പൂമുഖം CINEMA ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍

ദയവ് ചെയ്ത് ഇത് കണ്ടോളൂ എന്ന തൊള്ളപൊളിക്കൽ നടത്തുമ്പോൾ എന്നെ റെസ്റ്റ്രിക്റ്റ് ചെയ്യുവാൻ അഭ്യർഥിക്കുന്നു. കാണൂ പ്ലീസ്സ് എന്ന ലൈനിൽ മെസേജ് അയക്കാതിരിക്കാനും അഭ്യർഥിക്കുന്നു.: ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍

ല തീയറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനെക്കുറിച്ച് വിമര്‍ശനവുമായി എഴുത്തുകാരി ഇന്ദുമേനോന്‍ രംഗത്ത്. ഒഴിവുദിവസത്തെ കളി ഒഴിവ് ദിവസത്തെ ചളിയോ അതോ ചതിയോ എന്ന പേരിലാണ് തന്‍റെ ഫേസ്ബുക്കില്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ പിന്തുണയ്ക്കുന്ന സാംസ്കാരിക നായകരെയും, രാഷ്ട്രീയപ്രവര്‍ത്തകരെയും ഇന്ദുമേനോന്‍ വിമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം : ഒഴിവ് ദിവസ്സത്തെ ചളി, അതോ ചതിയോ?

 

സാഹിത്യ സിനിമാ രാഷ്ട്രീയ നക്സല്‍ നായകർ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായി “കാണൂ കാണൂ… മികച്ച ഈ പടം” എന്ന് കൂവിയ ഒഴിവ് ദിവസത്തെ കളിയെന്ന പടം കാണാം എന്ന് തീരുമാനിച്ചത് ഇത്രയും പേർ യാചനാസ്വരത്തിൽ മെസേജിലും അവനവന്‍റെ പോസ്റ്റിലും കമന്‍റിലും പുകഴ്ത്തിപ്പാടിയ മഹത്തായ പടം കാണാനായാൽ അത് നല്ലതായിരുക്കുമല്ലൊ എന്ന കലാസ്വാദകമനോനില കൊണ്ട് തന്നെയായിരുന്നു.

എന്നാൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ലൗഡായ, കലാമൂല്യമോ എസ്തെറ്റിക്ക്സ്സൊ പൊളിറ്റിക്കൽ മൂല്യമോ ഇല്ലാത്ത ഒരു കള്ളനാണയത്തെയാണു കാണേണ്ടി വന്നത്. മൊബൈൽ ക്യാമറയിൽ ശരാശരി മലയാളിപ്പുരുഷന്മാരുടെ അരദിവസത്തെ കുടി പകർത്തിയാൽ ഇതിലും മെച്ചമായിരിക്കും. അവാർഡ് പടമായതിനാൽ, താരങ്ങളില്ലാത്തതിനാൽ (നല്ല അഭിനേതാക്കളുണ്ടായിരുന്നു. അൽപ്പം ഭേദം അവരേ ഉണ്ടായിരുന്നുള്ളു) പെട്ടിയിലായിപ്പോകുമായിരുന്ന ഒരു പരീക്ഷണ സിനിമയെന്നൊക്കെ കുറേ പേർ ഈ പടം ഇറങ്ങും മുമ്പ് പറഞ്ഞു കേട്ടിരുന്നു. അത് ഒരു വലിയ നുണയാണെന്ന് ബോധ്യം വന്നു. കലാമൂല്യമില്ലാത്ത, പ്രിട്ടൻഷ്യസ്സായ ഇൻഫീരിയർ ആർട്ടാണു സനൽകുമാർ ശശിധരന്‍റെ ഒഴിവ് ദിവസത്തെ കളി. അത് തിരിച്ചറിഞ്ഞതിനാൽ സംവിധായകൻ എടുത്ത വാക്സിനേഷനാണു,/കരഞ്ഞ് വാങ്ങിയ കലാപരമായ സംവരണമാണു സാംസ്കാരികനായകരുടെയും സിനിമാപ്രമുഖരുടേയും സാക്ഷ്യം.

