പൂമുഖം LITERATURE കഥാവാരം – 5

വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ബർദുബായിലും ദേയ്രയിലുമുള്ള പ്രവാസി സുഹൃത്തുക്കളോടൊപ്പം ക്രീക്കിലെ പുൽത്തകിടിൽ പലതും പറഞ്ഞിരിക്കുക എന്നതായിരുന്നു പ്രവാസകാലത്തെ വാരാന്ത്യ ശീലം. പൊതു ഇടങ്ങളിലോ മുഖ്യധാരാ ചർച്ചകളിലോ തീരെ മുഖം കൊടുക്കാത്തവരായിരുന്നു അവരിൽ പലരും. എന്നാലോ, നല്ല വായനയും സാഹിത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ളവർ. 2019 വർഷത്തിൽ, അത്തരമൊരു ചർച്ചക്കിടയിൽ, ഇപ്പോഴത്തെ നവീന കഥാകാരന്മാരിൽ, ഇനിയൊരഞ്ചു വർഷം കഴിഞ്ഞാലും ആരൊക്കെയുണ്ടാവും എന്നൊരു ചോദ്യം വന്നു. ഇതു പോലെയോ ഇതിനേക്കാൾ നന്നായോ ‘വെൽ എസ്റ്റാബ്ലിഷ്ഡ് റൈറ്റർ’ എന്ന ഒരു സ്ഥാനത്ത് ഇവരിൽ ആരൊക്കെ കാണും എന്നൊരു ചർച്ച. അന്ന് ഞാൻ പറഞ്ഞ അഞ്ചു പേരിൽ ഒരാൾ ഷിനിലാൽ ആയിരുന്നു.’ബുദ്ധപഥം’ എന്ന ഒറ്റ കാരണം എന്നെക്കൊണ്ട് അങ്ങനെ പറയിക്കുകയും, പിന്നീട് ‘സ്പർശം’ കൊണ്ട് അത് സ്ഥാപിക്കുകയും ചെയ്തു കഥാകൃത്ത്.

‘മാഖൻസിങ്ങിന്റെ മരണം’ എഴുതിയ അതേ ടി പദ്മനാഭൻ ആണ് ‘പീരുമേട്ടിലേക്കുള്ള വഴി’ എഴുതിയത്ഹിഗ്വിറ്റയും തിരുത്തും എഴുതിയ അതേ എൻ എസ് മാധവൻ തന്നെയാണ് ‘യയാതി’ എഴുതിയത്.ബുദ്ധപഥവും സ്പർശവും എഴുതിയ അതേ ഷിനിലാൽ തന്നെയാണ് ‘സച്ചിദാനന്ദന്റെ പൂവും’ ‘നഗ്ന’വും എഴുതിയത്. എന്റെ ഊഹം വെച്ച് ഇത് കഥയെഴുത്തിന്റെ ആദ്യകാലത്ത് എഴുതിയതാവണം. അല്ലെങ്കിൽ ഇത്രക്ക് ഭീകരമാം വിധം അൺ എഡിറ്റഡ് ആവില്ലായിരുന്നു കഥ. വ്യത്യസ്തമായ അന്തരീക്ഷത്തിൽ ഒരു തരം ഫാന്റസി ഫീലോടെ തുടങ്ങിയ കഥ, ആവർത്തനങ്ങൾ കൊണ്ട് ചെടിപ്പിച്ചു. ഏറെക്കുറെ വായനക്കാരന് മനസ്സിലായവയെ രണ്ടാമതൊരു വിശദീകരണം എന്ന പോലെയാണ് കഥാകൃത്ത് വിസ്തരിച്ച് പറയുന്നത്. ഒരു മുഴുപ്പേജ് നീളമുള്ള പതിനഞ്ച് ഖണ്ഡികകൾ. മലയെ മുല എന്നാക്കി വായിച്ചു എന്ന് പറയാൻ വേണ്ടി മാത്രം!

സമകാലിക മലയാളത്തിൽ ജ്യോതി ശങ്കർ എഴുതിയ കഥയാണ് ധ്രുവനക്ഷത്രം. വിദ്യാർത്ഥികൾക്ക് സന്മാർഗിക ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കുന്ന മധ്യ വയസ്സ് പിന്നിട്ട കഥാനായകൻ. തന്നെ ഏറെക്കാലമായി വേട്ടയാടുന്ന മൂന്ന് ദുഃഖങ്ങളെ, അർദ്ധ സഹോദരിയോട് പങ്കു വെക്കുന്നതാണ് കഥ. പ്ലോട്ട്, കഥാപാത്രങ്ങൾ എന്നിവ കൊള്ളാം. എഡിറ്റിങ്, ക്രാഫ്റ്റിങ് സുന്ദരമെന്ന് തന്നെ പറയാം. പക്ഷേ ഇതിന്റെ കഥ, തീം, അതിന്റെ കരുത്ത് തുടങ്ങിയവ എത്രത്തോളം സംതൃപ്തി നൽകുന്നതാണ് എന്ന് പറയാൻ പറ്റുന്നില്ല. കഥാപാത്രങ്ങളുടെ രൂപം മാത്രം കിട്ടിയാൽ പോരാ വായനക്കാർക്ക്. അവരുടെ വികാരങ്ങൾ കൂടി കൈമാറ്റം ചെയ്യപ്പെടണം. ശില്പഭദ്രതയോടൊപ്പം ചലനം കൂടെ വേണം. ആ നിലക്ക് കഥ ഒന്ന് കൂടെ മുറുകേണ്ടിയിരിക്കുന്നു. ഡിസോഡേഡ് പേഴ്സനാലിറ്റി, രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ രണ്ടു സാക്ഷികളുടെ (അതോ മൂന്നോ) കൊലയാളി ആകുന്നത് വ്യക്തമായി അറിയിക്കുന്നതിലോ, സ്വാഭാവികമായി രെജിസ്റ്റർ ചെയ്യുന്നതിലോ ചെറിയ അപാകത വന്നത് പോലെ തോന്നി. എങ്കിലും അവസാനം സഹോദരിയുടെ കണ്ണുകളിൽ, മുൻപ് മരിച്ചു പോയ രണ്ടു പേരെ കാണുന്നത് പറഞ്ഞതൊക്കെ സുന്ദരം തന്നെ. (എഡിറ്റിങ് പോരായ്മ ഒഴിച്ച് നിർത്തിയാൽ മനോഹരമായ കഥയായിരുന്നു ജ്യോതി ശങ്കറിന്റെ യവനിക. ധ്രുവനക്ഷത്രം പക്ഷേ യവനിക പോലെ കരുത്തുള്ളതല്ല).

