മുഷിഞ്ഞ യാത്രയുടെ ക്ഷീണം പേറി
കിതച്ചോടുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിൽ,
വിരലുകളാൽ മഞ്ഞിന്മേൽ ചിത്രം വരയ്ക്കുന്ന പെൺകുട്ടി.
ഒരു പൂജ്യം,
നീളമുള്ള ഒരൊന്ന്,
അതിൽ നിന്നും രണ്ട് ചെറിയ ചരിഞ്ഞ ഒന്നുകൾ…
അച്ഛനെന്ന്!
ചെറിയൊരു പൂജ്യം,
നന്നേ ചെറിയ ഒരൊന്ന്,
രണ്ട് ചെറുതായ ചരിഞ്ഞ ഒന്നുകൾ…
അവളാണ്.
ആ ചരിഞ്ഞ ഒന്നുകൾ കൈകളാണ്.
അതിലൊരെണ്ണം അല്പം വളച്ച്,
അച്ഛന്റെ കയ്യോട് ചേർത്തുവെച്ചു.
അവളുടെ വിരൽ, അച്ഛന്റെ
കൈയ്യകത്ത്
ചൂടോടെ പിടിച്ചിരിക്കുന്നു.
എന്തിനെന്നോ?
അതങ്ങനെയാണ്…
വെറും വിരലുകളുടെ കൂട്ടിമുട്ടലുകളല്ലത്.
ജീവന്റെ ജനിതകക്കോണിയിൽ
പറ്റിപ്പിടിച്ചിരിക്കുന്ന,
നിശ്ശബ്ദ ഉടമ്പടിയുടെ
ഏറ്റവും ശുദ്ധമായ പരിച്ഛേദം.
മുഷിഞ്ഞ യാത്രയുടെ കിതച്ചോട്ടത്തിനിടയിലും
അഴിഞ്ഞുപോകാതെ,
യാത്രയിലുടനീളം
കൂടെവരുന്നത്…
യാത്രയ്ക്കൊടുവിൽ
മിച്ചമാകുന്നതും!
ജ്യോതിസ് പരവൂര്‍
