പൂമുഖം ചുവരെഴുത്തുകൾ ദൃശ്യാനുഭവങ്ങൾക്കു പിന്നിലെ ആമസോൺ പ്രൈം രഹസ്യങ്ങൾ

ദൃശ്യാനുഭവങ്ങൾക്കു പിന്നിലെ ആമസോൺ പ്രൈം രഹസ്യങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ദൃശ്യം 2 വിന്‍റെ താത്വികമായ ഒരു അവലോകനം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗ്രാംഷിയൻ ലൈൻ ഒക്കെ നമ്മൾ വിട്ടിട്ടു കാലം ഒരുപാട് ആയി. മുടിഞ്ഞ ഹൈപ്പിനു ശേഷം സഹധർമ്മിണിയും ഒത്തു കാണാൻ ഇരുന്ന ദൃശ്യം 2 ഒന്നാം ഭാഗം ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു അപ്പോഴാണ് ആ ഐഡിയ തോന്നുന്നത്. വാമഭാഗം പൊട്ടിത്തെറിക്കാൻ തുടങ്ങി. മനുഷ്യാ, നിങ്ങൾ എന്തിനാ സിനിമ കാണാൻ ഇരിക്കുന്നത് അതിൻറെ ഇടയിൽ ആണ് ആലോചന.  ചിന്ത പോയത് ഈ വഴിക്കാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും വിദേശത്തു നിന്ന് പോലും ആളുകൾ ഇങ്ങനെ ദൃശ്യം കാണാൻ  ഇടിച്ചു കയറുമ്പോഴും ആമസോൺ പ്രൈം ഡൌൺ ആവാത്തത് എന്ത് കൊണ്ട് ആയിരിക്കും. അത്പോലെ നെറ്റ്ഫ്ലിക്സ് നൂറ്റി തൊണ്ണൂറു രാജ്യങ്ങളിലെങ്കിലും ആളുകൾ കാണുന്നുണ്ട്. വീക്കെൻഡിൽ ഒക്കെ മുടിഞ്ഞ ട്രാഫിക് ആയിരിക്കും എന്നിട്ടു പോലും പുല്ലുപോലെ നിൽക്കുന്ന കണ്ടില്ലേ. തിരശ്ശീലയുടെ മറവിൽ എന്തായിരിക്കും നടക്കുന്നത് എന്നറിയാൻ ആകാംക്ഷ തോന്നുന്നില്ലേ ?

അങ്ങനെ ആണ് ആലോചന ക്‌ളൗഡ്‌ നേറ്റീവ് ആർക്കിടെക്ച്ചറിൽ എത്തുന്നത്. ഇത് എന്ത് കുന്തമാണ്‌ എന്ന് നമുക്ക് വഴിയേ നോക്കാം. അതിനു മുമ്പ് നാം കാണുന്ന ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് ഈ ആപ്പ്ളിക്കേഷനുകൾ ഒക്കെ  ഒന്ന് ചികഞ്ഞു പരിശോധിക്കാം. പണ്ട് നാം ഉപയോഗിക്കുന്ന പല ആപ്ലിക്കേഷനുകളും ഒറ്റ പ്രോഗ്രാം ആയി രൂപകല്പന ചെയ്തവ ആയിരുന്നു. എന്നാൽ നാം കാണുന്ന നെറ്റ്ഫ്ലിക്സ്,  ആമസോൺ പ്രൈം ആപ്ലിക്കേഷൻ ഒക്കെ നൂറു കണക്കിന് ഇത്തിരി കുഞ്ഞൻ പ്രോഗ്രാമുകളുടെ ഒരു സമന്വയം ആണ്. ഇവയെ മൈക്രോ സർവീസുകൾ എന്നും  ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയർ രൂപകല്പനയെ മൈക്രോ സർവീസ് ആർക്കിടെക്ചർ എന്നും വിളിക്കും.

