1
കൊട്ടിയടച്ച
ലോഹഫ്രെയിമിൽനിന്ന്
വിദൂരതയിലെ
തുറസ്സിലേക്കായുന്ന
കഴുത്ത്
അതിർവരമ്പുകളുടെ
നേർരേഖയിൽനിന്ന്
അതിനപ്പുറത്തെ
താഴ് വരയിലേക്ക്
എത്തിനോക്കുകയാണെന്ന
തോന്നൽ.
ചിലപ്പോൾ
ഇടതുചെവി
മെല്ലെ
വട്ടംപിടിക്കും
പോലെ.
അല്ലെങ്കിൽ
നനഞ്ഞ
പുല്ലിലൂടെ,
തണുത്ത
ചെളിയിലൂടെ
ഒഴുകിയ
കാൽമടമ്പ്,
അപരിചിത
പ്രതലത്തിൽ
ഉരസുന്നതായി…
നിസ്സഹായതയുടെ
പരകോടിയിൽ
നിശബ്ദതയ്ക്ക്
എത്രമാത്രം
സാധുതയുണ്ടെന്ന
നെടുവീർപ്പ്
2
വർഷങ്ങൾക്കു മുൻപ്
കെണിയിലേക്ക്
നടന്നടുത്ത ദിവസം
കറപോലെ
ഉടൽമടക്കുകളിൽ
പറ്റിപ്പിടിച്ചിരിക്കുന്നത്
പിന്നീട്
നിലതറ്റിയ
നിലവിളിയായി
ഒലിച്ചിറങ്ങുന്നത്,
കല്ലിച്ചുപോയ,
മുറിവുകളിലൂടെ
ഓടിനടക്കുന്നത്,
സാവധാനം
നിരാശയായി
ഉറഞ്ഞുകൂടുന്നത്.
3
അനിശ്ചിതത്വമെന്ന
പാലത്തിന്റെ
വിടവിൽ,
ഭൂമിക്കും
ആകാശത്തിനുമിടയിൽ,
കൊരുത്ത
ആധിയുടെ
ചരടിൽ
നിയമങ്ങൾക്കും
ഉടമ്പടികൾക്കും
മുൻപുള്ള കിഴവൻ
മരത്തിൻ
വേരുപോലുള്ള
ഓരോർമ
സമയത്തിലൂടെ,
മരണത്തിലൂടെ,
കടന്നെത്തിയ
ഒരാവരണം.
*(C) damien hirst
away from the flock -1994
കവർ: ജ്യോതിസ് പരവൂർ
