പൂമുഖം OPINION ആദിവാസിജീവിതം ഒരു തെരഞ്ഞെടുപ്പുവിഷയം മാത്രമാകുമ്പോൾ

ആദിവാസിജീവിതം ഒരു തെരഞ്ഞെടുപ്പുവിഷയം മാത്രമാകുമ്പോൾ

ആദിവാസികൾ – ദളിത് വിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഇന്ത്യയിലൊട്ടാകെ തന്നെ വളരെ പരിതാപകരമാണ്.
കേരളത്തിലും അവരുടെ അവസ്ഥ ഒട്ടും തന്നെ ഭേദമല്ല. ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ കേരളത്തിൽ തന്നെ ആദിവാസി മേഖലയിലാണ് ഏറ്റവും കൂടുതൽ ശിശു മരണങ്ങൾ ഉണ്ടാകുന്നത്. അത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള പ്രദേശമായി കേരളം മാറും.

ഏറ്റവുമധികം സാക്ഷരതയും കിടക്കാൻ ഒരിടവും ആളുകൾക്ക് സ്വന്തമായ ഭൂമിയുമുള്ള പ്രദേശങ്ങളിൽ കേരളം ഏറ്റവും മുൻപന്തിയിലാണ്. എന്നാൽ കേരളത്തിൽ അക്കാര്യങ്ങളിലെല്ലാം പിന്നിൽ നിൽക്കുന്ന 15-20 % ജനങ്ങളുണ്ട്. ആദിവാസികളും ദളിതരുമാണവർ. ചുരുക്കത്തിൽ വികസനത്തിൻ്റെ യും അവഗണനയുടെയും ഇരകളാണ് ഈ ജനവിഭാഗങ്ങൾ എന്നു നിസംശയം പറയാം.
ഇക്കാര്യങ്ങൾ കേരളത്തിലെ വിവിധ ദളിത്-ആദിവാസി സംഘടനകളും തീ വ്ര ഇടതുപക്ഷക്കാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കേരളപഠനവും സി.ഡി.എസും ഒക്കെ നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. വിമർശന വിധേയമാക്കിയിട്ടുള്ളതാണ്. ഒന്നിനും പരിഹാരമായിട്ടില്ല. ആദിവാസി ജന വിഭാഗങ്ങൾക്കായി കോടിക്കണക്കിനു രൂപ ചിലവഴിച്ചിട്ടുണ്ട്. ഇപ്പഴും ചിലവഴിക്കുന്നു. ആ പണം കൊണ്ടാണ് നമ്മുടെ നാട്ടിലെ ബുദ്ധിമാന്മാരായ ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയക്കാരും കോൺട്രാക്ടർമാരും അധികാര ദല്ലാളന്മാരും വികസിക്കുന്നത് എന്ന കാര്യം സ്പഷ്ടമാണ്. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാക്കിയിൽ തീരുന്നതാണ് ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ. പകരം ഭൂകേന്ദ്രിതമായി പ്രശ്നം പരിഹരിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. ആദിവാസികളുടെ ഉണ്ടായിരുന്ന ഭൂമി എങ്ങനെ പോയി എന്ന ചോദ്യത്തെ ശരിയായി പഠിച്ചാലേ ആദിവാസി പ്രശ്നത്തിൻ്റെ വേരുകളിലേക്ക് എത്തിപ്പെടാൻ കഴിയൂ. നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരും മൂടും തട്ടി പോകും. പ്രത്യേക കേന്ദ്ര പാക്കേജുകൾ ഡൽഹിയിൽ നിന്നു തന്നെ ബുദ്ധിമാന്മാർ സ്വന്തമാക്കും. കേരളം ഭരിക്കുന്നവരും അടുത്ത തെരഞ്ഞെടുപ്പു കാലം വരെ അവരെ മറക്കും. എന്തെങ്കിലും ആടോ കോഴിയോ കൊടുത്ത് അവരെയും വികസിപ്പിച്ചു എന്നവകാശപ്പെടും.