നമ്മുടെ വാച്ച് ഹിസ്റ്ററി ഓർത്തു വെയ്ക്കുക, പേയ്‌മെൻറ് രേഖപ്പെടുത്തുക, നമ്മൾ ഉപയോഗിക്കുന്നത് ലാപ്പ്ടോപ്പോ മൊബൈലോ സ്മാർട്ട് ടി വിയോ എന്നതിന് അനുസരിച്ചു അനുയോജ്യമായ ഫോർമാറ്റ് നമ്മളെ കാണിക്കുക, സിനിമകൾ നിർദ്ദേശിക്കുക എന്നിങ്ങനെ ഓരോ കാര്യത്തിനും ഓരോ മൈക്രോ സർവീസ് ഉണ്ട്. ഈ ഇത്തിരി കുഞ്ഞൻ പ്രോഗ്രാമുകളുടെ രൂപകൽപ്പന ഓരോ പ്രോഗ്രാമിനും സ്വന്തന്ത്രമായി നിലനിൽപ്പുള്ള വിധത്തിൽ ആണ്. എന്ന് വെച്ചാൽ ഓരോ പ്രോഗ്രാമിനെയും മറ്റു പ്രോഗ്രാമുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ  സ്വതന്ത്രമായി അപ്ഡേറ്റ് ചെയ്യാനും, മാറ്റം വരുത്താനും ആവശ്യം അനുസരിച്ചു  ഓരോ പ്രോഗ്രാമിന്‍റെയും കൂടുതൽ പകർപ്പുകൾ പ്രവർത്തിപ്പിക്കാനും ആവശ്യം കഴിഞ്ഞാൽ അവയുടെ എണ്ണം കുറക്കാനും എല്ലാം പറ്റും. ഉദാഹരണത്തിന് ഒഴിവു ദിവസങ്ങളിൽ കാഴ്ച്ചക്കാർ  കൂടുതൽ ആയിരിക്കും. ആ സമയത്തു കൂടിയ ട്രാഫിക്ക്  കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ കമ്പ്യൂട്ടിങ് റിസോഴ്സ്കളും ചില പ്രത്യേക കുഞ്ഞൻ പ്രോഗ്രാമുകളുടെ പകർപ്പുകളുടെ എണ്ണവും കൂട്ടേണ്ടി വരും. എന്നാൽ സാധാരണ പ്രവൃത്തി ദിവസങ്ങളിൽ നമുക്ക് ഇത്രയധികം റിസോഴ്സുകളുടെ ഉപയോഗം വരാത്തത് കൊണ്ട് അവയുടെ എണ്ണം കുറക്കുന്നതാണ് ലാഭം. ഇങ്ങനെ പല രീതിയിലും ഉള്ള ഫ്ലെക്സിബിലിറ്റി തരുന്നു എന്നുള്ളതാണ് മൈക്രോ സർവീസുകൾ ഉപയോഗിച്ചു രൂപകൽപ്പന ചെയ്യുന്ന പ്രോഗ്രാമുകളുടെ ഗുണം. നെറ്റ്ഫ്ലിക്സ് ഒക്കെ പണ്ട് നിലവിലുണ്ടായിരുന്ന പോലെ ഒറ്റ പ്രോഗ്രാം ആയിരുന്നു എങ്കിൽ ഓരോ തവണയും ചെറിയ ഒരു മാറ്റം വരുത്തുന്നതിന് പോലും പ്രോഗ്രാം മൊത്തത്തിൽ എടുത്തു മാറ്റം വരുത്തണം ആയിരുന്നു. അത് കൊണ്ട് തന്നെ ഇടക്കെല്ലാം അപ്ലിക്കേഷനുകൾ പ്രവർത്തന രഹിതമാവുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ പ്രവർത്തനത്തിന് ഒരു ഭംഗവും വരാതെ തന്നെ ഇതെല്ലാം സാധ്യമാക്കുന്നു എന്നുള്ളതിൽ ആണ് മൈക്രോ സർവീസ് ആർക്കിടെക്ച്ചറിൻറെ ഗുണം കിടക്കുന്നത്.

അങ്ങനെ നിങ്ങളുടെ പ്രോഗ്രാം പല-പല കുഞ്ഞൻ മൈക്രോ സർവീസുകളായി രൂപ കൽപ്പന ചെയ്തു എന്നിരിക്കട്ടെ. അടുത്ത പ്രശ്നം ഇവയെ എങ്ങനെ സ്വതന്ത്രമായ അസ്തിത്വത്തോടെ വിന്യസിക്കും എന്നുള്ളതാണ്. ആവശ്യം സൃഷ്ടിയുടെ മാതാവ് ആണല്ലോ.

