പൂമുഖം LITERATUREകവിത അങ്ങനെയങ്ങനെയുടെ ഒരു ഏകദേശ രൂപരേഖ*

അങ്ങനെയങ്ങനെയുടെ ഒരു ഏകദേശ രൂപരേഖ*

ലോകത്തിലെ ഏറ്റവും
ഉദാസീനനായ വ്യക്തിയാവാൻ
ശ്രമിച്ചാലോ എന്നാലോചിച്ചു. പക്ഷേ,
ഏറ്റവും എന്ന ലക്ഷ്യം,
അതിലെ മത്സര സ്വഭാവം
ഉദാസീനതയെ ആശയപരമായി
അസാധുവാക്കുമെന്ന് മനസ്സിലാക്കി
ശ്രമം ഉപേക്ഷിച്ചു.

അങ്ങനെയെങ്കിൽ,
ഏറ്റവും കൂടുതൽ
ഉപേക്ഷിക്കലുകൾ നടത്തിയ
ആളായാലോ എന്നായി.
ഉപേക്ഷിക്കാനുള്ളവ ഏതൊക്കെ
എന്ന് തീരുമാനിക്കുന്നതിൽ
ഒരു തരം തിരഞ്ഞെടുപ്പും
സ്വീകരണവുമൊക്കെയുണ്ട്,
അതൊക്കെ ഉപേക്ഷിക്കലിന്റെ
വിപരീതങ്ങൾ എന്ന് തിരിച്ചറിഞ്ഞ്
ആ പദ്ധതിയും തിരുത്തി.

അടുത്തതായി, സ്വാഭാവികമായും
ഏറ്റവും കൂടുതൽ തിരുത്തലുകൾ
എന്ന സാധ്യതയിലേക്ക് തിരിഞ്ഞു.
ഏറ്റവും കൂടുതൽ തിരുത്തലുകൾക്ക്
പണിയിടങ്ങളോ സാമഗ്രികളോ ആയി
കുറേയേറെ തെറ്റുകൾ ആവശ്യം വരുമെന്ന
പ്രായോഗികതയാൽ പ്രചോദിപ്പിക്കപ്പെട്ട്
പുതുമ നിറഞ്ഞ പലതരം തെറ്റുകളെ
ആവിഷ്ക്കരിക്കാനും ശേഖരിക്കാനും തുടങ്ങി.

ഒരു കാര്യം പറയാതിരിക്കുന്നതിനുള്ള
ന്യായീകരണമായി
ആ കാര്യം തന്നെ പറയുന്ന തെറ്റും
ചെയ്തു കൂട്ടാറുണ്ട്, പതിവായി അയാൾ.

  • വിസ്വവ സിമ്പോർസ്കയുടെ The Three Oddest Words എന്ന കവിതയ്ക്ക് സമർപ്പണം.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like