9 ഇന്ത്യൻ ഭാഷകളിലെ കഥകളാണ് മാതൃഭൂമി നവതി പതിപ്പിൽ ഇപ്രാവശ്യം ഉള്ളത്. ഇ. സന്തോഷ് കുമാറിന്റെ ‘മരണക്കുറി’ ആണ് മലയാളത്തെ പ്രതിനിധീകരിക്കുന്നത്. ഒഴുക്കോടെ വായിച്ചു പോകാവുന്ന ഒരു കഥ എന്നതിൽ കവിഞ്ഞ് മറ്റു ഭാഷകളുമായി തുലനം ചെയ്യുമ്പോൾ ഏറെ വിശിഷ്ടം എന്ന് പറയാവുന്ന ഒന്നും ഈ കഥയിൽ ഇല്ല. ഒരു ചെറുകഥ എന്ന നിർവചനത്തിലും അപ്പുറമാണ് ഇതിന്റെ ദൈർഘ്യം. ഓഫ് ലീനിയർ നരേറ്റീവ് എന്നുപറഞ്ഞ് കണ്ണടക്കാം എങ്കിലും തത്വത്തിൽ കേന്ദ്ര സ്ഥിതമായ ആശയത്തിന് ഫോക്കസ് നൽകാത്തതിനാൽ സ്കാറ്റേഡ് എന്നു പറയേണ്ടിയിരിക്കുന്നു കഥയെ.

ദാമോദർ മൗജോ യുടെ ‘മനുഷ്യരുടെ ഗ്രാമത്തിൽ’ (കൊങ്കണി),കെ. ടി. ചിക്കണ്ണയുടെ ഹമീദിന്റെ കഥ (കന്നഡ) എന്നിവ ചലനാത്മകമാണ്. എത്ര കണ്ട് ചെറുതാക്കാമോ ചെറുകഥ, അത്രയും ചെറുത്. ചെറുത് സുന്ദരം എന്ന് പറയുന്നത് വെറുതെയല്ലായെന്ന് മനസ്സിലാവും കഥകൾ വായിച്ചാൽ.

അഞ്ചോ ആറോ പേജുകൾ മതി ഇരുവർക്കും ഒരു കഥയുടെ മൊത്തം വികാരവും പകർന്നു തരാൻ. അപ്പോഴും, വായനക്കാരന്റെ ഭാവനക്ക് കൂടി ഒരു തലം ബാക്കി വെക്കുന്നുണ്ട് ഈ രണ്ടു കഥകളും.

ഈ കഥകൾ വായിച്ച് മലയാളത്തെ ഓർത്തു ചെറിയ നൈരാശ്യം വന്നേക്കാം നമുക്ക്. അപ്പോൾ തുമ്മല രാമകൃഷ്ണയുടെ ‘ചതുപ്പ്നിലം’ എന്ന തെലുഗു കഥ വായിക്കുക. സർവസാധാരണ സംഭവത്തെ അത്രയും സർവസാധാരണമായി പറയുന്ന വെറുമൊരു വിവരണം. ഇനിയും നൈരാശ്യം ബാക്കി ഉണ്ടെങ്കിൽ സന്ധ്യ സിൻഹ യുടെ ഭോജ് പുരി കഥ -‘വല്യേച്ചി’ വായിക്കുക. സമീപകാലത്ത് ഇത്രക്ക് ഭീകരമായ പൈങ്കിളിക്കഥ മലയാളം പ്രിന്റ്ഡ് മീഡിയയിൽ വായിച്ചവർ ഒന്ന് പറയുക.

പക്ഷേ, മലയാള ചെറുകഥയുടെ ഭാവുകത്വ പരീക്ഷണങ്ങൾ ഗംഭീരമാണെന്നും, ഇന്ത്യൻ സാഹിത്യത്തിന്റെ അത്യുന്നതിയിലാണ് നമ്മളെന്നുമുള്ള തോന്നൽ ‘ഡാർവിന്റെ വാൽ’ എന്ന തൂയന്റെ തമിഴ് കഥ വായിച്ചാൽ തീരാവുന്നതേയുള്ളൂ. അതി ഗംഭീരമാണത്. അതോടൊപ്പം വിവർത്തകരെക്കുറിച്ചും പറയണം. ഡോ. പി. കെ. രാധാമണി, എ. കെ. മുഹമ്മദ്‌ റിയാസ്. അതിമനോഹരമായിരിക്കുന്നു മൊഴിമാറ്റം..!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

You may also like