്‍ തന്‍ കഷ്ട്ടതകളെല്ലാം
എങ്ങോട്ട് പോയിടേണ്ടൂ
ദൈവമേ എന്ന് കരഞ്ഞീടുന്നു
വീടുകളൊന്നുമില്ല
നാടുമില്ല
കാടുകള്‍ തന്നെയുള്ളൂ
കാട്ടില്‍ കിടന്നീടണം
ദിനം പ്രതി കാട് തെളിച്ചീടണം
കായഫലമായിടുമ്പോള്‍
പണമുള്ളവര്‍ കൈവശമാക്കീടുന്നു”

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like