ഈയിടെ കറുത്ത നിറം ദേഹത്ത് വാരിപ്പൂശി ദളിതന്‍റെ പ്രശ്നമനുഭവിക്കാൻ ഒരു പെൺകുട്ടി നടന്നതായും തന്‍റെ തന്നെ ആവശ്യങ്ങൾക്കയി ഈ നടപ്പിനെ ഉപയുക്തപ്പെടുത്തിയതായും കേട്ടിരുന്നു. പോളിറ്റിയിൽ സ്വന്തം പ്രൊഫൈൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ കവിഞ്ഞ് അൽപ്പമേറെ കാപട്യം മാത്രമായിരുന്നു അവർക്ക് ഇതിലൂടെ മുമ്പോട്ട് വെക്കുവാൻ സാധിച്ചത്. ഇതുപോലെ, വെമൂലയോട് സാദൃശ്യം തോന്നുന്ന കറുത്ത നിറക്കാരനായ ഒരു ദളിതൻ അനുഭവിക്കുന്ന ഏക പ്രശ്നം അവന്‍റെ കറുപ്പ് നിറം മാത്രമാണെന്നാണ് സംവിധായകൻ ധരിച്ച് വശപ്പെട്ടിരിക്കുന്നത്. ഇതത്ര നിഷ്കളങ്കമല്ലെന്ന് മാത്രമല്ല നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആർട്ടിനെ ഉപയുക്തപ്പെടുത്തി പോളിറ്റിയിൽ തന്‍റെ പ്രൊഫൈൽ കൂടി ഉയർത്തി വെക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുന്നതാണെന്ന് വ്യക്തവുമാണ്. പൂണൂൽ ധാരിക്ക് എപ്പോഴും നന്മയുടെ ഇളവ് നൽകുന്ന സവർണ്ണമനോനില പടത്തിലുടനീളം ദൃശ്യമാണ്. ചക്കപറിക്കാനും എച്ചിലെടുക്കാനും മിസലേനിയസ്സ് പണികൾ ചെയ്യാനും കറുത്തവനെ /.കറുത്ത സ്ത്രീയെ തന്നെ ഉപയോഗിക്കാൻ സംവിധായകൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്.

അഴിമുഖത്തിൽ വന്ന വൈഖരിയുടെ ലേഖനത്തിൽ കറുത്ത നിറത്തെ അവനവന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് ആക്കുന്നതിനെ പറ്റി കൃത്യമായി പറയുന്നുണ്ട്.
“കറുത്ത തൊലിയുടെ പേരില്‍ തിരിച്ചറിവ് എത്തും മുന്നേ മുതല്‍ ചാവുന്നത് വരെ വിവേചനങ്ങളും അപമാനവും നേരിടുന്ന, അതിനെ പ്രതിരോധിക്കാന്‍ സ്വയം കരുത്താര്‍ജ്ജിച്ചു നില്ക്കു ന്ന ഒരു വലിയ വിഭാഗം ജനക്കൂട്ടത്തെ മുഴുവനായി കൊഞ്ഞനം കുത്തിക്കാണിക്കുന്ന, ദളിത്‌ എന്നാല്‍ കറുത്തവര്‍ എന്ന് സമീകരിക്കുന്ന ഈ പെര്‍ഫോമന്‍സും ആഘോഷിക്കുന്ന ദുരവസ്ഥയിലാണ് സവര്‍ണ മൂല്യബോധം പേറുന്ന നമ്മുടെ പ്രബുദ്ധ മലയാളി സമൂഹം എന്നത് പരിഹാസ്യമാണ്. പ്രധാനമായും ചായം തേച്ച് ഐക്യദാര്‍ഢ്യം  പ്രഖ്യാപിക്കുന്ന ഈ പെര്‍ഫോമന്‍സ്, രോഹിതിനോട് ബന്ധപ്പെടുത്തി ചെയ്യുമ്പോള്‍ ഊട്ടിയുറപ്പിക്കുന്നത് ദളിത്‌ = കറുത്ത ശരീരങ്ങള്‍ എന്ന സമവാക്യമാണ്; ദളിത്‌ സ്വത്വം എന്നാല്‍ തൊലിനിറത്തില്‍ ഒതുങ്ങുന്നു എന്ന പരിഹാസ്യമായ ധാരണയാണ്. ദയനീയമായി വെളിപ്പെടുന്നതാവട്ടെ ജാതീയതയേയും വംശീയതയേയും പറ്റിയുള്ള അജ്ഞതയും. അവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതിതര മനുഷ്യരും സവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതരും ഈ സമവാക്യത്തിന്‍റെ ഏത് ഭാഗത്തായി വരും എന്നതാണ് ചോദ്യം. അത്തരം മനുഷ്യരുടെ സാധ്യതയെപ്പോലും ഈ പ്രോജക്റ്റ് കണക്കിലെടുക്കുന്നില്ല എന്നതാണ് അതിദയനീയം.