ദളിത് വിഷയത്തിൽ സാമ്പത്തിക അഴിമതിയേക്കാൾ അവഗണനയും നിഷേധാത്മക സമീപനവും പാർശ്വവത്കരണവുമാണ് പിന്നോക്കാവസ്ഥയുടെ കാരണം.
ഇംഗ്ലീഷ് ഭാഷയിലുള്ള പിന്നോക്കാവസ്ഥ കൊണ്ട് ദളിത് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പല പ്രശ്നങ്ങളുമുണ്ട്. ഭദ്രമായി പഠിക്കാനും ജോലി സമ്പാദിക്കുവാനും അവർക്ക് കഴിയുന്നില്ല. വരുമാനമുള്ള ജോലി കിട്ടാത്തതിനാൽ ഭൂമിയോ കിടപ്പാടമോ ഇല്ല. അടച്ചു റപ്പില്ലാത്ത ചാളകളിലാണ് പലരുടേയും താമസം. വികസിത പ്രദേശത്തിൻ്റെ ഓരങ്ങളിൽ ലക്ഷം വീട് കോളനികളിലും പുറം പോക്കുകളിലുമാണ് മിക്കവരുടെയും താമസം. പരിഷ്കാരികളുടെ ഓരങ്ങളിൽ താമസിക്കുന്നവർ കടുത്ത അപകർഷതയും മാനസിക പ്രശ്നങ്ങളും അരക്ഷിതത്വവും അക്രമങ്ങളുമാണ് നേരിടേണ്ടി വരുന്നത്. ഇങ്ങനെ ഓരങ്ങളിൽ വസിക്കുന്നവർ ജീവിതമാർഗങ്ങളില്ലാതെ അനിഷ്ടകരമായ തൊഴിലുകളിലേക്കും വലിച്ചെറിയപ്പെടുന്നു. ആരോ തങ്ങളെ ഇല്ലാതാക്കാൻ നടക്കുന്നു എന്ന ഭയം കേരളത്തിലെ ആദിവാസി .ദളിത് വിഭാഗങ്ങൾക്കുണ്ട്. മദ്യപാന – മരണ നിരക്ക് വളരെ കൂടുതലാണ്.

ഇതൊക്കെ വിവിധ പഠനങ്ങളിലൂടെ കഴിഞ്ഞ 30 വർഷമായി പുറത്തു വന്നു കൊണ്ടിരിക്കുന്ന വസ്തുതയാണ്. എന്നാൽ നമ്മുടെ വെള്ളക്കോളർ ഉദ്യോഗസ്ഥന്മാർക്കും ‘വികസന അജണ്ട “ക്കാർക്കും ഇതൊന്നും ഒരു പ്രശ്നമല്ല. അവർ മുകളിലേക്ക് മാത്രം നോക്കുന്നു.

ഈ പശ്ചാത്തലത്തിൽ വേണം ഈ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യ അജണ്ടയായി ഉയർന്നു വന്ന ദളിത്-ആദിവാസി പ്രശ്നത്തെ പറ്റി ആലോചിക്കേണ്ടത്. ഇടതു മുന്നണിയും വലതു മുന്നണിയും NDA യും ഇക്കാര്യങ്ങളിൽ മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. ജിഷയുടെ കൊലപാതകവും സി.കെ ജാനുവിൻ്റെ NDA പ്രവേശനവും പ്രധാനമന്ത്രിയുടെ സോമാലിയൻ പര പ്രയോഗവും എല്ലാം ഈ പ്രശ്നത്തെ പെട്ടെന്ന് ചൂടുപിടിച്ച ചർച്ചയിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്.

പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലവരും മൂടും തട്ടി പോകും. പ്രത്യേക കേന്ദ്ര പാക്കേജുകൾ ഡൽഹിയിൽ നിന്നു തന്നെ ബുദ്ധിമാന്മാർ സ്വന്തമാക്കും. കേരളം ഭരിക്കുന്നവരും അടുത്ത തെരഞ്ഞെടുപ്പു കാലം വരെ അവരെ മറക്കും. എന്തെങ്കിലും ആടോ കോഴിയോ കൊടുത്ത് അവരെയും വികസിപ്പിച്ചു എന്നവകാശപ്പെടും.

കോരന് കുമ്പിൾ കൊടുക്കും. പക്ഷേ എന്നെങ്കിലും കഞ്ഞി കൊടുക്കുമോ?

Comments
Print Friendly, PDF & Email

You may also like