പൂമുഖം LITERATUREകവിത അമ്മി ചവിട്ടി അരുന്ധതി കാണൽ

അമ്മി ചവിട്ടി അരുന്ധതി കാണൽ

അമ്മി ചവിട്ടിയാൽ
അമ്മയെ ചവിട്ടിയ പോലെ.
സ്വന്തം വീട്ടുകാരുമായി,
അമ്മയുമായി,
എല്ലാ ബന്ധങ്ങളും
വേർപെടുത്തുകയാണത്.

ഇതെല്ലാം
നീ തന്നെയല്ലെ അവളോട്
പറഞ്ഞത്.

കതിർമണ്ഡപത്തിനു
മൂന്നു വലം വെച്ച്
വലതു വശത്തെ അമ്മിയിൽ
വലതുകാൽ വച്ച് കയറി നിന്ന്,
ആകാശത്തെവിടെയോ
കാണുന്നൊരു നക്ഷത്രത്തെ,
അരുന്ധതിയാണെന്നു
സങ്കൽപ്പിച്ച്,
അതിനെ നോക്കണമെന്നും
പറഞ്ഞതോ?

ആണധികാരത്തിൻ്റെ
കയ്പുനീർ
കുടിയ്ക്കാൻ
നീ തന്നെ അവളെ പറഞ്ഞു
വിടുകയായിരുന്നു.

കിടപ്പറയിൽ
ആദ്യരാത്രി വന്നത്
കെട്ട്യോൻ്റന്യേൻ!*

അരുന്ധതി
ഒടുങ്ങാത്ത പാതിവ്രത്യത്തിന്റെ
ചൈതന്യമത്രെ!

പാതിവ്രത്യം കാത്തു
സൂക്ഷിയ്ക്കാമെന്ന,
മരണശേഷം മറ്റൊരു നക്ഷത്രം
ആയി വരുവാൻ തയ്യാറാണെന്ന
തടവറയിൽ കിടന്നു,
മരിച്ച നക്ഷത്രത്തിൻ്റെ
മൗനദാർഢ്യം!

*കുറ്യേടത്ത് താത്രിയുടെ അനുഭവം.
അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെ പത്രറിപ്പോർട്ടുകളും കോടതി രേഖകളും സ്മാർത്തവിചാരം ചെയ്തതിൻ്റെ, ഈ പോരാട്ടത്തിൻ്റെ തെളിവായി പറയുന്നുണ്ട്. 1905 ലാണ് സ്മാർത്തവിചാരം.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like