വംശീയ – ജാതീയ വെറുപ്പും ഈ പെര്‍ഫോമന്‍സ് ഊട്ടിയുറപ്പിച്ചു വയ്ക്കുന്ന അപകടകരമായ വംശീയ-ജാതീയ പൊതുധാരണയും തമ്മില്‍ എന്താണ് വ്യത്യാസം? തല്ലിനേയും തെറിയേക്കാളും ഐക്യദാര്‍ഢ്യത്തിന്‍റെ പേരിലുള്ള ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങളെയാണ് നാം ഭയപ്പെടേണ്ടത് എന്ന് തോന്നുന്നു. ‘ജാതി ഒരു മാനസികാവസ്ഥയാണ്’ (caste is a state of mind) എന്ന അംബേദ്കറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ആ മാനസികാവസ്ഥ തന്നെയാണ് ഇത്തരം വിപരീതഫലം ഉണ്ടാക്കുന്ന ‘പെര്‍ഫോമന്‍സി’ന് പ്രേരകമാവുന്നതും.

ഒരു ‘പ്രോജക്റ്റ്’എന്ന നിലയില്‍ കറുത്ത ശരീരങ്ങള്‍, അവയുടെ സമൂഹത്തിലെ സ്ഥാനം എന്നതിനെ സമീപിക്കുമ്പോള്‍ ഉള്ള അപരന്‍റെ ആ ‘നോട്ടം’ അഥവാ anthropological gaze ഉണ്ട്. അതാണ്‌ സഹിച്ചു കൂടാത്തത്. വളരെ വിചിത്രമായ, exotic ആയ ഒരു അനുഭവം എന്ന മട്ടിലാണ് ഈ ‘പ്രോജക്റ്റ്’ അവതരിപ്പിക്കപ്പെടുന്നത്. സവര്‍ണ ശരീരങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു exotic അനുഭവത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാന്‍ മറ്റൊരു സവര്‍ണ ശരീരം തന്നെ മുന്‍കൈയെടുക്കുന്നു. എന്നതാണ് ഇതിനെ ആഘോഷിക്കാന്‍, ഇതിനോട് താദാത്മ്യം പ്രാപിക്കാന്‍ പൊതുബോധത്തിനെ പ്രേരിപ്പിക്കുന്ന ഘടകം. വിചിത്ര ജീവിക്കൂട്ടം (exotic breed) എന്ന നിലയില്‍ കറുത്ത ശരീരങ്ങളെ സമീപിക്കുന്നത് ഏത് വിധത്തിലാണ് കറുത്ത ശരീരങ്ങളെ സഹായിക്കുക? അതേസമയം കറുത്ത ശരീരങ്ങള്‍ എന്നത് വിചിത്രവും അപമാനം വിളിച്ചു വരുത്തുന്നവയാണെന്ന്‍ അവരവരോടു തന്നെ പ്രഖ്യാപിക്കാനും സ്വയം ബോധിപ്പിച്ച് ആശ്വസിക്കാനും സവര്ണങ ശരീരങ്ങളെ ഈ പ്രോജക്റ്റ് സഹായിക്കുന്നുമുണ്ട്.