നമുക്ക് എല്ലാം പരിചയമുള്ള ഷിപ്പിംഗ് കണ്ടെയ്നറിൻറെ ആശയം കടമെടുക്കാൻ ഏതോ വിദ്വാന് തോന്നുന്നത് അങ്ങനെ ആണ്. സാധനങ്ങൾ കാര്യക്ഷമമായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഏതു തരത്തിലുള്ള ഗതാഗത സംവിധാനം ഉപയോഗിച്ചും എത്തിക്കാൻ അനുയോജ്യമായ സ്റ്റാൻഡേർഡ് ആയ ഒരു സംവിധാനം എന്ന നിലയ്ക്കാണ് ഷിപ്പിങ് കണ്ടെയ്നറുകൾ പ്രചാരം നേടിയത്. അത്പോലെ തന്നെ ഇവിടെ സോഫ്റ്റ്‌വെയർ കണ്ടെയ്നറുകൾ ഉപയോഗപ്പെടുത്തി  കുഞ്ഞൻ പ്രോഗ്രാമുകളുടെ സോഴ്സ് കോഡിനെയും അവ പ്രവർത്തിക്കുന്നതിന് വേണ്ട ഡിപെൻഡസികളെയും ഒരുമിച്ചു ഒരു പാക്കേജ് ആക്കി മാറ്റുന്നു. ഡോക്കർ പോലെ ഉണ്ട് ഒരു കണ്ടെയ്നർ റൺ ടൈം എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത ഉള്ള ഏത് കമ്പ്യൂട്ടിംഗ് എൻവിറോണ്മെന്റിലും ഈ കണ്ടെയ്‌നറുകളെ നമുക്ക്  പ്രവർത്തിപ്പിക്കാൻ കഴിയും.

കുറച്ച് കണ്ടെയ്‌നറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ കണ്ടെയ്‌നറുകളെ നിയന്ത്രിക്കുന്നത് എത്രയോ എളുപ്പമായേനെ. എന്നാൽ യഥാർത്ഥത്തിൽ ഇതല്ല സ്ഥിതി. സങ്കീർണ്ണമായ ആപ്ലിക്കേഷനുകളിൽ,   ഒരേ സമയം പ്രവർത്തിക്കുന്ന നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് മൈക്രോ സർവീസുകൾ ഉണ്ടായിരിക്കാം. അത് പോലെ തന്നെ ഒരേ മൈക്രോ സർവീസുകളുടെ നിരവധി പകർപ്പുകളും വേണ്ടി വന്നേക്കാം.  ഇത്രയും കണ്ടെയ്‌നറുകൾ വിന്യസിക്കുക,  അവയുടെ എണ്ണം കൂട്ടുകയോ  കുറയ്ക്കുകയോ ചെയ്യുക, നവീകരിക്കുക എന്നത് എളുപ്പമുള്ള ജോലി അല്ല. അങ്ങനെയാണ് കണ്ടെയ്നർ മാനേജുമെന്റ് സിസ്റ്റങ്ങൾ  ഉത്ഭവിക്കുന്നത്. അങ്ങനെ ഇരിക്കെ കുബേർനെറ്റിസ് (Kubernetes) എന്ന കണ്ടെയ്നർ മാനേജുമെന്റ് സിസ്റ്റവുമായി ഗൂഗിൾ മുന്നോട്ട് വന്നു, അത് ഏറ്റവും ജനപ്രിയമായ കണ്ടെയ്നർ മാനേജുമെന്റ് സിസ്റ്റമായി മാറി. കണ്ടെയ്‌നറുകൾ വിന്യസിക്കൽ, സ്‌കെയിലിംഗ്, അപ്‌ഡേറ്റുചെയ്യൽ, നിരീക്ഷിക്കൽ എന്നീ  ശ്രമകരമായ ജോലികൾ ഓട്ടോമേറ്റ്  ചെയ്യാൻ കഴിയുന്ന കുബേർനെറ്റിസ് (Kubernetes) ൻറെ വരവോടെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന ജോലി കുറെകൂടി എളുപ്പം ആയി.