കറുത്ത ശരീരം മാത്രമല്ല ദളിതന്‍റെ പ്രശ്നം.സവർണ്ണ ഇന്ത്യയിൽ വളരെ കാതലായ പല പ്രശ്നങ്ങളും അവൻ നേരിടേണ്ടി വരുന്നുണ്ട്. പോറ്റിയുടെ കോടതിയിൽ പുലയനു നീതികിട്ടില്ലെന്ന ഒരു സമവാക്യവും കൂടി ചേർത്ത് സിനിമപിടിച്ചാൽ വായിക്കാനാവില്ല ദളിത് സമൂഹം അനുഭവിക്കുന്ന വിവേചനങ്ങൾ, അവനനുഭവിക്കുന്ന കടുത്ത നീതിനിഷേധം, അവനനുഭവിക്കുന്ന സാമൂഹിക വൈകാരിക അപമാനങ്ങൾ. സ്വന്തം ഭക്ഷണത്തിന്‍റെ സ്വാതന്ത്ര്യത്തിൽ പോലും മറ്റുള്ളവരുടെ നീതിയും യുക്തികളും പേറേണ്ടി വരുന്ന സമൂഹങ്ങളുടെ നിസ്സഹായതകളും പ്രതിഷേധങ്ങളും പോരാട്ടങ്ങളും അവരനുഭവിക്കുന്ന വലിയ പ്രശ്നനങ്ങളും കാണാനാകാത്തത് സംവിധായകനിരിക്കുന്ന പ്രിവിലേജ്ഡ് സവർണ്ണതയുടെ അഹന്ത കൊണ്ട് മാത്രമല്ല അറിവില്ലായ്മ കൊണ്ട് കൂടിയാണ്.

ഇനിയും ഏറെ പറയാനുണ്ട്. ഏത് സ്ത്രീശരീരത്തെ കണ്ടാലും വെള്ളമിറക്കുന്നവനാണ് മലയാളിപ്പുരുഷൻ എന്ന തരം ധാരണകൾ, ഓസ്സിനു ഗൾഫ്ഫുകാരനെ ഊറ്റിക്കുടിക്കുന്നവരാണു മദ്യപാനികൾ, അടിയന്തരാവസ്ഥക്ക് അച്ഛൻ പീഢിപ്പിക്കപ്പെട്ടവനു മാത്രമേ അതിനെ ശരിയായ് അറിയാൻ കഴിയുന്നുള്ളു എന്ന തരം വ്യാഖ്യാനങ്ങൾ, ലൈംഗികതയെക്കുറിച്ചുള്ള ,ബലാത്കാരത്തെക്കുറിച്ചുള്ള സിമ്മലിയൻ ചിന്തകൾ ,പണിയെടുക്കാൻ മടിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരാണ് സർക്കാരുദ്യോഗസ്ഥർ തുടങ്ങി തന്‍റെ ചിന്താമണ്ഡലത്തിൽ തനിക്ക് താങ്ങാൻ കഴിയുന്ന പരമാവധി ഉപരിപ്ലവരാഷ്ട്രീയ ഭാരം സംവിധായകൻ തന്‍റെ ഈ പടത്തെയും ചുമത്തുന്നു .

ഏത് കലാസൃഷ്ടിക്കും ഒരിടമുണ്ട്. അത് ഉത്കൃഷ്ടമോ നീചമോ ഇൻഫീരിയറോ സുപ്പീരിയറോ ആകട്ടെ അതിനുമുണ്ട് ഒരു ധർമ്മമോ പ്രതിനിധാനമോ. ഒന്നും മോശമല്ല. ഒരു സൃഷ്ടിയും മോശമാകണ്ട എന്നാണെനിക്ക്. കലാസൃഷ്ടിക്ക് പൊളിറ്റിക്കലായി നിൽക്കുവാൻ പലപ്പോഴും കഴിയാറില്ല എന്ന വസ്തുതയും കണക്കിലെടുക്കുന്നു. സനൽകുമാർ എന്ന ഫിലിം മേക്കറിന്‍റെ കലാകാരനെന്ന നിലയിലെ പരിമിതിയും അത് മറികടക്കാൻ അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും മനസ്സിലാക്കാം പക്ഷെ ഇത്രയും ലൌഡായ, ഇൻഫീരിയറായ, മീഡിയോക്കറിലും താണ ഒരു സാധനം മഹത്തരമെന്ന് സാക്ഷ്യപ്പെടുത്തുന്ന മഹാസാംസ്കാരിക നായകനമാരുടെ മനോനില അമ്പരപ്പിക്കുന്നു.. ദയവ് ചെയ്ത് ഇത് കണ്ടോളോ എന്ന തൊള്ളപൊളിക്കൽ നടത്തുമ്പോൾ എന്നെ റെസ്റ്റ്രിക്റ്റ് ചെയ്യുവാൻ അഭ്യർഥിക്കുന്നു. കാണൂ പ്ലീസ് എന്ന ലൈനിൽ മെസേജ് അയക്കാതിരിക്കാനും അഭ്യർഥിക്കുന്നു.


Comments
Print Friendly, PDF & Email

You may also like