നെറ്റ്ഫ്ലിക്സ് പോലുള്ള റിയൽ ടൈം ആപ്ലിക്കേഷനുകൾക്കായി വളരെ വേഗത്തിൽ, കുറ്റമറ്റ രീതിയിൽ സോഫ്റ്റ്‌വെയർ നിർമ്മിക്കുകയും,    സ്ഥിരതയുള്ള  സോഫ്റ്റ്‌വെയർ വെർഷൻ റിലീസ് ചെയ്യുകയും വേണം. അത്തരം വെല്ലുവിളികളെ നേരിടാൻ സോഫ്റ്റ് വെയർ ഡെലിവറിയുടെ പരമ്പരാഗത സമീപനങ്ങൾ പര്യാപ്തമല്ലാതെ വന്നു. അത് കൊണ്ട് തന്നെ ആപ്ലിക്കേഷൻ ഡെലിവറിക്ക് പുതിയ സമീപനങ്ങൾ അന്വേഷിക്കേണ്ടി വന്നു. Agile എന്ന ചടുലമായ സോഫ്റ്റ്‌വെയർ രൂപകൽപ്പനാരീതി, സോഫ്റ്റ്‌വെയർ ഡവലപ്പർമാരും, IT ഓപ്പറേഷൻ വിഭാഗവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്ന DevOP സമീപനം, മാറ്റങ്ങൾ ഉടനടി സംയോജിപ്പിച്ചു സോഫ്റ്റ്‌വെയർ റിലീസ് ചെയ്യാനുള്ള ഓട്ടോമേറ്റഡ് ആയ സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ആണ് ഓർഗനൈസേഷനുകൾ ഈ വെല്ലുവിളിയെ അതിജീവിച്ചത്. ഈ രീതികൾ‌ ഉപയോഗിച്ച് ഓർ‌ഗനൈസേഷനുകൾ‌ക്ക് സോഫ്റ്റ്വെയറിൽ വളരെ വേഗത്തിൽ മാറ്റങ്ങൾ വരുത്താനും പുതിയ ഫീച്ചറുകൾ വേഗത്തിൽ‌ വികസിപ്പിക്കാനും കഴിഞ്ഞു.

ക്ലൗഡ്നേറ്റീവ് സമീപനത്തിൻറെ എല്ലാ ഘടകങ്ങളും നമ്മൾ ഏറെ ക്കുറെ ഇപ്പോൾ മനസ്സിലാക്കിയതിനാൽ നമുക്ക് ഇനി ക്ലൗഡ്നേറ്റീവ് നിർവചനം എന്താണ് എന്ന് നോക്കാം.

സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനും വിന്യസിക്കുന്നതിനും മൈക്രോസർവീസ് ആർക്കിടെക്ചറിനെ ആശ്രയിക്കുന്ന ഒരു സോഫ്റ്റ്‌വെയർ നിർമ്മാണരീതി ആണ് ക്ലൗഡ് നേറ്റീവ്. ക്ലൗഡ്നേറ്റീവ് സംവിധാനത്തിൽ ആപ്ലിക്കേഷനുകളെ ചെറിയ-ചെറിയ മൈക്രോ സർവീസുകൾ ആയി വിന്യസിക്കുകയും, പരമാവധി ഓട്ടോമേഷൻ ഉപയോഗിച്ച് അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. API കൾ ഉപയോഗിച്ച് ആണ് ഈ മൈക്രോ സർവീസുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാവുന്നത്. സോഫ്റ്റ്‌വെയർ നിർമ്മാണം വേഗത്തിൽ ആക്കുന്നതിനായി ചടുലമായ DevOps പ്രോസസ്സുകളും തുടർച്ചയായ ഡെലിവറി വർക്ക്ഫ്ലോകളും ആണ് ക്ലൗഡ് നേറ്റീവ് സംവിധാനത്തിൽ ഉപയോഗിക്കുന്നത്.

ഇത്രയും വായിക്കുമ്പോൾ ക്ലൗഡ്നേറ്റീവ് സമീപനം എന്താണെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ഏകദേശ ധാരണ  ഉണ്ടായിട്ടുണ്ടാവും എന്ന് കരുതുന്നു. ചുരുക്കത്തിൽ ജനലക്ഷങ്ങൾ വിനോദ മാർഗമായി ആശ്രയിക്കുന്ന നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും എല്ലാം നമ്മുടെ ലാപ്ടോപ്പിലേക്കോ സ്മാർട്ട് ഫോണിലേക്കോ എത്തുന്നതും അതുല്യമായ ഒരു ദൃശ്യവിരുന്നു ഒരുക്കുന്നതും ക്ലൗഡ്നേറ്റിവ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ആണ്. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ കാണുമ്പോൾ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ പലയിടത്തും ക്ലൗഡ് നേറ്റീവ് നമ്മൾ അറിയാതെ തന്നെ കടന്നു വരുന്നുണ്ട്. നമ്മൾ ഊബർ ഉപയോഗിച്ച് ഒരു ക്യാബ് ബുക്ക് ചെയ്യുമ്പോഴോ ആമസോൺ ഫ്ലാഷ് വിൽപ്പനയിലൂടെ വാങ്ങുമ്പോഴോ ക്ലൗഡ് നേറ്റീവ് ആർക്കിടെക്ചറാണ് തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

Comments
Print Friendly, PDF & Email

You may also like